ജീവിതത്തില്‍ ആദ്യമായി അനുസരിച്ച ഒരാജ്ഞ ശാന്തടീച്ചറുടേതാണ്. ഒന്നാം ക്ലാസില്‍ അമ്മയ്‌ക്കൊപ്പം പോയ ആദ്യ ദിവസം. ക്ലാസ്സിലേക്ക് കയറാന്‍ മടിച്ച് നില്‍ക്കുകയായിരുന്നു. ശാന്ത ടീച്ചര്‍ അല്പം സ്വരം കടുപ്പിച്ച് നടക്ക് എന്നു പറഞ്ഞപ്പോള്‍ പിറകേ നടന്ന ഞാന്‍ റോഡിലേക്ക് എന്നാലാവുന്നതുപോലെ ഏന്തിനോക്കി. അമ്മയെവിടെ! 

റോഡില്‍ അമ്മയുടെ വയലറ്റ് സാരിയുടെ മിന്നായം മാത്രം കാണാന്‍ പറ്റി. ഓടിയാല്‍പോലും അടുത്തെത്താന്‍ പറ്റില്ല. ആരുമില്ലാതെ ഒറ്റയ്ക്ക് റോഡിലിറങ്ങിയാല്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടിയിലെ പൂവാച്ചു വന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് അമ്മ പറഞ്ഞത് ഉള്ളിന്റെയുളളില്‍ കിടുകിടുക്കം പോലെ കിടക്കുന്നതുകാരണം മണിമണിയായി ഉതിര്‍ന്നു വീഴുന്ന കണ്ണീരോടെ ടീച്ചറുടെ പിറകേ നടന്നു....

രണ്ടാമതായി അങ്ങനെയൊരു നടക്ക് എന്ന ആജ്ഞ കേട്ടതും അനുസരിച്ചതും 2010 ജനുവരി ഒമ്പതിനാണ്. പൂര്‍ണഗര്‍ഭിണിയായ ഞാന്‍ (കടിഞ്ഞൂലാണ്) രാത്രി ഭക്ഷണം കഴിച്ചതും അറിയാതെ മൂത്രമൊഴിച്ചുപോയി. അമ്മയോട് പറഞ്ഞത് കേട്ട് അമ്മമ്മ പ്രാഥമിക പരിശോധനനടത്തി. എന്റെ ഊരയ്ക്കുചുറ്റും നനവുകണ്ട അമ്മമ്മ വെള്ളം പോയി എന്ന് അമ്മയോട് ഉത്കണ്ഠയോടെ പറഞ്ഞു. പിന്നെ ആകെയൊരു ബഹളമാണ്. എന്നോ തയ്യാറാക്കി വച്ച ബാഗുകള്‍ എടുത്തുവക്കുന്നു. ഭര്‍ത്താവിന്റെ വീട്ടിലേക്ക് വിളിച്ചുപറയുന്നു, ടാക്സി വരുന്നു. കാറ് നിര്‍ത്താതെ കോട്ടപ്പറമ്പ് ആശുപത്രി ലക്ഷ്യമാക്കി ഹോണടിച്ചുകൊണ്ട് പറക്കുന്നു. 

