'പണ്ടൊക്കെ പോലീസ് എന്നുപറയുമ്പോള്‍ മനസ്സില്‍ തെളിയുന്ന രൂപമില്ലേ. കാക്കിയിട്ടൊരു ആണ്‍രൂപം. അതുപോലെ നഴ്സ് എന്നുപറയുമ്പോള്‍ മിക്ക ആളുകളുടെയും മനസ്സില്‍ തെളിയുന്നത് വെള്ളവസ്ത്രം ധരിച്ച സ്ത്രീരൂപമായിരുന്നു. നഴ്സ് എന്നുപറയുമ്പോള്‍ പുരുഷനെക്കുറിച്ച് ചിന്തിക്കാനേ വയ്യ.. പക്ഷേ കാലം മാറി നഴ്സിങ് മേഖലയില്‍ ഒട്ടേറെ പുരുഷന്മാരും എത്തിക്കഴിഞ്ഞു'.- 

നഴ്സിങ് മേഖലയിലെ ആണ്‍ പങ്കാളിത്തത്തെക്കുറിച്ചും ജോലി എന്നതിനേക്കാള്‍ ആ മേഖലയിലെ സേവനങ്ങളെക്കുറിച്ചും സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അജോ സാം വര്‍ഗീസ് പറയുന്നു.

എല്ലാവരും നഴ്സിങ് പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്നത് ജോലി സാധ്യത കണക്കിലെടുത്താണ്. ഞാനും അങ്ങനെയായിരുന്നു. ഞാനൊക്കെ പഠിക്കുന്ന സമയത്ത് പ്രൊഫഷണല്‍ കോഴ്സിന്റെ ട്രെന്റ് ആയിരുന്നു. ഒന്നുകില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ മെഡിക്കല്‍ ഫീല്‍ഡ് എന്നിങ്ങനെയായിരുന്നു. മെഡിക്കല്‍ ഫീല്‍ഡിനോട് എനിക്ക് ഇഷ്ടവുമുണ്ടായിരുന്നു. ആ ഇഷ്ടത്തിന്റെ പുറത്താണ് നഴ്സിങ് പ്രൊഫഷനില്‍ എത്തിയത്. ഏത് നാട്ടിലും ജോലികിട്ടുമെന്ന ഒരു സാധ്യതയും നഴ്സിങ് പഠിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നു. ഒരു ഹോസ്പിറ്റലില്‍ ഏറ്റവും കൂടുതലുള്ള ജീവനക്കാര്‍ ഏത് വിഭാഗമാണെന്ന് ചോദിച്ചാല്‍ നഴ്സുമാരായിരുന്നല്ലോ. 

ഞാന്‍ പഠിക്കുന്ന കാലത്ത് എന്തിനാണ് നഴ്സിങ്ങിന് പോയത് എന്ന് ചോദിക്കുന്നവരുണ്ടായിരുന്നു. പ്രത്യേകിച്ചും പുരുഷന്മാര്‍ നഴ്സാവുമോ എന്നൊക്കെയുള്ള ചോദ്യങ്ങളും തെറ്റുദ്ധാരണകളും സമൂഹത്തിലുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകളുടെ മാത്രം ഇടമല്ല നഴ്സിങ് മേഖല. പുരുഷന്മാര്‍ക്കും ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ മുന്നേറാന്‍ ധാരാളം സാധ്യതകള്‍ നഴ്സിങ്ങിലുണ്ട്. സ്ത്രീകളെ പോലെതന്നെ ആരോഗ്യപരിചരണത്തില്‍ പുരുഷനഴ്സുമാര്‍ക്കും മുന്നേറാന്‍ കഴിയും. രോഗീപരിചരണത്തില്‍ നഴ്സ് എന്ന നിലയില്‍ സ്ത്രീ-പുരുഷ വ്യത്യാസം തോന്നിയിട്ടില്ല. പ്രത്യേകിച്ചും എമര്‍ജന്‍സി കേസുകളില്‍ പുരുഷ നഴ്സുമാര്‍ക്ക് കുറച്ചുകൂടി നന്നായി ജോലിചെയ്യാന്‍ സാധിക്കുന്ന സന്ദര്‍ഭങ്ങളുണ്ട് എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.

