ങ്ങനെ മറ്റൊരു മെയ് പന്ത്രണ്ട് കൂടി വന്നെത്തിയിരിക്കുകയാണ്. നഴ്‌സുമാരുടെ ദിനം. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുന്നു. 2021 ലെ നഴ്‌സസ് ദിനത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ നഴ്‌സിങ്ങ് പ്രൊഫഷന്റെ ചരിത്രത്തില്‍ തന്നെ ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നവരില്‍ നഴ്‌സുമാര്‍ എന്നും ലോകത്തിന്റെ ഏതു കോണിലായാലും ഉണ്ട്. ആതുരസേവന  രംഗത്തെ കാവല്‍മാലാഖമാര്‍ എന്നൊക്കെ പല കോണുകളില്‍ നിന്നും നഴ്‌സുമാര്‍ മുമ്പും വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഉപരിപ്ലവമായ ഇത്തരം പ്രശംസകള്‍ക്കപ്പുറം നഴ്‌സുമാരെയോ നഴ്‌സിംഗ് ജോലിയുടെ മഹത്വമോ മനസ്സിലാക്കിയിട്ടുള്ളവര്‍ യഥാര്‍ഥത്തില്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ ഈയടുത്ത കാലം വരെ.

എന്നാല്‍ ഈ നൂറ്റാണ്ടിന്റെ മഹാമാരി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കോവിഡ്-19 എന്ന വൈറസ് അണുബാധ ചൈനയുടെ ഒരു മൂലയില്‍ നിന്ന് ഒരു ഉമിത്തീപോലെ നീറിപ്പടര്‍ന്ന് ഒരു കാട്ടുതീയുടെ വേഗത്തില്‍ വികസിത വികസ്വര രാജ്യ ഭേദമെന്യേ നക്കിത്തുടയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ആളുകള്‍ ശരിക്കും ആശുപത്രിയും ആതുരസേവനവും എന്താണെന്നും സ്വന്തക്കാര്‍ ഭീതിയോടെ കൈവിടുന്ന കാലത്തും തങ്ങളെ ചേര്‍ത്തുപിടിക്കുന്ന നഴ്‌സുമാരുടെ കരങ്ങളുടെ ശക്തിയും ഹൃദയത്തിന്റെ നൈര്‍മല്യവും എന്താണെന്നും ശരിക്കറിഞ്ഞത്.

അല്പം ചരിത്രം

ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയിട്ട് അത്രയൊന്നും വര്‍ഷങ്ങള്‍ ആയിട്ടില്ല. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ICN) മെയ് പന്ത്രണ്ട് നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വിളക്കേന്തിയ വനിത (Lady with the lamp) എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെക്കുറിച്ചും അവര്‍ ആതുരശുശ്രൂഷാ രംഗത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചും നാം ഇന്ന് ഏറെ വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. വളരെ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന മിസ് നൈറ്റിംഗേല്‍ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങിയ മഹദ് വ്യക്തിയായിരുന്നു. അക്കാലത്ത് നഴ്‌സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ലെന്നും ഓര്‍ക്കണം.

ക്രിമിയന്‍ യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരെ വളരെ പരിമിതമായ സൗകര്യങ്ങളില്‍ പോലും ശാസ്ത്രീയമായ അടിത്തറയോടെ ശുശ്രൂഷിച്ചുകൊണ്ട് അവര്‍ നടത്തിയ സേവനങ്ങളുടെ പേരില്‍ മാത്രമല്ല നാം ഈ മഹദ് വ്യക്തിയെ ഓര്‍ക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഈ തൊഴില്‍ മേഖലയ്ക്ക് ആധുനിക മുഖം സമ്മാനിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നഴ്‌സിങ്ങ് വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചതിന്റെ പേരിലും കൂടിയാണ്. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിനോടനുബന്ധിച്ച് മിസ് നൈറ്റിംഗേല്‍ സഥാപിച്ച നഴ്‌സിങ്ങ് സ്‌കൂളാണ് നാം ഇന്ന് കാണുന്ന ആയിരക്കണക്കിനു വരുന്ന നഴ്‌സിങ്ങ് പഠനസ്ഥാപനങ്ങളുടെ മൂലസ്ഥാനം. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ മേഖലകളിലും അവര്‍ക്ക് അസാമാന്യ പാടവം അക്കാലത്ത് ഉണ്ടായിരുന്നു. 

എല്ലാ വര്‍ഷവും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (lCN) അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഒരു മുദ്രാവാക്യം പുറത്തിറക്കാറുണ്ട്. 2021 ലെ നഴ്‌സസ് ദിനത്തിന്റെ അഥവാ നഴ്‌സിങ്ങ് വാരാഘോഷത്തിന്റെ മുദ്രാവാക്യം (Theme or slogan) 'Nurses - A voice to lead - A vision for future health care' എന്നതാണ്. ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യത്തിനും ജീവനും ഉള്ള ഭീഷണി തന്നെയാണ്. അതോടൊപ്പം നഴ്‌സുമാരുടെ തൊഴില്‍രംഗത്തെ സമ്മര്‍ദ്ദങ്ങളും അന്താരാഷ്ട്രതലത്തില്‍ നഴ്‌സുമാരുടെ ക്ഷാമവും ചര്‍ച്ചാവിഷയമായി വരുന്നുണ്ട്.
   

infographics

ഐ.സി.എന്നിന്റെ കണക്കുകള്‍ പ്രകാരം 2021 ജനവരി 31 വരെ ലോകമെമ്പാടും കോവിഡ് രോഗബാധ മൂലം മരണമടഞ്ഞ നഴ്‌സുമാരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറിനുമുകളിലാണ്. ഈ ലേഖനമെഴുതുമ്പോഴേക്ക് കണക്കുകള്‍ ഇനിയും ഉയര്‍ന്നിട്ടുണ്ടാകും. കോവിഡ് രംഗത്തെ മുന്നണിപ്പോരാളികള്‍ എന്ന നിലയില്‍ ഈ കണക്കുകളെ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. വാക്‌സിന്‍ വന്നതിനുശേഷം സ്ഥിതി ഏറെ മെച്ചപ്പെട്ടുവരുന്നു എന്നുള്ളത് ആശ്വാസം പകരുന്നു. 

ആഗോളതലത്തില്‍ 27.8 മില്യണ്‍ നഴ്‌സുമാര്‍ ഉള്ളതായി ഐ.സി.എന്‍. കണക്കുകള്‍ പറയുന്നു. ഇത്രയും നഴ്‌സുമാര്‍ ഉള്ളപ്പോഴും 5.9 മില്യണ്‍ നഴ്‌സുമാരുടെ കുറവ് ഉണ്ടെന്നും 2030 ആകുമ്പോഴേക്കും ഇത് 13 മില്യണോളമായി ഉയരുമെന്നും ഇവര്‍ മുന്നറിയിപ്പ് തരുന്നു.
  

infographics

ഈ കണക്കുകള്‍ ഒക്കെ വെച്ചുനോക്കുമ്പോള്‍ വളരെ പ്രതീക്ഷ തരുന്ന ഒരു തൊഴില്‍ മേഖലയാണ് നഴ്‌സിങ്ങ് എന്നതില്‍ രണ്ടുപക്ഷമില്ല. നഴ്‌സിങ്ങിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെയധികം മാറിയിട്ടുണ്ട്. എന്നിരുന്നാലും ലോകത്തെ ഏറ്റവും വലിയ നഴ്‌സ് ഫാക്ടറി എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ മികച്ച നഴ്‌സുമാരുടെ സേവനം നമുക്ക് ഇന്നും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ സമൂഹവും മാധ്യമങ്ങളും ആതുരസേവനത്തിന്റെ കാവല്‍ മാലാഖ എന്നൊക്കെ വാഴ്ത്തുമ്പോഴും സേവന-വേതന വ്യവസ്ഥകളുടെ കാര്യത്തിലും തൊഴിലിടങ്ങളിലെ അംഗീകാരത്തിന്റെ കാര്യത്തിലും പലപ്പോഴും ഇവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തന്നെയാണ്. 

വിദേശരാജ്യങ്ങളില്‍ ഈ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മികച്ച സേവന വേതന വ്യവസ്ഥകളും സമൂഹത്തിലെ അംഗീകാരവും നഴ്‌സുമാര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ യൂണിവേഴ്‌സിറ്റിതലത്തില്‍ ആഴത്തിലുള്ള സിലബസോടും പഠനകാലത്തെ മികച്ച ക്ലിനിക്കല്‍ പരിശീലനത്തോടും നഴ്‌സിങ്ങില്‍ ഡിഗ്രിയും പിജിയും എടുക്കുന്ന നഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതിലും എത്രയോ തുച്ഛമായ വേതന വ്യവസ്ഥകളാണ് ഇന്ന് നിലവിലുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളും മികവിന്റെ കേന്ദ്രങ്ങളായ ചില സ്വകാര്യ സ്ഥാപനങ്ങളും മാത്രമാണ് ഇതിന് അപവാദം. 

NUrse

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പ്രകീര്‍ത്തനങ്ങളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങാതെ ഈ തൊഴില്‍മേഖല കൂടുതല്‍ മെച്ചപ്പെടുത്താനും ആതുര ശുശ്രൂഷാരംഗത്തെ നെടുംതൂണുകളായ നഴ്‌സുമാരുടെ കരങ്ങള്‍ക്ക് ശക്തിയും താങ്ങും നല്‍കുവാനും സര്‍ക്കാരും ആരോഗ്യ സേവനരംഗം കൈയാളുന്നവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സുമാരായ മലയാളി നഴ്‌സുമാരെ നമുക്ക് നമ്മുടെ നാട്ടില്‍ പിടിച്ചുനിര്‍ത്താനും അതുവഴി അവരുടെ സേവനം നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കുവാനും സാധിക്കൂ.

(കൊച്ചി അമൃത കോളേജ് ഓഫ് നഴ്‌സിങിലെ പ്രൊഫസറാണ് ലേഖകന്‍)

Content Highlights: World Nurses Day 2021, Who started World Nurses Day Nursing professor shares his views, Health