ക്തക്കുഴലില്‍ തടസ്സംവന്നും രക്തക്കുഴല്‍പൊട്ടിയും സ്‌ട്രോക്ക് സംഭവിക്കാം. എന്നാല്‍ 85 ശതമാനം സ്‌ട്രോക്കും തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ തടസ്സംവന്ന് രക്തപ്രവാഹം മുടങ്ങുന്നതുകൊണ്ടാണ് സംഭവിക്കുന്നത്. രക്തക്കുഴല്‍ അടഞ്ഞുണ്ടാകുന്ന സ്‌ട്രോക്കിന് ഇടയാക്കുന്ന കാരണങ്ങളെ അഞ്ചായി തിരിക്കാം.

1) രക്തക്കുഴലില്‍ രൂപംകൊള്ളുന്ന തടസ്സങ്ങള്‍

രക്തക്കുഴലിന്റെ ഉള്‍പാളിയില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ അനേകവര്‍ഷങ്ങള്‍കൊണ്ട് രക്തക്കുഴലില്‍ കാര്യമായ(50 ശതമാനാമോ അതിന് മുകളിലോ) തടസ്സം ഉണ്ടാക്കാം. ഇതിന്റെ ഉപരിതലത്തില്‍ ചെറിയ വിള്ളല്‍ ഉണ്ടാകുമ്പോള്‍ അതിലേക്ക് പ്ലേറ്റ്‌ലറ്റുകള്‍ വന്ന് നിറയും. അതിന് പിന്നാലെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മറ്റ് ഘടകങ്ങളും അടിഞ്ഞുകൂടും. ഈ പ്രക്രിയ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. എന്നാല്‍  അത് പലപ്പോഴും രക്തക്കുഴല്‍ അടഞ്ഞ് സ്‌ട്രോക്കുപോലുള്ള സങ്കീര്‍ണതകള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. പ്ലേറ്റ്‌ലറ്റുകളും മറ്റ് ഘടകങ്ങളും കൂടിച്ചേര്‍ന്ന് അവിടെ തടസ്സം രൂപപ്പെടും. അത് രക്തമൊഴുക്കിനെ തടസ്സപ്പെടുത്തും. ചിലപ്പോള്‍ ഈ തടസ്സത്തിലെ ചെറുകഷണങ്ങള്‍ അടര്‍ന്ന് തലച്ചോറിലെ മറ്റ് രക്തക്കുഴലിലേക്ക് ഒഴുകിയെത്തി അവിടെ തടസ്സം ഉണ്ടാക്കുകയും ചെയ്യാം.

2) ഹൃദയവും സ്‌ട്രോക്കും

ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന പല തരത്തിലുള്ള തകരാറുകള്‍ ഇസ്‌കീമിക് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഹൃദയത്തില്‍ രൂപംകൊള്ളുന്ന രക്തക്കട്ടകള്‍ അവിടെനിന്ന് സഞ്ചരിച്ച് മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ വന്ന് തടസ്സമുണ്ടാക്കുന്നതാണ് ഇത്തരം സ്‌ട്രോക്കിന് (കാര്‍ഡിയോ എംബോളിക് സ്‌ട്രോക്ക്) കാരണമാകുന്നത്.

ഹൃദയവാല്‍വിലെ തകരാറും സ്‌ട്രോക്കും

ഹൃദയത്തിന്റെ അറകളിലൂടെ രക്തസഞ്ചാരം സുഗമമാക്കുന്ന വാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ അവയ്ക്ക് മുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാനും അതുവഴി സ്‌ട്രോക്കിനും ഇടയാക്കാറുണ്ട്. ഇതുകൂടാതെ ഹൃദയത്തിന്റെ മുകളിലെ അറയും താഴെയുള്ള അറയും തമ്മില്‍ വേര്‍തിരിക്കുന്ന വാല്‍വില്‍ തകരാറുകള്‍ വരുമ്പോള്‍ മുകളിലെ അറ വികസിക്കുകയും രക്തമൊഴുക്ക് കുറയുകയും ചെയ്യുന്നത് രക്തക്കട്ട രൂപപ്പെടാന്‍ സാധ്യത കൂട്ടും. ഇങ്ങനെ രൂപപ്പെടുന്ന രക്തക്കട്ട തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ വന്ന് തടസ്സമുണ്ടാക്കാം. അത് സ്‌ട്രോക്കിലേക്ക് നയിക്കാം.

ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നുള്ള സ്‌ട്രോക്ക്

ഗുരുതരമായ ഹാര്‍ട്ട് അറ്റാക്കിനുശേഷം ചിലപ്പോള്‍ സ്‌ട്രോക്ക് സംഭവിക്കാറുണ്ട്. ഗുരുതരമായ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ ഹൃദയ അറകളുടെ പ്രവര്‍ത്തനം തകരാറിലാകും. അപ്പോള്‍ ഹൃദയത്തില്‍നിന്നുള്ള രക്തത്തിന്റെ പമ്പിങ് പ്രതിസന്ധിയിലാകും. ഹൃദയഅറകളില്‍ രക്തത്തിന്റെ പമ്പിങ് പതുക്കെയാകുമ്പോള്‍ അവിടെ രക്തക്കട്ട രൂപപ്പെടാം. ഈ രക്തക്കട്ട ഒഴുകി തലച്ചോറിലെ രക്തക്കുഴലില്‍ വന്ന് അടിയാം. അങ്ങനെ സ്‌ട്രോക്ക് സംഭവിക്കാം. ഹൃദയത്തിന്റെ പമ്പിങ് നിരക്ക് 40 ശതമാനത്തില്‍ താഴെയാവുക, ഹൃദയ അറകള്‍ വലുതാവുക, ഹൃദയ അറകളുടെ ഭിത്തി ബലൂണ്‍പോലെ വികസിക്കുക (വെന്‍ട്രിക്കുലാര്‍ അന്യൂറിസം) എന്നീ അവസ്ഥകളെല്ലാം ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് സംഭവിക്കാം. ഇതെല്ലാം ഹൃദയത്തില്‍ രക്തക്കട്ട ഉണ്ടാകാന്‍ ഇടയാക്കും.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമ്പോള്‍ അതിന്റെ പ്രത്യാഘാതമായി ഹൃദയത്തില്‍ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉള്‍പാളികള്‍ക്കുള്ളിലുള്ള ആവരണത്തിന് വിള്ളല്‍ വരികയും പ്ലേറ്റ്‌ലറ്റുകളും മറ്റ് ഘടകങ്ങളും അവിടെ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് രക്തക്കട്ടയായി മാറി പിന്നീട് അവിടെനിന്ന് ഇളകി തലച്ചോറിലെ രക്തക്കുഴലില്‍ വന്ന് അടിയാം. ഗുരുതരമായ ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുന്നത് ഇങ്ങനെയൊക്കെയാണ്.

കൊളസ്‌ട്രോളും ബി.പി.യും നോര്‍മല്‍. പക്ഷേ, സ്‌ട്രോക്ക് വരുന്നത് എന്തുകൊണ്ട്?

ചിലരില്‍ കൊളസ്‌ട്രോളും ബി.പി.യുമെല്ലാം നോര്‍മലായിരിക്കുമെങ്കിലും സ്‌ട്രോക്ക് സംഭവിക്കാറുണ്ട്. ഇതിനുള്ള പ്രധാന കാരണമാണ് ഏട്രിയില്‍ ഫിബ്രിലേഷന്‍ (Atrial fibrillation). ഹൃദയത്തിന്റെ മുകള്‍ഭാഗത്തെ അറ ക്രമരഹിതമായി മിടിക്കുന്ന അവസ്ഥയാണിത്. ഇത് തുടരുമ്പോള്‍ ഹൃദയത്തിന്റെ മുകളിലെ അറയും താഴെയുള്ള അറയും തമ്മിലുള്ള സ്പന്ദനത്തിലുള്ള ഏകോപനം നഷ്ടമാകും. ഇങ്ങനെ മുകളിലെ അറ വലുതാവുകയും പമ്പിങ് പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. മുകളിലെ അറയില്‍ രക്തമൊഴുക്ക് മന്ദഗതിയിലാകുന്നതോടെ അവിടെ രക്തക്കട്ടകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിക്കും. ഈ രക്തക്കട്ടകള്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലിലെത്തി തടസ്സങ്ങളുണ്ടാക്കിയാല്‍ സ്‌ട്രോക്ക് സംഭവിക്കും.

