ഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ ദിവസം ആരംഭിക്കുന്നത് അവന്റെ മുഖം ഓര്‍മ്മിച്ചുകൊണ്ടാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓര്‍മ്മകളുടെ ഇഴ മുറിയും മുന്‍പ് തന്നെ ചിലപ്പോള്‍ വീടിന്റെ കോളിങ് ബെല്‍, അല്ലെങ്കില്‍ എന്റെ ഫോണിന്റെ റിങ്ടോണ്‍... രണ്ടിലൊന്നിന്റെ അറ്റത്ത് അവനുണ്ടാകും. കാന്‍സര്‍ എന്ന വലിയ രോഗത്തെ ആത്മവിശ്വാസത്തോടെ കീഴടക്കിയ പുഞ്ചിരിയുമായി, ഉള്ളം കയ്യിലൊളിപ്പിച്ചുവെച്ച ഒരു സമ്മാനവുമായി...

2004 മേയ് 12ാം തിയ്യതി, നഴ്‌സിങ്ങ് ദിനാഘോഷത്തിന്റെ ആഹ്ലാദമായിരുന്നു കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഞാനുള്‍പ്പെടുന്ന മുഴുവന്‍ നഴ്‌സിങ്ങ് ജീവനക്കാരുടെയും ഉള്ളില്‍. ആ ആഹ്ലാദത്തോടെയാണ് നൗഫലിന്റെ ബയോപ്‌സി റിപ്പോര്‍ട്ട് വായിച്ച് നോക്കാനായി എടുത്തത്. ഒരു നിമിഷം കൊണ്ട് എല്ലാ സന്തോഷവും ഇല്ലാതായി. അവന് ലൂക്കീമിയ ആണ്. കഴിഞ്ഞ 10-12 ദിവസമായി ഞങ്ങളുടെ പ്രിയപ്പെട്ടവനായി അവന്‍ മാറിയിട്ട്. വിട്ടുമാറാത്ത പനിയായിരുന്നു. ഡോ. സുരേഷ് കുമാറിന്റെ കീഴിലാണ് അഡ്മിറ്റ് ചെയ്തത്. പ്രത്യക്ഷത്തില്‍ കാരണമൊന്നും കാണാഞ്ഞതിനാല്‍ ഒരു സംശയത്തിന്റെ പേരില്‍ മാത്രമാണ് ഡോക്ടര്‍ ബോണ്‍ മാരോ ചെയ്തത്. റിപ്പോര്‍ട്ടില്‍ ലൂക്കീമിയ സംശയലേശമന്യേ സ്ഥിരീകരിച്ചിരിക്കുന്നു. 

പ്രകടമാക്കപ്പെടാന്‍ അനുവാദമുള്ള കരുണയും, സ്‌നേഹവും, സഹതാപവും ഒക്കെ ഉള്‍പ്പെടുന്ന മാനുഷിക വികാരങ്ങളുടെ മനോഹാരിതയോട് ചേര്‍ത്ത് വെച്ചാണ് മാലാഖമാര്‍ എന്ന് ഞങ്ങളെ വിളിക്കാറുള്ളതെങ്കിലും അതിനകത്തുള്‍ചേര്‍ന്ന് കിടക്കേണ്ട കണ്ണുനീര്‍ പൊഴിക്കാന്‍ മാത്രം ഞങ്ങള്‍ക്കനുവാദമില്ലല്ലോ... ഉറഞ്ഞുകൂടുന്ന മിഴിനീര്‍ കണങ്ങളെ ആരും കാണാതെ ഒളിപ്പിച്ച് അവന്റെ തോളില്‍ കൈവെച്ച് ആശ്വസിപ്പിച്ചു. തിരികെ നഴ്‌സിങ്ങ് റൂമിലെത്തുന്നത് വരെ മാത്രം ... പിന്നെയൊരു പേമാരിയായത് പെയ്തിറങ്ങി...

അത്രയ്ക്കിഷ്ടമായിരുന്നു അവനോട്. ഏഴ് വയസ്സ് മാത്രം പ്രായം. ഇത്ര ചെറുപ്പത്തിലേ ഇത്രയും വലിയ രോഗം. ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമെല്ലാം അവന്‍ സ്‌നേഹം കൊണ്ട് കീഴടക്കി, തിരികെ ഞങ്ങളും സ്‌നേഹം കൊണ്ട് അവനെയും ചികിത്സകൊണ്ട് അവന്റെ അസുഖത്തേയും കീഴടക്കി. ലോക്ഡൗണ്‍ ആയതിനാല്‍ ഇന്നവന് നേരിട്ട് വരാന്‍ കഴിഞ്ഞില്ല, എങ്കിലും ഫോണ്‍കോളിന്റെ അങ്ങേയറ്റത്ത് നിന്ന് രാവിലെ തന്നെ അവന്റെ ആശംസ വന്നു, സന്തോഷമായി...

