ന്തു പകരം നല്‍കിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെ നാം അനുമോദിക്കുക? മഹാമാരിക്കാലത്ത് എല്ലാവരും അടച്ചിരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, രോഗമുഖത്തുനിന്ന് അതിനോടു പടവെട്ടുകയാണ് നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ വെല്ലുവിളി നിറഞ്ഞ ഇക്കാലം നേരിടുന്നതിനെക്കുറിച്ചു പറയുകയാണിവര്‍.

അമ്മമാരുടെ വാക്ക് ഊര്‍ജം

ഭാര്യയെ രക്ഷിക്കാനായി ഏതറ്റം വരെയും പോകുന്ന തമിഴ് യുവാവിന്റെ അനുഭവം കണ്ണു നനയിച്ചെന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കെ.എം. സിജിമോള്‍.

K.M.Sijimol
കെ.എം. സിജിമോള്‍

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ് അയാള്‍ ഭാര്യയെ ആശുപത്രിയിലെത്തിക്കുന്നത്. ആക്രിത്തൊഴിലാളികളായിരുന്നു അവര്‍. ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ വാങ്ങുന്നതിനു പലരുടെയും മുന്നില്‍ കൈനീട്ടുന്ന അയാളുടെ ദൃശ്യം ഏറെ വേദനിപ്പിച്ചു. പോലീസുകാരുള്‍പ്പെടെയുള്ളവരോടു യാചിച്ചാണ് മരുന്നുകള്‍ വാങ്ങിയത്. പക്ഷേ, വെന്റിലേറ്ററിലായ യുവതിയെ രക്ഷിക്കാനായില്ല. അന്ന് ആശുപത്രി വരാന്തയിലിരുന്ന് ഉറക്കെ കരഞ്ഞ യുവാവിനെ മറക്കാന്‍ സാധിക്കുന്നില്ല. കോവിഡ് മുക്തരായി പോകുന്നവരെ കാണുമ്പോള്‍ ഏറെ സന്തോഷം തോന്നും. വൈറ്റിലയില്‍നിന്നു ചികിത്സ തേടിയ അമ്മൂമ്മ കരുതിയത് മക്കള്‍ നോക്കാതെ പോയി എന്നാണ്. മക്കള്‍ നോക്കാത്ത അമ്മയെ ഞങ്ങള്‍ നോക്കുന്നുവെന്ന തോന്നലായിരുന്നു അമ്മൂമ്മയ്ക്ക്. പൊന്നുപോലെ നോക്കിയതിനു പുണ്യം കിട്ടുമെന്ന അമ്മൂമ്മയുടെ വാക്കുകള്‍ വല്ലാത്ത ഊര്‍ജമാണ് നല്‍കിയത്.

ശമ്പളം മുതല്‍മാനസികാരോഗ്യം വരെ

അടിസ്ഥാന ശമ്പളം മുതല്‍ മാനസിക-ശാരീരിക സൗഖ്യം വരെ മാറ്റിവെച്ചാണ് നഴ്സുമാര്‍ കര്‍ത്തവ്യം നിര്‍വഹിക്കുന്നതെന്ന് ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി.എസ്. സോന പറഞ്ഞു.

50 ശതമാനം ജീവനക്കാരുമായി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ഇവരുടെ ശമ്പളവും അവിടെ കുറയുന്നുണ്ട്. മുന്നണിപ്പോരാളികളെന്ന പേരേ ഉള്ളൂ. കുടുംബാംഗങ്ങളെപ്പോലും വിട്ടുനിന്നാണ് ഇവര്‍ വൈറസിനെതിരേ പോരാടുന്നത്. ആദ്യം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഉണ്ടായിരുന്നു. ഇന്നു സ്വന്തം വീട്ടിലെത്തി ആരുമായും സമ്പര്‍ക്കമില്ലാതെ കഴിയേണ്ട അവസ്ഥയാണ്. തുടര്‍ച്ചായി എട്ടു മണിക്കൂര്‍ പി.പി.ഇ. കിറ്റില്‍ ജോലിയെടുക്കുന്നത് നഴ്സുമാരെ തളര്‍ത്തുന്നുണ്ട്.

Dr. P.S. Sona
ഡോ. പി.എസ്. സോന

ഇതിനിടെയാണു രോഗികളുടെ എണ്ണം കൂടുന്നതും ജോലിഭാരം കൂടുന്നതും. എന്ന് തീരുമെന്ന് അറിയാതെ തുടര്‍ ഷിഫ്റ്റുകളില്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്.

നമുക്കായി പ്രാര്‍ത്ഥിക്കുന്നവരെ കണ്ടു; അതിലേറെ എന്തുവേണം

കോവിഡ് വാര്‍ഡില്‍ പല സാഹചര്യത്തില്‍ നിന്നു വരുന്നവരാണ് ഉണ്ടാകുക. ബന്ധുക്കളെ കാണാതേയും രോഗത്തെപ്പേടിച്ചും സംഘര്‍ഷമനുഭവിക്കുന്നവര്‍.അവര്‍ ഒറ്റപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും നമ്മള്‍ തന്നെയാണ്. ചെയ്യുന്നത് ജോലിയാണെങ്കിലും രോഗികള്‍ നമുക്കു നല്‍കുന്ന മൂല്യം വളരെ വലുതാണെന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ രോഹിത് കുമാര്‍ പറയുന്നു.

Rohit Kumar
രോഹിത് കുമാര്‍

തീര്‍ത്തും ക്ഷീണിതയായെത്തിയ 93-കാരി മേരിക്കുട്ടി ആരോഗ്യവതിയായി തിരിച്ചുപോയപ്പോള്‍ മനസ്സില്‍ നിറവായിരുന്നു. കിടപ്പുരോഗിയായ മേരിക്കുട്ടിയെ കൃത്യമായ ചികിത്സകൊണ്ടു രക്ഷിക്കാനായി. ആശുപത്രി വാര്‍ഡില്‍നിന്ന് കുടുംബാംഗങ്ങളെ വീഡിയോ കോളില്‍ കാണിച്ചു കൊടുത്തപ്പോള്‍ അവരില്‍ നിറഞ്ഞ പുഞ്ചിരി മാത്രം മതി ഞങ്ങളുടെ ജോലിക്ക് അര്‍ത്ഥം നല്‍കാന്‍.

Content Highlights: World Nurses Day 2021,  Ernakulam based nurses share their experience, Health