അമിത ബി.പി., പ്രമേഹം, പുകവലി ഇവയെല്ലാം ഏട്രിയല്‍ ഫിബ്രിലേഷന് കാരണമാകാറുണ്ട്. ഹൃദയ അറയുടെ ക്രമരഹിതമായ മിടിപ്പ് പ്രായമായവരില്‍ കൂടുതലായി കാണാറുണ്ട്. മറ്റ് അസുഖങ്ങളൊന്നുംതന്നെ ഇല്ലാത്ത പ്രായമായവരിലും ഇത് ഇപ്പോള്‍ കൂടുതലായി കണ്ടുപിടിക്കപ്പെടുന്നുണ്ട്.

ഏട്രിയല്‍ ഫിബ്രിലേഷന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമുണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും പരിശോധനകളുടെ ഭാഗമായാണ് പലപ്പോഴും ഈ പ്രശ്നം തിരിച്ചറിയാറ്. സ്‌ട്രോക്കുണ്ടായവരിലും പലപ്പോഴും ഒരുതവണ ഇ.സി.ജി. പരിശോധന നടത്തിയാലും ഹൃദയമിടിപ്പിലെ ഈ വ്യതിയാനം മനസ്സിലാകണമെന്നില്ല. ഹൃദയമിടിപ്പ് നോര്‍മലാണെന്ന് കാണിക്കും. അതുകൊണ്ട് ഒറ്റത്തവണ ഇ.സി.ജി.യില്‍ വ്യക്തമായില്ലെങ്കില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തും. 24 മണിക്കൂറിനുള്ളില്‍ എപ്പോഴെങ്കിലും ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകുന്നുണ്ടോ എന്ന് തിരിച്ചറിയാനാകും. എന്നാല്‍ ഈ പരിശോധനയിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ തുടര്‍ച്ചയായി ഒരാഴ്ച നിരീക്ഷണം നടത്തും. ചെറിയൊരു ഉപകരണം (ആംബുലേറ്ററി മോണിറ്റര്‍) ശരീരത്തില്‍ ഘടിപ്പിച്ചാണ് ഈ പരിശോധന.

എന്തുകൊണ്ടാണ് ഇത്രയും വിശദമായ പരിശോധന വേണ്ടിവരുന്നതെന്ന് തോന്നാം. ഏട്രിയല്‍ ഫിബ്രിലേഷന്‍ കാരണമാണ് സ്‌ട്രോക്കുണ്ടായതെങ്കില്‍ അതിനുള്ള ചികിത്സ മറ്റ് സ്‌ട്രോക്ക് ചികിത്സയില്‍നിന്ന് വ്യത്യസ്തമാണ്. കാരണം, തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ അതേതരം സ്‌ട്രോക്ക് വീണ്ടും വരാനുള്ള സാധ്യത നിലനില്‍ക്കും.

കാര്‍ഡിയോമയോപ്പതിയും സ്‌ട്രോക്കും

ഹൃദയത്തിന്റെ പേശികള്‍ക്ക് രക്തം പമ്പുചെയ്യാനുള്ള ശേഷി കുറഞ്ഞുപോകുന്ന രോഗാവസ്ഥാണ് കാര്‍ഡിയോ മയോപ്പതി. രക്തം പമ്പുചെയ്യാനുള്ള ശേഷി കുറയുമ്പോള്‍ ഹൃദയ അറകളില്‍ രക്തക്കട്ടയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് അവിടെനിന്നു നീങ്ങി മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ അടിയുന്നതാണ് സ്‌ട്രോക്കിന് കാരണമാകുന്നത്.

