കണ്ണിന് ആരോഗ്യവും മുഖത്തിന് അഴകും നല്‍കുന്നതില്‍ കണ്ണടകള്‍ക്ക് വലിയ പങ്കുണ്ട്. കാഴ്ചത്തകരാറുകള്‍ക്കുള്ള പരിഹാരമെന്ന നിലയിലും ഭംഗിക്കുവേണ്ടിയുമെല്ലാം ആളുകള്‍ കണ്ണട ഉപയോഗിക്കുന്നുണ്ട്. കാഴ്ചയുടെ കാര്യമായതുകൊണ്ടുതന്നെ കണ്ണട തിരഞ്ഞെടുക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏതെല്ലാം കാഴ്ചത്തകരാറുകള്‍ക്കാണ് കണ്ണട ഉപയോഗിക്കുന്നത്?

ഹ്രസ്വദൃഷ്ടി (മയോപ്പിയ), ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍മെട്രോപ്പിയ), വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ), മിശ്രദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) എന്നീ തകരാറുകള്‍ക്കാണ് സാധാരണമായി കണ്ണട ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുള്ളത്.

കണ്ണട വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? 

കാഴ്ച വൈകല്യങ്ങള്‍ക്കാണ് കണ്ണട വാങ്ങുന്നത് എങ്കില്‍ അത് വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കണം. പരിശോധനയ്ക്ക് എത്തുമ്പോള്‍ കണ്ണിന്റെ പ്രശ്നം, ജീവിത-ജോലി സാഹചര്യങ്ങള്‍ എന്നിവയെല്ലാം വ്യക്തമാക്കണം. ജീവിതശൈലി രോഗങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ചും പറയണം. കണ്ണടയുടെ ലെന്‍സ് ഡോക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.

ലെന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

കണ്ണ് പരിശോധിക്കുന്നതിലൂടെ ഏതുതരം ലെന്‍സാണ് യോജിച്ചതെന്ന് ഡോക്ടര്‍ക്ക് പറയാന്‍ കഴിയും. ദീര്‍ഘദൃഷ്ടിയുള്ളവര്‍ക്ക് കോണ്‍വെക്സ് ലെന്‍സും ഹ്രസ്വദൃഷ്ടിയുള്ളവര്‍ക്ക് കോണ്‍കേവ് ലെന്‍സുമാണ് ഉത്തമം. മിശ്രദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം ഉള്ളവര്‍ക്ക് സിലിന്‍ഡ്രിക്കല്‍ ലെന്‍സാണ് നിര്‍ദേശിക്കാറുള്ളത്. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ സാധാരണ കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ചാണ് പരിഹരിക്കാറുള്ളത്. എന്നാല്‍ ഇതേ ലെന്‍സിലൂടെ ദൂരക്കാഴ്ച നടത്തുന്നത് പ്രശ്നമാകാറുണ്ട്. ഇതിന് പ്രതിവിധിയായി ദൂരക്കാഴ്ച മേലെയും വായിക്കാനുള്ള ഭാഗം അടിയിലുമായി ക്രമീകരിച്ചുള്ള ബൈഫോക്കല്‍ ലെന്‍സുകളും നല്‍കാറുണ്ട്.

