''പൊന്നും വിലയാണ് ഓരോ തുള്ളി വാക്‌സിനും. ജീവന്‍ രക്ഷിക്കാനുള്ള ആ ഓരോ തുള്ളിക്കും വേണ്ടി കോടിക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്. അതിനാല്‍ ഒരു തുള്ളി പോലും കളയാതെ കൃത്യതയോടെ കുത്തിവയ്ക്കണം എന്ന ചിന്തയാണ് എന്നെപ്പോലെ എല്ലാ നഴ്‌സുമാരിലും ഉണ്ടായത്. അതിന്റെ ഫലമാണ് വാക്‌സിന്‍ വിതരണത്തില്‍ സീറോ വേസ്റ്റേജ് എന്ന ലക്ഷ്യത്തിലെത്താന്‍ നമ്മെ സഹായിച്ചത്''.- ഇത് നജുമുന്നീസ. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ്. കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ ആ ദൗത്യം ആദ്യമായി ഏറ്റെടുത്ത ഒരാള്‍. 
സിസ്റ്റര്‍ നജ്മുന്നീസ സംസാരിക്കുന്നു. 

ആദ്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദ്യ ദിനം വാക്‌സിന്‍ നല്‍കാന്‍ നിയോഗിച്ച ഒരാളായിരുന്നു ഞാന്‍. വാക്‌സിനേറ്റിങ് ഓഫീസര്‍മാര്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനെ സംബന്ധിച്ച് നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഇപ്പോഴത്തെ നിയുക്ത എം.എല്‍.എ. കാനത്തില്‍ ജമീലയാണ് കുത്തിവയ്പിനുള്ള സിറിഞ്ച് എനിക്ക് നല്‍കി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തത്. 

najumunneesa
വാക്‌സിനേഷന്‍ സിറിഞ്ച് കാനത്തില്‍ ജമീലയില്‍ നിന്ന് നജ്മുന്നീസ സ്വീകരിക്കുന്നു

ആദ്യം വാക്‌സിനെടുക്കാന്‍ വരുന്നവര്‍ക്കെല്ലാം നല്ല ടെന്‍ഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ വരുന്ന വാക്‌സിനെടുക്കാന്‍ വരുന്നവര്‍ക്ക് കൗണ്‍സിലിങ് ഒക്കെ കൊടുത്തിരുന്നു. ഒരു ടി.ടി.എടുക്കുന്ന വേദന പോലും കോവിഡ് വാക്‌സിന്‍ എടുക്കുമ്പോള്‍ ഇല്ലായിരുന്നു. അതിനാല്‍ വൈകാതെ ആളുകളിലെ പേടിയൊക്കെ പതുക്കെ മാറി. 

വേസ്റ്റേജ് ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്?

കേരളം കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമായി ഉപയോഗിച്ച് ഒരു തുള്ളിപോലും പാഴാക്കാതെ സീറോ വേസ്റ്റേജ് ലക്ഷ്യം നേടിയെന്ന വാര്‍ത്ത ഞങ്ങള്‍ നഴ്‌സുമാര്‍ക്ക് നല്‍കിയ സന്തോഷം വളരെ വലുതാണ്. മറ്റ് സംസ്ഥാനങ്ങള്‍ പാഴാക്കിയ വാക്‌സിന്റെ അളവ് കേട്ടപ്പോഴാണ് കേരളം എത്ര മികച്ച രീതിയിലാണ് വാക്‌സിനേഷന്‍ നടത്തുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്. 

