സ്ട്രോക്ക് വന്നതിന് ശേഷം അതിനെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രയൊക്കെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയാലും വന്ന് പോയ അതിഥിയെ എന്നുമോര്‍മിക്കാന്‍ പാകത്തില്‍ എന്തെങ്കിലും ഒരു അടയാളം ശരീരത്തില്‍ അവശേഷിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ സ്ട്രോക്ക് വന്നതിന് ശേഷം അതിജീവിക്കുന്നതിനേക്കാള്‍ എളുപ്പം വരാതിരിക്കാതെ നോക്കുന്നതിന് തന്നെയാണ്. 

വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ ലോകമെങ്ങുമുള്ളവര്‍ക്കായി നിര്‍ദേശിക്കുന്ന, സ്ട്രോക്കിനെ അതിജീവിക്കാനുള്ള 10 നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നവയാണ്. സ്ട്രോക്കിലേക്ക് നയിക്കുന്ന 90 ശതമാനം സാധ്യതകളേയും അതിജീവിക്കാന്‍ ഇതിലൂടെ സാധിക്കും.

1) രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുക

ലോകജനസംഖ്യയില്‍ പകുതിപേരെയും ബാധിക്കുന്ന അവസ്ഥയാണ് രക്താതിസമ്മര്‍ദ്ദം. ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ രക്താതിസമ്മര്‍ദ്ദത്തിന് മഹാഭൂരിപക്ഷം പേരും വഴിപ്പെട്ടിട്ടുണ്ടാകാം. പ്രകടമാകുന്ന ലക്ഷണങ്ങള്‍ കുറവാണെന്നതാണ് ഈ അവസ്ഥയുടെ പ്രധാന സവിശേഷത. രക്താതിസമ്മര്‍ദ്ദമുണ്ടാവുകയും കൃത്യസമയത്ത് ചികിത്സിക്കാതിരിക്കുകയും ചെയ്താല്‍ രക്തധമനികള്‍ക്ക് നാശം സംഭവിക്കുകയും സ്ട്രോക്ക് ഉള്‍പ്പെടെയുള്ള നിരവധിയായ രോഗങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. സ്ട്രോക്ക് ബാധിതരാകുന്നവരില്‍ പകുതിയിലധികം പേരും രക്താതിസമ്മര്‍ദ്ദ ബാധിതരാണ്. 

വളരെ എളുപ്പത്തില്‍ രക്താതിസമ്മര്‍ദ്ദം തിരിച്ചറിയാന്‍ സാധിക്കും. ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് രക്താതിസമ്മര്‍ദ്ദമില്ലെന്ന് ഉറപ്പ് വരുത്തുക. അഥവാ ഉണ്ടെങ്കില്‍ ജീവിത ശൈലി ക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രണ വിധേയമാക്കുക.

2) കൃത്യമായ വ്യായാമം

വ്യായാമത്തിന്റെ അഭാവം കൊണ്ട് മാത്രം പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്ക് സ്ട്രോക്ക് ബാധിക്കുന്നു എന്നാണ് വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യായാമം ശീലമാക്കുക എന്നതാണ് ഈ അവസ്ഥയെ അതിജീവിക്കാനുള്ള ഏറ്റുവം എളുപ്പമുള്ള വഴി. ദിവസം അരമണിക്കൂര്‍ എന്ന രീതിയില്‍ ആഴ്ചയില്‍ അഞ്ച് ദിവസം വ്യായാമം ചെയ്താല്‍ സ്ട്രോക്കിനുള്ള സാധ്യത 25 ശതമാനം കുറയും. 

3) ശരിയായ ഭക്ഷണ ക്രമീകരണം

സ്ട്രോക്കിനെ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ക്രമീകരണത്തിന് വലിയ പങ്കുണ്ട്. പതിവ് ഭക്ഷണ ശീലത്തിലെ ചെറിയ മാറ്റങ്ങള്‍ക്ക് പോലും നല്ല ഗുണഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും, അമിത രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണ വിധേയമാക്കാനും, കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഭക്ഷണ ക്രമീകരണം സഹായിക്കുന്നു. ഡോക്ടറുടേയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ സഹായത്താല്‍ ഭക്ഷണശീലം ക്രമപ്പെടുത്തുന്നതാണ് ഉത്തമം. 