3) ലാകുനാര്‍ സ്‌ട്രോക്ക്

തലച്ചോറിലെ നൂല്‍വലുപ്പം മാത്രമുള്ള രക്തക്കുഴലുകള്‍ അടഞ്ഞ് സംഭവിക്കുന്ന സ്‌ട്രോക്കാണ് ലാകുനാര്‍ സ്‌ട്രോക് (Lacunar Stroke). എന്നാല്‍ ഇവരില്‍ വലിയ രക്തക്കുഴലുകളി ല്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. കൊഴുപ്പടിയുന്നതുകൊണ്ടല്ല, നേര്‍ത്ത രക്തക്കുഴലിന്റെ ഉള്‍ഭിത്തി കട്ടികൂടിയാണ് ഇത് സംഭവിക്കുന്നത്. അമിത ബി.പി.യാണ് ലാകുനാര്‍ സ്‌ട്രോക്കിനുള്ള പ്രധാന കാരണം. അടഞ്ഞുപോകുന്ന രക്തക്കുഴലും സ്‌ട്രോക്ക് ബാധിക്കുന്ന തലച്ചോറിലെ ഭാഗവും ചെറുതാണെങ്കിലും (മിക്കവാറും രണ്ട് സെന്റിമീറ്ററില്‍ കുറവ്) അതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ വലുതാണ്. കാരണം, ലാകുനാര്‍ സ്‌ട്രോക്ക് ബാധിക്കുന്നത് മസ്തിഷ്‌കത്തിലെ വളരെ പ്രധാനപ്പെട്ട പ്രത്യേക മേഖലകളെയാണ്. ശരീരത്തിന്റെ ബലത്തെ നിയന്ത്രിക്കുന്ന ഭാഗത്താണ് പ്രധാനമായും ഇത്തരം സ്‌ട്രോക്കുണ്ടാകുന്നത്. അതുകൊണ്ട് ഒരുവശം തൊട്ടാല്‍ അറിയാത്ത അവസ്ഥ, ഒരുവശം തളര്‍ന്നുപോകല്‍ തുടങ്ങിയ അവസ്ഥകള്‍ വരാം.

4) അപൂര്‍വമായ സ്‌ട്രോക്ക്

അപൂര്‍വമായ കാരണങ്ങള്‍കൊണ്ടും സ്‌ട്രോക്കുണ്ടാകാം. അതിലൊന്നാണ് രക്തക്കുഴലില്‍ വിള്ളല്‍ വീണ് ഭിത്തിക്കുള്ളിലേക്ക് രക്തം കയറി രക്തക്കുഴലിന്റെ ഉള്‍വശം ചുരുങ്ങി അടഞ്ഞുപോകുന്നത്. ചിലപ്പോള്‍ രക്തക്കുഴലിന്റെ ഉള്‍ഭാഗം രണ്ടായി വിഭജിച്ചുപോകും. അല്ലെങ്കില്‍ അവിടെ രക്തക്കട്ട രൂപപ്പെടുകയും ചെയ്യാം. ഇതുകൂടാതെ രക്തക്കുഴലിനുള്ളില്‍ ഇന്‍ഫ്ലമേഷനുണ്ടാവുന്നതും അപൂര്‍വമായി, സ്‌ട്രോക്ക് വരുന്നതിനു കാരണമാണ്.

5) സ്‌ട്രോക്കുണ്ടായി പക്ഷേ, കാരണംകണ്ടെത്താനാകുന്നില്ല

സ്‌ട്രോക്കുണ്ടായെങ്കിലും അതിന്റെ കാരണം കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയും വരാം. ഇത്തരം സ്‌ട്രോക്കിനെ ക്രിപ്‌റ്റോജെനിക് സ്‌ട്രോക്ക് (Cryptogenic Stroke) എന്ന് പറയും. രക്തക്കുഴലില്‍ തടസ്സം, ഹൃദയമിടിപ്പിലെ പ്രശ്നങ്ങള്‍, അമിത ബി.പി. തുടങ്ങിയ പല പ്രശ്നങ്ങള്‍ ഒരാളിലുണ്ടെന്നു കരുതുക. ഇതില്‍ സ്‌ട്രോക്ക് വരാനുള്ള ഒന്നിലധികം കാരണമുണ്ട്. എന്നാല്‍, ഇതില്‍ ഏതുകാരണമാണ് സ്‌ട്രോക്കുണ്ടായതെന്ന് കൃത്യമാ യി വിലയിരുത്താന്‍ കഴിയാത്ത അവസ്ഥയും വരാം.