ഒരു വയല്‍(വാക്‌സിന്‍ ബോട്ടില്‍) കോവിഡ് വാക്‌സിനില്‍ അഞ്ച് എം.എല്‍. വാക്‌സിനാണ് ഉണ്ടാവുക. ഒരാള്‍ക്ക് അര എം.എല്‍.ആണ് നല്‍കേണ്ടത്. അപ്പോള്‍ ഒരു വയല്‍ ഉപയോഗിച്ച് പത്ത് പേര്‍ക്ക് വാക്‌സിന്‍ നല്‍കാം. ഇങ്ങനെയാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത്. എന്നാല്‍ ആദ്യത്തെ വയല്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അഞ്ച് എം.എല്‍. കഴിഞ്ഞ് പിന്നെയും ഒരു അര എം.എല്ലോളം ബാക്കി കണ്ടു. അതോടെ ആകെ സംശയമായി; കൃത്യം അര എം.എല്‍. വീതം എല്ലാവര്‍ക്കും നല്‍കിയില്ലേ എന്നൊക്കെയായി സംശയങ്ങള്‍. പക്ഷേ, എല്ലാവരും ചെയ്യുമ്പോഴും ഇത്തരത്തില്‍ ബാക്കി വരാന്‍ തുടങ്ങി. അപ്പോഴാണ് അറിയുന്നത് വേസ്റ്റേജ് ഉണ്ടായാല്‍ ഉപയോഗിക്കാനാണ് ഈ അര എം.എല്‍.എന്ന്. നമുക്കെന്തായാലും വേസ്റ്റായില്ല. അപ്പോള്‍ ആ അര എം.എല്‍. എടുത്ത് മറ്റൊരാള്‍ക്ക് വാക്‌സിന്‍ നല്‍കാം എന്ന് എല്ലാവരും തീരുമാനിച്ചു. ഇങ്ങനെ പത്ത് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വയല്‍ വാക്‌സിന്‍ ഉപയോഗിച്ച് ഞങ്ങള്‍ പതിനൊന്ന് പേര്‍ക്ക് വാക്‌സിന്‍ നല്‍കി; ഒരു തുള്ളി പോലും പാഴായില്ല. 

വാക്‌സിനുകള്‍ എടുക്കുമ്പോള്‍ വേസ്റ്റേജ് എന്നൊരു ഫാക്ടര്‍ ഉണ്ടാകാറുണ്ട്. സിറിഞ്ച് ഉപയോഗിച്ച് വയലില്‍ നിന്നും വാക്‌സിന്‍ എടുക്കുമ്പോള്‍ അല്പം എയര്‍ കയറാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വളരെ കൃത്യമായി എടുക്കുകയാണെങ്കില്‍ അല്പം പോലും എയര്‍ കയറാതെ വാക്‌സിന്‍ മാത്രമായി കിട്ടും. അങ്ങനെ കിട്ടാന്‍ നല്ല പരിശീലനം വേണം. നമ്മുടെ നാട്ടിലെ നഴ്‌സുമാരൊക്കെ ഇക്കാര്യത്തില്‍ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്. അതിനാലാണ് നമുക്ക് ഈ ലക്ഷ്യം നേടാന്‍ കഴിഞ്ഞത്. 

ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യതയോടെ വാക്‌സിന്‍ നല്‍കിയതിന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ കേരളത്തെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച നഴ്‌സുമാരെയും അഭിനന്ദിച്ചിരുന്നു. നഴ്‌സുമാര്‍ക്കുള്ള ഒരു അംഗീകാരമായാണ് അതെല്ലാം കാണുന്നത്. 

നഴ്‌സിങ് പ്രൊഫഷനിലേക്ക് വന്നത്

ചെറിയ ക്ലാസ് മുതല്‍ എനിക്ക് നഴ്‌സ് ആകാനായിരുന്നു ആഗ്രഹം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ വലുതാകുമ്പോള്‍ ആരാകണം എന്ന് ചോദിച്ചപ്പോഴൊക്കെ നഴ്‌സ് ആകണം എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. വലുതായിട്ടും അതില്‍ മാറ്റമൊന്നും ഉണ്ടായില്ല. ആശുപത്രിയില്‍ പോകുമ്പോഴൊക്കെ നഴ്‌സുമാരുടെ സേവനങ്ങള്‍ ആകര്‍ഷിച്ചിട്ടുണ്ട്. അങ്ങനെയാണ് ചെറുപ്പം മുതല്‍ തന്നെ ആ പ്രൊഫഷനോട് വളരെയധികം ഇഷ്ടം തോന്നിയത്.  നഴ്‌സിങ് പഠിക്കാന്‍ പോകുന്നതിന് കുടുംബത്തില്‍ നിന്ന് നല്ല പിന്തുണയായിരുന്നു. വളരെ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും റിസ്‌ക്കുള്ള ജോലിയാണെന്നുമൊക്കെ അറിഞ്ഞുകൊണ്ട് വളരെയധികം ഇഷ്ടത്തോടെയാണ് ഈ പ്രൊഫഷനിലേക്ക് വന്നത്. 

വയനാട് വെള്ളമുണ്ട സ്വദേശിനിയാണ് ഞാന്‍. മൊയ്തുവും നഫീസയുമാണ് മാതാപിതാക്കള്‍. ഭര്‍ത്താവ് ഫൈസലും മക്കള്‍ എട്ടും നാലും വയസ്സുള്ള മുഹമ്മദ് ശാദുലി, മുഹമ്മദ് ഷിബിലി എന്നിവരടങ്ങുന്നതാണ് കുടുംബം. ഈ മഹാമാരിക്കാലത്ത് രാവുംപകലും ജോലി ചെയ്യുന്നതിന് കുടുംബം നല്ല പിന്തുണ നല്‍കുന്നുണ്ട്. 

