സ്‌ട്രോക്ക് ചികിത്സയില്‍ സമയത്തിന് ജീവന്റെ വിലതന്നെയുണ്ട്. സ്‌ട്രോക്ക് സംഭവിച്ചശേഷമുള്ള ഓരോ നിമിഷവും നിര്‍ണായകമാണ്. അടിയന്തര പ്രധാന്യത്തോടെ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ ഗുരുതരമായി മാറും.

തലച്ചോറിലേക്കുള്ള രക്തം പൂര്‍ണമായോ ഭാഗികമായോ മുടങ്ങുമ്പോള്‍ കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും മുടങ്ങും. കോശങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതും തടസ്സപ്പെടും. ഈ അടിയന്തര ഘട്ടത്തില്‍നിന്ന് തലച്ചോറിനെ എത്രയും വേഗം രക്ഷിക്കുകയും കൂടുതല്‍ കോശങ്ങള്‍ നശിക്കാതെ സംരക്ഷിക്കുകയുമാണ് സ്‌ട്രോക്ക് ചികിത്സയുടെ ലക്ഷ്യം.

തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോയാല്‍ പിന്നെ വീണ്ടെടുക്കാനാവില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നശിച്ചാല്‍ അത് വൈകല്യത്തിന് വഴിവെക്കുകയും ചെയ്യും. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് കൃത്യമായ ചികിത്സ നല്‍കണമെന്ന് പറയുന്നത്.

ആഘാതം ചെറുതല്ല

സ്‌ട്രോക്ക് മസ്തിഷ്‌കത്തില്‍ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് ഒരു താരതമ്യത്തിലൂടെ മനസ്സിലാക്കാം. പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറിലെ കോശങ്ങളും നശിക്കുന്നുണ്ട്. ഇത് സ്വാഭാവിക കാര്യമാണ്. എന്നാല്‍ ഇസ്‌കീമിക് സ്‌ട്രോക്ക് ഉണ്ടായാല്‍ കോശങ്ങള്‍ നശിക്കുന്നതിന്റെ വേഗം 200 മുതല്‍ 300 മടങ്ങുവരെ വര്‍ധിക്കും. അതായത് 35 വര്‍ഷംകൊണ്ട് ഉണ്ടാകുമായിരുന്ന കോശനഷ്ടമാണ് സ്‌ട്രോക്കിലൂടെ ഏതാനും മണിക്കൂറുകള്‍കൊണ്ട് സംഭവിക്കുന്നത്.

സ്‌ട്രോക്കുകാരണം മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയെ ഇന്‍ഫാര്‍ക്ഷന്‍ (Infarction) എന്നാണ് പറയുക. കോശങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ക്ഷതം നേരിടുന്ന കേന്ദ്രഭാഗത്തെ കോര്‍ എന്നുവിളിക്കുന്നു. അതിന് ചുറ്റുമുള്ള ഭാഗത്തെ പിനംബ്ര (Penumbra) എന്നാണ് പറയുക.

സമയത്തിന്റെ വില

സ്‌ട്രോക്കിന് ശേഷമുള്ള ആദ്യ മണിക്കൂറുകള്‍ നിര്‍ണായകമാണ്. ആദ്യ ആറുമണിക്കൂറുകളെ ഗോള്‍ഡന്‍ വേഴ്സ് എന്നാണ് വിശേഷിപ്പിക്കാറ്. സ്‌ട്രോക്കിന്റെ ആഘാതത്തില്‍നിന്ന് വ്യക്തിയെ രക്ഷിച്ചെടുക്കാനുള്ള ജീവന്റെ വിലയുള്ള മണിക്കൂറുകള്‍ തന്നെയാണത്. ഈ സമയപരിധിക്കുള്ളില്‍ ചികിത്സ ലഭിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഫലപ്രദമാകും.

പണ്ടൊക്കെ സ്‌ട്രോക്ക് വന്നാല്‍ പിന്നെ ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി, സ്ട്രോക്ക് വന്നാലും സമയോചിത ചികിത്സ ലഭിച്ചാല്‍ രോഗിയുടെ നില മെച്ചപ്പെടുത്താനാകും എന്നത് ആശ്വാസകരമായ കാര്യമാണ്.

കൃത്യമായ ചികിത്സ കിട്ടാത്ത സാഹചര്യത്തില്‍ ആറുമുതല്‍ 10 മണിക്കൂറുകള്‍കൊണ്ടാണ് കോശങ്ങള്‍ പൂര്‍ണമായും നശിച്ചുപോകുന്നത്. എത്രയും വേഗം ചികിത്സ തുടങ്ങുക എന്നത് തന്നെയാണ് നിര്‍ണായകം.

ഇസ്‌കീമിക് സ്ട്രോക്ക് ചികിത്സാരീതി

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം നേരിടുന്നതുകൊണ്ടുണ്ടാകുന്ന സ്‌ട്രോക്കാണ് ഇസ്‌കീമിക് സ്‌ട്രോക്ക്. അതുകൊണ്ട് തന്നെ രക്തക്കുഴലിലെ തടസ്സം നീക്കി കോശങ്ങളിലേക്ക് രക്തം എത്തിക്കുകയാണ് ചെയ്യുന്നത്.

ത്രോംബോലൈറ്റിക് തെറാപ്പി

രക്തക്കുഴലില്‍ തടസ്സമുണ്ടാക്കിയ രക്തക്കട്ട അലിയിച്ചുകളഞ്ഞ് രക്തമൊഴുക്ക് സുഗമമാക്കാനുള്ള ചികിത്സാരീതിയാണ് ത്രോംബോലൈറ്റിക് തെറാപ്പി. സ്‌ട്രോക്ക് ഉണ്ടായി നാലരമണിക്കൂറിനുള്ളിലാണ് സാധാരണയായി ഈ ചികിത്സ ചെയ്യുക. സമയം നഷ്ടമാകുന്തോറും ഇതിന്റെ ഫലവും കുറയും. ചെറിയ, ഇടത്തരം വലുപ്പമുള്ള തടസ്സങ്ങള്‍ അലിയിച്ചുകളയാനാണ് ഈ ചികിത്സ പ്രയോജനപ്പെടുത്താറ്.

ആര്‍.ടി.പി.എ. (Recombinant Tissue Plasminogen Activator) വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത് ഡ്രിപ്പിട്ട് നല്‍കും. പ്രധാന ധമനികളിലുണ്ടായ തടസ്സമാണെങ്കില്‍ ധമനിയിലൂടെ കത്തീറ്റര്‍ കടത്തി തടസ്സം ഉണ്ടായ ഭാഗത്ത് മരുന്ന് നേരിട്ട് എത്തിക്കുന്ന രീതിയുമുണ്ട്.

ത്രോംബോലൈറ്റിക് തെറാപ്പിക്ക് ശേഷം വീണ്ടും രക്തക്കട്ടകള്‍ രൂപപ്പെടാതിരിക്കാന്‍ ആന്റി പ്ലേറ്റ്ലെറ്റ് തെറാപ്പി നല്‍കാറുണ്ട്. ആസ്പിരിനാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുന്നത്. അതുപോലെ രക്തം നേര്‍പ്പിക്കാന്‍ ആന്റി കൊയാഗുലന്റ് മരുന്നുകളും നല്‍കാറുണ്ട്. ഹെപ്പാരിന്‍ ആണ് ഇതിന് ഉപയോഗിക്കുന്ന പ്രധാന മരുന്ന്. എന്നാല്‍ ഇത് രണ്ടും രോഗിയില്‍ രക്തസ്രാവ സാധ്യത വിലയിരുത്തി മാത്രമേ നല്‍കുകയുള്ളൂ.

തടസ്സം നീക്കാന്‍

തലച്ചോറിലേക്കുള്ള ധമനികളില്‍ തടസ്സം വരാന്‍ കാരണമായ രക്തക്കട്ട നീക്കംചെയ്യുന്ന ചികിത്സാരീതിയുണ്ട്. ഇതാണ് മെക്കാനിക്കല്‍ ത്രോംബെക്ടമി (Mechanical Thrombectomy). രക്തക്കുഴലിലേക്ക് കത്തീറ്റര്‍ കടത്തി രക്തക്കട്ട പുറത്തേക്ക് വലിച്ച് നീക്കുകയാണ് ഇതിലൂടെ ചെയ്യുക. അതുവഴി രക്തമൊഴുക്ക് പുനഃസ്ഥാപിക്കാനാകും. ചെറിയ രക്തക്കുഴലിലാണെങ്കില്‍ കത്തീറ്റര്‍ കടത്തി രക്തക്കട്ട പൊടിച്ചുകളയുന്ന രീതിയുമുണ്ട്. തടസ്സം നീക്കിക്കഴിഞ്ഞാല്‍ രക്തമൊഴുക്ക് സുഗമമായി നടക്കുന്നുണ്ടോയെന്ന് വിലയിരുത്താന്‍ ആന്‍ജിയോഗ്രാം ചെയ്യാറുണ്ട്.

