ലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന് അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ്  സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. രോഗിയെ മാത്രമല്ല, കുടുംബത്തെ ആകമാനം തളര്‍ത്തിക്കളയുന്ന രോഗാവസ്ഥയാണിത്. മരണത്തിനും അംഗവൈകല്യത്തിനുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ഹാര്‍ട്ട് അറ്റാക്കും കാന്‍സറും കഴിഞ്ഞാല്‍ മരണകാരണമാകുന്ന മൂന്നാമത്തെ പ്രധാന രോഗമാണ് പക്ഷാഘാതം. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായവും ചികിത്സയും തേടിയാല്‍ ഏറെ മെച്ചമുണ്ടാകും. 

പക്ഷാഘാതം-സ്‌ട്രോക്ക്, ബ്രെയിന്‍ അറ്റാക്ക് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചുപോകുന്നതു കൊണ്ടാണ് പക്ഷാഘാതം ഉണ്ടാകുന്നത്. രക്തപ്രവാഹം തടസ്സപ്പെടുകയോ രക്തക്കുഴല്‍ പൊട്ടിപ്പോകുകയോ ചെയ്യുന്നതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. ഇതുവഴി തലച്ചോറില്‍ കോശങ്ങള്‍ക്ക് തകരാറുണ്ടാവുകയോ നശിച്ചുപോകുകയോ ചെയ്യാം.

പുകവലി, രക്താതിമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ കൂടുന്നത്, ഡയബറ്റിസ്, ജീവിതരീതി, വ്യായാമക്കുറവ് എന്നിവമൂലം രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്കുണ്ടാകുന്നു. ഒപ്പം ഹൃദയത്തിനുണ്ടാകുന്ന തകരാറുകള്‍ മൂലം ഹൃദയത്തില്‍ രക്തക്കട്ട ഉണ്ടായി അത് തലച്ചോറിലേക്കു പോയി സ്‌ട്രോക്ക് സംഭവിക്കുന്നു. ഇതാണ് സാധാരണയായി സംഭവിക്കുന്നത്. തലച്ചോറിന്റെ ഏതു ഭാഗത്തെ രക്തപ്രവാഹമാണ് നിന്നുപോയത് എന്നതിനെയും എത്രമാത്രം കഠിനമാണ് എന്നതിനെയും ആശ്രയിച്ചാണ് അനന്തരഫലങ്ങള്‍ ഉണ്ടാകുന്നത്. ശക്തമായ പക്ഷാഘാതമാണെങ്കില്‍ പെട്ടെന്നുതന്നെ മരണം സംഭവിക്കാന്‍ ഇടയുണ്ട്.

രക്തം കട്ടപിടിച്ചതിനാലുള്ള തടസ്സം മൂലമുള്ള പക്ഷാഘാതത്തിന് 'ഇസ്‌കീമിക് സ്‌ട്രോക്' എന്നു പറയും. മിക്കവാറും പക്ഷാഘാതവും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്. ചികിത്സ ലഭിക്കാനുള്ള ദൈര്‍ഘ്യം കൂടുന്തോറും അപകടസാധ്യതകളും കൂടിക്കൊണ്ടേയിരിക്കും. നേരത്തെ ചികിത്സ ലഭ്യമായാല്‍ മരണസാധ്യതയും അംഗവൈകല്യ സാധ്യതയും കുറയും.

ഏതു പ്രായത്തിലുള്ളവര്‍ക്കും പക്ഷാഘാതം ഉണ്ടാകാം. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരുംമനസ്സിലാക്കി വയ്ക്കുകയും രോഗിയെ എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റുകയും വേണം. പെട്ടെന്നുണ്ടാകുന്ന മരവിപ്പ്, മുഖത്തിനോ കൈകള്‍ക്കോ കാലുകള്‍ക്കോ ഉണ്ടാകുന്ന തളര്‍ച്ച, പ്രത്യേകിച്ച് ഒരു വശത്ത് മാത്രമായി, പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം, സംസാരത്തില്‍ വ്യക്തതയില്ലാതെ വരിക, പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക, സംസാരിക്കുന്നത് വ്യക്തമാകാതെ വരിക, മറ്റുള്ളവര്‍ പറയുന്നത് മന സിലാക്കുവാന്‍ പറ്റാതെ ഇരിക്കുക ഒരു കണ്ണിനോ രണ്ടു കണ്ണുകള്‍ക്കുമോ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകുക, പെട്ടെന്ന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, തലകറക്കം പോലെ തോന്നുക, ശരീരത്തിന്റെ തുലനം തെറ്റുക, പെട്ടെന്ന് കഠിനമായ തലവേദനയുണ്ടാവുക തുടങ്ങിയവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

രക്തം കട്ടപിടിച്ച് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമുള്ള 'ഇസ്‌കീമിക് പക്ഷാഘാതം', 'ത്രോംബോലൈറ്റിക് തെറാപ്പി' അല്ലെങ്കില്‍ 'ക്ലോട്ട് ബസ്റ്റേഴ്‌സ്' ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. രക്തത്തിലെ കട്ടകള്‍ അലിയിച്ച് കളയുന്നതാണ് ഈ രീതി. 'ടിഷ്യൂ പ്ലാസ്മിനോജെന്‍ ആക്ടിവേറ്റര്‍' അല്ലെങ്കില്‍ 'ടി.പി.എ.' ഉപയോഗിച്ച് രക്തക്കട്ടകള്‍
അലിയിക്കുകയും തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലച്ച ഭാഗങ്ങളിലേക്ക് രക്തമൊഴുക്ക് ഉറപ്പുവരുത്തുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂര്‍ വരെ രക്തക്കട്ടകള്‍ നീക്കാനുള്ള മരുന്നുകള്‍ നല്‍കാം.'

ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍നിന്ന് രക്തക്കട്ടകള്‍ നീക്കുന്നതാണ് മറ്റൊരു രീതി. ലക്ഷണങ്ങള്‍ കണ്ട് ആറു മണിക്കൂര്‍ സമയത്തിനുള്ളിലാണ് ഇത് ചെയ്യുന്നത്. ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ 24 മണിക്കൂര്‍ വരെയാകാം. കാലിലെ ധമനി യിലൂടെ മൈക്രോ കത്തീറ്റര്‍ കടത്തിവിട്ട് എക്‌സ്‌റേയും കോണ്ട്രാസ്റ്റ് ഡൈയും ഉപയോഗിച്ച് രക്തക്കട്ട കണ്ടെത്തിയശേഷം നീക്കം ചെയ്യുന്നു.

പുകവലി പൂര്‍ണമായും ഒഴിവാക്കുക, ഇടയ്ക്കിടെ നടക്കുക, കൊളസ്‌ട്രോള്‍, ഷുഗര്‍ തുടങ്ങിയവ നിയന്ത്രിക്കുക, കൊഴുപ്പ് കൂടിയ ഭക്ഷണം കുറയ്ക്കുക. വറുത്ത പലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കുക. എല്ലാ കാര്യങ്ങളെയും അമിതമായി വൈകാരികമായി സമീപിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളിലൂടെയൊക്കെ ഒരുപരിധിവരെ രോഗത്തെ തടയുവാന്‍ സാധിക്കും.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റാണ് ലേഖിക)

Content Highlights: World Stroke Day 2021, How to detect stroke symptoms, Health, Stroke