പത്തുവര്‍ഷത്തോളമായി സേവനരംഗത്തുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വന്നിട്ട് മൂന്ന് വര്‍ഷമായി. യാതൊരു പണച്ചെലവും ഇല്ലാതെ ഒരാളെ സഹായിക്കാന്‍ സാധിക്കുന്ന ഒരു പ്രൊഫഷനാണല്ലോ നഴ്‌സിങ്. വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുക, അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നിവയൊക്കെ നഴ്‌സുമാരുടെ ഉത്തരവാദിത്തങ്ങളാണല്ലോ. ഇപ്പോള്‍ തന്നെ ഈ കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഭയത്തോടെ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ കോവിഡ് ബാധിതരായവരുടെ അടുത്തേക്ക് ഓടിയെത്താനും വേണ്ട ആശ്വാസം നല്‍കാനും ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എല്ലാവരും ലോക്ക്ഡൗണില്‍ വീട്ടിലിരിക്കെ ഞങ്ങള്‍ ഈ സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.  രോഗികളുടെ വേദന കുറയ്ക്കാന്‍ വേണ്ടത് ചെയ്യാനാകുന്നു. പ്രസവത്തിനിടെ അമ്മയാകാന്‍ പോകുന്നവരുടെ വേദനകളെ കുറയ്ക്കാന്‍ വേണ്ടതൊക്കെ ചെയ്യാന്‍ ഞങ്ങള്‍ക്കാകുന്നു. പ്രസവിച്ച കുഞ്ഞിനെ ആദ്യം കാണുന്നതും കൈകളിലെടുക്കുന്നതും ഞങ്ങളാണ്. അതൊക്കെ എത്ര സന്തോഷകരമായ കാര്യമാണെന്ന് അറിയാമോ? ഞങ്ങളുടെ കൈകളിലൂടെയാണ് ഓരോ കുഞ്ഞു ജീവനും പുറംലോകത്തേക്കെത്തുന്നത്. ഓരോ സ്ത്രീയും കുഞ്ഞിന് ജന്‍മം നല്‍കുന്നത്. അതൊന്നും മറ്റ് ജോലികള്‍ക്ക് ഇല്ലാത്തതും മെഡിക്കല്‍ പ്രൊഫഷണല്‍സിന് മാത്രം ലഭിക്കുന്നതുമാണ്. വലിയൊരു സന്തോഷമാണത്. 

നഴ്‌സിങ് എന്നത് വളരെ നല്ലൊരു പ്രൊഫഷനാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ളവര്‍ക്ക് വളരെയധികം ഇണങ്ങുന്നതാണിത്. അത്തരം മനസ്സുള്ളവരാണ് നഴ്‌സിങ് പ്രൊഫഷനിലേക്ക്  കടന്നുവരേണ്ടത്. ഞങ്ങള്‍ പരിചരിച്ച പലരും പിന്നീട് ഞങ്ങളെ പുറത്തുവെച്ചൊക്കെ കാണുമ്പോള്‍ വളരെ സ്‌നേഹത്തോടെ ഇത് എന്നെ അന്ന് നോക്കിയ സിസ്റ്ററാണ് എന്ന് പറയുന്നത് കേള്‍ക്കുന്നത് തന്നെ ഞങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരങ്ങളാണ്.

ഐ.എം.സി.എച്ചിലെ പീഡിയാട്രിക് സര്‍ജറി വാര്‍ഡിലാണ് ഞാന്‍ ഇപ്പോള്‍. അതിനാല്‍ തന്നെ ഇപ്പോള്‍ കുട്ടികള്‍ക്കിടയിലാണ് ജോലിയെല്ലാം. ചികിത്സയ്ക്കായി വരുന്ന കുട്ടികളിലെല്ലാം ഞാന്‍ എന്റെ മക്കളുടെ മുഖങ്ങളാണ് കാണുന്നത്. അവര്‍ അസുഖം മാറിപോകുമ്പോള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന പുഞ്ചിരിയും സ്‌നേഹവുമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. 

Content Highlights: World Nurses Day 2021 Nurse shares Covid19 vaccination experience, Health, Covid19