ലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ, പൂര്‍ണമായും തടസ്സപ്പെടുകയോ അല്ലെങ്കില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നത്. 

പക്ഷാഘാതം പ്രധാനമായും രണ്ട് തരമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുകയും ഈ പ്ലാക്കുകള്‍ പൊട്ടി അത് രക്തക്കട്ടയായി തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുന്നു. ഇതിനെ ഇസ്‌കീമിക് സ്‌ട്രോക്ക് എന്ന് പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും തന്മൂലം പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇതിനെ ഹെമറേജിക് സ്‌ട്രോക് എന്ന് വിളിക്കുന്നു. 87 ശതമാനം ആളുകളിലും കണ്ട് വരുന്നത് ആദ്യം പറഞ്ഞ ഇസ്‌കീമിക് സ്‌ട്രോക് ആണ്.

എന്തൊക്കെയാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍?

 • കൈകള്‍, കാലുകള്‍ അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോകല്‍
 • മുഖം ഒരു വശത്തേക്ക് കോടിപ്പോകല്‍
 • ശരീരത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കില്‍ മുഖത്തിന് അനുഭവപ്പെടുന്ന തരിപ്പ്, മരവിപ്പ്
 • ബാലന്‍സ് നഷ്ടപ്പെട്ട് ആടുന്നത് പോലെ തോന്നല്‍
 • കുഴഞ്ഞ് വീണ് അബോധാവസ്ഥയിലാവുക
 • സംസാരം കുഴയല്‍

എന്തെല്ലാമാണ് പക്ഷാഘാതത്തിന്റെ അപകടസാധ്യതാ ഘടകങ്ങള്‍  

അപകടസാധ്യതാ ഘടകങ്ങള്‍ ഉള്ള ഒരാള്‍ക്ക് ഇല്ലാത്ത ഒരാളുമായി താരതമ്യം ചെയ്യുമ്പോള്‍ പക്ഷാഘാതത്തിനുള്ള സാധ്യത 30 മടങ്ങ് കൂടുതലാണ്.  ഇത്തരം അപകട സാധ്യതാ ഘടകങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം.

1. ജീവിത ശൈലി അപകട സാധ്യതാ ഘടകങ്ങള്‍

 • പുകവലി
 • മദ്യപാനം
 • വ്യായാമമില്ലായ്മ
 • അമിതവണ്ണം
 • നിയമവിരുദ്ധ മരുന്നുകളുടെ അമിതമായ ഉപയോഗം

2. ചികിത്സാപരമായ അപകട സാധ്യതാ ഘടകങ്ങള്‍

 • അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം
 • അമിതമായ കൊളസ്‌ട്രോളിന്റെ അളവ്
 • പ്രമേഹം
 • ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ (Obstectrive sleep Apnea)
 • പാരമ്പര്യം

ഇവ കൂടാതെ പ്രായം, ലിംഗം, ചിലതരം ഹോര്‍മോണുകള്‍ ഇവയെല്ലാം പക്ഷാഘാതത്തിന് കാരണമാകാറുണ്ട്.

രോഗനിര്‍ണ്ണയം

രോഗനിര്‍ണ്ണയം ചികിത്സ ഇവ പക്ഷാഘാതത്തിന്റെ കാര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്

രോഗനിര്‍ണ്ണയ രീതികള്‍

1. സി.ടി. സ്‌കാന്‍

എക്‌സ്-റേ വികിരണങ്ങള്‍ ഉപയോഗിച്ച് രോഗിയുടെ തലയുടെ ചിത്രങ്ങള്‍ എടുക്കുന്ന ടെസ്റ്റാണിത്. ഇതില്‍ നിന്നും രോഗിയുടെ പക്ഷാഘാതം ഏത് തരമാണെന്നത് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇസ്‌കീമിക് സ്‌ട്രോക്കാണോ, ഹെമറേജിക് സ്‌ട്രോക്കാണോ അല്ലെങ്കില്‍ തലയില്‍ ഏതെങ്കിലും തരത്തിലുള്ള നീര്‍ക്കെട്ട്, മുഴ, തലച്ചോറിലെ രക്തക്കുഴലുകളുടെ അവസ്ഥ തുടങ്ങിയ മനസ്സിലാക്കാന്‍ ഈ രീതിയിലൂടെ കഴിയുന്നു.

2. എം.ആര്‍.ഐ.

ഇവിടെ റേഡിയോ-കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് തലച്ചോറിന്റെ വിശദമായ പഠനം നടത്തുന്നു. ഡിഫ്യൂഷന്‍, പെര്‍ഫ്യൂഷന്‍ എന്ന പ്രത്യേകതരം സ്‌കാനിംഗ് ചെയ്യുന്നതോടെ പക്ഷാഘാതം മൂലം എത്ര കോശങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു, ഭാഗികമായി നശിച്ചവ എത്ര, രക്തക്കുഴലുകളുടെ സ്ഥാനം, സ്വഭാവം തുടങ്ങി ചികിത്സയെ സ്വാധീനിക്കുന്ന നിര്‍ണ്ണായകങ്ങളായ നിരവധി വിവരങ്ങള്‍ ലഭിക്കുന്നു.

