ആത്മഹത്യയില്‍ മുന്നിലുള്ള അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സാക്ഷരതയും മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും കേരളത്തില്‍ ആത്മഹത്യ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള അടച്ചുപൂട്ടലില്‍ മാനസികാരോഗ്യ പ്രശ്നങ്ങളും ആത്മഹത്യയും കൂടുതലായിരിക്കുകയാണ്. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍. 

അടച്ചുപൂട്ടലിന്റെ സമയമായ കോവിഡ് കാലത്ത് ആത്മഹത്യകള്‍ കൂടിയിട്ടുണ്ട് എന്നത് ഒരു വാസ്തവമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളിലെ ആത്മഹത്യ. 2020 ല്‍ കുട്ടികളുടെ ഇടയില്‍ 323 ആത്മഹത്യകളാണ് നടന്നിട്ടുള്ളത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ്. പൊതുവേ 250 തൊട്ട് 300 കുട്ടികളാണ് പ്രതിവര്‍ഷം കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

കുട്ടികളിലെ ആത്മഹത്യയുടെ കാരണങ്ങള്‍

വിദ്യാലയങ്ങളിലെ പഠനസമ്മര്‍ദം, അധ്യാപകരുടെ നിലപാടുകള്‍, കുട്ടികള്‍ പരസ്പരമുള്ള ധാരണകളുടെ പ്രശ്നങ്ങള്‍, കോളേജുകളില്‍ കുട്ടികള്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രണയബന്ധങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവയൊക്കെയാണ് കുട്ടികളിലെ ആത്മഹത്യയ്ക്ക് കാരണമായി നാം കരുതിയിരുന്നത്. പക്ഷേ, സുരക്ഷിത സ്ഥലമായ വീട്ടിലിരിക്കുമ്പോള്‍ പോലും കുട്ടികളിലെ ആത്മഹത്യ കൂടുന്നു എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. 

പ്രധാനപ്പെട്ട കാരണങ്ങള്‍ 

വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് മൂന്ന് പ്രധാന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. 
1) സഞ്ചാര സ്വാതന്ത്യമില്ലാത്ത അവസ്ഥ. 
2) പ്രിയപ്പെട്ട ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാന്‍ സാധിക്കാത്ത അവസ്ഥ.
3) കോവിഡിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുഖ്യധാര-സമൂഹമാധ്യമങ്ങളിലൊക്കെ നിറഞ്ഞുനില്‍ക്കുന്നത്. 
ഇക്കാര്യങ്ങളെല്ലാം കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

ഡിജിറ്റല്‍ അടിമത്തവും കാരണം

മറ്റൊരു പ്രധാന പ്രശ്നമാണ് ഡിജിറ്റല്‍ അടിമത്തം. കുട്ടികളില്‍ ദീര്‍ഘനേരം മൊബൈല്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. ഇതോടെ അവരുടെ ഉറക്കം നഷ്ടപ്പെടുന്നു. അവര്‍ പലരും അമിത ഉത്കണ്ഠ, വിഷാദം എന്നീ അവസ്ഥകളിലേക്ക് വീണുപോവുന്നു. പൊതുവേ ഇത്തരം പ്രശ്നങ്ങള്‍ ചികിത്സിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങള്‍ ചികിത്സിക്കപ്പെടാതെ പോവുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നു. ലഹരി അടിമത്തം പോലെയൊരു അടിമത്തം തന്നെയാണ് ഡിജിറ്റല്‍ അടിമത്തം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പെട്ടെന്ന് കിട്ടാതെ വരുമ്പോള്‍ ചില കുട്ടികള്‍ ആത്മഹത്യയിലേക്ക് വീഴുന്നതായി കണ്ടിട്ടുണ്ട്. മാര്‍ക്ക് കുറയുന്നത്, മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ എന്നിവയൊക്കെ കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. മാതാപിതാക്കളുടെ മദ്യപാനം, ലഹരി ഉപയോഗം, ദാമ്പത്യപ്രശ്നങ്ങള്‍ എന്നിവയൊക്കെയുള്ള വീടുകളിലെ കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്.  

കോളേജ് വിദ്യാര്‍ഥികള്‍, കൗമാരപ്രായത്തിലുള്ളവര്‍ എന്നിവര്‍ ഡേറ്റിങ് ആപ്പുകള്‍ പോലെയുള്ളവയില്‍ അംഗമായി അനാരോഗ്യകരമായ ബന്ധങ്ങളില്‍ ചെന്നെത്തുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിലൂടെ അവര്‍ ചൂഷണങ്ങളില്‍ അകപ്പെടുകയും അങ്ങനെ ആത്മഹത്യയിലേക്ക് എത്താറുമുണ്ട്. 

