കുടുംബവഴക്കുമൂലം കേരളത്തിൽ ഒരുലക്ഷത്തിൽ 42 പേർ ആത്മഹത്യ ചെയ്യുന്നു. 2019-ലെ വിലയിരുത്തലാണിത്. 2019-നുശേഷം കൂടിയോ കുറഞ്ഞോ എന്നതിന്റെ കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും അനുദിനം പുറത്തുവരുന്ന ഗാർഹികപീഡന വാർത്തകൾ സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ആത്മഹത്യചെയ്യുന്ന സ്ത്രീകളുടെ നിരക്ക് പരിശോധിക്കുമ്പോൾ അത് 51.05 ശതമാനമാണെന്നതും മറ്റൊരു വസ്തുത. സ്ത്രീപീഡന വാർത്തകളും കൊലപാതകങ്ങളും ആത്മഹത്യകളും അനുദിനമെന്നോണം കൂടുകയാണെന്നതും വസ്തുതയാണ്. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനശിലയായ കുടുംബത്തിൽനിന്നുതന്നെ മാറ്റത്തിനു തുടക്കംകുറിക്കണമെന്നാണ് ഫാമിലി കൗൺസലിങ് വിദഗ്ധരും മനോരോഗവിദഗ്‌ധരും പറയുന്നത്. വർത്തമാനകാല വാർത്തകളുടെ സാഹചര്യത്തിൽ സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ ഡോ. ലിസി ഷാജഹാൻ ചില ചിന്തകൾ പങ്കുവെക്കുകയാണിവിടെ.

ധാരണകൾ മാറണം

പെൺകുട്ടികളുടെ ജീവിതത്തിന് അർഥമുണ്ടാകുന്നത് വിവാഹത്തിലൂടെ മാത്രമാണെന്ന സന്ദേശം ഒരിക്കലും കുടുംബങ്ങളിൽ അടിച്ചേൽപ്പിക്കരുത്. ആൺകുട്ടികളിലും പെൺകുട്ടികളിലും സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്നു ദൃഢനിശ്ചയം ഉണ്ടാകണം. കല്യാണത്തിനു സ്ത്രീധനം കൊടുക്കാൻ ഉപയോഗിക്കുന്നതിന്റെ പകുതി പണമുണ്ടെങ്കിൽ അവരെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തയാക്കാവുന്ന വിദ്യാഭ്യാസവും ജോലിയും നേടാം. മറ്റുള്ളവരുടെ സ്വത്ത് ആഗ്രഹിക്കുക എന്നത് മോശംകാര്യമാണ് എന്നചിന്തയാണ് വളർത്തേണ്ടത്. അത് ആൺകുട്ടികളിലും പെൺകുട്ടികളിലും വേണം.

ബഹുമാനിക്കാൻ പഠിപ്പിക്കണം

സ്ത്രീകളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കണം. കുടുംബത്തിൽനിന്നുതന്നെ തുടങ്ങണം ഈ പരസ്പര ബഹുമാനം. അങ്ങനെയായാലെ അവൻ കല്യാണംകഴിക്കുന്ന പെൺകുട്ടിയെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയൂ.

കൗൺസലിങ് നിർബന്ധമാക്കണം

വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണം. മതസംഘടനകളോ വനിതാ കമ്മിഷനോ നൽകുന്ന ഇപ്പോഴുള്ള കൗൺസലിങ്ങിനപ്പുറം സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം പകരണം. ഒരു പ്രതികൂലസാഹചര്യം വന്നാൽ എങ്ങനെ നിയമപരമായിനേരിടാം എന്ന് ഓരോ ആൺകുട്ടിയും പെൺകുട്ടിയും അറിഞ്ഞിരിക്കണം. കൗൺസലിങ്ങിൽ പങ്കെടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കണം.

സ്നേഹമാണാധാരം

വിവാഹജീവിതത്തിൽ നാം നിരന്തരം കേൾക്കുന്ന വാക്കാണ് അഡ്‌ജസ്റ്റ്‌മെന്റ്. വേണ്ടത് അണ്ടർസ്റ്റാൻഡിങ് ആണ്. പരസ്പരം മനസ്സിലാക്കുക, സ്നേഹിക്കുക അതാണ് കുടുംബജീവിതവിജയത്തിന് ആധാരം. അത് മനസ്സിലാക്കിക്കൊടുക്കുന്ന കുടുംബപശ്ചാത്തലമാണോ നമ്മുടേതെന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കേണ്ടതുണ്ട്. തുറന്നു സംസാരിക്കാനുള്ള സൗഹൃദം ഉണ്ടാക്കിയെടുക്കണം. മുന്നോട്ടുകൊണ്ടുപോകാനാകാത്ത ബന്ധമാണെങ്കിൽ വിവാഹമോചനം തന്നെയാണ് നല്ലത്.

വീട്ടിലേക്കുള്ള വാതിൽ

വിവാഹംചെയ്തുവിട്ടാലും മക്കൾക്ക് മാതാപിതാക്കളോട് എന്തും തുറന്നുസംസാരിക്കാനുള്ള ഒരു വാതിൽ തുറന്നിട്ടിരിക്കണം. അരുതാത്തതിനോടു നോപറയാൻ പഠിപ്പിക്കുക, വെല്ലുവിളികൾ നേരിടാൻ പഠിപ്പിക്കുക. എന്റെ ജീവിതം ഞാനാണ് കരുപ്പിടിപ്പിക്കേണ്ടത് എന്നചിന്ത അവനിലും അവളിലും ഉണ്ടാവട്ടെ. സ്വാഭിമാനത്തോടെ വളരട്ടെ അവർ.

Content Highlights: