സ്തിഷ്‌കാഘാത രോഗികളുടെ പുനരധിവാസത്തില്‍ പ്രധാനപ്പെട്ട ഭാഗമാണ് ഫിസിയോതെറാപ്പി. രോഗികള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍നിന്ന് അവരെ മുക്തരാക്കുക, അല്ലെങ്കില്‍  ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം.

രോഗാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഫിസിയോതെറാപ്പി ആരംഭിക്കുന്നത് സങ്കീര്‍ണതകളും ആശുപത്രിവാസവും കുറയ്ക്കാന്‍ സഹായിക്കും.  

തെറാപ്യൂട്ടിക് പൊസിഷനിങ്

നീര്‍ക്കെട്ട്, തോള്‍വേദന, മറ്റ് ശാരീരികബുദ്ധിമുട്ടുകള്‍, തൊലിപ്പുറത്തുണ്ടാകുന്ന മുറിവുകള്‍, മൃദു കലകളുടെ ചുരുങ്ങല്‍ എന്നിവ രോഗിയുടെ ഉചിതമായ പൊസിഷനിങ്ങിലൂടെയും ഇടവിട്ടുള്ള സ്ഥാനമാറ്റങ്ങളിലൂടെയും നിയന്ത്രിക്കാം. മലര്‍ന്ന് കിടക്കുമ്പോള്‍ തലയുടെ പിന്‍ഭാഗത്തും രണ്ട് കാല്‍മുട്ടുകള്‍ക്ക് അടിവശത്തും തലയണ വെക്കുക. കൈകള്‍ വശങ്ങളിലായി, കൈമുട്ട് അല്പം മടക്കി, തലയണയുടെ മുകളില്‍ വെക്കുക. വിരലുകള്‍ നിവര്‍ന്നിരിക്കണം. വശത്തേക്ക് ചരിച്ച് കിടത്തുമ്പോള്‍ മുകളിലത്തെ തോള്‍ഭാഗവും കൈമുട്ടും 90 ഡിഗ്രി യും ഇടുപ്പും കാല്‍മുട്ടും 45 ഡിഗ്രിയും മടക്കി മുന്‍വശത്തുള്ള തലയണകളിന്മേല്‍ വെക്കുക.

തെറാപ്യൂട്ടിക്ക് എക്സര്‍സൈസുകള്‍

മസ്തിഷ്‌കാഘാതത്തിന്റെ പ്രാരംഭഘട്ടത്തില്‍ പേശികള്‍ക്ക് അയവുണ്ടാകും. ഈ സ്ഥിതിയില്‍ സന്ധികളിലെ സുഗമമായ ചലനവും പേശികളുടെ ഘടനയും നിലനിര്‍ത്തുന്നതിന് പാസ്സീവ് റേന്‍ജ് ഓഫ് മോഷന്‍ എക്സര്‍സൈസുകള്‍ ഉപകരിക്കും. രോഗിയുടെ ചലനശേഷി വര്‍ധിക്കുന്നതനുസരിച്ച് വ്യായാമ ചികിത്സയില്‍ രോഗിയുടെ പങ്കാളിത്തം ഉറപ്പാക്കും.

ആശുപത്രിവാസത്തിന് ശേഷം

ന്യൂറോ പ്ലാസ്റ്റിസിറ്റി: ബാഹ്യമോ ആന്തരികമോ ആയ ഏതെങ്കിലും ഉത്തേജനങ്ങളോട് പ്രതികരിച്ചുകൊണ്ട് പുനഃസംഘടിക്കാനുള്ള തലച്ചോറിന്റെ കഴിവാണ് ന്യൂറോപ്ലാസ്റ്റിസിറ്റി.

മോട്ടോര്‍ റീ ലേണിങ് പ്രോഗ്രാം: വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സ്വായത്തമാക്കിയ ചലനരീതികള്‍ അസുഖംമൂലം നഷ്ടപ്പെടുമ്പോള്‍, വ്യായാമ ചികിത്സയിലൂടെ വീണ്ടെടുക്കാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവിനെയാണ് മോട്ടോര്‍ റീ ലേണിങ് എന്ന് പറയുന്നത്. ഏത് വിഭാഗത്തില്‍പ്പെട്ട വ്യായാമചികിത്സയാണ് എളുപ്പത്തില്‍ മസ്തിഷ്‌കത്തിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രാപ്തമായത് എന്ന് ഫിസിയോതെറാപ്പിസ്റ്റ് കണ്ടെത്തുകയും അത് പരിശീലിപ്പിക്കുകയും ചെയ്യുന്നു.