ഓരോ നഴ്‌സിന്റെയും ജീവിതം ഇങ്ങനെയാണ്. മരണത്തിന്റെ കയങ്ങളില്‍ നിന്ന് ജീവിതത്തിന്റെ തീരങ്ങളിലേക്ക് തിരികെ കൈപിടിച്ച് നടത്തിയ ആരെങ്കിലുമൊക്കെയുണ്ടാകും അവര്‍ക്കോര്‍മ്മിക്കാന്‍. എന്റെ അമ്മ മേരിയുടെ ആഗ്രഹമായിരുന്നു മകള്‍ക്ക് ഒരു ജോലി നേടുക എന്നത്. പാലായില്‍ നിന്ന് കോഴിക്കോടിന്റെ മലയാര ഗ്രാമമായ കക്കാടംപൊയിലിലെത്തിയ കുടിയേറ്റ കര്‍ഷക കുടുംബത്തിലെ അഞ്ച് ആണ്‍കുട്ടികള്‍ക്കുള്ള ഒരേ ഒരു അനുജത്തി. നടന്നെത്താനുള്ള ഒരു റോഡ് പോലുമില്ലാത്ത നാട്, നാലാം ക്ലാസ്സ് വരെ മാത്രമുള്ള വിദ്യാഭ്യാസ സൗകര്യം. പക്ഷേ പരാജയപ്പെടാന്‍ കുടിയേറ്റ കര്‍ഷകന്റെ മനഃശക്തി അനുവദിക്കുമായിരുന്നില്ല. നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഏഴ് വരെ അമ്മയുടെ നാടായ കണ്ണൂരിലെ ചെറുപുഴയില്‍ പഠിപ്പിച്ചു. അത് കഴിഞ്ഞ് അച്ഛന്റെ നാടായ പാലയിലേക്ക്, പ്രീഡിഗ്രി വരെ അവിടെ. പിന്നീട് അച്ഛന്റെ പുരോഹിതനായ സഹോദരനോടൊപ്പം ബീഹാറിലേക്ക്, അവിടെ നഴ്‌സിങ്ങ് പഠനം, അവിടെ തന്നെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്പിറ്റലില്‍ ജോലി.

പക്ഷേ മനസ്സില്‍ വിദേശജോലി മാത്രമായിരുന്നു ലക്ഷ്യം. നഴ്‌സിന്റെ കുടുംബം രക്ഷപ്പെടണമെങ്കില്‍ വിദേശ ജോലി തന്നെ വേണം. ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ മറ്റ് തടസ്സങ്ങളെല്ലാം വഴിമാറി. സൗദിയിലേക്ക്, അവിടെ കിങ്ങ് ഫൈസല്‍ ആശുപത്രിയില്‍ സാധാരണ നഴ്‌സിങ്ങ് ജീവനക്കാരിയായി തുടക്കം. വളരെ പെട്ടന്ന് തന്നെ പ്രമോഷന്‍, ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ് നഴ്‌സ്. ഇതിനിടയിലാണ് വിവാഹം. പെണ്ണ് കാണാന്‍ വന്നവര്‍ പകുതി ദൂരമെത്തുമ്പോഴേക്കും തളര്‍ന്ന് പോയി. തിരിച്ച് പോയാലോ എന്നായി അവരുടെ ചിന്ത. വഴിയില്ലാത്ത, വൈദ്യുതിയില്ലാത്ത, വികസനമേതുമില്ലാത്ത ഈ മലമുകളില്‍ നിന്ന് ഒരു നേവി ഉദ്യോഗസ്ഥന് പെണ്ണിനെ വേണ്ടെന്ന് കൂടെ വന്നവര്‍. പക്ഷേ സക്കറിയാസ് എന്ന ആ മനുഷ്യന്‍ ചിന്തിച്ചത് തിരിച്ചാണ്. എന്തായാലും ഈ മലമുകളില്‍ നിന്ന് ഇത്ര ദുരിതം താണ്ടി പഠിച്ച് ജോലി നേടിയവളെ ഒന്ന് കണ്ട് കളയാം എന്നതായിരുന്നു പുള്ളിയുടെ അഭിപ്രായം. വന്നു, കണ്ടു, വിവാഹം പെട്ടന്നായിരുന്നു. 

പിന്നീട് സൗദിയില്‍ നിന്ന് നാട്ടിലേക്ക്, കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ജോലി ലഭിച്ചു. വളരെ പെട്ടന്ന് തന്നെ ജോലിക്കയറ്റങ്ങള്‍ തേടിയെത്തി. ഇതിനിടയില്‍ ബി.എസ്.സിയും എം.ബി.എയും പൂര്‍ത്തിയാക്കി. ഒടുവില്‍ ചീഫ് നഴ്‌സിങ്ങ് ഓഫീസറായി. ഏതൊക്കെ പദവിയിലിരുന്നാലും ഞങ്ങള്‍ നഴ്‌സുമാര്‍ അടിസ്ഥാനപരമായി ജീവന്റെ പരിചാരകരാണ്. ആ ഓര്‍മ്മയും, ലാളിത്യവും, വിനയവും കൂടെയുള്ളപ്പോഴാണ് നമ്മള്‍ വിളിപ്പേര് പോലെ മാലാഖമാരായി മാറുന്നത്. വിളക്കേന്തിയ വനിതയുടെ ഈ ഇരുനൂറാം ജന്മദിനം ലോകം മുഴുവനുമുള്ള നഴ്‌സുമാര്‍ക്ക് വെല്ലുവിളിയുടേത് കൂടിയാണ്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന മുഴുവന്‍ പേര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നഴ്‌സസ് ദിനാശംസകള്‍.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ചീഫ് നഴ്‌സിങ്ങ് ഓഫീസറാണ് ലേഖിക)

Content Highlights: World Nurses Day 2021, A Nurse shares her professional experience, Health