പഠിച്ച് കഴിഞ്ഞ് നാട്ടില്‍ ജോലിക്ക് വേണ്ടി ഒട്ടേറെ ശ്രമിച്ചു. മെയില്‍ നഴ്സിനെ വേണ്ട എന്ന നിലപാടായിരുന്നു പലയിടത്തുനിന്നും കേട്ടത്. പിന്നീട് ജോലി തേടി ഡല്‍ഹിയില്‍ പോയി. അവിടെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തിയേറ്ററില്‍ നഴ്സായി ജോലി ലഭിച്ചു. മൂന്ന് വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയത്. ആദ്യം ഡല്‍ഹി ഗവണ്‍മെന്റ് എല്‍.എന്‍.ജെ.പി ആശുപത്രിയിലും പിന്നീട് നാട്ടില്‍ വരാനുള്ള ആഗ്രഹത്തില്‍ പി.എസ്.സി. പരീക്ഷ എഴുതി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജോലി ലഭിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സുമാരില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല. അതുപോലെ മിഡില്‍ ഈസ്റ്റ് ഒഴിച്ചുള്ള വിദേശരാജ്യങ്ങളിലും നഴ്സിങ് ജോലിയില്‍ എല്ലാവര്‍ക്കും തുല്യ അവസരമാണ്.

കേരള എന്‍ട്രന്‍സ് എക്സാമില്‍ നിന്ന് നഴ്സിങ് മാറ്റിയതിന് ശേഷം ആണ്‍ കുട്ടികള്‍ ഈ മേഖലയിലേക്ക് വരുന്നത് കുറഞ്ഞു. നഴ്സിങ് രംഗത്തേക്ക് ആണ്‍കുട്ടികള്‍ വന്നതിന് ശേഷമാണ് ഈ മേഖലയില്‍ സേവന വേതന വ്യവസ്ഥകളില്‍ കാര്യമായ മാറ്റം വന്നത്.

ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍ ഒരു ടീം വര്‍ക്കാണ്. അതിനടയില്‍ നഴ്സിന് വലിയൊരു റോള്‍ നിര്‍വഹിക്കാനുണ്ട്. ഒരു രോഗിയുടെ അടുത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് നഴ്സാണ്. ഡോക്ടര്‍ രോഗിയുമായി അടുത്ത് ഇടപഴകുന്ന സമയം താരതമ്യേന വളരെ കുറവാണ്. കോവിഡ് ബാധിച്ച മെഡിക്കല്‍ രംഗത്തുള്ളവരില്‍ നഴ്സുമാരുടെ എണ്ണമാണ് കൂടുതല്‍. കാരണം അവര്‍ കൂടുതല്‍ സമയം രോഗികളുമായി ഇടപഴകുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാം.

അഡ്മിറ്റായ രോഗിയുടെ മാനസികമായ സ്ട്രെസ്സും എല്ലാം പരിഹരിക്കേണ്ടത് നഴ്സിന്റെ കര്‍ത്തവ്യം കൂടിയായി മാറുന്നുണ്ട്. അത് ക്ഷമയോടെ നിര്‍വഹിക്കേണ്ട കാര്യമാണ്. അത് നന്നായി ചെയ്യാന്‍ പുരുഷ നഴ്സുമാര്‍ക്കും സാധിക്കുന്നുണ്ട്.

കോവിഡ് അല്ലാത്ത കാലത്തും നഴ്സിന്റെ സേവനം വിലപ്പെട്ടത് തന്നെയാണ്. പക്ഷേ പലപ്പോഴും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. കോവിഡ് ഡ്യൂട്ടി എടുക്കുന്ന നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവങ്ങളും മുന്നിലുണ്ട്.

നഴ്സിങ് ജോലി എന്നത് മള്‍ട്ടി ടാസ്‌കിങ് ജോലിയാണ്. ഒരേ സമയം പല കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണം. ഐ.സി.യു., ഓപ്പറേഷന്‍ തിയേറ്റര്‍ പോലുള്ള ഏരിയകളിലാണ് ഏറ്റവും സ്ട്രെസ്സ്ഫുള്‍ ജോലി. ഡ്യൂട്ടി സമയം കഴിഞ്ഞും ജോലി തീര്‍ത്ത് ഹാന്‍ഡിങ് ഓവര്‍ കൊടുത്തശേഷമേ വീട്ടിലേക്ക് പോകാന്‍ സാധിക്കൂ. ജോലിയില്‍ ചെറിയ പിഴവ് പോലും വരാന്‍ പാടില്ലല്ലോ. കാരണം നമ്മള്‍ ഇടപെടുന്നത് മനുഷ്യരും അവരുടെ ജീവിതവും ജീവനുമായി ആണല്ലോ..അത് തന്നെയാണ് ഈ ജോലിയുടെ സ്ട്രെസ്സും.

Content Highlights: World Nurses Day 2021, male nurse tells his professional experience, Health, Covid19