ഞാന്‍ കരുതി, അരമണിക്കൂറിനുള്ളില്‍ പ്രസവിക്കുമായിരിക്കുമെന്ന്. അരമണിക്കൂറു കൊണ്ട് ആശുപത്രിയില്‍ എത്തിയാല്‍ മതിയായിരുന്നു. അപ്പോള്‍ ഈ ചുമരില്‍ കയറിപ്പോകുന്ന വേദനയുണ്ടാകും എന്നൊക്കെ പറയുന്നതോ? പെണ്ണുങ്ങളുടെ ഒരു കാര്യം! ഇതൊക്കെയെന്ത്! ഇതാണോ ലോകം കൊട്ടിഘോഷിക്കുന്ന പ്രസവം. രാത്രിയില്‍ എന്നെ എതിരേറ്റത് ഒരു നഴ്സമ്മയാണ്. അമ്മയുടെ കൈ പിടിച്ച് പതുക്കെ ഒരു ഗര്‍ഭിണിയുടെ എല്ലാ മുഖഭാവത്തോടും കൂടി ഞാന്‍ നഴ്സിങ് സ്റ്റേഷനിലേക്ക് ചെന്നതും എന്താ മോളെ, ബുദ്ധിമുട്ടുണ്ടോ എന്ന് ആ നഴ്സമ്മ ചോദിച്ചു. പേരെന്താ എന്ന് അന്ന് സ്‌കൂളില്‍ ശാന്തടീച്ചര്‍ ചോദിച്ചപ്പോള്‍ പേര് പറഞ്ഞുകൊടുത്തത് അമ്മയായിരുന്നു. ഇവിടേം അമ്മ കേറി കൗണ്ടറടിച്ചു. വെള്ളം പോയി. നഴ്സമ്മ എന്നെ നോക്കി. പിന്നെ കിടക്കാന്‍ പറഞ്ഞു. എന്നിട്ട് വേഗം ഡോക്ടറെ വിളിച്ചു. ബെഡിനു ചുറ്റുമുള്ള പച്ചകര്‍ട്ടന്‍ വലിച്ചിട്ടതും ആ ബെഡ് ഒരു മുറിയായതും പെട്ടെന്നാണ്. കണ്ണടച്ചുകിടന്നു. എവിടെ നിന്നൊക്കെയോ കൊളുത്തിപ്പിടിക്കുന്നതല്ലാതെ ഒരു കുഴപ്പവുമില്ല. ആയില്ലാട്ടോ. വാര്‍ഡിലേക്ക് വിടാം. എന്ന് അല്പസമയം കഴിഞ്ഞ് ആ നഴ്സമ്മ വന്നു പറഞ്ഞപ്പോള്‍ ഞാന്‍ തലയാട്ടി.

പിന്നെ എന്റെ ഡ്രസ്സെല്ലാം അഴിച്ചുകൊടുക്കേണ്ടി വന്നു. അമ്മ തൊട്ടടുത്തുനിന്ന് വെള്ള മുണ്ടും ബ്ലൗസും തന്നു. മേലിടാന്‍ ഒരു തോര്‍ത്തുമുണ്ടും. അമ്മമ്മ നെഞ്ചത്തോട്ട് കയറ്റി മുണ്ട് ഉടുക്കുന്നതുപോലെ! മുന്നില്‍ നടക്കുന്നത് ഞാനാണ്. പിറകേ എന്റെ ഫയലുമായി സിസ്റ്റര്‍. അതിനു പിറകേ അമ്മ. ഒരു വാതില്‍പ്പടിയെത്തിയപ്പോള്‍ നഴ്സമ്മ പറഞ്ഞു. കമ്മലും മാലയും ഊരിക്കൊടുത്തേ. ഞാന്‍ അനുസരിച്ചു. പിന്നെയും ഒരടി മുന്നോട്ടു വച്ചപ്പോള്‍ തിരിഞ്ഞു നോക്കിയതും അമ്മ അവിടെത്തന്നെ നില്‍ക്കുന്നു. നെഞ്ചത്ത് കൈവച്ചുകൊണ്ട്. ഞാന്‍ അവിടെത്തന്നെ നിന്നു. നഴ്സമ്മയും. നടക്ക്. നഴ്സമ്മ പയ്യെപ്പറഞ്ഞു. അമ്മ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ആവശ്യമുള്ളപ്പോള്‍ വിളിക്കാലോ. ശാന്തടീച്ചറെ ഓര്‍ത്തുപോയി. കാരണം ആ മുഖത്ത് അല്പം ആജ്ഞയുടെ ഭാവം പതിയേ വന്നു ചേരുന്നുണ്ടായിരുന്നു. പിന്നെ ആര്‍ത്തനാദങ്ങളുടെയും കലമ്പലുകളുടെയും ഇടയിലേക്ക് അരണ്ട വെളിച്ചത്തില്‍ കടന്നുചെന്നപ്പോള്‍ വിറച്ചുപോയി. ഇതാണോ പ്രസവം! ഇതിത്തിരി കടന്ന കയ്യാണല്ലോ. ചുവരിലല്ല ഈ പെണ്ണുങ്ങളൊക്കെ ആകാശത്തേക്ക് കയറിപ്പോകുന്ന അനുഭവിക്കലാണല്ലോ അനുഭവിക്കുന്നത് ദൈവമേ. ഞാന്‍ നഴ്സമ്മയോട് പതുക്കെ പറഞ്ഞു. ഞാന്‍ അമ്മയുടെ അടുത്തിരിക്കാം. എനിക്ക് ബുദ്ധിമുട്ടാകുമ്പോള്‍ വരാം. നഴ്സമ്മ പറഞ്ഞു. അതെനിക്ക് ബുദ്ധിമുട്ടാണ്. നടക്ക്. കണ്ണുകള്‍ പാതിയിറുക്കി പയ്യെ നടന്നു. ചോരക്കളിയാണ് ഇടത്തും വലത്തും. ഒഴിഞ്ഞ ബെഡില്‍ പച്ച വിരി വിരിച്ച് പുതപ്പും തന്നിട്ട് ചുറ്റുമുള്ള കര്‍ട്ടന്‍ വലിച്ചിട്ടു. ഉറങ്ങിക്കോട്ടോ. എന്തേലും ബുദ്ധിമുട്ട് തോന്നിയാല്‍ വിളിക്കണം. ശൈലജ മേഡത്തിന്റെ കസിനല്ലേ. വിളിച്ചു ചോദിച്ചിരുന്നു. ശൈലച്ചേച്ചി വരുമോ ഇപ്പോള്‍. പേടിയൊതുക്കി ചോദിച്ചു. ഇല്ല നാളെയേ വരൂ. അപ്പോളേക്കുമേ നമുക്കാകൂ.  

