ഠിച്ചിറങ്ങുന്ന സമയത്ത് പുരുഷ നഴ്സ് എന്ന് പറയുമ്പോള്‍ കൗതുകത്തോടെയായിരുന്നു പലരും നോക്കിയിരുന്നത്. അറ്റന്‍ഡര്‍ അല്ലേ എന്നൊക്കെ ചോദിച്ചവരുണ്ടായിരുന്നു. ആണുങ്ങള്‍ എങ്ങനെ നഴ്സാവും എന്നൊക്കെയുള്ള വിചാരങ്ങള്‍ മനസ്സില്‍ കിടക്കുന്നത് കൊണ്ടാവും ഒരു പക്ഷേ ഇത്തരം ചോദ്യങ്ങള്‍ വന്നത്. കാരണം അപ്പോഴെല്ലാം നഴ്സ് എന്നുപറഞ്ഞാല്‍ സ്ത്രീകളുടെ മാത്രം ജോലി എന്ന നിലയില്‍ കണ്ട് ശീലിച്ചുപോയ അവസ്ഥയായിരുന്നല്ലോ. എന്നാല്‍ പിന്നീട് ആ അവസ്ഥ മാറി. രോഗികളെ പരിചരിക്കുന്നതില്‍ സ്ത്രീകളെപ്പോലെത്തന്നെ മുന്നില്‍ നില്‍ക്കാന്‍ പുരുഷ നഴ്സുമാര്‍ക്ക് കഴിയുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം.''- കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് അനൂപ് വിജയന്‍ പറയുന്നു.  

2000 ലാണ് പുരുഷന്‍മാര്‍ കൂടുതലായി നഴ്സിങ് രംഗത്തേക്ക് എത്തിത്തുടങ്ങിയത്. വിദേശത്ത് ജോലി സാധ്യതയുണ്ട് എന്ന ട്രെന്റ് നിലനിന്ന കാലമായിരുന്നു. അക്കാലത്ത് ഒട്ടേറെ പേര്‍ നഴ്സിങ് പഠിക്കാനെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുരുഷനഴ്സുമാര്‍ക്ക് ജോലി സാധ്യത കൂടുതലുണ്ട്. 

ഈ ജോലി ഏറെ സംതൃപ്തി നല്‍കുന്നുണ്ട്. രോഗീപരിചരണത്തില്‍ ആണ്‍ നഴ്സ് എന്ന നിലയില്‍ പ്രയാസങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രായമുള്ള കോവിഡ് രോഗികളെ പരിചരിച്ച ടീമില്‍ ഞാന്‍ ഉണ്ടായിരുന്നു. കൊറോണയെ നേരിടുക പുതിയൊരു അനുഭവമായിരുന്നു. 

മെഡിക്കല്‍ കോളേജുകളില്‍ ധാരാളം രോഗികള്‍ എത്തുന്നുണ്ടല്ലോ. ഓരോ രോഗിയെയും നമ്മള്‍ ആത്മാര്‍ഥതയോടെ സമീപിക്കണം. സൗമ്യമായി എപ്പോഴും പെരുമാറാന്‍ കഴിയണം. രോഗപരിചരണത്തില്‍ അതും പ്രധാനമാണ്. ആളുകള്‍ പലതരത്തിലായിരിക്കും പെരുമാറുക. അത് മനസ്സിലാക്കി ഉള്‍ക്കൊണ്ട് പെരുമാറാന്‍ സാധിക്കണം. അങ്ങനെ ക്ഷമയോടെ പെരുമാറുന്ന കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമൊന്നുമില്ല.

കൊറോണ പരിചരണ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തക പോസറ്റീവ് ആയി എന്നറിഞ്ഞപ്പോള്‍ അല്പം ആശങ്ക തോന്നിയിരുന്നു. എങ്കിലും ഇതൊക്കെ ഡ്യൂട്ടിയുടെ ഭാഗമാണെന്ന് മനസ്സിലാക്കി എന്തുംനേരിടാന്‍ ഉറച്ച് മുന്നോട്ട് ഇറങ്ങുകയായിരുന്നു. ആരോഗ്യരംഗത്ത് ഇതുപോലെ വേറെയെന്ത് പ്രതിസന്ധി വന്നാലും നേരിടാനാകും എന്ന ആത്മവിശ്വാസം ലഭിച്ചു.

ഈ മേഖലയില്‍ താത്പര്യമുള്ളവരാണെങ്കില്‍ കൂടുതല്‍ പുരുഷന്മാര്‍ നഴ്സിങ് രംഗത്തേക്ക് വരണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. കൊറോണയ്ക്ക് ശേഷം ലോകത്ത് മെഡിക്കല്‍ രംഗത്തുള്ള ജോലിസാധ്യത കൂടിക്കൊണ്ടിരിക്കും.

മുന്നണി പോരാളികള്‍ എന്ന് സമൂഹം വിളിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും പോലീസ്, മറ്റ് ജീവനക്കാര്‍ എന്നിവരെയും പോലെ തന്നെ കോവിഡ് അതിജീവനത്തിനായി എല്ലാ ബുദ്ധിമുട്ടുകളും മറന്ന് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ സമൂഹവും കൈയടി അര്‍ഹിക്കുന്നു. കാരണം നിങ്ങള്‍ വീട്ടിലിരുന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കുടുംബങ്ങളെ കാണാന്‍ സാധിക്കുന്നത്. ഈ ജാഗ്രത എന്നും ഉണ്ടാവട്ടെ...

Content Highlights: World Nurses Day 2021, medical college male nurse speaks, Health, Covid19