ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്‍മദിനമായ മെയ് 12 നഴ്‌സസ് ഡേ ആയി ആചരിക്കുന്നത്. യുദ്ധത്തില്‍ പരിക്കേറ്റവരെ രാത്രിയില്‍ വിളക്കും കയ്യിലേന്തി ശുശ്രൂഷിച്ചിരുന്ന നൈറ്റിംഗേല്‍ ശരിക്കും 'വിളക്കേന്തിയ ഒരു മാലാഖ'തന്നെയായിരുന്നു. നഴ്‌സിങ് എന്ന പ്രൊഫഷന് ഇന്നു കാണുന്ന അംഗീകാരം നേടിക്കൊടുത്തതും അവരുടെ സമര്‍പ്പിതജീവിതമാണ്.

ബ്രിട്ടീഷ് ധനിക കുടുംബത്തിലെ അംഗമായി 1820 മെയ് 12-നായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജനനം. വില്യം എഡ്വേര്‍ഡ് നൈറ്റിംഗേലും ഫ്രാന്‍സിസ് നി സ്മിത്തുമായിരുന്നു മാതാപിതാക്കള്‍. ഇറ്റാലിയന്‍ നഗരമായ ഫ്‌ളോറന്‍സിലാണ് അവള്‍ ജനിച്ചത്. അതുകൊണ്ട് അവള്‍ക്ക് മാതാപിതാക്കള്‍ ആ നഗരത്തിന്റെ പേരു തന്നെയിടുകയായിരുന്നു.  
സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങളിലെ യുവതികളെ എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിച്ചുവിടുകയായിരുന്നു അക്കാലത്ത്. ജോലിക്ക് പോവുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഇതില്‍നിന്ന് വ്യത്യസ്തയായിരുന്നു നൈറ്റിംഗേല്‍. പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം.

അച്ഛന്റെ എസ്റ്റേറ്റിനടുത്തുള്ള ഗ്രാമത്തിലെ പാവപ്പെട്ടവരെയും അസുഖബാധിതരെയും പലപ്പോഴും ആരുമറിയാതെ അവള്‍ സഹായിച്ചു. പതിനാറാം വയസ്സില്‍ തന്നെ അവള്‍ തിരിച്ചറിഞ്ഞു, തന്റെ വഴി ആതുരശുശ്രൂഷയാണെന്ന്. വീട്ടുകാരും ബന്ധുക്കളും എതിര്‍ത്തു. കാശുള്ള കുടുംബത്തിലെ പെണ്‍കുട്ടി, എന്തിനാണ് ഈ ജോലിക്ക് പോവുന്നതെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. അതിനിടയിലാണ് 1850ല്‍ ജര്‍മനിയിലെ കയ്‌സേഴ്‌സ് ബര്‍ത്തില്‍ പാസ്റ്റര്‍ തിയഡോര്‍ ഫ്‌ളിഡ്‌നറുടെ നേതൃത്വത്തില്‍ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നത് അവള്‍ കണ്ടത്. അത് നൈറ്റിംഗേലിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി.

നഴ്‌സിങ്ങിലേക്ക്

എതിര്‍പ്പുകളെയെല്ലാം മറികടന്ന് നഴ്‌സിങ് പഠിക്കാനായി നൈറ്റിംഗേല്‍ ജര്‍മനിയിലെത്തി. പഠനം കഴിഞ്ഞ് ലണ്ടനില്‍ തിരിച്ചെത്തി, ഹാര്‍ലി സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ജോലിക്കു ചേര്‍ന്നു. അങ്ങനെ മുഴുവന്‍ സമയവും നഴ്‌സിങ്ങിനായി അവര്‍ നീക്കിവെച്ചു. ഹാര്‍ലി സ്ട്രീറ്റിലെ ജോലിക്കാര്‍ക്ക് പരിശീലനം നല്‍കാനും എല്ലാ ഫ്‌ളോറുകളിലും രോഗികള്‍ക്ക് ചൂടുവെള്ളം എത്തിക്കാനും അവള്‍ മുന്‍കൈയെടുത്തു. വളരെ പെട്ടെന്ന് തന്നെ അവിടുത്തെ സൂപ്രണ്ടായി ഫ്‌ളോറന്‍സ് ഉയര്‍ത്തപ്പെട്ടു. എന്നാല്‍, നൈറ്റിംഗേല്‍ കൂടുതല്‍ പ്രശസ്തയാവുന്നത് 1853ലെ ക്രിമിയന്‍ യുദ്ധത്തിനുശേഷമാണ്. ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ, ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിയും ചേര്‍ന്ന് നടത്തിയ യുദ്ധമായിരുന്നു ക്രിമിയന്‍. മൂന്നു വര്‍ഷം നീണ്ടുനിന്നു ആ യുദ്ധം.