കരോട്ടിഡ് സ്റ്റെന്റിങ്

തലച്ചോറിലേക്കുള്ള ധമനിയില്‍ തടസ്സമുണ്ടായ ഭാഗത്ത് സ്റ്റെന്റ് ഇട്ട് തടസ്സം ഒഴിവാക്കുന്ന ചികിത്സാരീതിയുണ്ട്. സ്‌ട്രോക്ക് ഉണ്ടായി ആറ് മണിക്കൂറിനുള്ളിലാണെങ്കില്‍ ആന്‍ജിയോഗ്രാം ചെയ്ത് തടസ്സം നീക്കി സ്റ്റെന്റ് ഇടാനാകും. കഴുത്തിന്റെ വശങ്ങളിലൂടെ തലച്ചോറിലേക്ക് പോകുന്ന ധമനിയാണ് കരോട്ടിഡ് ധമനി. ഇതിലൂടെയാണ് കത്തീറ്റര്‍ കടത്തുക. തുടര്‍ന്ന് തടസ്സമുണ്ടായ ഭാഗത്ത് കത്തീറ്റര്‍ ഉപയോഗിച്ച് ബലൂണ്‍ വികസിപ്പിച്ച് ധമനി വികസിപ്പിക്കും. തുടര്‍ന്ന് അവിടെ സ്റ്റെന്റ് ഉറപ്പിച്ച് തടസ്സം ഒഴിവാക്കുന്നു.

കരോട്ടിഡ് എന്‍ഡാടറെക്ടമി

കരോട്ടിഡ് ധമനിയില്‍ തന്നെയാണ് തടസ്സമെങ്കില്‍ ചെറിയ മുറിവുണ്ടാക്കി കരോട്ടിഡ് ധമനി തുറന്ന് ബ്ലോക്ക് നീക്കംചെയ്യുന്ന രീതി.

ഹെമറാജിക് സ്‌ട്രോക്ക് സംഭവിച്ചാല്‍

തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടിയുണ്ടാകുന്നതാണ് ഹെമറാജിക് സ്‌ട്രോക്ക.് ഇതില്‍ രക്തസ്രാവം നിയന്ത്രിക്കുകയാണ് ചികിത്സയിലെ ആദ്യഘട്ടം. എന്ത് കാരണംകൊണ്ടാണ് രക്തസ്രാവം ഉണ്ടായത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇതിനായി ആന്‍ജിയോഗ്രാം ചെയ്തുനോക്കും. മിക്കപ്പോഴും അമിത ബി.പിയാകാം കാരണമാകുന്നത്. അതുകൊണ്ട് ബി.പി നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ മരുന്നുകള്‍ നല്‍കും.

ക്ലിപ്പിങ്ങും കോയിലിങ്ങും

ഗുരുതരമായ രക്തസ്രാവം ഉണ്ടെങ്കില്‍ രക്തക്കുഴലിലെ വിള്ളല്‍ അടയ്ക്കാന്‍ സര്‍ജറി ആവശ്യമായി വരും. രക്തക്കുഴലിന്റെ ദുര്‍ബലമായ ഭാഗം വീര്‍ത്ത് ബലൂണ്‍ പോലെ നില്‍ക്കുന്ന അവസ്ഥയാണ് അന്യൂറിസം. ഇങ്ങനെയുള്ള ഭാഗങ്ങള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകാം. അങ്ങനെ ഉണ്ടെങ്കില്‍ സര്‍ജിക്കല്‍ ക്ലിപ്പിങ്, കോയിലിങ് എന്നിവ ഉപയോഗിച്ച് രക്തസ്രാവം തടയും. അന്യൂറിസം ഉണ്ടായഭാഗത്ത് പ്രത്യേകതരം സര്‍ജിക്കല്‍ ക്ലിപ്പ് ഇട്ട് രക്തംപുറത്തേക്ക് പോകുന്നത് ഒഴിവാക്കുകയാണ് ക്ലിപ്പിങ് രീതി.
ധമനിയിലൂടെ നേര്‍ത്ത വയര്‍ കടത്തി അന്യൂറിസം ഉണ്ടായ ഭാഗത്ത് എത്തിക്കും. അവിടെ വയര്‍ ധാരാളം ചുരുളുകളാക്കി മാറ്റും. അതോടെ രക്തം അവിടെ കട്ടപിടിക്കുകയും പുറത്തേക്കുള്ള ഒഴുക്ക് തടയുകയും ചെയ്യും. ഈ പ്രക്രിയയാണ് കോയിലിങ് എന്നുപറയുന്നത്.