കര്‍ട്ടനുകള്‍ക്ക് വിടവുണ്ടാക്കി അടുത്ത ബെഡിലെ സ്ഥിതി നോക്കി. രൂക്ഷമാണ്. അവിടെയുണ്ടായിരുന്ന നഴ്സുമാര്‍ ഇടതടവില്ലാതെ നടക്കുന്നു. ഒരാള്‍ക്ക് വെള്ളം കൊടുത്തു തിരിയുമ്പോളേക്കും അടുത്തയാള്‍ വിളിക്കും സിസ്റ്റര്‍...അവിടേക്ക് ചെന്ന് മൂത്രമൊഴിപ്പിക്കാന്‍ കൊണ്ടുപോയി വരുമ്പോളേക്കും തൊട്ടടുത്ത ബെഡിലെ പുരോഗതി നോക്കി സിസ്റ്റര്‍ ഉറക്കെ വിളിക്കും ട്രോളീ... അപ്പോളേക്കും അകത്തെ മുറിയില്‍ നിന്ന്  അറ്റന്‍ഡര്‍ ചേച്ചിമാര്‍ ട്രോളിയുമായി വരും. അതിനിടയില്‍ ഒരാള്‍ക്ക് എനിമ കൊടുക്കും. എനിമ മുഴുവനാകാന്‍ ഉള്ള സമയമുണ്ടാകില്ല. അവരെ ടോയ്ലറ്റിലേക്ക് കൊണ്ടുപോകണം. മിക്കവാറും കഴുകിച്ചും കൊടുക്കണം. ലേബര്‍റൂമിന്റെ വാതിലിലേക്ക് നോക്കി നിന്നാല്‍ അകത്തുളളയാള്‍ക്ക് തുന്നിടുന്നത് കാണാം. ഇടയ്ക്ക് കുഞ്ഞുങ്ങള്‍ കരയും. പിന്നെ മുലച്ചുവട്ടില്‍ മല്‍പ്പിടുത്തമാണ്. അതും നഴ്സുമാര്‍ തന്നെയാണ് ചെയ്യുന്നത്. കുഞ്ഞ് കക്കിക്കക്കി കുടിക്കുന്നതുവരെ അവര്‍ മുലകളോട് പടവെട്ടും. പെറ്റ തള്ളയേക്കാള്‍ കുഞ്ഞ് പാല് കുടിക്കേണ്ട ആവശ്യം അവരുടേതാണ്. അതിനിടയില്‍ അമ്മമാരുടെ പ്രഷര്‍ നോക്കണം. കൂടാനും കുറയാനും പാടില്ല. മറുപിള്ളയെ മുഴുവനായും പുറത്ത് ചാടിച്ച് ഉള്ള് തുടച്ച് വൃത്തിയാക്കി ഭദ്രമായി മുറുക്കിക്കെട്ടിത്തരും. പിന്നെ പെറ്റല്ലോന്ന് കരുതി നേരെ മുറിയിലേക്ക് തള്ളില്ല. അമ്മ മൂത്രമൊഴിക്കണം. കുഞ്ഞ് ആദ്യത്തെ അപ്പിയുമിടണം.