1854-ല്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ച് അറിഞ്ഞ ഫ്‌ളോറന്‍സ് ഒരു സംഘം നഴ്‌സുമാരൊത്ത് തുര്‍ക്കിയിലേക്ക് പുറപ്പെട്ടു. അവിടെയായിരുന്നു ബ്രിട്ടീഷ് ക്യാമ്പ്. അവിടെ അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മുറിവേറ്റ പട്ടാളക്കാര്‍ വെറും നിലത്ത് വിരിച്ച പായയില്‍ കിടക്കുന്നു. നിലം മുഴുവന്‍ രക്തവും അഴുക്കും. അവര്‍ക്കാര്‍ക്കും ഹോസ്പിറ്റല്‍ വസ്ത്രങ്ങളൊന്നുമില്ല. ധരിച്ചിരിക്കുന്നത് അവരുടെ പഴയ യൂണിഫോം തന്നെ. ആവശ്യത്തിനുള്ള ബാന്റേജോ സോപ്പോ ഇല്ല. വെള്ളം പോലും റേഷന്‍. ഒട്ടും ശുചിത്വമില്ലാത്ത ചുറ്റുപാടായിരുന്നു അവിടെ. അധിക പട്ടാളക്കാരും മരിക്കുന്നത് കോളറയോ ടൈഫോയ്‌ഡോ പോലെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന അസുഖങ്ങളാലും.

ഒരു കാര്യം ഫ്‌ളോറന്‍സിന് ആദ്യമേ തന്നെ മനസ്സിലായി. മുറിവുകളേറ്റ് മരിച്ചവരേക്കാള്‍ പത്തിരട്ടി സൈനികരാണ് സാംക്രമിക രോഗങ്ങളാല്‍ മരിക്കുന്നത്. ഫ്‌ളോറന്‍സ് പെട്ടെന്ന് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. അത്ര പരിക്കുകളില്ലാത്ത കുറച്ച് പട്ടാളക്കാരെ സംഘടിപ്പിച്ചു. എന്നിട്ട് സ്‌ക്രബ് ബ്രഷ് കൊണ്ട് ഫ്‌ളോര്‍ വൃത്തിയാക്കാനേല്‍പ്പിച്ചു. പട്ടാളക്കാരുടെ വസ്ത്രങ്ങളെല്ലാം ഉരച്ച് കഴുകി. സ്വന്തം പണം ചെലവാക്കി ബാന്റേജുകളും ഓപ്പറേറ്റിങ് ടേബിളുമൊക്കെ വാങ്ങി. പിന്നെ കൂടെയുള്ള നഴ്‌സുമാര്‍ക്കൊപ്പം ആശുപത്രി മുഴുവന്‍ വൃത്തിയാക്കി. അങ്ങനെ അണുബാധ പടരുന്നത് തടയാന്‍ സാധിച്ചു.

വിളക്കേന്തിയ വനിത

ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും പരുക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി നൈറ്റിംഗേല്‍ മാറ്റിവെച്ചു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പോലും വിശ്രമമില്ലാതെ ഒരു വിളക്കുമേന്തി പട്ടാളക്കാര്‍ക്കടുത്തെത്തി പരിചരിച്ചു. മരണം കാത്തുകിടന്ന തങ്ങള്‍ക്കരികിലേക്ക് വെളിച്ചവുമായി വന്ന മാലാഖയായാണ് പട്ടാളക്കാര്‍ ഫ്‌ളോറന്‍സിനെ കണ്ടത്. ഫ്‌ളോറന്‍സിന്റെ ഈ ജോലി കണ്ട് അവര്‍ അവളെ 'ദ ലേഡി വിത്ത് ദ ലാമ്പ്' എന്ന് വിളിച്ചു. മറ്റുള്ളവര്‍ 'ദ ഏയ്ഞ്ചല്‍ ഓഫ് ക്രിമിയ' എന്നും. ഫ്‌ളോറന്‍സിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിശ്രമമില്ലാത്ത ശുശ്രൂഷയും പരിഗണനയും ഭടന്‍മാരുടെ മരണസംഖ്യ ഗണ്യമായി കുറച്ചു.  

