കൈയിലൊരു തരിപ്പ്, മുഖത്തിന്റെ ഒരു വശത്ത് ചെറിയ തോതിലുള്ള ഒരു കോട്ടം, കാലില്‍ ഒരു ബലക്ഷയം.... അങ്ങനെയുള്ള ചെറിയതും വലിയതുമായ പ്രശ്‌നങ്ങളെ കാര്യമാക്കാതെ തള്ളിക്കളയുന്നതാണ് പൊതു രീതി. അതേ സമയം ഹൃദയസംബന്ധമായ പ്രശ്നങ്ങളെന്നു കരുതി ഗ്യാസ്ട്രബിള്‍ ഗണത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ വരെ നാം ഗൗരവമായി കാണുകയും ആശുപത്രി സേവനം തേടുകയും ചെയ്യുന്നത് പതിവാണു താനും. 

ശരീരഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുക

ശരീരത്തിന്റെ ഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുക. ശരീരം തരുന്ന സൂചനകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ പലപ്പോഴും വരാനിരിക്കുന്ന അപകടാവസ്ഥകളില്‍ നിന്ന് നമുക്ക് രക്ഷ നേടാന്‍ കഴിയും. മുഖത്തും കയ്യിലും കാലിലുമൊക്കെയായി വരുന്ന തരിപ്പ്, കുഴച്ചില്‍ പോലുള്ള അനുഭവങ്ങള്‍ പലപ്പോഴും ഇത്തരം സ്‌ട്രോക്ക് അഥവാ പക്ഷാഘാതത്തിന്റെ സൂചനകളാവാം. തരിപ്പ് ഇപ്പോള്‍ മാറിക്കൊള്ളും, കുറച്ചു കഴിയുമ്പോള്‍ ശരിയാവും എന്നതൊക്കെയാണ് നമ്മുടെ നിലവിലുള്ള സമീപനം. എന്നാല്‍ അറിയുക, പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ കാര്യത്തില്‍ ആദ്യത്തെ നാലര മണിക്കൂര്‍ അതിനിര്‍ണ്ണായകമാണ്. തലച്ചോറുമായി ബന്ധപ്പെട്ടുള്ള രക്തക്കുഴലുകള്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതാണ് പക്ഷാഘാതത്തിലേക്ക് നയിക്കുന്നത്. ആദ്യത്തെ നാലര മണിക്കൂറിനുള്ളിലാണെങ്കില്‍ മരുന്നുകള്‍ കൊണ്ട് രക്തം കട്ടപിടിച്ചുണ്ടാകുന്ന ബ്ലോക്കുകളെ അലിയിച്ചെടുക്കാന്‍ കഴിയും. നൂതന സാങ്കേതിക വിദ്യകളുള്ള ആശുപത്രികളില്‍ ആറു മണിക്കൂര്‍ വരെ സമയത്തിനുള്ളിലാണെങ്കില്‍ രക്തക്കുഴലിനകത്തു നിന്ന് കട്ടപിടിച്ചത് വലിച്ചെടുക്കാന്‍ കഴിയും. 

ടൈം ഈസ് ബ്രെയ്ന്‍

'സമയം ധനമാണ്' എന്നൊക്കെ കേട്ടിട്ടില്ലേ, അതിലേറെ വില പിടിച്ചൊരു കാര്യമാണ് നമ്മുടെ തലച്ചോറ്. ഈ തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങളുടെ കാര്യത്തില്‍ സമയം എന്നത് ഏറ്റവും നിര്‍ണ്ണായക ഘടകമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചു തടസ്സമുണ്ടാകുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ ഓരോ സെക്കന്റിലും ദശലക്ഷക്കണക്കിന് ന്യൂറോണുകള്‍ ആണ് നശിച്ചു പോകുക. അതുകൊണ്ട് പക്ഷാഘാതത്തിന്റെ സൂചനകള്‍ കണ്ടാല്‍ തന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനമായ കാര്യം. പക്ഷാഘാതം വന്ന് ശരീരം കുഴഞ്ഞ് ഒറ്റ നാള്‍ കൊണ്ട് ജീവിതത്തിന്റെ വര്‍ണ്ണാഭമായ ലോകത്തു നിന്ന് ഇരുണ്ട മുറിയുടെ ഒറ്റപ്പെടലിലേക്ക് തകര്‍ന്നു പോയ എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. 

