സെപ്റ്റംബര്‍ 10 ലോക ആത്മഹത്യ പ്രതിരോധ ദിനമാണ്. പ്രവര്‍ത്തനത്തിലൂടെ പ്രതീക്ഷ നല്‍കാം (Creating hope through action)  എന്നതാണ് 2021 ല്‍ ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന പ്രമേയം.

ഇത് ആത്മഹത്യക്ക് ബദലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതായാലും വലുതായാലും ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും അതിലൂടെ പ്രചോദനവും നല്‍കലാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

ലോകത്ത് പ്രതിവര്‍ഷം ഏകദേശം എട്ട് ലക്ഷത്തോളം ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്ക് നമ്മുടെ രാജ്യത്താണ്. അതില്‍ നമ്മുടെ കൊച്ചു കേരളം അഞ്ചാം സ്ഥാനത്തുമാണ്.
  
ഏതൊരാള്‍ക്കും തന്റെ ജീവന്‍ അമൂല്യമാണ്. എന്നിട്ടും ഈ മനോഹര ഭൂമിയില്‍ എന്തിനാണ് ആളുകള്‍ സ്വയം ജീവനൊടുക്കുന്നതെന്ന് നമ്മളെ അമ്പരപ്പിക്കുന്നതും കുഴക്കുന്നതുമായ ചോദ്യം തന്നെയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആത്മഹത്യയെപ്പറ്റി ചിന്തിക്കാത്തവര്‍ വിരളമാണ്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ അപ്രതീക്ഷിതമായി തന്നെ ജീവനൊടുക്കുന്ന വാര്‍ത്തകള്‍ നമ്മളില്‍ ഞെട്ടലുണ്ടാക്കുന്നു.

കാരണങ്ങള്‍

ചെറുതും വലുതുമായ പലതുമായിരിക്കും കാരണങ്ങള്‍. കമിതാക്കളുടെ പ്രേമനൈരാശ്യം, സാമ്പത്തിക പ്രയാസം, പഠനത്തില്‍ പിന്നോട്ട് പോയ വിദ്യാര്‍ഥികള്‍, മാറാവ്യാധികള്‍, മാനസികരോഗങ്ങള്‍ ഇങ്ങിനെ ജീവിതത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കാനാകാതെ സ്വയം ജീവനൊടുക്കുന്ന ഹതഭാഗ്യര്‍.

എല്ലാ ആത്മഹത്യകളും നാം കരുതുന്നതു പോലെ പെട്ടെന്ന് സംഭവിക്കുന്നതാകണമെന്നില്ല. കാരണങ്ങളെ മാനസിക പ്രശ്‌നങ്ങള്‍, ശാരീരിക പ്രശ്‌നങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം.

മാനസിക രോഗങ്ങളില്‍ പ്രധാനപ്പെട്ടവ

1.വ്യക്തിത്വ വൈകല്യങ്ങള്‍(Personality disorders)

ഇത്തരം ആളുകളില്‍ ആത്മഹത്യ പ്രവണത കാണാറുണ്ട്. സ്വയം വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ബോര്‍ഡര്‍ലൈന്‍ പേര്‍സണാലിറ്റി ഡിസോര്‍ഡര്‍(Borderline personality disorder) ഇതിന് ഉദാഹരണമാണ്. ഇവര്‍ എടുത്തു ചാടുന്ന പ്രകൃതക്കാരാണ്.

2. വിഷാദ രോഗം (Major depressive disorder)

ഇവരില്‍ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷ തീരെ കുറവായിരിക്കും, അപകര്‍ഷതാബോധം, സ്വയം കുറ്റപ്പെടുത്തല്‍ എന്നിവ മറ്റ് ലക്ഷണങ്ങളാണ്. ജീവിതം അവസാനിപ്പിക്കാനുള്ള ചിന്ത ഇവരില്‍ കൂടുതലായിരിക്കും. മറ്റുള്ളവരുടെ സഹായം തേടാന്‍ തീരെ താല്പര്യമുണ്ടാകില്ല.

3. മറ്റ് തീവ്ര മനോരോഗങ്ങള്‍
     
സ്‌കിസോഫ്രീനിയ പോലുള്ള രോഗമുള്ളവരില്‍ ആത്മഹത്യാ പ്രവണത കാണാറുണ്ട്. അകാരണമായ സംശയവും അശരീരികള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിചിത്രാനുഭവങ്ങള്‍ കൊണ്ട് പൊറുതി മുട്ടി ജീവിതമവസാനിപ്പിക്കാന്‍ തീവ്ര മനോരോഗികള്‍ ശ്രമിക്കാറുണ്ട്.

ശാരീരിക പ്രശ്‌നങ്ങള്‍

തീവ്രമായ മാറാരോഗങ്ങള്‍, കാന്‍സര്‍, എയ്ഡ്‌സ്, കോവിഡ് പോലുള്ള മഹാമാരികള്‍ തീവ്രമായ അലര്‍ജി, ത്വഗ്രോഗങ്ങള്‍ എന്നിവയുടെ തീവ്രതയിലും ആത്മഹത്യയെ പറ്റി ചിന്തിക്കുന്നവരുണ്ട്.
    
സാമൂഹിക പ്രശ്‌നങ്ങള്‍

സാമൂഹിക തിന്മകള്‍, മറ്റുള്ളവരുടെ തീവ്രമായ മാനസിക പ്രയാസമുണ്ടാക്കുന്ന പെരുമാറ്റ രീതികള്‍, അമിത മദ്യപാനം മൂലം മാനസികനില തെറ്റിയും ആത്മഹത്യ പ്രവണത കാണിക്കാറുണ്ട്.

ആത്മഹത്യാ പ്രവണതയുളളവര്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.

1. മുന്നറിയിപ്പുകള്‍ (Warning signals): ഒന്നിനും താല്പര്യമില്ലായ്മ, നിരാശ, അമിതമായ ദുഃഖം, ഒറ്റപ്പെടല്‍, കരച്ചില്‍, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം തുടങ്ങിയവ
2. എല്ലായ്‌പ്പോഴും അശുഭകാര്യങ്ങള്‍ മാത്രം സംസാരിക്കുക. ഞാന്‍ മറ്റുള്ളവര്‍ക്ക് ഭാരമാണെന്നും ജീവിതം അവസാനിച്ചെങ്കില്‍ എന്ന ചിന്ത.
3. അമിതമായ ദേഷ്യം, സ്വയം കുറ്റപ്പെടുത്തല്‍. ഇഷ്ടപ്പെട്ട വസ്തുക്കള്‍ എത്രയും പെട്ടെന്ന് മറ്റുള്ളവര്‍ക്ക് കൊടുത്തു തീര്‍ക്കല്‍.

ആത്മഹത്യാ പ്രവണതയെ ചെറുക്കുന്നതിന് ഒരൊറ്റമൂലിയില്ല. ആത്മഹത്യാ ലക്ഷണങ്ങളെ തുടക്കത്തിലെ നിരീക്ഷിക്കുകയാണ് വേണ്ടത്. ഇവരുടെ പ്രശ്‌നങ്ങള്‍ ആരോടും തുറന്നുപറയാന്‍ സാധിക്കാത്തതാണ് പ്രധാനം. ആയതിനാല്‍ മറ്റുള്ളവരുടെ മാനസിക പ്രയാസങ്ങള്‍ സഹാനുഭൂതിയോടെ കേള്‍ക്കാന്‍ നമ്മള്‍ തയ്യാറാകണം. പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ പ്രേരിപ്പിക്കണം.

ഇന്ന് എല്ലാവര്‍ക്കും ധാരാളം സുഹൃത്തുക്കളുണ്ടാകാം, പക്ഷേ എല്ലാം തുറന്നു പറയാനും ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറുമുള്ള ശക്തമായ സുഹൃത് ബന്ധങ്ങള്‍ വിരളമാണ്. അത് സുഹൃത്തുക്കളാകട്ടെ, ബന്ധുവാകട്ടെ, ജീവിത പങ്കാളിയാകട്ടെ ആരുമായാലും വലിയ ആശ്വാസമായിരിക്കും. അതുപോലെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ എത്രയും വേഗത്തില്‍ ചികിത്സ തേടാറുണ്ടെങ്കിലും മാനസിക പ്രയാസങ്ങള്‍ക്ക് യോഗ്യരായ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നതില്‍ പൊതുവെ വിമുഖരാണ്. ഈ പ്രവണത മാറ്റിയെടുക്കേണ്ടതാണ്. 

വൈകാരികപരമായ പക്വതയില്ലായ്മയാണ് ഇന്ന് സമൂഹത്തില്‍ പ്രത്യേകിച്ചും യുവാക്കളില്‍ കാണപ്പെടുന്നത്. പേരന്റിംഗിലെ അപാകതകളാണ് ഇതിന് പ്രധാന കാരണം. ശുഭാപ്തി വിശ്വാസമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. പക്ഷേ നിഷേധാത്മക ചിന്തകളെ താലോലിച്ച്, മുന്നോട്ട് നീങ്ങാനാകാതെ സ്തബ്ധരായി തീരുന്ന പ്രവണതയാണ് പലരിലും കാണപ്പെടുന്നത്. അശുഭ ചിന്തകളെ ശുഭ ചിന്തകളാക്കി മാറ്റാന്‍ പരിശീലിക്കണം. കൂടാതെ യോഗ, പ്രാണായാമം, മെഡിറ്റേഷന്‍, നടത്തം, ലഘു ശാരീരിക വ്യായാമങ്ങള്‍ എന്നിവ ദിവസവും ചെയ്യുന്നത് മനസ്സിനെ കൂടുതല്‍ സ്വസ്ഥമാക്കുന്നതിന് ഉപകരിക്കും.

ആത്മഹത്യയെന്നത് വ്യക്തിയുടെ തോല്‍വിയല്ല മറിച്ച് സമൂഹത്തിന്റെ തോല്‍വിയാണെന്ന് നാം മനസ്സിലാക്കണം. മാനസിക പ്രയാസമുള്ളവര്‍ക്ക് ഒരത്താണിയാകാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. മാനസികാരോഗ്യ പരിപാലനം എന്ന വിഷയത്തിന് തക്കതായ പ്രാധാന്യം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു ജീവനും സ്വയം ഒടുക്കാതിരിക്കട്ടെ എന്ന് ഈ ദിനത്തില്‍ പ്രതിജ്ഞയെടുക്കാം. 

ലേഖകന്‍: 
കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്
ചീഫ് കണ്‍സള്‍ട്ടന്റ്
ഡോ. ലാല്‍സ് ഹോമിയോപ്പതി & കൗണ്‍സലിംഗ് 
രാമനാട്ടുകര

Content Highlights: World Suicide Prevention Day 2021, Suicide prevention, Mental Health, Health