നൈറ്റിംഗേല്‍ ഫണ്ട്

തുര്‍ക്കിയില്‍ സേവനമനുഷ്ടിക്കുന്ന നൈറ്റിംഗേലിനെ ആദരിക്കാനായി 1855 നവംബര്‍ 29ന് ഇംഗ്ലണ്ടില്‍ ഒരു സമ്മേളനം നടത്തി. 'നൈറ്റിംഗേല്‍ ഫണ്ട്' രൂപീകരിക്കാന്‍ തീരുമാനിച്ചത് ഈ സമ്മേളനത്തിലാണ്. വിക്ടോറിയ രാജ്ഞിയായിരുന്നു അതിന്റെ ചെയര്‍പേഴ്‌സണ്‍. ഫണ്ടിലേക്ക് പലയിടത്തുനിന്നും ധാരാളം പണമെത്താന്‍ തുടങ്ങി. ഈ ഫണ്ട് ഉപയോഗിച്ചാണ് 1860 ജൂലായ് 9ന് സെന്റ് തോമസ് ഹോസ്പിറ്റലില്‍ നൈറ്റിംഗേല്‍ ട്രെയിനിങ് സ്‌കൂള്‍ തുടങ്ങുന്നത്. നഴ്‌സുമാര്‍ക്കുവേണ്ടിയുള്ള ആദ്യത്തെ പ്രൊഫണല്‍ സ്‌കൂള്‍. പിന്നീടിത് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് ആന്റ് മിഡ് വൈഫറി എന്ന് പേരുമാറ്റി. കിങ്‌സ് കോളേജ് ലണ്ടന്റെ ഭാഗമാണിതിപ്പോള്‍.

1856 മാര്‍ച്ചില്‍ യുദ്ധം അവസാനിച്ചു. നൈറ്റിംഗേലിനെ വരവേല്‍ക്കാന്‍ ഇംഗ്ലണ്ട് മുഴുവന്‍ ഒരുങ്ങിനിന്നു. വിക്ടോറിയ രാജ്ഞിയുടെ നേതൃത്വത്തിലായിരുന്നു അത്. എന്നാല്‍ ആ സ്വീകരണങ്ങള്‍ക്കൊന്നും നിന്നുകൊടുക്കാതെ, ലണ്ടനില്‍ കപ്പലിറങ്ങി നേരെ വീട്ടിലേക്ക് പോവുകയാണ് ഫ്‌ളോറന്‍സ് ചെയ്തത്.

മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു

ഫ്‌ളോറന്‍സിന്റെ ഇടപെടലിനെ തുടര്‍ന്നാണ്, 1855ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശുചിത്വ പരിപാലനത്തിനായി ഒരു കമ്മിഷനെ നിയമിച്ചത്. അവരുടെ നിരന്തരശ്രമത്തിന്റെ ഭാഗമായാണ് പട്ടാള ആശുപത്രികളില്‍ വനിതാ നഴ്‌സുമാരെ നിയമിക്കാനുള്ള നടപടികളെടുത്തതും. ക്രീമിയന്‍ യുദ്ധത്തില്‍നിന്നുള്ള ചില പാഠങ്ങളുമായി 1858ല്‍, ഫ്‌ളോറന്‍സ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മിലിറ്ററി ആസ്പത്രികളില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചൊക്കെയായിരുന്നു അത്. 

ആ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നഴ്‌സിങ് മേഖലയില്‍ കാര്യമായ മാറ്റമുണ്ടായി. അത് ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനിന്നില്ല. ലോകത്താകെയുള്ള ആശുപത്രികളുടെ മുഖം മാറി. ആശുപത്രികള്‍ക്കായി സര്‍ക്കാരുകള്‍ പ്രത്യേകം ഫണ്ടുകള്‍ നീക്കിവെക്കാന്‍ തുടങ്ങി. അങ്ങനെ രോഗികള്‍ക്ക് നല്ല പരിചരണവും കിട്ടി. ആശുപത്രികളില്‍ വാര്‍ഡുകള്‍ എന്ന ആശയം കൊണ്ടുവന്നതും നൈറ്റിംഗേല്‍ തന്നെ. ആശുപത്രി കെട്ടിടങ്ങളും രോഗികളുടെ ആരോഗ്യത്തെ ബാധിക്കും എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ആശയം വന്നത്.  

ക്രിമിയന്‍ യുദ്ധത്തിനുശേഷം, ബ്രിട്ടീഷ് കോളനി രാജ്യങ്ങളിലെ ആരോഗ്യ പരിതസ്ഥിതിയെ കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമം അവര്‍ നടത്തി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയ അവര്‍, ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു.

