കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് അനുഭവമെന്ന സത്യം എന്ന് എവിടെയൊക്കെയോ വായിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അനുഭവത്തില്‍ അത് യാഥാര്‍ത്ഥ്യമാകുമ്പോഴാണ് തീവ്രതയുടെ മാപിനി എത്ര ഉയരത്തിലായിരുന്നു എന്ന് തിരിച്ചറിയുക. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ തുടക്കകാലം. ആകെ കേസുകളുടെ എണ്ണം രണ്ടക്കം മാത്രമായിരുന്ന സമയം. ഭയത്തിന്റെ മൂര്‍ധന്യത്തിലായിരുന്നല്ലോ എല്ലാവരും. എല്ലാവരും ലോക്ഡൗണിലാണ്. ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടിലിരിക്കാനാവില്ലല്ലോ. വീട്ടിനടുത്തുള്ള ഒരു സഹോദരന്റെ ഓട്ടോറിക്ഷയായിരുന്നു ദിവസേന ആശുപത്രിയിലെത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനും ഏര്‍പ്പാട് ചെയ്തിരുന്നത്. അവനത് കൃത്യമായി നിര്‍വ്വഹിക്കുകയും ചെയ്തു. 

കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. പ്രായമായ ഒരു മുത്തച്ഛന്‍, ഹൃദയ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് പതിനഞ്ച് ദിവസത്തെ ഐ.സി.യു. വാസം കഴിഞ്ഞ് റൂമിലേക്ക് മാറ്റിയതാണ്. ഗള്‍ഫിലുള്ള മക്കളൊക്കെ കാണാന്‍ വന്നിട്ടുണ്ട്. മറ്റ് പല അസുഖങ്ങളുമുള്ള വ്യക്തിയായതിനാല്‍ ഞങ്ങളുടെ സജീവമായ ശ്രദ്ധ അദ്ദേഹത്തിലുണ്ടായിരുന്നു. ഒരു ദിവസം റൗണ്ടിസിനിടയില്‍ അദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അല്പം കൂടിയതായി ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയുമല്ലാം ചെയ്തു. അധികം താമസിയാതെ തന്നെ അദ്ദേഹത്തെ വീണ്ടും ഐ.സി.യു വിലേക്ക് മാറ്റി.

തൊട്ടടുത്ത ദിവസം എനിക്ക് വീക്ക്ലി ഓഫ് ആയിരുന്നു. സ്വാഭാവികമായും നേരത്തെ പ്ലാന്‍ ചെയ്തുവെച്ച കുറേയേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. രാവിലെ തന്നെ കുട്ടികളുടെ സ്‌കൂളില്‍ പോയി. തുടര്‍ന്ന് ടെക്സ്റ്റൈല്‍ ഷോറൂം, പോസ്റ്റ് ഓഫീസ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെല്ലാം പോയിരുന്നു. വൈകുന്നേരം ആ മുത്തച്ഛന്റെ ആര്‍.ടി.പി.സി.ആര്‍. റിസള്‍ട്ട് വന്നു. കോവിഡ് പോസറ്റീവാണ്. വിദേശത്ത് നിന്ന് വന്ന മക്കളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. അടുത്തിടപഴകിയവരെല്ലാം ടെസ്റ്റ് ചെയ്യണം. ഞാനും ചെയ്തു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ എനിക്കും കോവിഡ് പോസറ്റീവ്. അതുവരെ അടുത്തിടപഴകിയവരൊക്കെ ഒരു ചില്ലുകൂട്ടിനപ്പുറത്തായി. വീട്ടില്‍ ചെറിയ കുട്ടികളുണ്ട്. ഉച്ചകഴിഞ്ഞപ്പോള്‍ സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റി. വൈകുന്നേരത്തോടെ രൂക്ഷമായ അസുഖമില്ലാത്ത ആരോഗ്യപ്രവര്‍ത്തകരെ ഹോം ക്വാറന്റീനിലേയ്ക്ക് മാറ്റാമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നു. ഭാഗ്യം, ഞാന്‍ രാത്രിയോടെ വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ തന്നെ എന്നെ സ്ഥിരമായി ആശുപത്രിയിലെത്തിച്ചിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ച് കാര്യം പറഞ്ഞു. ശ്രദ്ധിക്കണമെന്ന സൂചനയും നല്‍കി.