യുവാക്കളിലും മധ്യവയസ്സ്‌ക്കരിലും സാമ്പത്തിക പ്രതിസന്ധി 

തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ലോണ്‍ തിരിച്ചടയ്ക്കല്‍ സാധിക്കാത്തത്, കടം കയറുന്നത് എന്നിവയൊക്കെ യുവാക്കളിലെ ആത്മഹത്യയ്ക്ക് ഇടയാകുന്നു. 

മധ്യവയസ്‌ക്കരായ വ്യക്തികളിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമാകുന്നത്. അതോടൊപ്പം ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍, അവയ്ക്ക് കൃത്യമായി ചികിത്സ തേടാന്‍ കഴിയാത്തതും ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു. 

പുറത്തിറങ്ങാന്‍ സാധിക്കാതെ വയോജനങ്ങള്‍

വയോജനങ്ങളെ സംബന്ധിച്ചിടത്തോളം റിവേഴ്സ് ക്വാറന്റീന്‍ നിലനില്‍ക്കുന്നതു മൂലം വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നു. വൈകുന്നേരങ്ങളിലെ സവാരിയും സുഹൃത്തുക്കളോടൊപ്പമുള്ള സംസാരവുമൊക്കെയായിരുന്നു അവരുടെ ജീവിതത്തിലെ ഏക സന്തോഷം എന്ന് വേണമെങ്കില്‍ പറയാം. അതിനുള്ള അവസരം പോലും കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ഇനി അതെല്ലാം എന്ന് സാധ്യമാവും എന്ന് പ്രവചിക്കാനാവാത്ത വിധം അനിശ്ചിതമായി തുടരുകയാണ് മഹാമാരി. ഇത് വയോജനങ്ങള്‍ പലരുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പലരും തീവ്രമായ വിഷാദത്തിലേക്ക് പോവുകയും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. 

രോഗങ്ങളും കാരണം

കാന്‍സര്‍ പോലുള്ള തീവ്രമായ ശാരീരിക രോഗങ്ങള്‍, മറ്റ് നാഡീസംബന്ധമായ രോഗങ്ങള്‍, പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ ഉള്ള പലര്‍ക്കും ചികിത്സ വൈകാനും മുടങ്ങാനും കാരണമായി. തീവ്രമായ വേദനയും ശാരീരിക അവശതകളുമൊക്കെ താങ്ങാനാവാതെ പലരും ആത്മഹത്യയില്‍ അഭയം തേടിയ അനുഭവങ്ങളും ധാരാളം ഉണ്ടായി. 

മാനസിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയെടുത്തുകൊണ്ടിരുന്ന പലര്‍ക്കും ഈ മഹാമാരിക്കാലത്ത് ചികിത്സ മുടങ്ങിയിരുന്നു. തുടര്‍ന്ന്, ഇവരില്‍ ചിലര്‍ക്ക ആത്മഹത്യാപ്രവണത കൂടുകയും പലരും ആത്മഹത്യയ്ക്ക് കീഴടങ്ങുകയും ചെയ്തു. 

കോവിഡനന്തര പ്രശ്നങ്ങള്‍

കോവിഡ് ബാധിതരായ വ്യക്തികളില്‍ കോവിഡനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായി കണ്ടുവരുന്നത് ഉറക്കമില്ലായ്മയാണ്. അമിത ഉത്കണ്ഠയാണ് മറ്റൊന്ന്. കോവിഡ് ബാധിച്ചവരില്‍ പ്രത്യേകിച്ചും, ഈ രോഗം സങ്കീര്‍ണതകളിലേക്ക് പോവുകയും തങ്ങള്‍ മരണപ്പെട്ടുപോവുകയും ചെയ്യുമോ എന്ന ഉത്കണ്ഠ, തീവ്രമായ വിഷാദം എന്നിവയുണ്ടാകുന്നു. ഇതോടൊപ്പം മനോജന്യ ശാരീരിക ലക്ഷണങ്ങളും- അതായത്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, വയറ്റില്‍ അമിതമായ അമ്ല ഉത്പാദനം, അസിഡിറ്റിയുടെ പ്രശ്നങ്ങള്‍, ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍, വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറയുന്നതു മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍- എന്നിവയൊക്കെ ഉണ്ടാകുന്നു. ഇക്കാരണങ്ങളെല്ലാം മൂലം കോവിഡ് ബാധിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വ്യക്തികളില്‍ പലപ്പോഴും ആത്മഹത്യാപ്രവണത കണ്ടുവരാറുണ്ട്. 

ലഹരി ഉപയോഗവും കൂടുന്നു

കോവിഡ് കാലത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ ബാറുകളൊക്കെ അടച്ച സമയത്ത് മദ്യം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നെങ്കിലും വൈകാതെ അത് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആളുകള്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് പല ആളുകളും വീട്ടിലിരുന്ന് അമിതമായി മദ്യപിക്കുകയും മദ്യത്തിന്റെ ലഹരിയില്‍ തന്നെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. 

