കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിനിയായ 11 വയസ്സുകാരി ലക്ഷ്മി പ്രസൂണിന് പീരിയോഡിക് ടേബിളിലെ മൂലകങ്ങളെല്ലാം ചിരപരിചിതമാണ്. കാഴ്ച പരിമിതിയുണ്ടായിട്ടും വെറും ആറുമിനിറ്റും 45 സെക്കന്‍ഡും കൊണ്ട് 118 മൂലകങ്ങളുടെ പേരും അവയുടെ ചിഹ്നവും അറ്റോമിക് നമ്പറുമെല്ലാം പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഫറോക്ക് ബി.ഇ.എം. യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. കാഴ്ച ശക്തിയില്‍ 75 ശതമാനത്തിന്റെ കുറവാണ് ലക്ഷ്മിക്കുള്ളത്. 

മാസം തികയാതെയുള്ള ജനനം

ചെറിയ അസ്വസ്ഥതകള്‍ തോന്നിയതിനാലാണ് ലക്ഷ്മിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഏഴാം മാസത്തില്‍ അമ്മ സംയുക്ത ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിരിക്കുന്നതായി കണ്ടെത്തി. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയെന്നത് മുന്‍നിര്‍ത്തി ഏഴാം മാസത്തില്‍ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 

ജീവന്‍ രക്ഷിക്കാനായെങ്കിലും കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തില്‍ വലിയതോതിലുള്ള കുറവ് വന്നിരുന്നു. അതിനാല്‍, വലുതാകുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കുഞ്ഞ് കാണിക്കാന്‍ സാധ്യതയുണ്ടാകുമെന്ന് അന്നേ ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ആറുമാസമായിട്ടും സാധാരണകുഞ്ഞുങ്ങള്‍ ചെയ്യുന്നതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യാതിരുന്നപ്പോള്‍ സംയുക്തയും ഭര്‍ത്താവ്‌ പ്രസൂണും ഡോക്ടര്‍മാരെ കാണിച്ചു. പതിയെ കുഞ്ഞ് സാധാരണഗതിയിലാകുമെന്ന് അവര്‍ അറിയിച്ചു.

കാഴ്ചാ പരിമിതിയുണ്ടെന്ന് തിരിച്ചറിയുന്നു

ഒരു വയസ്സെത്തിയപ്പോഴാണ് കുഞ്ഞിന്റെ കണ്ണുകള്‍ക്ക് കാഴ്ച ശക്തി കുറവാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ജനനസമയത്തെ ബുദ്ധിമുട്ടുകളായിരുന്നു കാരണം. എന്നാല്‍, മകളുടെ കുറവുകളെ സംയുക്തയും പ്രസൂണും കുറവുകളായി കണ്ടില്ല. നാളുകള്‍കൊണ്ട് കണ്ണിന്റെ കാഴ്ച ശക്തി മെച്ചപ്പെട്ടുവരുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ആ ഘട്ടത്തിലാണ് ലക്ഷ്മി ഇപ്പോള്‍ ഉള്ളത്. അതിനാല്‍, സര്‍ജറി കൊണ്ട് ഇപ്പോള്‍ കാര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് സംയുക്ത പറഞ്ഞു.

ലക്ഷ്മിയുടെ കഴിവുകള്‍ കണ്ടുപിടിച്ച് പ്രോത്സാഹിപ്പിച്ചത് അമ്മ സംയുക്തയാണ്. 'കാഴ്ച ശക്തി കുറവായിരുന്നെങ്കിലും ചെറുപ്പം മുതലേ ബാക്കി മേഖലകളിലെല്ലാം അവള്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. അത് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ഈ നേട്ടത്തിനു കാരണം. വന്‍കരകളുടെ പേരുകളായിരുന്നു ആദ്യം അവളെ പഠിപ്പിച്ചത്. കുറഞ്ഞ സമയം കൊണ്ട് അത് പഠിച്ച് അത്ഭുതപ്പെടുത്തി. പിന്നെ ഏഷ്യയിലെ രാജ്യങ്ങളാണ് അവള്‍ പഠിച്ചത്. 49-ന് അടുത്തുവരുന്ന രാജ്യങ്ങളുടെ പേരും തലസ്ഥാനവും കറന്‍സിയുമെല്ലാം അവള്‍ രണ്ടുദിവസം കൊണ്ട് പഠിച്ചെടുത്തു'-സംയുക്ത പറഞ്ഞു. 