അപ്പോഴേക്കും വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചിരുന്നു. അന്ന് രാവിലെ ഞാന്‍ കയറിയ ഇടങ്ങളെല്ലാം പോലീസ് അടപ്പിച്ചു. ഓട്ടോറിക്ഷക്കാരനുള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനിലേക്ക് മാറി. രാവിലെയാകുമ്പോഴേക്കും ഫോണ്‍ കോളുകളുടെ പ്രവാഹം. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വിളി, പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള വിളി, വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ വിളി, സാമൂഹ്യപ്രവര്‍ത്തകരുടെ വിളി, ബന്ധുക്കളുടെ വിളി അങ്ങിനെ എണ്ണിയാലടങ്ങാത്ത ഫോണ്‍വിളികള്‍. മഹാഭൂരിപക്ഷം പേരും കുറ്റപ്പെടുത്തലുകളുമായാണ് സംസാരിച്ചത്. അപ്പോഴേക്കും വിവിധ തരത്തിലുള്ള കുപ്രചാരണങ്ങളും അരങ്ങ് തകര്‍ത്ത് തുടങ്ങി. രോഗബാധിതയായ ഞാന്‍ പുറത്തിറങ്ങി, മാര്‍ക്കറ്റില്‍ പോയി എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ശക്തമായി. നാട്ടുകാര്‍ മുഴുവന്‍ ഭയപ്പെടുന്ന അവസ്ഥ, എല്ലാവരും എന്നെ ഭീതിയോടെ നോക്കിക്കാണുന്ന സാഹചര്യം. പിന്നിട്ട ഓരോ ദിവസവും അനുഭവങ്ങളുടെ അതിതീവ്രത പിന്നിട്ടവയായിരുന്നു. പാതിരാത്രിയിലും നീളുന്ന ഫോണ്‍വിളികളും ഭീഷണികളും അന്വേഷണങ്ങളും സഹിക്കനാവാതായപ്പോള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി പറഞ്ഞു. 'ഐസൊലേഷന്‍ പീരീഡില്‍ ആരും അറിയാതെ പച്ചക്കറി വാങ്ങിക്കാന്‍ പോയ നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരും' എന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കുകയായിരുന്നു പോലീസുകാര്‍ ചെയ്തത്. കോവിഡ് രോഗിയോടൊപ്പമാണ് ഇടപഴകിയത് എന്നറിയാതെയാണ് ഞാന്‍ അന്നേ ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്, വൈകുന്നരത്തോടെയാണ് ആ രോഗിക്ക് പോസറ്റീവാണെന്നറിഞ്ഞത്, അതിന് ശേഷം ഞാന്‍ പുറത്തിറങ്ങിയിട്ടുമില്ല. എന്നിട്ടും ചെയ്യാത്ത തെറ്റിനുള്ള കുറ്റപ്പെടുത്തലുകള്‍ താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ടെസ്റ്റ് ചെയ്തു. നെഗറ്റീവായി. ഭാഗ്യവശാല്‍ വീട്ടില്‍ മറ്റാര്‍ക്കും തന്നെ അസുഖം പകര്‍ന്ന് കിട്ടുകയും ചെയ്തില്ല. രണ്ട് ദിവസം കൂടി വിശ്രമിച്ച ശേഷം ജോലിക്ക് പോകാന്‍ തീരുമാനിച്ചു. പോകുന്ന ദിവസം രാവിലെ പതിവ് പോലെ ഓട്ടോറിക്ഷ ഡ്രൈവറെ വിളിച്ചു. അദ്ദേഹം ഫോണ്‍ എടുത്തശേഷം 'എനിക്ക് ഓട്ടമുണ്ട്, ഇന്ന് വരാന്‍ പറ്റില്ല' എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എനിക്കതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. ഒരു പക്ഷേ ഓട്ടോറിക്ഷ ഓടിക്കുന്ന സമയത്തായിരിക്കാം വിളിച്ചതെന്ന് കരുതി. അടുത്ത ദിവസം വിളിച്ചപ്പോഴും മറുപടി സമാനമായിരുന്നു. അപ്പോഴും എനിക്ക് മറിച്ചൊന്നും തോന്നിയില്ല. മൂന്നാം ദിവസം വിളിച്ചപ്പോള്‍ അല്പം പരുക്കന്‍ ശബ്ദത്തില്‍ ഇതേ കാര്യം ആവര്‍ത്തിച്ചു. ഞാന്‍ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഓട്ടത്തിലാണെന്ന് പറഞ്ഞ വ്യക്തി ഓട്ടോസ്റ്റാന്റിലിരിക്കുന്നു. കുറച്ച് ദിവസം കഴിഞ്ഞശേഷം ആരാധനാലയത്തില്‍ പോയി. ഞാനിരുന്ന ബെഞ്ചിലുണ്ടായിരുന്നവരെല്ലാം മറ്റൊരു ബെഞ്ചിലേക്ക് മാറിയിരുന്നു. സത്യം പറഞ്ഞല്‍ തകര്‍ന്നു പോയി. ഓരോ ജോലിക്കും അതിന്റേതായ ധര്‍മ്മമുണ്ട്. രോഗികളെ പരിചരിക്കുക എന്നത് ഞങ്ങളുടെ ധര്‍മ്മമാണ്. ഏത് മഹാവ്യാധിയായിരുന്നാലും മടികൂടാതെ ഞങ്ങളത് ചെയ്യേണ്ടിയിരിക്കുന്നു. ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സേവനനിരതരായിരിക്കുമ്പോഴും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെട്ട ഇത്തരം അനുഭവങ്ങള്‍ നല്‍കുന്ന മാനസിക വേദന എത്ര പറഞ്ഞാലും അവസാനിക്കാത്തതാണ്.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നഴ്‌സിങ്ങ് സൂപ്പര്‍വൈസറാണ് ലേഖിക)

Content Highlights: World Nurses Day 2021, Nurse shares her personal experience when she was Covid19 Positive, Covid19, Health