തെറാപ്യൂട്ടിക്ക് എക്സര്‍സൈസ്: നഷ്ടപ്പെട്ട ചലനവും ശാരീരികപ്രവര്‍ത്തനവും പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരിച്ചിട്ടുള്ള വ്യായാമങ്ങളെയാണ് തെറാപ്യൂട്ടിക് എക്സര്‍സൈസ് എന്ന് പറയുന്നത്.

ഹാന്‍ഡ് ഗ്ലൗ തെറാപ്പി

പക്ഷാഘാതരോഗികളുടെ കൈവിരലുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിന് ഗ്ലൗ ഉപയോഗിച്ചുള്ള ചികിത്സാരീതിയുണ്ട്. ഇതാണ് ഗ്ലൗ തെറാപ്പി. പക്ഷാഘാതരോഗികളില്‍ കൈവിരലുകള്‍ മടക്കാന്‍കഴിയുകയും എന്നാല്‍ നിവര്‍ത്താന്‍ പറ്റാത്ത അവസ്ഥയുമാണ് സാധാരണ കണ്ടുവരാറ്. ഇതിന് കാരണം കൈവിരലുകള്‍ മടക്കുന്ന പേശികളുടെ മുറുക്കം കൂടുന്നതാണ് (Spasticity). ഗ്ലൗവിലുള്ള ഇലാസ്റ്റിക് ബാന്‍ഡുകള്‍ കൈവിരലുകള്‍ മടക്കിയതിനുശേഷം നിവര്‍ത്താന്‍ സഹായിക്കുന്നു.

വെര്‍ച്വല്‍ റിയാലിറ്റി

പ്രത്യേകമായി പ്രോഗ്രാം ചെയ്ത കംപ്യൂട്ടര്‍ ഉപയോഗിച്ച്, കൃത്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് രോഗിയുടെ ചലനശേഷി വീണ്ടെടുക്കാനുള്ള പരിശീലനമാണ് വെര്‍ച്വല്‍ റിയാലിറ്റി തെറാപ്പി.

ബൈലാറ്ററല്‍ ആം ട്രെയിനിങ്

ഇരുകൈകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള വ്യായാമരീതികളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

  • പെഗ് ബോര്‍ഡ് (Peg board) പരിശീലനത്തില്‍, പ്രത്യേക ആകൃതിയിലുള്ള മരക്കട്ടകള്‍ ഇരുകൈകളും ഉപയോഗിച്ച് എടുത്ത് ആ ആകൃതിക്ക് സമാനമായിട്ടുള്ള ദ്വാരങ്ങളില്‍ വയ്ക്കുന്നു. ഇത് ബൈലാറ്ററല്‍ ആം ട്രെയിനിങ്ങിന് ഉദാഹരണമാണ്.
  • സേന്റിങ് ബോര്‍ഡ് എക്സര്‍സൈസ് എന്നാല്‍ ഇരുകൈകളും ഉപയോഗിച്ച് വിരലുകള്‍ക്ക് മുറുക്കം വരുന്ന രീതിയിലും തോള്‍സന്ധി മുഴുവനായും മുകളിലേക്ക് ഉയര്‍ത്തുന്ന രീതിയിലും ചെയ്യുന്ന വ്യായാമമാണ്.

റോബോട്ടിക് തെറാപ്പി

റോബോട്ടിക് തെറാപ്പിയുടെ പ്രത്യേകത, ന്യൂറോ പ്ലാസ്റ്റിസിറ്റിക്ക് ആവശ്യമായ തുടര്‍ച്ചയായ ചലനങ്ങള്‍ വലിയ അളവില്‍ ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്. അതിലൂടെ മോട്ടോര്‍ റീലേണിങ് കൂടുതല്‍ വേഗത്തില്‍ നടക്കുന്നു. റോബോട്ടിക് തെറാപ്പിയില്‍ പ്രധാനമായും രണ്ടുവിധത്തിലുള്ള റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്.