ഒന്നുമുതല്‍ മൂന്നാം ക്ലാസുവരെ കുളത്തറയിലുള്ള സ്‌പെഷല്‍ സ്‌കൂളിലാണ് ലക്ഷ്മി പഠിച്ചത്. അതിനുശേഷം നാലാം ക്ലാസുമുതല്‍ റെഗുലര്‍ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളിലെ പാഠ്യേതര മത്സരങ്ങളിലെല്ലാം ലക്ഷ്മിയാണ് മുന്നില്‍. 

പീരിയോഡിക് ടേബിളിലേക്ക്

മകളുടെ പ്രതിഭ തിരിച്ചറിഞ്ഞ സംയുക്ത പിന്നെ തിരഞ്ഞത് പിരിയോഡിക് ടേബിളിലേക്കാണ്. മൂലകങ്ങളും അറ്റോമിക് നമ്പറും പറയുന്ന റെക്കോഡ് ബ്രേക്ക് ചെയ്ത കുട്ടികളുണ്ടായിരുന്നു. എന്നാല്‍, മൂലകങ്ങളുടെ പേരിനും അറ്റോമിക് നമ്പറിനുമൊപ്പം ചിഹ്നം കൂടി പറഞ്ഞ് റെക്കോഡ് ഭേദിച്ചവര്‍ ആരുമുണ്ടായിരുന്നില്ല. 118 മൂലകങ്ങളുടെ പേരും അറ്റോമിക് നമ്പറും ചിഹ്നങ്ങളും പഠിക്കാന്‍ വെറും മൂന്നു ദിവസം മാത്രമാണ് ലക്ഷ്മി എടുത്തത്. അത് തന്നെ ഞെട്ടിച്ചെന്ന് സംയുക്ത പറയുന്നു. പ്രായമാണ് ഇന്ത്യന്‍ റെക്കോഡ്‌സ് ഓഫ് ബുക്കിലേക്ക് പരിഗണിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. 

കംപ്യൂട്ടര്‍ ടൈപ്പിങ് പഠിച്ചെടുത്ത ശേഷം പഠിക്കുന്ന കാര്യങ്ങളെല്ലാം അതിലാണ് ചെയ്യുന്നത്. ക്ലാസിലേക്ക് വേണ്ട അസൈന്‍മെന്റുകളും നോട്ടുകളുമെല്ലാം ലക്ഷ്മി തനിയെ ടൈപ് ചെയ്താണ് തയ്യാറാക്കുന്നത്. എ.എസ്.ഡി.എഫ്. ടൈപ്പിങ് ടൂള്‍ ഉപയോഗിച്ചാണ് ടൈപ്പിങ് പഠിച്ചത്. അതിനുശേഷം ഇപ്പോള്‍ സാധാരണ കീബോര്‍ഡിലാണ് ക്ലാസ് നോട്ടുകളൊക്കെ തയ്യാറാക്കുന്നത്. ലക്ഷ്മിയുടെ സ്വന്തം കാര്യങ്ങളെല്ലാം പരസഹായമില്ലാതെ അവള്‍ തന്നെയാണ് ചെയ്യുന്നത്. ഒരുകാര്യത്തിലും അവളെ സഹായിക്കേണ്ട ആവശ്യമില്ല.

ജിദ്ദയിലാണ് ലക്ഷ്മിയുടെ അച്ഛന്‍ പ്രസൂണ്‍ കുമാര്‍ ജോലിചെയ്യുന്നത്. അമ്മ സംയുക്ത വീട്ടമ്മയാണ്. 

Content Highlights: World Sight Day 2021, kozhikode Feroke native lakshmi prazoor got india book of records periodic tabel, Women, Health