തിരിച്ചറിയാന്‍

പക്ഷാഘാതം വരുന്നതിന്റെ മുന്നോടിയായി സാധാരണ ഗതിയില്‍ ശരീരം തരാറുള്ള സൂചനകള്‍ മനസ്സിലാക്കാന്‍ സാധിക്കുക എന്നതാണ് ആദ്യപടി. പക്ഷാഘാതം തിരിച്ചറിയാന്‍ ആഗോളതലത്തില്‍ പ്രയോഗിക്കുന്നൊരു എളുപ്പമാര്‍ഗ്ഗമുണ്ട്. FAST എന്ന ഇംഗ്ലീഷ് വാക്ക് ഓര്‍ത്താല്‍ മതി. F- ഫെയ്‌സ് അഥവാ മുഖം ഒരു വശത്തേക്ക് കോടിപ്പോകുക. A-ആംസ് അഥവാ കൈയ്ക്ക് ബലക്ഷയം സംഭവിക്കുകയോ കുഴഞ്ഞു പോകുകയോ ചെയ്യുക. S-സ്പീച്ച് അഥവാ സംസാരത്തില്‍ കുഴച്ചില്‍ അനുഭവപ്പെടുകയും വ്യക്തതയില്ലാതെ വരികയും ചെയ്യുക. T- ടൈം അഥവാ സമയം കളയാതെ വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക. 

ആദ്യത്തെ നാലര മണിക്കൂറിനുള്ളില്‍ രക്തക്കട്ട അലിയിച്ചുകളയാനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കിലും ദശലക്ഷക്കണക്കിന് ന്യൂറോണുകളെ നാശം വരാതെ കാക്കാന്‍ ഓരോ നിമിഷവും പ്രധാനമാണ്. പക്ഷാഘാതം സ്ംഭവിച്ചയുടനെ ആശുപത്രിയില്‍ തീവ്രപരിചരണം ലഭിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലേക്ക് ഇപ്പോഴും സമൂഹം എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ പല കാരണങ്ങളാല്‍ പക്ഷാഘാത രോഗികള്‍ ആശുപത്രികളിലെത്തുന്നത് ആദ്യത്തെ നിര്‍ണ്ണായക മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ്. അതുകൊണ്ടു തന്നെ സുഗമമായി മരുന്നുകളിലൂടെ അലിയിച്ചെടുക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. പിന്നീട് മരുന്നുകളിലൂടെയും പുനരധിവാസ തെറപികളിലൂടെയും ഒക്കുപ്പേഷണല്‍ തെറാപ്പികളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ ജീവിതം വീണ്ടും തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുകയാണ് ചെയ്യാനുള്ളത്. കൂടുതല്‍ ഭാഗത്തേക്ക് ബ്ലോക്കുകള്‍ വ്യാപിക്കാതിരിക്കാന്‍, തലച്ചോറിന്റെ മറ്റു ഭാഗങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ മരുന്നുകള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളും ഇതോടൊപ്പം ചെയ്യേണ്ടതുണ്ട്.