ചിലരില്‍ ധമനിയും സിരകളും അസ്വാഭാവികമായ വിധത്തില്‍ കെട്ടുപിണഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിനെയാണ് ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍ (എ.വി.എം.) എന്നുപറയുന്നത്. അങ്ങനെ ഉണ്ടെങ്കില്‍ അത്
പരിഹരിക്കാനും സര്‍ജറി വേണ്ടിവരും.

പ്രഥമശുശ്രൂഷകള്‍ക്ക് സ്ഥാനമില്ല

ഹാര്‍ട്ട് അറ്റാക്കിന്റെ കാര്യത്തിലുള്ളതുപോലുള്ള പ്രഥമ ശുശ്രൂഷകളൊന്നും സ്‌ട്രോക്കിന്റെ കാര്യത്തിലില്ല. മാത്രമല്ല അത്തരത്തില്‍ ശ്രമിക്കുന്നത് കൃത്യമായ ചികിത്സ വൈകി ന്യൂറോളജിസ്റ്റിന്റെ സേവനമുള്ള ആശുപത്രിയില്‍ രോഗിയെ എത്രയും വേഗം എത്തിക്കണം. ഒന്നിലേറെ ആശുപത്രിയില്‍ കയറിയിറങ്ങി ശരിയായ ചികിത്സ കിട്ടുന്നത് വൈകാന്‍ ഇടയാകരുത്. ഹാര്‍ട്ട് അറ്റാക്കിലെന്നതുപോലെ ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാതെ പോകുന്നതും യഥാസമയം ആശുപത്രിയിലെത്താന്‍ പറ്റാത്തതിന് കാരണമാകാറുണ്ട്. 

ആശുപത്രിയിലെത്തിയാല്‍ 

 • സ്‌ട്രോക്ക് ലക്ഷണങ്ങളുമായി എത്തുന്ന രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കും. ശാരീരിക പരിശോധനകള്‍ നടത്തും. സ്‌ട്രോക്ക് തന്നെയാണോയെന്ന് വിലയിരുത്തും. 
 • സ്‌ട്രോക്ക് ആണെന്ന് ഉറപ്പായാല്‍ ഉടന്‍ സി.ടി. സ്‌കാന്‍ അല്ലെങ്കില്‍ എം.ആര്‍.ഐ. സ്‌കാന്‍ എടുക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ തന്നെ ബി.പി., രക്തപരിശോധന എന്നിവയും നടത്തും. 
 • ഏതുതരം സ്‌ട്രോക്ക് ആണ് ഉണ്ടായത് എന്നും എത്രമാത്രം കോശങ്ങളെ ബാധിച്ചിട്ടുണ്ട് എന്നും സ്‌കാനിങ്ങിലൂടെ മനസ്സിലാക്കും. ഏതാനും നിമിഷങ്ങള്‍കൊണ്ട് തന്നെ ഈ റിസള്‍ട്ടുകള്‍ ലഭ്യമാകുന്ന സംവിധാനം ഇപ്പോഴുണ്ട്. 
 • ഏതുതരം സ്‌ട്രോക്ക് ആണ് എന്ന് തിരിച്ചറിയുന്നത് ചികിത്സ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്. ഇസ്‌കീമിക് സ്‌ട്രോക്കിലും ഹെമറാജിക് സ്‌ട്രോക്കിലും ചികിത്സാരീതികള്‍ വ്യത്യസ്തമാണ്. പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി ഉടന്‍ തന്നെ ചികിത്സ തുടങ്ങും. 
 • ഇസ്‌കീമിക് സ്‌ട്രോക്ക് ആണെങ്കില്‍ എത്രയും പെട്ടെന്ന് രക്തക്കുഴലിലെ തടസ്സം നീക്കി തലച്ചോറിലേക്കുള്ള രക്തപ്രവാഹം പുനസ്ഥാപിക്കാനുള്ള ചികിത്സ നല്‍കും. ഹെമറാജിക് സ്‌ട്രോക്ക് ആണെങ്കില്‍ രക്തപ്രവാഹം തടയാനുള്ള ചികിത്സയാണ് ചെയ്യേണ്ടത്. 