ഫ്രെയിം തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

കണ്ണടയ്ക്ക് ഈടുനല്‍കുന്നത് ഫ്രെയിമുകളാണ്. സ്റ്റൈലും ഫാഷനും മാത്രം നോക്കി ഫ്രെയിം തിരഞ്ഞെടുക്കരുത്. ഫ്രെയിം ഉറപ്പും വടിവുള്ളതും മുഖത്തിന് യോജിച്ചതുമായിരിക്കണം. ശരിക്കും പാകമായ ഫ്രെയിം ഇരുചെവികളുടെ മുകളിലും മൂക്കിലും മാത്രമേ സ്പര്‍ശിക്കൂ. ഫ്രെയിം നെറ്റിയുടെ ഇരുവശങ്ങളിലും പറ്റിച്ചേര്‍ന്നിരിക്കരുത്. ഫ്രെയിമുകള്‍ പുരികം മറയ്ക്കുന്നവിധമാവരുത്. അമിതവലുപ്പമുള്ള ഫ്രെയിമുകള്‍ ഉപയോഗിക്കുന്നത് താഴത്തെ കണ്‍പോളകള്‍ വലിഞ്ഞുനില്‍ക്കാന്‍ ഇടയാക്കും. മാത്രമല്ല കവിളിന് മുകളില്‍ പാടുണ്ടാവാനും സാധ്യതയുണ്ട്. കണ്ണടയുടെ കാലുകള്‍ ചെവിയ്ക്ക് പിറകില്‍ അവസാനിക്കണം. ഹ്രസ്വദൃഷ്ടിയുള്ളവര്‍ (കോണ്‍കേവ് ലെന്‍സ് ഉപയോഗിക്കുന്നവര്‍) ചെറിയ ഫ്രെയിം ഉപയോഗിക്കുന്നതാണ് നല്ലത്. ദീര്‍ഘദൃഷ്ടിയുള്ളവര്‍ക്കും പവര്‍കൂടിയ ലെന്‍സുള്ള ഗ്ലാസ് ഉപയോഗിക്കുന്നവര്‍ക്കും കുറച്ചുകൂടി വലിയ ഫ്രെയിമുകള്‍ തിരഞ്ഞടുക്കാം. വ്യായാമം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ ചെറിയ ഫ്രെയിമുകളാണ് നല്ലത്.

പോളികാര്‍ബണേറ്റഡ് ലെന്‍സിന്റെ ഗുണങ്ങളെന്തെല്ലാം?

എളുപ്പം പൊട്ടിപ്പോകാത്തതും ആഘാതങ്ങളെ വലിയൊരളവുവരെ പ്രതിരോധിക്കുന്നവയുമാണ് പോളികാര്‍ബണേറ്റഡ് ലെന്‍സുകള്‍. നിലത്തുവീണാലും ചില്ലുകളായി ഉടഞ്ഞുപോവില്ല. പൊതുവെ ഭാരം കുറവായിരിക്കും. അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുകയും ചെയ്യും.

എപ്പോഴും കണ്ണടവെയ്ക്കേണ്ടവര്‍ ആരെല്ലാമാണ്?

ദീര്‍ഘദൃഷ്ടി, ഹ്രസ്വദൃഷ്ടി എന്നീ കാഴ്ചത്തകരാറുള്ളവരാണ് മുഴുവന്‍സമയവും കണ്ണടവെയ്ക്കേണ്ടവര്‍. വെള്ളെഴുത്ത് അഥവാ പ്രസ്ബയോപിയ ഉള്ളവര്‍ക്ക് വായിക്കുമ്പോള്‍ മാത്രം കണ്ണട ഉപയോഗിച്ചാല്‍ മതിയാകും.

കണ്ണട അയഞ്ഞ് മൂക്കിലേക്ക് ഇറങ്ങിനില്‍ക്കുന്നത് ദോഷമാണോ?

തീര്‍ച്ചയായും ദോഷമാണ്. ഗ്ലാസ് കൃത്യമായ സ്ഥാനത്തിരുന്നാല്‍ മാത്രമേ കാഴ്ച സാധ്യമാകൂ. ഇടയ്ക്ക് ഇളകി താഴേയ്ക്ക് വന്നാല്‍ കാഴ്ചയ്ക്ക് തടസ്സമുണ്ടാകും. മാത്രമല്ല ലെന്‍സിന്റെ പവറില്‍ മാറ്റംവരാനും സാധ്യതയുണ്ട്. ഇതുമൂലം കണ്ണിനും ചുറ്റും കറുപ്പ്, തലവേദന എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം.

കണ്ണടയുടെ മുകളിലൂടെ നോക്കുന്നത് നല്ലതാണോ?