4) അമിതഭാരം കുറയ്ക്കുക

സ്ട്രോക്കിന് വിധേയരാകുന്നവരില്‍ വലിയൊരു വിഭാഗം അമിതമായ ശരീരഭാരമുള്ളവരാണ്. അമിതഭാരമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 64 ശതമാനം വരെ സ്ട്രോക്കിനുള്ള സാധ്യതയുണ്ട്. ഭാരം കൂടുമ്പോള്‍ സ്വാഭാവികമായും രക്താതിസമ്മര്‍ദ്ദം ഉണ്ടാവും. ഹൃദയരോഗങ്ങള്‍, കൊളസ്ട്രോള്‍, ടൈപ്പ് 2 പ്രമേഹം എന്നിവയും ഉണ്ടാവുകയും ചെയ്യും. ഇവയെല്ലാം സ്ട്രോക്കിനുള്ള കാരണങ്ങളുമാണ്. 

5) ക്രമം തെറ്റുന്ന ഹൃദയമിടിപ്പ് നിയന്ത്രിക്കുക

ക്രമം തെറ്റുന്ന ഹൃദയമിടിപ്പ് സ്ട്രോക്കിനുള്ള കാരണമാണ്. ഏട്രിയല്‍ ഫിബ്രിലേഷന്‍ എന്നറിയപ്പെടുന്ന അസ്വാഭാവികമായതോ ദ്രുതഗതിയിലുള്ളതോ ആയ ഹൃദയമിടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ ആരംഭിക്കണം.

6) പുകവലി ഒഴിവാക്കുക

സ്ട്രോക്കിലേക്ക് നയിക്കുന്ന പൊതുവായ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുകവലി. പുകവലിക്കുന്ന വ്യക്തിക്ക് വലിക്കാത്ത വ്യക്തിയെ അപേക്ഷിച്ച് സ്ട്രോക്ക് ബാധിക്കാനുള്ള സാധ്യത ആറിരട്ടിയാണ്. പുകവലിക്കുന്ന വ്യക്തിയോടൊപ്പം സഹവസിക്കുന്നവര്‍ക്കും സ്ട്രോക്കിനുള്ള സാധ്യത വര്‍ധിച്ച് കാണപ്പെടുന്നു. 

7) മദ്യപാനം

അമിത മദ്യാപനം സ്ട്രോക്കിലേക്ക് നയിക്കാനിടയാക്കുന്നു. പ്രതിവര്‍ഷം 10 ലക്ഷം പേര്‍ മദ്യപാനം മൂലം സ്ട്രോക്ക് ബാധിതരാകുന്നു എന്നാണ് കണക്കുകള്‍. അതുകൊണ്ട് തന്നെ അമിത മദ്യപാനത്തെ നിയന്ത്രണ വിധേയമാക്കേണ്ടത് സ്ട്രോക്കിനെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.

8) കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുക

ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെങ്കില്‍ അധികരിച്ച സാന്നിധ്യം കൂടുതല്‍ ദോഷകരമായി മാറും എന്നത് കൊളസ്ട്രോളിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും ശരിയാണ്. ഹൃദയാഘാതത്തിനും സ്ട്രോക്കിനും ഒന്നുപോലെ കാരണക്കാരനാകുന്ന വില്ലനാണ് കൊളസ്ട്രോള്‍. ഭക്ഷണ-ജീവിത ശൈലീ ക്രമീകരണത്തിലൂടെയും, മരുന്ന് ഉപയോഗത്തിലൂടെയും കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും.

9) പ്രമേഹം നിയന്ത്രിക്കുക

അഞ്ചിലൊന്ന് സ്ട്രോക്ക് ബാധിതരും പ്രമേഹരോഗ ബാധിതര്‍ കൂടിയാണ്. എന്ന് മാത്രമല്ല പ്രമേഹരോഗ ബാധിതരില്‍ സ്ട്രോക്ക് ബാധിച്ചതിന് ശേഷം രോഗമുക്തി നേടുന്നതിനുള്ള സമയദൈര്‍ഘ്യവും കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വളരെ ചെറിയ രക്ത പരിശോധനയിലൂടെ പ്രമേഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കും. മരുന്ന് ഉപയോഗിച്ചോ, ഭക്ഷണ ക്രമീകരണത്തിലൂടെയോ വ്യായാമത്തിലൂടെയോ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത് ചെയ്യേണ്ടത്.

10) മാനസിക സമ്മര്‍ദ്ദവും നിരാശയും

ആറിലൊന്ന് സ്ട്രോക്ക് ബാധിതരും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാനസിക സമ്മര്‍ദ്ദമോ നിരാശയോ അനുഭവിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം മധ്യവയസ്‌കരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് എന്നതാണ്. കോവിഡിന്റെയും മറ്റും സാഹചര്യത്തില്‍ ഇതിന് കൂടുതല്‍ തീവ്രത കൈവന്നിട്ടുമുണ്ട്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നു എന്ന് തോന്നിയല്‍ ഉടന്‍ തന്നെ വിദഗ്ധ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ തേടണം.

(കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ  കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Stroke Day 2021, 10 Tips to prevent Stroke, Health