സ്‌ട്രോക്കിനുശേഷം ജീവിതം വീണ്ടെടുക്കാന്‍

സ്‌ട്രോക്കിലേക്ക് നയിച്ച പ്രധാന കാരണം പരിഹരിച്ച് തലച്ചോറിലെ രക്തപ്രവാഹം പുനസ്ഥാപിക്കുന്നതോടെ രോഗി അപകടനില തരണം ചെയ്തുതുടങ്ങും. സ്‌ട്രോക്കിന്റെ കാഠിന്യം, അത് ഏത് ഭാഗത്തെയാണ് ബാധിച്ചത് തുടങ്ങി ഓരോ വ്യക്തിയിലും ശാരീരിക പ്രശ്നങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇതെല്ലാം പരിഗണിച്ചാണ് രോഗി എത്രദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവരും എന്ന് തീരുമാനിക്കുന്നത്. ശാരീരിക പ്രശ്നങ്ങള്‍ തുടര്‍ന്നും ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സപ്പോര്‍ട്ടീവ് ചികിത്സ, ഫിസിയോ തെറാപ്പി എന്നിവ ആവശ്യമാണ്.

കുടുംബത്തിന്റെ പിന്തുണ വേണം

സ്‌ട്രോക്ക് ചികിത്സയ്ക്കുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കുടുംബത്തിന്റെ പിന്തുണ പ്രധാനമാണ്.

 • സ്‌ട്രോക് ബാധിച്ചവര്‍ക്ക് എപ്പോഴും പിന്തുണ നല്‍കണം. അവര്‍ വൈകാരികമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ അത് രോഗാവസ്ഥയുടെ ഭാഗമാണെന്ന് മനസ്സിലാക്കി ക്ഷമയോടെ ഇടപെടണം.
 • രോഗി പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേള്‍ക്കണം.
 • ഒട്ടേറെ കാര്യങ്ങള്‍ ഒന്നിച്ച് പറയരുത്. രോഗിക്ക് അതെല്ലാം ഒരുമിച്ച് മനസ്സിലാക്കി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. സാവകാശം ഓരോ കാര്യങ്ങളായി പറഞ്ഞുകൊടുക്കുന്നതാണ് ഉചിതം.
 • മാനസികമായി പിന്തുണ നല്‍കുന്ന ഗ്രൂപ്പുകളില്‍ അംഗമാക്കുക. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അത് സഹായിക്കും.
 • രോഗി പറഞ്ഞ കാര്യം മനസ്സിലായില്ലെങ്കില്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ പറയുക.
 • രോഗിക്ക് സ്വയം ചെയ്യാന്‍ സാധിക്കുന്നവയെന്തൊക്കെയെന്ന് കണ്ടെത്തുക. അവ ചെയ്യാന്‍ പ്രേരിപ്പിക്കുക. ഇതിനെല്ലാം പിന്തുണ നല്‍കാം.
 •  രോഗി കിടക്കുമ്പോള്‍ വീണുപോകാതിരിക്കാന്‍ കട്ടിലിലും ബാത്ത്‌റൂമിലേക്ക് പോകുന്ന ഭാഗത്ത് ചുമരിനോട് ചേര്‍ത്തും റെയില്‍ ഘടിപ്പിക്കാം. ടോയ്‌ലറ്റില്‍ പിടിച്ചിരിക്കാനും എഴുന്നേല്‍ക്കാനും സഹായിക്കുന്ന ഹോള്‍ഡറുകള്‍ ഘടിപ്പിക്കാം.

സ്പീച്ച് തെറാപ്പി ആവശ്യമായി വരാം

സ്‌ട്രോക്കിനെത്തുടര്‍ന്ന് ചിലരില്‍ സംസാരിക്കാനുള്ള പ്രയാസങ്ങള്‍ നേരിടാറുണ്ട്. മസ്തിഷ്‌കത്തിന്റെ ഇടത്തേ അര്‍ധഗോളത്തിന് സ്‌ട്രോക്ക് ക്ഷതങ്ങള്‍ ഏല്‍പ്പിക്കുമ്പോഴാണ് സംസാര ശേഷിക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളെ അഫേഷ്യ (Aphasia) എന്നാണ് പറയുന്നത്. മനസ്സിലാക്കി കാര്യങ്ങള്‍ ശരിയായി പറയാനുള്ള ബുദ്ധിമുട്ട്, സംസാരത്തില്‍ കുഴച്ചില്‍, മുഖത്തെയും തൊണ്ടയിലെയും പേശികള്‍ക്ക് ബലക്കുറവ് എന്നിവയെല്ലാം ഇവരില്‍ കാണാറുണ്ട്. ഇത് പരിഹരിക്കാന്‍ സ്പീച്ച് തെറാപ്പി സഹായിക്കും. ഓരോ രോഗിയിലും പുരോഗതി വ്യത്യസ്തതരത്തിലാകും.

(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: World Stroke Day 2021, Stroke- Diagnosis and treatment, Health 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