ഹ്രസ്വദൃഷ്ടിയുള്ളവരാണ് സാധാരണ ഇങ്ങനെ ചെയ്യുന്നതായി കണ്ടിട്ടുള്ളത്. വായിക്കാനായി ഗ്ലാസിലൂടെ നോക്കുകയും അകലത്തേക്ക് കണ്ണടയ്ക്ക് മുകളിലൂടെ നോക്കൂകയുമാണ് ചെയ്യാറുള്ളത്. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നതിലൂടെ ലെന്‍സിന്റെ പവറില്‍ മാറ്റംവരാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലം ഇങ്ങനെ ചെയ്യുന്നത് കാഴ്ചയെ ബാധിക്കാം.

പ്രോഗ്രസ്സീവ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ദൂരക്കാഴ്ച, ഇടയ്ക്കുള്ള കാഴ്ച, വായനയ്ക്കുള്ള കാഴ്ച എന്നിങ്ങനെ മൂന്ന് ഭാഗങ്ങളും ഒരുമിച്ചു ചേര്‍ന്നതാണ് പ്രോഗ്രസ്സിവ് ലെന്‍സ്. കണ്ണട മാറിമാറി ഉപയോഗിക്കുന്നതിനുപകരം ഒരേ ലെന്‍സിലൂടെ ഇവയെല്ലാം ചെയ്യാന്‍ കഴിയും. ലെന്‍സിന്റെ 'റ' പോലുള്ള അടയാളം ഇതില്‍ കാണാന്‍ സാധിക്കില്ല. ഇത്തരം ഗ്ലാസുകളില്‍ ലെന്‍സിന്റെ ഫിറ്റിങ് വളരെ കൃത്യമായിരിക്കും. അതുകൊണ്ടുതന്നെ ഗ്ലാസ് ഉപയോഗിക്കുമ്പോള്‍ ഇളകാതിരിക്കാനും പോറല്‍വീഴാതിരിക്കാനും ശ്രദ്ധിക്കണം.

സണ്‍ഗ്ലാസ് കൂടുതല്‍ നേരം ധരിക്കുന്നത് പ്രശ്നമാണോ?

സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാനാണ് സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത്. കൂടുതല്‍ നേരം ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. പുറത്തിറങ്ങുമ്പോഴോ വാഹനമോടിക്കുമ്പോഴോ മാത്രം സണ്‍ഗ്ലാസ് ധരിക്കുന്നതായിരിക്കും നല്ലത്.

കാഴ്ചവൈകല്യമുള്ളവര്‍ സണ്‍ഗ്ലാസ് ധരിക്കാമോ?

ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി എന്നീ തകരാറുകള്‍ ഉള്ളവര്‍ സാധാരണ സണ്‍ഗ്ലാസ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരക്കാര്‍ക്ക് ആവശ്യമായ പവര്‍ ഉള്ള ഗ്ലാസുകള്‍ പിടിപ്പിച്ച സണ്‍ഗ്ലാസുകള്‍ പ്രത്യേകം വാങ്ങാന്‍ സാധിക്കും. ഇവ ഉപയോഗിക്കുക.

വാഹനമോടിക്കുമ്പോള്‍ ഏതുതരം ഗ്ലാസാണ് ഉപയോഗിക്കേണ്ടത്?

പകല്‍സമയത്ത് വാഹനമോടിക്കുമ്പോള്‍ കൂളിങ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് നല്ലത്. രാത്രിയില്‍ കണ്ണിനെ സംരക്ഷിക്കാന്‍ പവറില്ലാത്ത പ്ലെയിന്‍ഗ്ലാസുകള്‍ ഉപയോഗിക്കാം.

കംപ്യൂട്ടര്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നവര്‍ ഏത് ഗ്ലാസ് ഉപയോഗിക്കണം?

തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആന്റിഗ്ലെയര്‍ കോട്ടിങ് ഉള്ള കണ്ണട ഉപയോഗിക്കുന്നതാണ് നല്ലത്. ലെന്‍സിന്റെ ഉപരിതലത്തില്‍ നിന്നുള്ള പ്രതിഫലനം കുറയ്ക്കാന്‍ ഇവ സഹായിക്കും. പ്ലെയിന്‍ഗ്ലാസില്‍ ഇത്തരം കോട്ടിങ്ങുകള്‍ പിടിപ്പിച്ച കണ്ണടകള്‍ ഇപ്പോള്‍ ലഭ്യമാണ്.

വെള്ളെഴുത്ത് ഉള്ള രണ്ടുപേര്‍ ഒരേ കണ്ണട ഉപയോഗിക്കുന്നത് ശരിയാണോ?

പലവീട്ടിലും വെള്ളെഴുത്ത് ഉള്ളവര്‍ (പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും) ഒരേ കണ്ണട ഉപയോഗിക്കുന്നത് കാണാറുണ്ട്. ഇത് ശരിയല്ല. വെള്ളെഴുത്തുള്ളവരില്‍ ഓരോരുത്തരിലും പവര്‍ വ്യത്യസ്തമായിരിക്കും. തുടര്‍ച്ചയായി ഇങ്ങനെ ഉപയോഗിച്ചാല്‍ കണ്ണിനുചുറ്റും തടിപ്പ്, തലവേദന എന്നിവയുണ്ടാകാം. മാത്രമല്ല അണുബാധയുണ്ടായി കാഴ്ച്ചയെ ബാധിക്കുകയും ചെയ്യാം. വെള്ളെഴുത്ത് ഉള്ളവര്‍ പരിശോധിച്ച് പ്രത്യേകം കണ്ണടകള്‍ വാങ്ങി ഉപയോഗിക്കണം.

കാഴ്ചശക്തി പരിശോധിക്കാതെ റോഡരികിലും നിന്നും മറ്റും കണ്ണടവാങ്ങി ഉപയോഗിക്കാമോ?

പലപ്പോഴും വിലകുറഞ്ഞ ഗുണമേന്‍മയില്ലാത്ത ഗ്ലാസുകളായിരിക്കും റോഡരികിലും മറ്റും വില്‍ക്കുന്നത്. ഇവയുടെ പവര്‍ എത്രയായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഇത്തരം കണ്ണടകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കും. അതുകൊണ്ടുതന്നെ അത്തരം കണ്ണടകള്‍ ഒഴിവാക്കണം.

ഭംഗിയ്ക്ക് വേണ്ടി പ്ലെയിന്‍ഗ്ലാസ് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ?

സാധാരണഗതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ല. കാഴ്ചപ്രശ്നമില്ലെങ്കില്‍ വെറുതേ ഗ്ലാസ് വെയ്ക്കാതിരിക്കുന്നതാണ് നല്ലത്.

കാഴ്ചത്തകരാറിന് കണ്ണട വെയ്ക്കുന്നവര്‍ എല്ലാവര്‍ഷവും കാഴ്ചപരിശോധന നടത്തണോ?

ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവില്‍ കാഴ്ച പരിശോധന നടത്തുകയാണ് ചെയ്യേണ്ടത്. കുട്ടികള്‍ക്കാണെങ്കില്‍ മൂന്നുമാസമോ ആറുമാസമോ കൂടുമ്പോള്‍ പരിശോധന നടത്താം.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി കണ്ണട വാങ്ങാമോ?

നേത്രവിദഗ്ധന്റെ ഉപദേശം തേടിയശേഷം മാത്രമേ ഓണ്‍ലൈനില്‍ കണ്ണട വാങ്ങാവൂ.

തയ്യാറാക്കിയത്

പി.വി.സുരാജ്

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ.ലക്ഷ്മി ജെ.

കണ്‍സല്‍ട്ടന്റ്

അനു കുര്യാക്കോസ്

ഒപ്‌റ്റോമെട്രിസ്റ്റ്, ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം


ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content highlights: world sight day 2021 how to selects spectacle and need to know more, health