ന്യൂഡല്‍ഹി: വൈകാരിക വിഷമം അനുവദിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനുള്ള സൗജന്യ മൊബൈല്‍ ആപ്ലിക്കേഷന്‍ മുബൈയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ രൂപം നല്കി. ലോകാരോഗ്യ സംഘടനയുടെ ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്തംബര്‍ പത്തിനാണ് സൗജന്യ മൊബൈല്‍ ആപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. പ്ലേ സ്റ്റോറില്‍ നിന്ന് മൊബൈല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ആത്മഹത്യ തടയുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് പിന്തുണ നല്‍കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. വൈകാരിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഉപകരിക്കുന്ന അമ്പത് ആത്മഹത്യ പ്രതിരോധ ഹെല്പ് ലൈന്‍ നമ്പര്‍ ഉള്‍പ്പെട്ടതാണ് മൊബൈല്‍ ആപ്പ്.
മുംബൈയിലെ ജൂനോക്ലിനിക്കിലെ മന:ശാസത്ര വിദഗ്ധനായ ഡോ.മിലന് ബാലകൃഷ്ണനും സംഘവുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. പരീക്ഷണാര്‍ത്ഥം കഴിഞ്ഞവര്‍ഷം തന്നെ ഇവര്‍ ആപ്പ് പുറത്തിറക്കിയിരുന്നുവെങ്കിലും ഈ വര്‍ഷമാണ് കൂടുതല്‍ വികസിപ്പിച്ച് മൊബൈല്‍ ആപ്പ് രംഗത്തെത്തിച്ചത്. ആത്മഹത്യ എന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പെ നൂറ് തവണ അവരെ കൊണ്ട് ചിന്തിപ്പിക്കുക എന്നതാണ് മൊബൈല്‍ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓരോ വര്‍ഷവും എട്ട് ലക്ഷത്തോളം ആളുകള്‍ ലോകത്താകമാനം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതായാത് ഓരോ നാല്പത് സെക്കന്റിലും ഒരു ആത്മഹത്യ സംഭവിക്കുന്നു. അതില്‍ തന്നെ ഇന്ത്യയുടെ സ്ഥാനം വളരെ മുന്‍പന്തിയിലാണ്. ആത്മഹത്യ തടയുന്നതിന് ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന സെപ്തംബര്‍ 10 ആത്മഹത്യ പ്രതിരോധ ദിനമായി ആചരിച്ചത്.