ന്ന് ലോക കാഴ്ച ദിനം. എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. കാഴ്ചയില്ലാത്തതിനെക്കുറിച്ചും കാഴ്ചത്തകരാറിനെക്കുറിച്ചും അവബോധം വളര്‍ത്തുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 'ലവ് യുവര്‍ ഐസ്‌' എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനത്തിന്റെ മുദ്രാവാക്യം. 

സ്‌കൂള്‍ കാലത്ത് തന്നെ കുട്ടികളില്‍ കാഴ്ചത്തകരാറുകള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. പലപ്പോഴും ക്ലാസുകള്‍ക്കിടയിലാണ് കുട്ടികളുടെ കാഴ്ചത്തകരാറുകള്‍ തിരിച്ചറിയാറുള്ളത്. കാഴ്ച മങ്ങിയതായി കാണുന്നതാണ് പൊതുവേ കുട്ടികളില്‍ കാണുന്ന പ്രശ്‌നം. ഹ്രസ്വദൃഷ്ടിയും, ദീര്‍ഘദൃഷ്ടിയും അസ്റ്റിഗ്മാറ്റിസവുമൊക്കെ കാഴ്ച മങ്ങുന്നതിന് കാരണമാകും. 

കണ്ണിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാം

വായിക്കാനോ പഠിക്കാനോ കണ്ണുകള്‍ ഫോക്കസ് ചെയ്യുമ്പോള്‍ കണ്ണുകള്‍ക്ക് സമ്മര്‍ദമുണ്ടാകാം. ഇതിനെത്തുടര്‍ന്ന് ഇടയ്ക്കിടെ തലവേദന, വായന ഒഴിവാക്കല്‍, ഫോക്കസ് ചെയ്യാന്‍ ഒരു കണ്ണ് അടച്ച് പിടിച്ച് വായിക്കല്‍, അടുത്തുകാണുന്ന വസ്തുക്കള്‍ കൂടുതല്‍ നന്നായി കാണല്‍, കണ്ണിന് അസ്വസ്ഥതയുണ്ടെന്ന് പറയല്‍, വസ്തുക്കളെ രണ്ടായി കാണുക, വായിച്ചതെന്തെന്ന് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്, വായിക്കുമ്പോള്‍ ഇടയ്ക്കുള്ള ചില വരികള്‍ വിട്ടുപോകല്‍ എന്നിവയൊക്കെയാണ് കാഴ്ചാപ്രശ്‌നത്തിന്റെ ലക്ഷണങ്ങള്‍. 

ചെയ്യേണ്ട കാര്യങ്ങള്‍

 • എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കും മുന്‍പ് കുട്ടിയുടെ കണ്ണുകള്‍ പരിശോധിച്ച് കാഴ്ചാപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇതിനായി നല്ലൊരു ഒഫ്ത്താല്‍മോളജിസ്റ്റിനെ കാണുക.  
 • കുട്ടികള്‍ പഠനശേഷവും അമിതമായി ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. 
 • ടി.വി. കാണുന്ന സമയം നിയന്ത്രിക്കുക. ടി.വി. കാണുമ്പോള്‍ നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. 
 • കണ്ണിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കാതെ ശ്രദ്ധിക്കുക. 
 • കടുത്ത വെളിച്ചം കണ്ണിലേക്ക് പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 
 • ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുക. പച്ചനിറമുള്ള പച്ചക്കറികള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഭക്ഷണത്തില്‍ കൃത്യമായ അളവില്‍ ഉള്‍പ്പെടുത്തുക. 
 • ശരീരത്തിന് വ്യായാമം ചെയ്യുന്നതുപോലെ കണ്ണിനും ചെയ്യാവുന്ന വ്യായാമങ്ങള്‍ പരിശീലിപ്പിക്കുക. 
 • കാഴ്ചാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. അല്ലെങ്കില്‍ പേശികള്‍ക്ക് സ്‌ട്രെസ്സ് കൂടി കാഴ്ച കുറയാനും സാധ്യതയുണ്ട്. 
 • പകല്‍ മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസിലിരുന്ന് അതിന് ശേഷം ഉല്ലാസത്തിനായി വീണ്ടും ടി.വിയുടെയും മൊബൈല്‍ ഫോണിന്റെയും മുന്‍പില്‍ ഇരിക്കുന്നത് കണ്ണിന് സ്‌ട്രെസ്സ് കൂട്ടും. 
 • 45 മിനിറ്റ് തുടര്‍ച്ചയായി ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ ചെലവഴിക്കുകയാണെങ്കില്‍ പിന്നീട് 15 മിനിറ്റ് നേരം ഇടവേള നല്‍കണം. തലവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അകറ്റാന്‍ ഇത് സഹായിക്കും. 
 • പഠനശേഷമുള്ള സമയം കുട്ടികളെ എന്തെങ്കിലും ശാരീരിക വ്യായാമം ലഭിക്കുന്ന കളികളിലോ മറ്റോ പങ്കെടുപ്പിക്കണം. 

Content Highlights: World Sight Day 2021, Eye vision problems in children, Health