ഗ്ലൗസുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ വല്ലതും കഴിച്ചിട്ടുണ്ടാകുമോ? രാത്രിയില്‍ അവരുടെ കുഞ്ഞുങ്ങള്‍ അമ്മയെ ചോദിച്ചു കരയാറുണ്ടാകുമോ? അവരുടെ മക്കള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാന്‍ ആരാണ് സഹായിക്കുക? രാത്രി ജോലികഴിഞ്ഞ് രാവിലെ വീട്ടിലെത്തുമ്പോഴേക്കും മക്കള്‍ സ്‌കൂളില്‍ പോയിട്ടുണ്ടാവില്ലേ., പിന്നെ വൈകീട്ട് അവര്‍ വരുമ്പോളേക്കും അമ്മ ഡ്യൂട്ടിയ്ക്കിറങ്ങില്ലേ. ഒരു തരം കള്ളനും പോലീസും കളിപോലെ...

പിറ്റേന്ന് രാത്രിയായിട്ടും എന്റെ പേറ് നടന്നില്ല. ഇരച്ചുകയറുന്ന വേദന വന്ന വഴി പോകും. പിന്നെ ഞാന്‍ ഉറങ്ങും. പിന്നെയും വേദനിക്കും. പിന്നെയും ഉറങ്ങും. കാപ്പി കുടിച്ചുകുടിച്ച് എനിക്കതൊരു പണിയായി. ഏതെങ്കിലും നഴ്സുമാര്‍ അടുത്തൂടെ പോകുമ്പോള്‍ വേണ്ടങ്കിലും ഞാന്‍ കാപ്പി വേണമെന്ന് പറയും. തൊട്ടുമുന്‍പ് കൊണ്ടുവച്ച കാപ്പി തണുത്ത് ചോണന്‍ കയറി ഒരിറക്കും കുടിക്കാതെ ജനലരികില്‍ ഉണ്ട്. ഒരു ചോദ്യം ചെയ്യലുമില്ലാതെ ചിരിച്ചുകൊണ്ട് ഇപ്പത്തരാട്ടോ എന്നുംപറഞ്ഞ് ആ ഗ്ലാസ് എടുത്തുകൊണ്ടുപോയി അഞ്ചുമിനിട്ടിനുള്ളില്‍ ചൂട് കാപ്പി കൊണ്ടുവന്ന് എന്റെ തലയുയര്‍ത്തിപ്പിടിച്ച് ഒന്ന് രണ്ടിറക്ക് കുടിപ്പിച്ചു. അമ്മയെങ്ങാനുമായിരുന്നെങ്കില്‍ 'അല്ല കുരിപ്പേ ഇതല്ലേ ചോണന്‍ കയറാന്‍ തുറന്നിട്ടത്' എന്നും പറഞ്ഞ് ശകാരിച്ചേനെ. രണ്ട് തുള്ളി വെള്ളമകത്തെത്തിയാല്‍ രണ്ടിടങ്ങഴി മൂത്രമൊഴിക്കാനുണ്ടാവും. പിന്നെ അതായി ആവശ്യം. മൂത്രമൊഴിക്കണം. കാലിന് വിശ്രമമില്ലാതെ അവര്‍ മാറിമാറി എല്ലാം ചെയ്തുതന്നു. ഞാന്‍ ഇടയ്ക്ക് ഉറങ്ങുകയെങ്കിലും ചെയ്യും. ഇതൊന്നുമില്ലാത്ത ടീമുണ്ട്. അകത്തേക്ക് കയറിയപാട് തുടങ്ങിയ ബഹളമാണ്. കലശലായ വേദനയും അസ്വസ്ഥതയും മൂലം നഴ്സുമാരെ നിലംതൊടാന്‍ സമ്മതിക്കില്ല. വെള്ളം വെണം. കഞ്ഞി വേണം. കാപ്പി വേണം. തിരിഞ്ഞ് കിടക്കണം. നടക്കണം. മൂത്രമൊഴിക്കണം. ടോയ്ലറ്റില്‍ പോകണം... ഒരു ജീവന്‍ അകത്തുനിന്നും പുറപ്പെടുന്നതിന്റെ എല്ലാ പ്രശ്നങ്ങളും അറിയാവുന്ന ഇവര്‍ക്ക് ഒരോ ബെഡും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം.

