ശലഭാസനം പരിശീലിക്കാം

കമിഴ്ന്നുകിടന്ന് ചെയ്യുന്ന ആസനമാണ് ശലഭാസനം. ഈ ആസനം ദിവസവും പരിശീലിക്കുന്നതുവഴി കാലിലെയും വയറിലേയും നെഞ്ചിലേയും മാംസപേശികള്‍ക്ക് ശക്തി ലഭിക്കും.  
ശലഭാസനം തുടങ്ങുന്നതിന് മുന്‍പായി ആദ്യം കാലുകള്‍ അകത്തിവെക്കുക. തുടര്‍ന്ന് കൈകള്‍ ഓരോന്നായി തോളില്‍ വെക്കുക. 
ഇനി തല കൈകളിലോ താഴെയോ വെച്ചുകൊണ്ട് കണ്ണടച്ചു വിശ്രമിക്കുക. ഈ ആസനമാണ് മകരാസനം.

കമിഴ്ന്നുകിടന്ന് ചെയ്യുന്ന ആസനങ്ങള്‍ക്ക് മുന്‍പോ ശേഷമോ മകരാസനത്തില്‍ അല്പസമയം വിശ്രമിക്കാം. ഇതിനുശേഷം രണ്ട് കാലുകളും ചേര്‍ത്തുവെക്കുക. കൈകള്‍ മുന്നിലേക്ക് നീട്ടിപ്പിടിക്കുക. ഇതിനെ സ്ഥിതി എന്നു പറയുന്നു. ഇതില്‍ നിന്ന് തുടങ്ങാം.

നാലു കൗണ്ടുകളായാണ് ഈ ആസനം ചെയ്യേണ്ടത്. 

Count 1: കൈകള്‍ ഓരോന്നായി മുഷ്ടി ചുരുട്ടിപ്പിടിച്ച് ഓരോ തുടകളുടെയും താഴെ വെക്കുക. കാലുകള്‍ ചേര്‍ന്നിരിക്കണം. 
Count 2: ഇനി ശ്വാസം എടുത്തുകൊണ്ട് രണ്ട് കാലുകളും ഒരുമിച്ച് ഉയര്‍ത്തുക. സാധാരണ ശ്വാസത്തില്‍ ഈ നില തുടരുക. താടി തറയില്‍ നിന്ന് ഉയരാന്‍ പാടില്ല. കാലുകള്‍ ഒരുപാട് ഉയരേണ്ടതില്ല. കാല്‍മുട്ട് വളയാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈകളില്‍ ബലംകൊടുത്തുകൊണ്ടാണ് ഈ നിലയിലേക്ക് ഉയര്‍ത്തുന്നത്. 
Count 3: ശ്വാസം പുറത്തുവിട്ടുകൊണ്ട് വളരെ സാവധാനം പൂര്‍വസ്ഥിതിയിലേക്ക് വരുക. 
Count 4: കൈകള്‍ മുന്നിലേക്ക് വീണ്ടും നിവര്‍ത്തുക. ഇനി പതുക്കെ സ്ഥിതിയിലേക്ക് വന്ന് മകരാസനത്തില്‍ വിശ്രമിക്കാം. 
ശരീരത്തിലുണ്ടായ ഓരോ മാറ്റങ്ങളും തിരിച്ചറിയുക. രണ്ടുകാലുകളും ഒരുമിച്ച് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഓരോ കാലുകളിലായി ചെയ്യാവുന്നതാണ്. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. നിവേദിത പി. 
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍
നാച്ചുറോപ്പതി & യോഗ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം
വാവന്നൂര്‍, പാലക്കാട്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented