ര്‍പ്പണബോധത്തിന് ജീവന്‍തുടിക്കുന്ന ഒറ്റവാക്കുണ്ടോ? ഉണ്ട്-നഴ്സ്. ഭൂഗോളം പകര്‍ച്ചവ്യാധിയോട് യുദ്ധം ചെയ്യുന്ന ഈ നേരത്ത് ആ പേരിനും അവരുടെ സേവനങ്ങള്‍ക്കും വിശദീകരണം വേണ്ടിവരില്ല. ഓരോ ജീവനും രക്ഷിച്ചെടുക്കാന്‍, മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ നിരന്തരം പരിശ്രമിക്കുന്ന മെഡിക്കല്‍സംഘത്തില്‍ മുന്നില്‍ തന്നെ അവരുണ്ട്. നിപ കാലത്തും ഇപ്പോള്‍ കോവിഡ്കാലത്തും അത് കൂടുതല്‍ തെളിഞ്ഞുനില്‍ക്കുന്നു. യുദ്ധമുഖത്തെ മുന്നണിപ്പോരാളികളാണവര്‍. ഏത് പ്രതിസന്ധിഘട്ടത്തിലും രോഗികളോട് ഏറ്റവും കൂടുതല്‍ സമയം ഇടപഴകുന്നവര്‍.

ഒന്നര നൂറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1854-ല്‍ ഒരു യുദ്ധമുഖത്ത് ഫ്‌ളോറന്‍സ് നൈറ്റിങ്ഗേല്‍ തന്റെ കാരുണ്യവും കരുതലും സ്‌നേഹവുമെല്ലാം ലോകത്തിന് മുന്നില്‍ വിളക്കായി തെളിച്ചുവെച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ് സഖ്യസേനയും റഷ്യന്‍സേനയും തമ്മില്‍ നടന്ന ക്രിമിയന്‍ യുദ്ധകാലമായിരുന്നു അത്. അന്ന് പരിക്കേറ്റ യോദ്ധാക്കളെ പരിചരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് ഫ്‌ളോറന്‍സ് നൈറ്റിങ്ഗേലിനെ യുദ്ധമുഖത്തേക്ക് അയച്ചത്. 

കോണ്‍സ്റ്റാന്റ്നേപിളിന് സമീപത്തെ സ്‌കൂട്ടാരി (Scutari) യിലെ മിലിറ്ററി ഹോസ്പിറ്റലിലേക്ക്. പരിക്കേറ്റവരെ പരിചരിക്കാന്‍ അവര്‍ രാത്രിയിലുമെത്തി. കൈയിലൊരു വിളക്കുമായി എത്തിയ അവരെ എല്ലാവരും വിളക്കേന്തിയ വനിത എന്ന് വിളിച്ചു. അന്ന് തെളിച്ച കരുതലിന്റെ ആ വെളിച്ചം തലമുറകള്‍ കൈമാറി ഇപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്നു. 

അന്നും ഇന്നും നഴ്സുമാര്‍ യുദ്ധക്കളത്തില്‍ തന്നെയെന്നത് യാദൃച്ഛികമായ സമാനതയാണ്. യുദ്ധത്തിലെ ശത്രുമാത്രമേ മാറിയിട്ടുള്ളൂ, അവശതയനുഭവിക്കുന്നവരെ പരിചരിക്കുന്നവര്‍ക്ക് മാറ്റമൊന്നുമില്ല, കാലമെത്രകഴിഞ്ഞിട്ടും.

ലോകത്താകമാനം എല്ലാ കാലത്തും നഴ്സുമാര്‍ ജോലിയെന്ന നിലയില്‍ ഇതേകാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. പിന്നെ ഇപ്പോള്‍ എന്താണ് പ്രത്യേകിച്ച് പറയാനുള്ളത് എന്ന് തോന്നാം. ഇരുട്ടുമൂടുമ്പോഴാണല്ലോ വെളിച്ചത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യംവരുക. കോവിഡ് സൃഷ്ടിച്ച ഇരുട്ടില്‍ ഇവരുടെ സേവനം ലോകം കൂടുതല്‍ അനുഭവിച്ചറിയുന്നു എന്നുമാത്രം. 

ലോകാരോഗ്യസംഘടന നഴ്സുമാരുടെ വര്‍ഷമായി 2020 ആചരിക്കാന്‍ തീരുമാനിച്ചത് ഫ്‌ളോറന്‍സ് നൈറ്റിങ്ഗേലിന്റെ 200-ാം ജന്മവാര്‍ഷികമായതുകൊണ്ടുമാത്രമല്ല, ലോകത്താകമാനം നഴ്സുമാര്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടാണെന്ന് ഇപ്പോള്‍ പുറത്തിറക്കിയ പ്രഥമ ആഗോള നഴ്സിങ് സ്ഥിതിവിവര റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്

നിപ ജീവന്‍ കവര്‍ന്ന ലിനിയെ ആരും മറക്കില്ല. നിസ്വാര്‍ഥമായ നഴ്സിങ് സേവനത്തിനിടയിലായിരുന്നു അത്. കോവിഡിലും ഇന്ത്യയില്‍ തന്നെ ഒട്ടേറെ നഴ്സുമാര്‍ക്ക് വൈറസ് ബാധ ഏല്‍ക്കേണ്ടിവന്നു. രോഗം ഭേദമായശേഷം വീണ്ടും കോവിഡ് രോഗികളെ പരിചരിക്കാന്‍ സന്നദ്ധ അറിയിച്ചവരുമുണ്ട്. കോവിഡ് രോഗികളെ പരിചരിക്കുന്നതുകൊണ്ടുതന്നെ സുരക്ഷയുടെ ഭാഗമായി വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുന്നുണ്ട്. പിഞ്ചുകുഞ്ഞിനെ ദൂരെനിന്ന് നോക്കിക്കണ്ട് വീണ്ടും കോവിഡ് വാര്‍ഡിലെ പരിചരണങ്ങളിലേക്ക് തിരിച്ചുപോകുന്ന നഴ്സുമാരുടെ കണ്‍നിറയ്ക്കുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഇങ്ങനെ എന്തെല്ലാം ഹൃദയസ്പര്‍ശിയായ കാഴ്ചകളാണ് ഈ കോവിഡ് കാലത്ത് ലോകം കണ്ടത്. ഒരു ജോലി എന്നതിന് അപ്പുറത്തേക്ക് നഴ്സിങ്ങിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചവരുടെ അനുഭവങ്ങളാണത്.

മാലാഖ എന്ന് നല്ല വാക്ക് പറയുമ്പോഴും നഴ്സുമാര്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കേണ്ടതുണ്ട്. അത് നേടിയെടുക്കാന്‍ ഇനിയും അവര്‍ക്ക് സമരത്തിന്റെ വഴിതേടേണ്ടിവരരുത്. അത് കഷ്ടമാണ്. പരിചരണത്തിന്റെ, സ്‌നേഹത്തിന്റെ ആ വിളക്കുകള്‍ കൂടുതല്‍ നന്നായി തെളിയേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഈ കാലഘട്ടം അത് തന്നെയാണ് ഓര്‍മിപ്പിക്കുന്നത്.

ഫ്‌ളോറന്‍സ് നൈറ്റിങ്ഗേല്‍ അന്നേ പറഞ്ഞു കൈകഴുകാന്‍

കൊറോണക്കാലത്ത് ആവര്‍ത്തിച്ചുപറയുന്ന ആരോഗ്യശീലമാണ് കൈകള്‍ ശുദ്ധമായിരിക്കണം എന്നത്. ആധുനിക നഴ്സിങ്ങിന് അടിത്തറപാകിയ ഫ്‌ളോറന്‍സ് നൈറ്റിങ്ഗേലും ഇക്കാര്യം 160 വര്‍ഷംമുന്‍പ് പറഞ്ഞിരുന്നു. 1860-ല്‍ പ്രസിദ്ധീകരിച്ച 'നോട്ട്സ് ഓണ്‍ നഴ്സിങ്' എന്ന പുസ്തകത്തില്‍ ഇക്കാര്യം അവര്‍ വ്യക്തമാക്കുന്നുമുണ്ട്. നഴ്സുമാര്‍ പകല്‍നേരങ്ങളില്‍ ഇടവിട്ട് കൈകള്‍ കഴുകിക്കൊണ്ടിരിക്കണമെന്ന് നിര്‍ദേശിക്കുന്നു.

രോഗങ്ങള്‍ ചെറുക്കാന്‍ ഏറ്റവും പ്രധാനമാണ് അതെന്ന് അന്നുതന്നെ അവര്‍ തിരിച്ചറിഞ്ഞിരുന്നു. വീട്ടിലെ ആരോഗ്യത്തെക്കുറിച്ചും വ്യക്തമായി അതില്‍ പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെ ആരോഗ്യരഹസ്യം കുടുംബങ്ങളിലാണ് എന്ന് ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ ആഹ്വാനം ചെയ്തു. മുറികളില്‍ നല്ല വായുസഞ്ചാരമുണ്ടായിരിക്കണമെന്ന് അവര്‍ തന്റെ പുസ്തകത്തില്‍ എഴുതി. വീടിന്റെ വൃത്തി വീട്ടുകാരുടെ ആരോഗ്യത്തിന് അനിവാര്യമാണെന്ന് പറഞ്ഞു.
'നോട്ട്സ് ഓണ്‍ നഴ്സിങ്' എന്ന പുസ്തകം നഴ്സുമാര്‍ക്ക് മാത്രമുള്ളതല്ല അത് സമൂഹത്തിന് ആകെ ഉപകാരപ്പെടുന്നതാണ്. പ്രത്യേകിച്ചും മഹാമാരിയുടെ പുതിയ കാലത്ത്.

 
Content Highlights: World Nurses Day 2021, The need for nurses in the world, Health