ഗൾഫിൽ 20 വർഷത്തോളം ജോലിചെയ്ത സമ്പാദ്യവും സുഹൃത്തുക്കളിൽനിന്ന്‌ വാങ്ങിയ പണവും കൊണ്ടാണ് നാല്പത്തിയാറുകാരനായ തിരുവനന്തപുരം സ്വദേശി നാട്ടിൽ ബേക്കറി യൂണിറ്റ് ആരംഭിച്ചത്. കട തുടങ്ങി ഒരുമാസമായപ്പോഴേക്കും കോവിഡ് പടർന്നു. കടപൂട്ടി. സാമ്പത്തികപ്രതിസന്ധിയും ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും അനുഭവിക്കേണ്ടിവന്ന അവഗണനയും ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മദ്യത്തിനും അടിമയായിക്കഴിഞ്ഞിരുന്നു അദ്ദേഹം. രണ്ടുതവണയാണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. തുടർച്ചയായ കൗൺസലിങ്ങിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണിപ്പോൾ അയാൾ.

കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാനൊരുങ്ങിയ പതിനഞ്ചുകാരനായ പത്താം ക്ലാസ് വിദ്യാർഥിയെ മാതാപിതാക്കളാണ് മനഃശാസ്ത്രജ്ഞന്റെ മുന്നിലെത്തിച്ചത്. പഠിക്കാൻ മിടുക്കനായ കുട്ടി കോവിഡിനെത്തുടർന്ന് വീടിനുള്ളിൽത്തന്നെ ഒതുങ്ങി. പഠനത്തിനായി കൂടുതൽസമയം മൊബൈൽ ഉപയോഗിക്കേണ്ടിവന്നത് ക്ഷീണവും വിഷാദവുമടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കി. പരീക്ഷകളിൽ മാർക്ക് കുറഞ്ഞു. മാതാപിതാക്കളുടെ കുറ്റപ്പെടുത്തൽക്കൂടിയായപ്പോൾ മാനസികമായി തകർന്നാണ് ആത്മഹത്യയെപ്പറ്റി ചിന്തിച്ചത്. ഇതൊന്നും ഒറ്റപ്പെട്ടസംഭവങ്ങളല്ലെന്ന് പറയുന്നു ആരോഗ്യവകുപ്പിന്റെ ദിശ ഹെൽപ്പ് ലൈനിലെ കൗൺസലർമാർ.

കോവിഡാനന്തരം, ആത്മഹത്യ തിരഞ്ഞെടുക്കുന്നവരുടെയും ആത്മഹത്യാശ്രമം നടത്തുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ദിശ ഹെൽപ്പ് ലൈനിൽ ഈവർഷം 165 പേരാണ് ആത്മഹത്യചെയ്യാൻ തോന്നുന്നെന്നുപറഞ്ഞ് വിളിച്ചത്. 40 വയസ്സിൽ താഴെയുള്ളവരാണ് വിളിക്കുന്നവരിലേറെയും. ഇതിൽ ഹൈസ്കൂൾതലംമുതലുള്ള വിദ്യാർഥികൾമുതൽ ഉയർന്ന ഉദ്യോഗസ്ഥർവരെയുണ്ട്. ഒന്നിലേറെത്തവണ വിളിക്കുന്നവരുണ്ട്. കൗൺസലറോട് തുറന്നുസംസാരിച്ചുകഴിയുമ്പോൾ പലരും സമാധാനത്തോടെ ഫോൺ വെക്കും. ഒരുനിമിഷത്തെ മാനസികാവസ്ഥയാണ് ആത്മഹത്യ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നതെന്നും ആ നിമിഷത്തെ അതിജീവിച്ചാൽ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നുമാണ് മനഃശാസ്ത്രവിദഗ്ധർ പറയുന്നത്. കേൾക്കാൻ ആളില്ലെന്ന തോന്നലാണ് പ്രതിസന്ധിഘട്ടങ്ങളിൽ ആത്മഹത്യ തിരഞ്ഞെടുക്കാനുള്ള ഒരുകാരണം. നല്ലൊരു കേൾവിക്കാരനാവുക എന്നത് വളരെ പ്രധാനമാണ്.

കോവിഡ് തകർത്ത മാനസികാരോഗ്യം

കോവിഡിനുശേഷം ആളുകളിൽ ആത്മഹത്യാപ്രവണത കൂടുതലാണെന്നാണ് മാനസികാരോഗ്യവിദഗ്ധർ പറയുന്നത്. മാനസികമായ സ്വാതന്ത്ര്യം കുറഞ്ഞപ്പോൾ മനസ്സുകൾ വലിഞ്ഞുമുറുകി. ചെറിയ കാരണങ്ങൾപോലും പൊട്ടിത്തെറികളുമുണ്ടാകാനിടയാക്കി. മറ്റുള്ളവരുമായി സമ്പർക്കമില്ലാതായത് ഒറ്റയ്ക്കാണെന്ന ചിന്തയെ വർധിപ്പിച്ചു. കോവിഡ്ബാധിതരിലടക്കം ഉറക്കംകുറഞ്ഞതും ആത്മഹത്യക്ക്‌ കാരണമാകുന്നു. ദിവസങ്ങളോളം ഉറങ്ങാതാകുമ്പോൾ മാനസികനില തകർന്നുതുടങ്ങും. സാമ്പത്തികമേഖലയിൽ കോവിഡ് ഏൽപ്പിച്ച ആഘാതവും ഒട്ടേറെപ്പേരുടെ ജീവനെടുത്തിട്ടുണ്ട്.

പല കാരണങ്ങൾ

വയോധികർവരെയുള്ളവരുടെ മാനസികനിലയെ കോവിഡ് ബാധിച്ചിട്ടുണ്ട്. കുട്ടികളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം, ലഹരി ഉപയോഗം, വിഷാദം തുടങ്ങിയവയാണ് ആത്മഹത്യാപ്രവണതയ്ക്കുപിന്നിൽ. ചെറുപ്പക്കാർക്കിടയിൽ സാമ്പത്തികപ്രശ്നങ്ങളും ജോലിനഷ്ടവും നിരാശയുണ്ടാക്കുന്നു. പ്രണയബന്ധങ്ങളുടെ പരാജയവും ആത്മഹത്യക്ക്‌ ഒരുകാരണമാണ്. സാമ്പത്തികപ്രതിസന്ധിയാണ് പലരെയും ഇനി ജീവിക്കേണ്ടെന്ന ചിന്തയിലേക്ക് എത്തിക്കുന്നത്.

ഡോ. അരുൺ ബി. നായർ

(സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്)

തയ്യാറാക്കിയത്: അലീന മേരി സൈമൺ

Content Highlights: world suicide prevention day, world suicide prevention day 2021