ജീവിതത്തില്‍ ഒറ്റപ്പെട്ടുവെന്ന് തോന്നലാണ് പലപ്പോഴും ആത്മഹത്യയിലേക്ക് പലരെയും നയിക്കാനുള്ള പ്രധാന കാരണം. എന്നാല്‍ അതും അതിജീവിക്കാന്‍ കഴിയുമെന്ന് വിശ്വാസം നാം അവര്‍ പകര്‍ന്നു നല്കുകയാണ് വേണ്ടത്.'ക്രിയേറ്റിംഗ് ഹോപ് ത്രൂ ആക്ഷന'ാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷം മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. 

ആശ്വാസ വാക്കുകളിലൂടെ പൊള്ളയായ ബലമേകുകയല്ല, മറിച്ച് ഏത് പ്രതിസന്ധിഘട്ടത്തില്‍ നിന്നും അവരെ ചാരത്തില്‍ നിന്നും ഉയരുന്ന ഫീനികസ് പക്ഷിയെ പോലെ ഉയരാന്‍ പ്രാപ്തരാക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിന്റെ ലക്ഷ്യം.  ആത്മഹത്യാ പ്രവണതയെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ.രമേശ്.കെ മാത്യഭൂമിഡോട്ട്കോമിനോട് സംസാരിക്കുന്നു.

കാരണങ്ങള്‍ ഇവ

ഏകദേശം 50 ശതമാനം ആത്മഹത്യകളും ഡിപ്രസീവ് ഡിസോര്‍ഡര്‍ മൂലമാണ്. ഡിപ്രഷന്‍ എന്നത് ഒരു രോഗം തന്നെയാണ്.സെറടോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥ എന്നൊക്കെ വേണമെങ്കില്‍ പറയാം. സെറടോണിന്റെ കുറവ് താല്‍പ്പര്യകുറവിലേക്കും സങ്കടങ്ങളിലേക്കും നമ്മളെ നയിക്കും. ഇതിന്  രണ്ട് തലമുണ്ട്. നമ്മള്‍ക്ക് എന്തെങ്കിലും സ്ട്രെസ് വരുമ്പോള്‍ സങ്കടം വരാം. രണ്ടാമതേത് ഡിപ്രസീവ് ഡിസോര്‍ഡറാണ്. താല്‍പ്പര്യകുറവ്, ക്ഷീണം തുടങ്ങിയവ ഡിപ്രസീവ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങളാണ്. എല്ലാവിഷയങ്ങള്‍ക്കും ഞാന്‍ ഇങ്ങനെയായി പോയി എന്ന തോന്നലായിരിക്കും. ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്നിങ്ങനെയുള്ള ചിന്തകളുമുണ്ടാകും. ഇത് ഏറെ നാള്‍ നീണ്ടുപോയാല്‍ ജീവിക്കേണ്ട എന്ന ചിന്ത വരും.

സാഹര്യസമ്മര്‍ദ്ദങ്ങള്‍

കോവിഡ് കാലത്ത് ഡിപ്രഷന് കാരണമായ വിഷയമാണ് അഡജസ്റ്റ്മെന്റ് പ്രോബ്ലം. സാഹര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഉടലെടുക്കുന്ന ഒന്നാണിത്. ഡിപ്രഷന്റെ ലക്ഷണങ്ങള്‍ ഇതിലുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങള്‍, അസുഖങ്ങള്‍, വഴക്ക് കേള്‍ക്കുന്നത്, പരീക്ഷയ്ക്ക് തോല്‍ക്കുക എന്നിങ്ങനെയുള്ള കാരണങ്ങള്‍ അഡ്ജസ്റ്റ്മെന്റ് ഡിസോര്‍ഡറിലേക്ക് നയിക്കും. എന്നാല്‍ ഇതിന് ദൈര്‍ഘ്യം കുറവായിരിക്കും. ആ ടെന്‍ഷന്‍ നീണ്ടുനില്‍ക്കുന്ന സമയം മാത്രമായിരിക്കും അതിന്റെ ദൈര്‍ഘ്യം. അത് കഴിയുമ്പോള്‍ തനിയെ മാറും. ആരോടെങ്കിലും തുറന്ന് പറഞ്ഞാലും ഇത് മാറും. 