കുഞ്ഞ് വരുന്ന പുരോഗതിയനുസരിച്ച് ഓരോരോ ബെഡിലേക്കും നമ്മളെ മാറ്റിക്കിടത്തും. അപ്പപ്പോള്‍ നടക്കുന്നതിനെക്കുറിച്ച് കൃത്യമായി പറഞ്ഞുതരും. ചോദിച്ചാല്‍ മാത്രം. ശൈലേച്ചി വരാന്‍ കാത്തുനിന്നതായിരുന്നു എന്റെ കുഞ്ഞ്. അത്രയും നേരം എന്നെ തിരിഞ്ഞുനോക്കാത്ത പരിഭവത്തില്‍ ഞാന്‍ കരഞ്ഞപ്പോള്‍ പത്തുമിനിട്ടു കൂടുമ്പോള്‍ വിവരമറിയുന്നുണ്ട് എന്നു പറഞ്ഞ് അവര്‍ എന്നെ സമാധാനിപ്പിച്ചു. ഇനിയൊരു കരച്ചിലിന് ശേഷിയില്ലാതെ ഞാന്‍ തളര്‍ന്നപ്പോള്‍ എന്നെ ടേബിളില്‍ കയറ്റിക്കിടത്തി ലോകവര്‍ത്തമാനങ്ങള്‍ പറയിച്ചു. സഹായിയായി നിന്ന നഴ്സിനോട് ഒന്നവളെ സഹായിക്ക് ഒറ്റയ്ക്കാവൂലാന്നാ തോന്നുന്നേ എന്നു പറഞ്ഞതും ഒരു കൈമുട്ട് പതുക്കെ എന്റെ നെഞ്ചിന്‍മുകളില്‍നിന്നും താഴോട്ട് ഉഴിഞ്ഞിറങ്ങി. അടിനാഭിയിലെവിടെയോ കെട്ടിക്കിടന്ന ശ്വാസംവിങ്ങലിന് ആശ്വാസം കിട്ടിയതുപോലെ. താഴെ നിന്നും വലിച്ച് ഒരു സാധനത്തിനെ എന്റെ വയറിനുമേലേക്കിട്ടതും അതൊന്നു കരഞ്ഞെന്നു വരുത്തി. ആണാണോ പെണ്ണാണോ? ശൈലച്ചേച്ചി തമാശയില്‍ ചോദിച്ചു. കണ്ണുതുറക്കാതെ ഞാന്‍ പറഞ്ഞു, പെണ്ണ്. അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു മിടുക്കി.