നൈറ്റിംഗേല്‍ മാതൃക

ആദ്യകാലങ്ങളില്‍ വേണ്ടത്ര പരിശീലനമോ വേതനമോ ഇല്ലാത്ത ഒന്നായിരുന്നു നഴ്‌സിങ് മേഖല. ആതുരശുശ്രൂഷ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു അത്. സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ളവരായി അന്ന് കരുതപ്പെട്ടിരുന്ന, വിധവകളും വേശ്യകളും മാത്രമേ നഴ്‌സാവുകയുള്ളൂ എന്നായിരുന്നു ആളുകളുടെ മനോഭാവം. അങ്ങനെയുള്ളൊരു സാഹചര്യത്തിലാണ് നൈറ്റിംഗേല്‍ നഴ്‌സിങ്ങിലേക്ക് കടന്നുവരുന്നത്. അത് പലര്‍ക്കും പുതുമയായി. കൂടുതലാളുകള്‍ നഴ്‌സിങ്ങിലേക്ക് വരാന്‍ തുടങ്ങി. നൈറ്റിംഗേലിനെക്കുറിച്ച് പാട്ടുകളും കവിതകളും നാടകങ്ങളും എഴുതപ്പെട്ടു. പെണ്‍കുട്ടികള്‍ അവളെപ്പോലാവാന്‍ കൊതിച്ചു. സമ്പന്നകുടുംബങ്ങളില്‍നിന്നുള്ള പല പെണ്‍കുട്ടികളും ഫ്‌ളോറന്‍സിനെ മാതൃകയാക്കി ട്രെയിനിങ് സ്‌കൂളില്‍ ചേര്‍ന്നു. അങ്ങനെ താഴേക്കിടയിലുള്ളവര്‍ക്ക് ചേര്‍ന്നതാണ് നഴ്‌സിങ് എന്ന ആളുകളുടെ കാഴ്ചപ്പാട് പതുക്കെ മാറാന്‍ തുടങ്ങി.

ബഹുമതികള്‍

നൈറ്റിംഗേലിന്റെ സേവനങ്ങള്‍ കണക്കിലെടുത്ത് വിക്ടോറിയ രാജ്ഞി 1883-ല്‍ റോയല്‍ റെഡ്‌ക്രോസ് ബഹുമതി നല്‍കി. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെരിറ്റ് ബഹുമതി നേടുന്ന ആദ്യവനിതയുമായി. ബ്രിട്ടീഷ് സേനയുടെ വൈദ്യപരിപാലനം അന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ട റോയല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും നൈറ്റിംഗേല്‍ പ്രവര്‍ത്തിച്ചു. ഇതും രാജ്ഞിയുടെ ആവശ്യപ്രകാരമായിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിലും അവര്‍ പ്രധാനപങ്ക് വഹിക്കുകയുണ്ടായി. നല്ലൊരു എഴുത്തുകാരിയും കൂടിയായിരുന്നു നൈറ്റിംഗേല്‍. 1860ല്‍ പ്രസിദ്ധീകരിച്ച 'നോട്‌സ് ഓണ്‍ നഴ്‌സിങ്' എന്ന ഗ്രന്ഥം നൈറ്റിംഗേല്‍ ട്രെയിനിങ് സ്‌കൂളിലേയും മറ്റ് നഴ്‌സിങ് സ്‌കൂളുകളിലേയും അടിസ്ഥാന പാഠ്യവിഷയമായിരുന്നു.

മരണം വരെ വിശ്രമമില്ലാതെ

വിശ്രമമില്ലാത്ത ജീവിതം നൈറ്റിംഗേലിനെ ഒരു രോഗിയാക്കി മാറ്റി. 1889 ഓടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഫ്‌ളോറന്‍സ് കിടപ്പിലായി. ഒടുവില്‍ 1910 ആഗസ്റ്റ് 13ന് തൊണ്ണൂറാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചു. നൈറ്റിംഗേലിന്റെ ആഗ്രഹപ്രകാരം ഹാംഷെയറിലെ ഈസ്റ്റ് വെല്ലോസെയിന്റ് മാര്‍ഗരറ്റ് ചര്‍ച്ചില്‍ മാതാപിതാക്കളുടെ സമീപത്തുതന്നെ സംസ്‌കരിച്ചു.

നഴ്‌സസ് ഡേ

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് 1965 മുതല്‍ നഴ്‌സസ് ദിനം ആഘോഷിക്കുന്നുണ്ട്. എന്നാല്‍ 1974-ലാണ് മെയ് 12 നഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. നൈറ്റിംഗേലിനോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്‍മദിനമായ മെയ് 12 നഴ്‌സസ് ഡേ ആയി ആചരിക്കുന്നത്. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് തുടങ്ങാനുള്ള പ്രചോദനവും നൈറ്റിംഗേല്‍ തന്നെ. അതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും റെഡ് ക്രോസ് ഏറ്റവും നല്ല നഴ്‌സുമാര്‍ക്ക് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നല്‍കുന്നത്.

Content Highlights: World Nurses Day 2021, story of Florence Nightingale, Health