1. എന്‍ഡ് എഫക്ടര്‍ റോബോട്ട് (End effector Robot)

ഇതില്‍ ചലനങ്ങള്‍ക്കായുള്ള റോബോട്ടിക് സപ്പോര്‍ട്ട് ആവശ്യമുള്ള സന്ധികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. രോഗിക്ക് ചലനപരിമിതി കാല്‍ക്കുഴയ്ക്കാണെങ്കില്‍ കാല്‍ക്കുഴ മാത്രം സപ്പോര്‍ട്ട്ചെയ്തുകൊണ്ട് ചലനപ്രക്രിയകള്‍ നടത്തുന്ന രീതിയാണിത്.

2. എക്സോസ്‌കെല്‍ട്ടന്‍ റോബോട്ട് (Exoskeleton robot)
ഇതില്‍ ചലിപ്പിക്കാന്‍ പ്രയാസമുള്ള സന്ധിയും അതോടനുബന്ധിച്ചുള്ള ശരീരഭാഗങ്ങളും പൂര്‍ണമായും സപ്പോര്‍ട്ടിങ് ഡിവൈസ് ഉപയോഗിച്ച് ചലിപ്പിക്കുന്നു.

റോബോട്ടിക് ആം ട്രെയിനിങ്

കൈകളുടെ പ്രാരംഭചലനങ്ങള്‍ തുടങ്ങാന്‍വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. ഗെയിം ഓറിയന്റഡും ടാസ്‌ക് ഓറിയന്റഡുമായ ചികിത്സാരീതിയാണ്. കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രത്യേക ഗെയിം ക്രമീകരിക്കുകയും അത് റോബോട്ടിക് സപ്പോര്‍ട്ടോടുകൂടി അസുഖം ബാധിച്ച കൈകള്‍ ഉപയോഗിച്ച് പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന താണ് ചികിത്സാരീതി.

റോബോട്ടിക് ഗേയ്റ്റ് ട്രെയിനര്‍

റോബോട്ടിന്റെ സഹായത്തോടുകൂടി പാദത്തിന്റെ ഭാഗം മാത്രം നടക്കുന്ന രീതിയില്‍ ചലിപ്പിക്കുകയും അതുവഴി നടക്കുന്നതിന് ആവശ്യമായ പരിശീലനം മസ്തിഷ്‌കത്തിന് ലഭിക്കുകയും ചെയ്യുന്നു.

ബാലന്‍സ് ട്രെയിനര്‍

രോഗികളുടെ ശരീരത്തിന്റെ ബാലന്‍സ്, വഴക്കം, ചലനവേഗം പേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങള്‍ എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്.

ഓര്‍ത്തോട്ടിക് ഡിവൈസസ്

ബലക്ഷയം ബാധിച്ച പേശികളെയും സന്ധികളെയും പരിക്കുകള്‍ വരാതെ സംരക്ഷിക്കുന്നതിനും സന്ധികളുടെ സ്ഥാനം ശരിയായി നിലനിര്‍ത്തുന്നതിനുമാണ് ഓര്‍ത്തോട്ടിക് ഡിവൈസ് ഉപയോഗിക്കുന്നത്.

ആങ്കിള്‍ ഫൂട്ട് ഓര്‍ത്തോസിസ്

പക്ഷാഘാതരോഗികളില്‍ കാല്‍ക്കുഴയുടെ ചലനങ്ങള്‍ക്കുണ്ടാകുന്ന കുറവുമൂലം ഒരുവശത്തെ പേശികള്‍ മുറുകുകയും കാല്‍ക്കുഴയ്ക്ക് വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന വൈകല്യങ്ങള്‍ രോഗിയുടെ നടത്തത്തിനെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കിമാറ്റുന്നു. ഇത് തടയുന്നതിനാണ് ആങ്കിള്‍ ഫൂട്ട് ഓര്‍ത്തോസിസ് ഉപയോഗിക്കുന്നത്. ഇത് കാല്‍ക്കുഴയ്ക്ക് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുകയും വൈകല്യങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

ഹ്യൂമറല്‍ കഫ് സ്പ്ലിന്റ്

പക്ഷാഘാതരോഗികളില്‍ സാധാരണമായി തോള്‍വേദനയും തോള്‍സന്ധികളില്‍ സ്ഥാനഭ്രംശവും കണ്ടുവരുന്നു. ഇത് രോഗികളുടെ കൈകളുടെ പുനരധിവാസപ്രക്രിയകളെ ദോഷകരമായി ബാധിക്കുന്നു. ഇതിനൊരു ശാശ്വതപരിഹാരമാണ് തുടക്കത്തിലേയുള്ള ഷോള്‍ഡര്‍ ബ്രേസുകളുടെ ഉപയോഗം.