കുഞ്ഞിനെയും കൊണ്ട് പ്രസവാനന്തര വാര്‍ഡിലേക്ക് പോയപ്പോള്‍ നഴ്സമ്മമാരുടെ മറ്റൊരുമുഖവും കണ്ടു. കൊറോണക്കാലത്തെ പോലീസിനെപ്പോലെ, അനാവശ്യമായി ആരെയും കയറിയിറങ്ങാന്‍ സമ്മതിച്ചില്ല അവര്‍. പാസ് സിസ്റ്റത്തില്‍ അത്യന്തം കണിശതയും. ബെഡിലെങ്ങാന്‍ അമ്മയും കുഞ്ഞുമല്ലാതെ അമ്മൂമ്മയും കൊച്ചിന്റച്ഛനും ഇരുന്നാല്‍ തീര്‍ന്നു അവരുടെ കാര്യം. വാര്‍ഡിനു പുറത്തെ എച്ചില്‍ കാത്തിരിക്കുന്ന പൂച്ചപോലും ഉളുപ്പുകൊണ്ട് സ്ഥലം കാലിയാക്കിക്കളയും. കുഞ്ഞിന്റെ ഉടമസ്ഥര്‍ ആശുപത്രി വിടും വരെ അവരാണ്. നന്നായി തുടച്ചിട്ടുണ്ടോ, കുഞ്ഞിന് വയറ് നിറഞ്ഞിട്ടുണ്ടോ, കിടന്ന് പാല്കൊടുത്ത് ചെവിയില്‍ പോയി അത് പഴുത്തോ, തുണിക്കെട്ടുകളുടെ മഹാസമ്മേളനത്തിനിടയിലാണോ കുഞ്ഞിനെ കിടത്തിയത് എന്നൊക്കെ നോക്കുന്നത് അവരാണ്.  

പിന്നെയും അവരുടെ ഔദാര്യം എന്നെത്തേടിയെത്തിയിട്ടുണ്ട്. പി.എച്ച്.സിയില്‍ നിന്നും ക്ഷേമാന്വേഷണവുമായി. സമയാസമയങ്ങളില്‍ എടുക്കേണ്ട വാക്സിനുകളെ ഓര്‍മിപ്പിച്ചുകൊണ്ട്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ സീസണുകളില്‍ സിസ്റ്റര്‍മാരടങ്ങുന്ന സംഘം വീടുവീടാന്തരം കയറിയിറങ്ങി വീടിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞുകൊടുത്തു, വഴക്ക് പറഞ്ഞു. അനുസരിക്കാത്തവര്‍ക്കെതിരെ പരാതിപോയി. എന്റെ സ്വന്തം വീട് എന്റെ സ്വന്തം വൃത്തി എന്നൊന്നും വാദിച്ചിരിക്കാന്‍ ആര്‍ക്കും ചങ്കുറപ്പുണ്ടാകില്ല. കാരണം നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം അവരെയാണ് നമ്മുടെ ഭരണസംവിധാനം ഏല്‍പിച്ചിരിക്കുന്നത്.

ഇപ്പോഴും ഒരാശുപത്രിയില്‍ പോയാല്‍ വാര്‍ഡ് എവിടെയാണെന്ന ചോദ്യം മുതല്‍ ഡോക്ടറുണ്ടോ എന്നുചോദിക്കാന്‍ വരെ ഞാന്‍ തിരഞ്ഞെടുക്കാറ് ഒരു നഴ്സിനെയാണ്. നിങ്ങളെ അത്രമേല്‍ ഞാനും എന്റെ സമൂഹവും വിശ്വസിക്കുന്നു. നിങ്ങളെ അത്രമേല്‍ ഞാനും എന്റെ സമൂഹവും സ്നേഹിക്കുന്നു. നമിക്കുന്നു നിങ്ങളുടെ ക്ഷമയെ.

Content Highlights: World Nurses Day 2021, Nurse service experience in labour room, Health