ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്, ബോര്‍ഡില്‍ എഴുതിയത് വായിക്കാന്‍ കഴിയാതെ വരുക, ടി.വിയുടെ അടുത്ത് നിന്ന് കാണുക, കോങ്കണ്ണ് എന്നിവ കുട്ടികള്‍ക്ക് കാഴ്ചത്തകരാറുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നേത്രരോഗവിദഗ്ധനെ കാണിച്ച് കാഴ്ച പരിശോധിപ്പിക്കേണ്ടതാണ്.

ഹ്രസ്വദൃഷ്ടിയുള്ള കുട്ടികള്‍ തുടക്കത്തില്‍തന്നെ കണ്ണട വെയ്ക്കണോ?

ഹ്രസ്വദൃഷ്ടി ഉള്‍പ്പടെ ഏതുതരം കാഴ്ചപ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളാണെങ്കിലും ആരംഭത്തില്‍ തന്നെ കണ്ണട ഉപയോഗിക്കണം.

ലെന്‍സ്, ഫ്രെയിം എന്നിവയുടെ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം

പെട്ടെന്ന് പൊട്ടാത്ത പോളികാര്‍ബണേറ്റഡ് ഗ്ലാസുകളാണ് കുട്ടികള്‍ക്ക് നല്ലത്. വളരെ ചെറിയഫ്രെയിമിലെ ഗ്ലാസ് കുഴപ്പമാണ്. കുട്ടികള്‍ക്ക് ഗ്ലാസിന്റെ മുകളിലൂടെ നോക്കാനുള്ള പ്രവണത ഉണ്ടാകും. ചെറിയ ഫ്രെയിമിലെ ഗ്ലാസിലൂടെ വായിക്കുമ്പോള്‍ തലവേദനയ്ക്ക് സാധ്യതയുണ്ട്. താഴെ വീഴാതിരിക്കാന്‍ ചെവിക്ക് പിറകില്‍ കുറച്ച് താഴേക്ക് ഇറങ്ങി നില്‍ക്കുന്ന കാലുകളുള്ള കണ്ണടകളാണ് നല്ലത്. തീരെ ചെറിയ കുട്ടികളാണെങ്കില്‍ ചരടുപയോഗിച്ച് തലയ്ക്ക് പിറകിലൂടെ കെട്ടാം. എപ്പോഴും ഒരു ജോഡി കണ്ണട കുട്ടികള്‍ക്ക് സൂക്ഷിക്കാന്‍ നല്‍കാവുന്നതാണ്.

കാഴ്ചാവൈകല്യമുള്ള കുട്ടികള്‍ വളരുമ്പോള്‍ കാഴ്ചയില്‍ മാറ്റമുണ്ടാകുമോ, കണ്ണട മാറ്റിക്കൊണ്ടിരിക്കണോ ?

കാഴ്ചാവൈകല്യമുള്ള കുട്ടികള്‍ക്ക് മൂന്ന്-ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം. കുട്ടിയുടെ നേത്രഗോളം വളരുന്നതിന് അനുസരിച്ച് കാഴ്ചയിലും വ്യത്യാസം വരാം. അതിന് അനുസരിച്ച് പവറുള്ള ലെന്‍സുകള്‍ ഡോക്ടര്‍ക്ക് നിര്‍ദേശിക്കേണ്ടിവരാറുണ്ട്. സ്വാഭാവികമായും കുട്ടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കണ്ണടയും മാറ്റേണ്ടിവരും.

കണ്ണട വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

* ശുദ്ധജലം ഉപയോഗിച്ച് കണ്ണട വൃത്തിയാക്കാവുന്നതാണ്.
* വൃത്തിയാക്കാന്‍ സഹായിക്കുന്ന പ്രത്യേക ലോഷന്‍ കണ്ണടക്കടകളില്‍ നിന്ന്
വാങ്ങാന്‍ ലഭിക്കും. ഇതുപയോഗിച്ചും കണ്ണട വൃത്തിയാക്കാം.
* മൃദുവായ തുണി ഉപയോഗിച്ച് ദിവസവും ഒന്നോ രണ്ടോ തവണ തുടച്ച് വൃത്തിയാക്കാം.
* ഒരിക്കലും ചില്ലുകളില്‍പിടിച്ച് കണ്ണട ഊരിമാറ്റുകയോ ധരിക്കുകയോ ചെയ്യരുത്.
* കണ്ണടയുടെ ഫ്രെയിമിലെ വശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് നീക്കാനും ശ്രദ്ധിക്കണം.

കണ്ണട സൂക്ഷിക്കുമ്പോള്‍

* മേശപ്പുറം, ചൂടേല്‍ക്കുന്ന പ്രതലങ്ങള്‍, കട്ടില്‍, ടി.വിയുടെ മുകള്‍ഭാഗം, കാറിന്റെ ഡോര്‍ എന്നിവിടങ്ങളില്‍ കണ്ണട ഊരിവെയ്ക്കരുത്.
* സോഫയുടെ വശങ്ങളിലോ കിടക്കുമ്പോള്‍ കട്ടിലിന്റെ ചുവട്ടിലോ ഊരിവയ്ക്കുന്നതും നല്ലതല്ല.
* കുട്ടികളുടെ കൈയെത്തുന്ന ഇടങ്ങളില്‍ കണ്ണട വെയ്ക്കരുത്. കൊച്ചുകുട്ടികള്‍ക്ക് കണ്ണട കളിക്കാന്‍ നല്‍കരുത്.
* ഉപയോഗിക്കാത്ത സമയങ്ങളില്‍ കണ്ണടകള്‍ ബോക്‌സില്‍തന്നെ സൂക്ഷിക്കണം.
* കണ്ണട ഊരുമ്പോള്‍ ഇരുകൈകളും വശങ്ങളില്‍ പിടിച്ച് മുന്‍പിലേക്ക് ഊരണം.
* ലെന്‍സ് ഉള്ള ഭാഗം താഴെയും കാലുകള്‍ മീതെയുമായിവരുന്നവിധം കണ്ണട
വെയ്ക്കരുത്.

തയ്യാറാക്കിയത്

പി.വി.സുരാജ്

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ.ലക്ഷ്മി ജെ.
കണ്‍സല്‍ട്ടന്റ്

അനു കുര്യാക്കോസ്
ഒപ്‌റ്റോമെട്രിസ്റ്റ്
ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം


ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content highlights: world sight day 2021 health eye sight problem in children