ഡയനാമിക് കോക്കപ്പ് സ്പ്ലിന്റ്

കൈപ്പത്തിയുടെ ഫങ്ഷണല്‍ പൊസിഷന്‍ നിലനിര്‍ത്തുകയും അതോടൊപ്പംതന്നെ കൈവിരലുകളുടെ പേശീബലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പേശികളുടെ ശക്തിക്കനുസരിച്ച് എടുത്തുമാറ്റാവുന്നതും കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്നതുമായസ്പ്രിങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

മിറര്‍ തെറാപ്പി

മിറര്‍ തെറാപ്പി പ്രധാനമായും കൈകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനാണ്. കണ്ണാടിയില്‍ നോക്കി, അസുഖം ബാധിക്കാത്ത കൈ ചലിപ്പിക്കുന്ന രീതിയാണ് മിറര്‍ തെറാപ്പിയില്‍ അവലംബിക്കുന്നത്. അസുഖം ബാധിച്ച കൈ കണ്ണാടിക്ക് പുറകുവശത്തായും അസുഖം ബാധിക്കാത്ത കൈ കണ്ണാടിയുടെ മുന്‍പിലായും വെച്ച് രണ്ടുകൈകള്‍കൊണ്ടും ഒരേപോലെയുള്ള ചലനങ്ങള്‍ ചെയ്യാന്‍ശ്രമിക്കുകയും അതേസമയം രോഗി കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കണ്ണാടിക്ക് പുറകിലുള്ള കൈ ചലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ഭാഗങ്ങളില്‍ മിറര്‍ ന്യൂറോണുകള്‍ ഉണ്ടെന്നും മിറര്‍ തെറാപ്പി വഴി ഇത്തരം ന്യൂറോണുകളെ ഉത്തേജിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാമെന്നുമാണ് ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നത്.

പക്ഷാഘാതരോഗികളെ പരിചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • രോഗിയുടെ പരിചാരകരും സന്ദര്‍ശകരും രോഗിയെ സമീപിക്കേണ്ടത് പക്ഷാഘാതം ബാധിച്ച വശത്തുകൂടി ആവുന്നതാണ് നല്ലത്. രോഗിയുടെ കിടപ്പും ഇരുത്തവും അപ്രകാരം ക്രമീകരിക്കേണ്ടതാണ്.
  • തോള്‍സന്ധിയ്ക്ക് ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയം വന്നതുമൂലം തോള്‍സന്ധിയിലുണ്ടാകുന്ന സ്ഥാനമാറ്റം വേദനയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് രോഗിയെ എഴുന്നേല്പിക്കാന്‍ ശ്രമിക്കുമ്പോഴും കട്ടിലില്‍ നിന്ന് മാറ്റിക്കിടത്തുമ്പോഴും കൈയില്‍ പിടിച്ച് വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്, പകരം തോള്‍പ്പലകയുടെ പുറകുവശം മുഴുവനായും കൈകള്‍കൊണ്ട് താങ്ങണം.
  • രോഗിയെ ഇരുത്തുമ്പോള്‍ കൈത്താങ്ങ് ഉള്ള കസേരയില്‍ ഇരുത്തുകയും തോള്‍സന്ധി തൂങ്ങി നില്‍ക്കാത്തവിധം കൈമുട്ട് മടക്കി തലയണയുടെ മുകളില്‍ വെക്കേണ്ടതുമാണ്.
  • രോഗിയെ നടത്തുന്നതിന് മുന്നോടിയായി പക്ഷാഘാതം ബാധിച്ച കാലിന്റെ പേശികള്‍ക്ക് ആവശ്യമായ ബലം വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

(കോഴിക്കോട് നിര്‍മ്മല ഹോസ്പിറ്റലിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റാണ് ലേഖകന്‍)

Content Highlights: World Stroke Day 2021, Stroke and Physiotherapy, Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