കാരണം കണ്ടെത്തേണ്ടത് എന്തുകൊണ്ട്?

സ്‌ട്രോക്കിന് പൊതുവായ ചികിത്സ എന്നതിനപ്പുറം കൃത്യമായ കാരണം കണ്ടെത്തിയുള്ള ചികിത്സ വളരെ പ്രധാനമാണ്. സ്‌ട്രോക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടോ, രക്തസ്രാവത്തിന് സാധ്യതയുണ്ടോ എന്നൊക്കെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കും. ഉദാഹരണമായി, ഹൃദയത്തില്‍ നിന്ന് രക്തക്കട്ട ഒഴുകിയെത്തിയതിനാല്‍ ഉണ്ടാകുന്ന സ്‌ട്രോക്കില്‍(കാര്‍ഡിയോ എംബോളിക് സ്‌ട്രോക്ക്) രക്തസ്രാവ സാധ്യത കൂടുതലാണ്. ഇവര്‍ക്ക് രക്തക്കട്ട അലിയിച്ചു കളയാനുള്ള മരുന്ന് ശ്രദ്ധാപൂര്‍വം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. അത്തരം സ്‌ട്രോക്കില്‍ ഈ മരുന്നുകള്‍ ഏതളവില്‍ എപ്പോള്‍ നല്‍കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

  • എന്തുകൊണ്ട് സ്‌ട്രോക്ക് വന്നുവെന്ന് കണ്ടെത്തുന്നതു വഴി ഭാവിയില്‍ സ്‌ട്രോക്ക് ആവര്‍ത്തിക്കാതിരിക്കാന്‍ ഏതുകാര്യമാണ് കൃത്യമായി നിയന്ത്രിക്കേണ്ടതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണമായി ലാകുനാര്‍ സ്‌ട്രോക്കാണെന്ന് കണ്ടെത്തിയാല്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ബി.പി. നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിനായിരിക്കും. മറ്റെല്ലാ അസുഖങ്ങളും നല്ലനിലയില്‍ നിയന്ത്രിച്ചാലും, മരുന്നുകള്‍ കൃത്യമായി കഴിച്ചാലും, ബി.പി. സാധാരണനിലയില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലാകുനാര്‍ സ്‌ട്രോക്ക് വന്ന വ്യക്തിയ്ക്ക് വീണ്ടും ഇത്തരം സ്‌ട്രോക്ക് വരാനുള്ള സാധ്യത കാര്യമായി കുറയുന്നില്ല. 
  • സ്‌ട്രോക്കിന്റെ കാരണങ്ങളനുസരിച്ച് തുടര്‍ചികിത്സയിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഓരോതരം സ്‌ട്രോക്കിലും തുടര്‍ചികിത്സയുടെ ഭാഗമായി കഴിക്കേണ്ട, രക്തം കട്ടപിടിക്കുന്നതൊഴിവാക്കാനുള്ള ആസ്പിരിന്‍ പോലുള്ള മരുന്നിന്റെ അളവ് വ്യത്യസ്തമായിരിക്കും. 
  • സ്‌ട്രോക്കിനുള്ള എല്ലാ സാധ്യതകളും തടയണം. അതോടൊപ്പം അയാളില്‍ സ്‌ട്രോക്കിനുള്ള പ്രധാന കാരണത്തെ കൂടുതല്‍ ശ്രദ്ധയോടെ ചെറുക്കുകയും വേണം.

(തിരുവനന്തപുരം ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ ന്യൂറോളജി വിഭാഗത്തിലെ കോംപ്രിഹന്‍സീവ് സ്‌ട്രോക്ക് കെയര്‍ പ്രോഗ്രാം പ്രൊഫസറും സീനിയര്‍ സ്‌ട്രോക്ക് ന്യൂറോളജിസ്റ്റുമാണ് ലേഖകന്‍)

തയ്യാറാക്കിയത്: 
സി.സജില്‍

Content Highlights: World Stroke Day 2021,Will Cholesterol and BP cause stroke, Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്