തൃശ്ശൂർ: സ്‌മാർട്ട് വാച്ച് മികച്ച ആത്മഹത്യാപ്രതിരോധ ഉപകരണമാക്കാമെന്ന്പഠനം. ഒരാൾ ആത്മഹത്യയിലേക്ക് നീങ്ങുന്നത് മുൻകൂട്ടി അറിയാനും അതുവഴി ഫലപ്രദമായ ഇടപെടലിലൂടെ തടയാനും സ്‌മാർട്ട് വാച്ച്‌ വഴി സാധിക്കും. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ മോണിറ്റർ മാഗസിനിലെ സെപ്റ്റംബർ ലക്കത്തിലാണ് ഈ പഠനമുള്ളത്. 

സ്‌മാർട്ട് വാച്ചിലൂടെ ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഭക്ഷണം, ഉറക്കം, നടത്തം, ഹൃദയമിടിപ്പ് തുടങ്ങിയവയൊക്കെ ഇതിൽ രേഖപ്പെടുത്തും. ഇത്‌ വിലയിരുത്താൻ കഴിഞ്ഞാൽ ആത്മഹത്യാപ്രവണത മനസ്സിലാക്കാം.

മാനസികസമ്മർദമുള്ളവർക്ക് ഉറക്കം കുറവായിരിക്കും. അധികം നടത്തവും ഉണ്ടാവില്ല. ഭക്ഷണം വളരെ കുറയുകയോ കൂടുകയോ ചെയ്യാം. ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കത്തിനിടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയും മനസ്സിലാക്കാം. അമേരിക്കയിലെ മൂന്ന്‌ പഠനങ്ങളാണ് കണ്ടെത്തലിന്റെ അടിസ്ഥാനം. പ്രധാനമായും യുവാക്കളിലായിരുന്നു പഠനങ്ങൾ.