''ചേച്ചീ ഇനിയെന്നാണ് നമ്മളൊക്കെ ഒരുമിച്ചു ജോലി ചെയ്യുന്നത്?'' അനുവിന്റെ സ്വരവും ചോദ്യവും ഇനിയും റൂബിയുടെ കാതുകളില്‍നിന്നു പോയിട്ടില്ല. ശുശ്രൂഷയെ സ്‌നേഹിച്ച 'മാലാഖ' ഈ ലോകത്തുനിന്നു പോയെന്ന സത്യം ഇനിയും ഉള്‍ക്കൊള്ളാനാകാതെ റൂബിയുടെ മിഴികള്‍ തുളുമ്പി. അതേ സങ്കടക്കടലിലാണ് ആഷ്ലിയും മറ്റുള്ളവരുമൊക്കെ. അവരും പറയുന്നത് ഒന്നുമാത്രം: ''നഴ്സിങ്ങിനോട് ഇത്രമാത്രം ആത്മാര്‍ത്ഥതയും സ്നേഹവും കാരുണ്യവുമൊക്കെ പുലര്‍ത്തുന്നവര്‍ അപൂര്‍വമായിരിക്കും. ഞങ്ങളുടെ പ്രിയപ്പെട്ട മാലാഖയെ ദൈവം ഇത്ര നേരത്തേ തിരികെ വിളിച്ചതെന്തിനാണ്?''

ലോക നഴ്സസ് ദിനത്തില്‍ തീരാ നോവിന്റെ മഴയായാണ് ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സ് അനു തോമസിന്റെ ഓര്‍മകള്‍ സഹപ്രവര്‍ത്തകരില്‍ പെയ്തിറങ്ങുന്നത്. തിങ്കളാഴ്ച പനങ്ങാട് മാടവനയിലുണ്ടായ വാഹനാപകടത്തിലാണ് അനു മരിച്ചത്.

നഴ്സിങ് ദിനത്തിലെന്നല്ല, ആതുര ശുശ്രൂഷയുടെ ഏതു രംഗത്തും മാതൃകയായി ചൂണ്ടിക്കാണിക്കാവുന്ന ഒരാളായിരുന്നു അനു. ''ശാന്തതയായിരുന്നു അനുവിന്റെ മുഖമുദ്ര. രോഗികള്‍ എന്തു പറഞ്ഞാലും അതെല്ലാം ശാന്തമായി കേള്‍ക്കും. എന്നിട്ടവരെ ആശ്വസിപ്പിക്കും. രോഗികള്‍ ദേഷ്യപ്പെടുന്നതു വേദനകൊണ്ടും മറ്റുമാകാമെന്നും നമ്മളതെല്ലാം ക്ഷമിക്കണമെന്നുമായിരുന്നു അനു പറഞ്ഞിരുന്നത്'' - ലേക്ഷോര്‍ ആശുപത്രിയില്‍ ഒപ്പം ജോലി ചെയ്തിരുന്ന ആഷ്ലി പറയുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി അനുവിനൊപ്പം ജോലി ചെയ്യുന്ന റൂബിക്ക് അവസാനമായി കൂട്ടുകാരി പറഞ്ഞ വാക്കുകളാണ് തീരാ നൊമ്പരമാകുന്നത്. മെഡിക്കല്‍ സര്‍ജറി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന അനുവിനെ കഴിഞ്ഞ ദിവസം പുതിയ ബ്ലോക്കിലേക്കു മാറ്റി. ''ഞായറാഴ്ച ആശുപത്രിയിലെത്തിയപ്പോള്‍ ഡ്യൂട്ടിവസ്ത്രം മാറുന്ന സ്ഥലത്തുവെച്ചു കണ്ടപ്പോള്‍ ഇനിയെന്നാണ് നമ്മളെല്ലാം ഒരുമിച്ചു ജോലി ചെയ്യുന്നതെന്നു അവള്‍ ചോദിച്ചു. അതാണ് അവസാനമായി അവള്‍ എന്നോടു പറഞ്ഞത്. അതിന്റെ ഉത്തരം ഇനിയെന്തു പറയും ഞാന്‍'' - റൂബിയുടെ വാക്കുകള്‍ മുറിഞ്ഞു.

നഴ്സിങ് ജോലിയില്‍ ആത്മാര്‍ത്ഥതയുടെ അടയാളമായിരുന്നു അനു എന്നത് കൂട്ടുകാരുടെ വാക്കുകള്‍ അടിവരയിടുന്നുണ്ട്. ''അനു ഡ്യൂട്ടിക്കു വന്നാല്‍ വാര്‍ഡിലെന്നും തിരക്കായിരിക്കുമെന്നു പറഞ്ഞ് ഞങ്ങളെല്ലാം അവളെ കളിയാക്കാറുണ്ടായിരുന്നു. എന്നാല്‍ എത്ര തിരക്കുണ്ടായാലും അതെല്ലാം സമാധാനത്തോടെ പൂര്‍ത്തിയാക്കിയിട്ടേ അവള്‍ മടങ്ങൂ. രാവിലെ ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന പ്രഭാതഭക്ഷണം രോഗികളെ നോക്കുന്ന തിരക്കില്‍ പലപ്പോഴും കഴിക്കാതെ തിരികെ കൊണ്ടുപോയിട്ടുണ്ട്. നഴ്സിങ് ജോലിക്കു വേണ്ടി പിറന്ന ജന്മമാണോ അവളുടേതെന്നുവരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്''. അനുവിന്റെ വലിയൊരു സ്വപ്നം കൂടി ആഷ്ലി ഓര്‍മിച്ചെടുത്തു: ''ബെല്‍ജിയത്തില്‍ നഴ്സിങ് ജോലിക്കു പോകാന്‍ അവള്‍ക്കു ഒരുപാടിഷ്ടമുണ്ടായിരുന്നു. പക്ഷേ, രണ്ടു വയസ്സുകാരന്‍ മകന്‍ എലനെ ഓര്‍ക്കുമ്പോള്‍ എവിടേയും പോകാന്‍ അമ്മമനസ്സ് അനുവദിക്കില്ലെന്നും അവള്‍ പറയുമായിരുന്നു''- ആഷ്ലിയുടെ വാക്കുകളില്‍ വീണ്ടും സങ്കടം നിറഞ്ഞു.

Content Highlights: World Nurses Day 2021, Colleagues in memory of a nurse who died in a road accident on Monday, Health