പ്രണയബന്ധത്തിലായിരുന്ന പല വ്യക്തികളും പരസ്പരം നേരിട്ട് കാണാനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്നും, ഓണ്‍ലൈന്‍ ബന്ധങ്ങളെത്തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളുമൊക്കെ പലപ്പോഴും ആത്മഹത്യയിലേക്കെത്തിച്ചിട്ടുണ്ട്. 

പ്രവൃത്തിയിലൂടെ പ്രത്യാശ സൃഷ്ടിക്കാം

ഈ വര്‍ഷത്തെ ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ സന്ദേശം 'പ്രവൃത്തിയിലൂടെ പ്രത്യാശ സൃഷ്ടിക്കാം' എന്നതാണ്. 

2003 കാലത്ത് കേരളത്തിലെ ആത്മഹത്യ നിരക്ക് ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു. ഒരു ലക്ഷം പേരില്‍ 28.9 പേര്‍ ആത്മഹത്യ ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് കേരളത്തിലുണ്ടായത്. പതിനായിരത്തിന് മുകളില്‍ ആത്മഹത്യകള്‍ പ്രതിവര്‍ഷമുണ്ടായി. എന്നാല്‍ ഒരുപാട് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 2015 ഒക്കെ ആയപ്പോള്‍ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 21.2 എന്ന അവസ്ഥയിലെത്തി. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം പുറത്തുപോയി. 

എന്നാല്‍ 2019 ആയപ്പോള്‍ കേരളത്തില്‍ വീണ്ടും ആത്മഹത്യാ നിരക്ക് കൂടി. 2019 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേരില്‍ 10.2 ആണ്.  കേരളത്തില്‍ അത് 24.3 ആണ്. അങ്ങനെ ഇന്ത്യയില്‍ ആത്മഹത്യ കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇതോടെ കേരളം മടങ്ങിയെത്തി. 2019 ല്‍ മൊത്തം കേരളത്തില്‍ 8516 പേരാണ് ആത്മഹത്യ ചെയ്തത്. അതിന്റെ പത്തിരട്ടിയിലധികം ആത്മഹത്യാ ശ്രമങ്ങളും നടന്നിട്ടുണ്ട്. 

ആത്മഹത്യാപ്രവണത തടയാനായി ചെയ്യാവുന്ന കാര്യങ്ങള്‍ 

ഓരോ വ്യക്തിയ്ക്കും മാനസികാരോഗ്യ പ്രഥമശുശ്രൂഷ എന്നൊരു കാര്യമുണ്ട്. നമുക്ക് പരിചയമുള്ള ഒരു വ്യക്തി മാനസികസമ്മര്‍ദമനുഭവിക്കുന്നുണ്ടെന്ന് തോന്നിയാല്‍ എന്താണ് അയാളുടെ പ്രയാസമെന്ന് അങ്ങോട്ട് അന്വേഷിക്കുക. അവര്‍ക്ക് പറയാനുള്ളത് അവസാനം വരെ ക്ഷമാപൂര്‍വം കേള്‍ക്കുക. അയാളുടെ തെറ്റായ ധാരണകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തിരുത്തുക. അയാളെ ആശ്വസിപ്പിക്കുക. 

ഇതുകൊണ്ടും പ്രശ്നങ്ങള്‍ മാറുന്നില്ലെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാനുള്ള സഹായം ചെയ്തുകൊടുക്കുക. അതോടൊപ്പം സാമൂഹിക പിന്തുണ കൃത്യമായി ഉറപ്പുവരുത്തുകയും ചെയ്യുക. 

പലപ്പോഴും മാനസികാരോഗ്യപ്രശ്നങ്ങള്‍ ഉളള വ്യക്തികള്‍ ചികിത്സ തേടാന്‍ മടിക്കുന്നത് സമൂഹത്തില്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തുവിചാരിക്കും എന്ന് ചിന്തിക്കുന്നതിനെത്തുടര്‍ന്നാണ്. മാനസികാരോഗ്യപ്രശ്നങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങളാണ് എന്നും തലച്ചോറിലെ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കുന്ന മരുന്നുകള്‍ വഴി അത് പരിഹരിക്കാന്‍ സാധിക്കുമെന്നും സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട്. അതായത് മാനസികാരോഗ്യ സാക്ഷരത(മെന്റല്‍ ഹെല്‍ത്ത് ലിറ്ററസി) കേരളത്തില്‍ വ്യാപകമായി കഴിഞ്ഞാല്‍ അത് ആത്മഹത്യകള്‍ തടയാന്‍ സഹായിക്കും. 

Content highlights: kerala need mental health literacy suicide prevention day