രക്തം കട്ടപിടിക്കലും കുഴല്‍ പൊട്ടിപ്പോകലും

പക്ഷാഘാതം രണ്ടു വിധത്തില്‍ സംഭവിക്കാം എന്ന് നേരത്തെ പറഞ്ഞു. ഇതില്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന രോഗാവസ്ഥയാണ് വ്യാപകമായി കണ്ടു വരാറുള്ളത്. അതേ സമയം രക്തക്കുഴല്‍ പൊട്ടിപ്പോകുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥ അപകടകാരിയാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഇല്ലാതാകുന്നതോടെ ഇത്തരക്കാരില്‍ മരണ നിരക്ക് 40 ശതമാനത്തോളം വരുമെന്നറിയുക. രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങള്‍ക്ക് കൃത്യമായ മരുന്നുകള്‍ ഉപയോഗിക്കാത്തവരിലാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ കണ്ടുവരാറുള്ളത്. ഡോക്ടര്‍മാര്‍ യഥാ സമയം ഇടപെട്ടാലും ഇത്തരം സംഭവങ്ങളില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പ്രയാസം നേരിടും. 

ചികിത്സകള്‍

ഗുരുതരമായ രോഗികളുടെ കാര്യത്തിലാണെങ്കിലും നിര്‍ണ്ണായക മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച സേവനം ലഭ്യമാക്കിയാല്‍ രോഗിയെ ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം. ത്രോംബോലൈസിസ്, ത്രോംബക്ടമി തുടങ്ങിയ രീതികളാണ് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇതു കഴിഞ്ഞാല്‍ തലച്ചോറിനെ കൂടുതല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കാനും, നീരു കുറയാനുള്ളതും, ന്യൂറോണുകളെ സംരക്ഷിക്കുന്നതിനുമുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയ്യുക. മാത്രമല്ല, പിന്നീട് നാഡീ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങള്‍, ഹൃദയസ്തംഭനം, വൃക്ക സ്തംഭനം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ വരാതെ കാക്കുകയും വേണം. 

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതോടെ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ പ്രവര്‍ത്തന രഹിതമാകുകയോ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ ചെയ്യുന്നതാണ് ശരീരത്തിന്റെ ഒരു വശമോ പൂര്‍ണ്ണമായോ തളരുന്നതിന് കാരണമാകുന്നത്. എന്നാല്‍ തലച്ചോറിലെ ഒരു പ്രധാനഭാഗം മാത്രം പെട്ടെന്ന് നശിക്കുകയും അതിനു ചുറ്റുമുള്ള ഭാഗം നശിച്ചുപോകാന്‍ അല്‍പം സമയമെടുക്കുകയും ചെയ്യുമെന്നുള്ള PENUMBRA  CONCEPT  അനുസരിച്ചാണ് ചികിത്സാ രീതികള്‍ പ്രയോഗിക്കാറുള്ളത്. 

പക്ഷാഘാതം വരുന്ന വഴി

ജീവിത ശൈലി, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോളിന്റെ അളവ്, വ്യായാമം ഇല്ലായ്മ, ഹൃദയസംബന്ധമായ തകരാറുകള്‍, അമിത വണ്ണം, പുകവലി, കുടുംബത്തില്‍ രോഗികളുടെ സാന്നിധ്യം, ജനിതകമായ സാധ്യതകള്‍ തുടങ്ങിയവയൊക്കെ പക്ഷാഘാതത്തിനുള്ള കാരണങ്ങളാവാം. 

ആരോഗ്യകരമായ ഭക്ഷണ രീതി, പൊരിച്ചതല്ലാതെയുള്ള മീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുന്നത് ശീലമാക്കുക. കൊഴുപ്പുകള്‍ അധികമുള്ള ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് പോലുള്ളവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാവുന്നതാണ്. പതിവായ വ്യായാമവും മാനസികോര്‍ജ്ജം നിലനിര്‍ത്തുന്ന വിധത്തിലുള്ള ജീവിത ക്രമീകരണങ്ങളും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുകയും ചെയ്താല്‍ ഒരു പരിധി വരെ പക്ഷാഘാതം പോലുള്ള രോഗങ്ങള്‍ നമ്മെ തൊടാതെ പോകും.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോസയന്‍സ് ചെയര്‍മാനാണ് ലേഖകന്‍)

Content Highlights: World Stroke Day 2021, Impact of Golden Hour in Stroke treatment, Health