3. സെറിബ്രല്‍ ആന്‍ജിയോഗ്രാം\ഡിജിറ്റല്‍ സബ്‌സ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി (DSA)

കാലിലെ ഫിമറല്‍ ആര്‍ട്ടറി എന്ന് വിളിക്കുന്ന ധമനിയില്‍ ഉണ്ടാകുന്ന ഒരു താക്കോല്‍ ദ്വാരത്തിലൂുടെ കത്തീറ്റര്‍ കടത്തി തലവരെ എത്തിച്ച് അതിലൂടെ ഡൈ ഇഞ്ചക്റ്റ് ചെയ്ത് എക്‌സ്-റേയുടെ സഹായത്തോടെ തലച്ചോറിലേയും കഴുത്തിലേയും രക്തക്കുഴലുകളിലെ തടസ്സം, നീര്‍ വീക്കം, സിരകളും ധമനികളും തമ്മുലള്ള അസാധാരണമായ ബന്ധം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്നു. വളരെ ആധുനികവും നൂതനവും ആധികാരികവുമായ ഒരു രോഗനിര്‍ണ്ണയ രീതിയാണിത്.

ചികിത്സ

പക്ഷാഘാതം എന്നുള്ളത് ഒരു മെഡിക്കല്‍ എമര്‍ജന്‍സി ആയതുകൊണ്ട് തന്നെ ചികിത്സയും വളരെയേറെ പ്രാധാന്യമുള്ളതാണ്.

ഇസ്‌കീമിക് സ്‌ട്രോക്കിന്റെ ചികിത്സകള്‍

1. മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ

ഈ വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത് ടിഷ്യു പ്ലാസ്മിനോജര്‍ ആക്റ്റിവേറ്റര്‍(TPA) വിഭാഗത്തില്‍ പെടുന്ന സട്രെപ്‌റ്റോകൈനേസ്, ആള്‍ട്ടിപ്ലേസ്, റെക്റ്റിപ്ലേസ്, ടെനക്റ്റിപ്ലേസ് എന്ന മരുന്നുകളാണ്. 

ഒരു രോഗിക്ക് പക്ഷാഘാതം സംഭവിച്ച് നാലര മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ ഈ മരുന്ന് നല്‍കി തലച്ചോറിലെ രക്തക്കുഴലുകളിലെ രക്തക്കട്ടകളെ അലിയിച്ചു കളയാനാകും. പെട്ടെന്നുള്ള ഇത്തരം ചികിത്സകള്‍ രോഗിയുടെ പക്ഷാഘാതത്തില്‍ നിന്നുള്ള അതിജീവനം കൂട്ടുകയും മറ്റ് സങ്കീര്‍ണ്ണതകള്‍ക്കുള്ള അവസരം കുറയ്ക്കുകയും ചെയ്യുന്നു. 

ചെറിയ ചെറിയ ബ്ലീഡിംഗ് സാധ്യതകള്‍ ഉണ്ടെങ്കിലും പക്ഷാഘാതത്തിന് ലോകവ്യാപകമായി പ്രഥമ ചികിത്സ എന്ന നിലയില്‍ ഈ മരുന്നുകള്‍ ഉപയോഗിച്ച് വരുന്നു.

2. എന്‍ഡോവ്‌സാകുലര്‍ സര്‍ജറി

ഇസ്്കീമിക് സ്‌ട്രോക്കിന് ആധുനിക കാലഘട്ടത്തില്‍ ലോക വ്യാപകമായി ചെയ്തുവരുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് എന്‍ഡോവാസ്‌കുലര്‍ സര്‍ജറികള്‍. ഇതിന്റെ വലിയ ഒരു മെച്ചം എന്തെന്നാല്‍ സര്‍ജറി എന്ന് പറയുമെങ്കിലും മസ്തിഷ്‌കം ഒന്നും തുറക്കാതെ ചെറിയ അനസ്‌തേഷ്യയില്‍ കാലിലെ ധമനിയില്‍ ഉണ്ടാകുന്ന താക്കോല്‍ ദ്വാരത്തിലൂടെ കടത്തി വിടുന്ന കത്തീറ്റര്‍ എന്ന ട്യൂബിലൂടെ രക്തക്കട്ടകള്‍ വലിച്ചെടുത്ത് മാറ്റപ്പെടുന്നു എന്നതാണ്. ഇതിലൂടെ രോഗിക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം. ഇതോടൊപ്പമുള്ള ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷന്‍ സംവിധാനങ്ങളും കൂടെ ആകുമ്പോള്‍ രോഗി പൂര്‍ണ്ണമായും പക്ഷാഘാതത്തില്‍ നിന്നും മുക്തി നേടുന്നു. വലിയ മുറിവുകള്‍ ഒന്നും രോഗിയുടെ ശരീരത്തില്‍ ഉണ്ടാകുന്നില്ല എന്നതുകൊണ്ട് തന്നെ ഇത്തരം ചികിത്സയില്‍ ആശുപത്രി വാസവും വളരെ കുറവാണ്.