ആശങ്കകള്‍ അകറ്റാം

ഡിപ്രഷന്‍ പോലെയുള്ള അവസ്ഥയ്ക്ക് നിലവില്‍ ഒട്ടേറെ അവബോധങ്ങള്‍ നല്‍കി വരുന്നുണ്ട്. അങ്ങനെ അല്ലെങ്കില്‍ പോലും ഏതെങ്കിലും തരത്തില്‍ അത്തരം കേസുകള്‍ ചികിത്സിയിലേക്ക് പോയിരിക്കും. എന്നാല്‍ അഡ്ജസ്റ്റ്മെന്റ് സ്റ്റേജ് എന്നത് വെന്റിലേഷന്‍ പോലെയാണ്. തുടക്കത്തില്‍ ആരെങ്കിലുമായി സംസാരിച്ചാല്‍ മാറാവുന്ന പ്രശ്നമേയുണ്ടാകുകയുള്ളൂ. ബന്ധുക്കളോടോ കൂട്ടുകാരോടോ മനസ്സ് തുറന്ന് സംസാരിക്കണമെന്ന് പറയുന്നത് ഇത് കൊണ്ടാണ്. എന്തെങ്കിലും ഒരു പ്രത്യേക വിഷയം വരുമ്പോള്‍ ഉടലെടുക്കുന്നതാണിത്. 

ഗുരുതരമാണ് പേഴ്സണാലിറ്റി പ്രോബ്ലം

ലോകത്ത് മഹാമാരി പോലെ പകരുന്ന മറ്റൊരു അവസ്ഥയാണ് പേഴ്സണാലിറ്റി പ്രോബ്ലം. പണ്ട് എന്റെയൊക്കെ പഠനകാലത്ത് ഇത്തരത്തിലുള്ള കേസുകള്‍ വിരളമാണ്. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി എന്നാണ് ഇതിന് പറയുക. ഇപ്പോള്‍ ഈ രോഗാവസ്ഥയുള്ളവരുടെ നിരക്ക് വളരെ കൂടുതലാണ്. വ്യക്തിത്വങ്ങളിലുണ്ടാകുന്ന വൈകല്യമാണ് ഇതിന് കാരണം. സമൂഹത്തിലുണ്ടായിരിക്കുന്ന മാറ്റങ്ങളാണ് ഇത്തരം രോഗാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി . പലതും തുറന്ന് പറയാന്‍ ആളില്ലതായി. കുട്ടികളില്‍ സ്നേഹം കിട്ടുന്നില്ലായെന്ന് തോന്നല്‍ വളരെ എളുപ്പത്തില്‍ അവരെ ദേഷ്യക്കാരാകും. മൂഡ് ചെയ്ഞ്ച് എന്നാണ് ഇതിന് പറയുക. ഈ രോഗാവസ്ഥയില്‍ ഉള്ളവര്‍ ചിലപ്പോള്‍ വളരെ നല്ലവരും അല്ലെങ്കില്‍ വളരെ മോശകാരുമാകും. ഇവര്‍ക്ക് ബന്ധങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയില്ല. ഗുളിക കൊണ്ട് ഈ രോഗാവസ്ഥ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മരുന്നിന് സാധിക്കും. 

മറികടക്കാന്‍

ആത്മഹത്യാ പ്രവണത മറികടക്കാന്‍ ജനങ്ങളെ അവബോധവാന്മാരാക്കുകയാണ് ആദ്യം വേണ്ടത്. മെഡിക്കേഷന്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുക. ആത്മഹത്യാ പ്രവണത തോന്നുന്നവര്‍ക്ക് ബന്ധപ്പെടാവുന്ന നിരവധി കൗണ്‍സലിംഗ് കേന്ദ്രങ്ങളുണ്ട്, അവരുടെ സഹായവും തേടാം. ഐഡന്റിഫിക്കേഷന്‍, അവെയര്‍നെസ്, ട്രീറ്റ്മെന്റ് എന്നിവയില്‍ ആക്ഷനെടുക്കുക.അതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ ആപ്തവാക്യവും.

Content Highlights: World suicide prevention day 2021 Causes of suicidal tendencies