ഇതില്‍ രണ്ട് തരം ചികിത്സകള്‍ ഉണ്ടാ ഒന്നാമതായി കത്തീറ്റര്‍ തലച്ചോറില്‍ എത്തിച്ച് മേല്‍ പറഞ്ഞ ടി.പി.എ. മരുന്നുകള്‍ നേരിട്ട് സ്‌ട്രോക്ക് വന്ന ഭാഗത്തേക്ക് ഇഞ്ചക്റ്റ് ചെയ്യുന്നു. ഇത് മൂലം അവിടെയുള്ള രക്തക്കട്ടകള്‍ വളരെ വേഗം അലിഞ്ഞ് പോകുന്നു. ഈ ചികിത്സ സാധാരണ ടി.പി.എ. കൊടുക്കുന്നതിനേക്കാള്‍ വളരെ പലപ്രദമാണ്.

ഹെമറേജിക് സ്‌ട്രോക്കിന്റെ ചികിത്സകള്‍

ഈ ചികിത്സയില്‍ പ്രധാനമായും തലച്ചോറിലെ രക്തസ്രാവത്തെ നിയന്ത്രിക്കുകയും തന്മൂലം തലച്ചോറിലെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ചെയ്യുക എന്നുള്ളതാണ്.

ഹെമറേജിക് സ്‌ട്രോക്കിന്റെ പ്രധാന ചികിത്സാ മാര്‍ഗ്ഗങ്ങള്‍

1. അടിയന്തര നടപടികള്‍ അഥവാ എമര്‍ജന്‍സി മെഷേഴ്‌സ്

ഇതില്‍ പ്രധാനമായും രോഗി ഏതെങ്കിലും തരത്തിലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍ പോലത്തെ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവ കണ്ടെത്തി ഇവയുടെ ഫലം കുറയ്ക്കാനുള്ള രക്തഘടകങ്ങള്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് രോഗിയുടെ തലച്ചോറിലെ രക്തസമ്മര്‍ദ്ദം അഥ്വാ ഇന്‍ട്രാകാനിയല്‍ പ്രഷര്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകളും നല്‍കുന്നു. ഇവ തലച്ചോറിലെ രക്തക്കുഴലുകളുടെ ചുരുക്കം അഥവ സ്പാസം ഒഴിവാക്കുകയും അപസ്മാരം, സന്നി പോലുള്ള സങ്കീര്‍ണ്ണതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

2. സര്‍ജറി

സി.ടി. സ്‌കാന്‍ അല്ലെങ്കില്‍ എം.ആര്‍. ഐ. യില്‍ തലച്ചോറിലെ രക്തസ്രാവം വലുതെങ്കില്‍ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്തി ആ ഭാഗത്തെ രക്തത്തെ നീക്കുകയും തന്മൂലം തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. തലച്ചോറിലെ രക്തസ്രാവം, രക്തക്കുഴലകളിലെ നീര്‍വ്വീക്കം അഥവാ അന്യൂറിസം പൊട്ടുന്നത് മൂലമോ അല്ലെങ്കില്‍ സിരകളുടേയും ധമനികളുടേയും വൈകല്യം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) മൂലവും ആകാം. സ്‌കാനിംഗില്‍ ഇവ കൂടി കാണുകയാണെങ്കില്‍ നീര്‍വീക്കം വന്ന ഭാഗം ക്ലിപ് ചെയ്യുകയും മറ്റ് വൈകല്യങ്ങളെ നീക്കുകയും ചെയ്യുന്നു.

3. എന്‍ഡോവാസ്‌കുലര്‍ എംബൊളൈസേഷന്‍/കോയിലിംഗ്

മേല്‍പറഞ്ഞ നീര്‍വീക്കത്തിന് സര്‍ജറി അല്ലാത്ത ചികിത്സ ആണിത്. കാലിലെ രക്തക്കുഴലിലൂടെ കടത്തിവിടുന്ന കത്തീറ്റര്‍ എന്ന ട്യൂബ് നീര്‍വീക്കമുള്ള രക്തക്കുഴലിന്റെ അടുത്ത് എത്തിച്ച് വളരെ നേര്‍ത്ത കോയിലുകള്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് അവിടെ നിക്ഷേപിക്കുന്നു. തന്മൂലം നീര്‍വീക്കത്തിലേക്കുള്ള രക്തയോട്ടം ഇല്ലാതാകുന്നു.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖിക)

Content Highlights: World Stroke Day 2021, What is Stroke, ischemic stroke, Hemorrhagic stroke, Health