ള്ളുലയ്ക്കുന്ന അനേകം അനുഭവങ്ങള്‍ പിന്നിട്ട ഒരു വര്‍ഷത്തിനിടയില്‍ നഴ്സിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും പങ്കുവെക്കാനുണ്ടാകും. ഈ നഴ്സസ് ദിനത്തിലെ ഓര്‍മ്മകളില്‍ ആദ്യം ഓടിയെത്തുന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഒന്നാണ്. എണ്‍പത്തിയഞ്ച് വയസ്സ് പ്രായമുള്ള മുത്തശ്ശി കോവിഡ് പോസറ്റീവായാണ് അഡ്മിറ്റ് ചെയ്തത്. മൂന്ന് മക്കളുണ്ട്. ഒരാള്‍ വിദേശത്തും മറ്റ് രണ്ട് പേര്‍ നാട്ടിലുമാണ്. നാട്ടിലുള്ള രണ്ട് മക്കളും ചേര്‍ന്നാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്നത് ഞാനായിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ രണ്ട് മക്കളും ചേര്‍ന്ന് എന്നെ കാണാന്‍ വന്നു.

'അധികനേരം നില്‍ക്കാന്‍ സാധിക്കില്ല, മറ്റ് ചില തിരക്കുകളുണ്ട്. അമ്മ ചോദിച്ചാല്‍ ഞങ്ങള്‍ അടുത്ത റൂമിലുണ്ടെന്ന് പറഞ്ഞാല്‍ മതി'.

കോവിഡ് കാലത്ത് കൂട്ടിരിപ്പുകാര്‍ക്ക് പരിമിതികളുള്ളതിനാല്‍ അവരോട് മറുത്തൊന്നും പറയാന്‍ നിന്നില്ല. ആ അമ്മയുടെ പരിചരണം ഞങ്ങള്‍ ഏറ്റെടുത്തു. ഇടയ്ക്കിടെ മക്കളെ കുറിച്ച് ചോദിക്കും. അപ്പുറത്തെ മുറിയിലുണ്ട് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. ഇതിനിടയില്‍ അവര്‍ ഒരു കൂട്ടിരിപ്പുകാരിയെ പുറമെ നിന്ന് ഏര്‍പ്പാട് ചെയ്തിരുന്നു. വിദേശത്തുള്ള മകന്‍ അവരുടെ ഫോണിലേക്ക് വിളിച്ച് അമ്മയുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ചോദിക്കും. അധികം ഫീച്ചേഴ്സ് ഒന്നുമില്ലാത്ത സാധാരണ ഫോണായിരുന്നതിനാല്‍ ഇടയ്ക്ക് അദ്ദഹം എന്റെ നമ്പര്‍ വാങ്ങിച്ചു. അമ്മയെ ഫോണില്‍ ലൈവ് കാണിച്ച് കൊടുക്കാന്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. വിദേശത്തുള്ള മകനും ഭാര്യയും മക്കളുമെല്ലാം ലൈവില്‍ വരും. വലിയ സങ്കടമായിരുന്നു അവര്‍ക്ക്.

ഇതിനിയില്‍ അമ്മയുടെ അവസ്ഥ ഗുരുതരമായി മാറിത്തുടങ്ങി. ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പരിണമിച്ചു. അന്നും ലൈവില്‍ മകന്റെ വിളി വന്നു. അമ്മയെ കണ്ടപ്പോള്‍ മുഖത്തെ ബൈ പാപ്പ് മാസ്‌ക് ഊരി മകന് വേണ്ടി അല്‍പ്പം വെള്ളം കൊടുക്കാമോ എന്ന് ചോദിച്ചു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. മരണം ഉറപ്പായ രോഗിയാണ്. മകന്റെ സ്ഥാനത്തിരുന്ന് അവന് വേണ്ടി ആ അമ്മയ്ക്ക് അവസാന തുള്ളി വെള്ളം നല്‍കണം. വിറയ്ക്കുന്ന കരങ്ങളോടെ ഞാനത് ചെയ്തു. അപ്പുറത്ത് മകന്റെയും, ഭാര്യയുടേയും മക്കളുടേയും ഏങ്ങിക്കരച്ചിലിന്റെ ശബ്ദം, അത്ര അടക്കിപ്പിടിച്ചിട്ടും ഞങ്ങളും കരഞ്ഞ് പോയി. അല്‍പ്പ സമയത്തിനകം തന്നെ അമ്മയുടെ ജിവന്‍ നഷ്ടപ്പെട്ടു. പിന്നീട് ബോഡി പാക്ക് ചെയ്യുന്നതുള്‍പ്പെടുയുള്ള കാര്യങ്ങളും വീഡിയോയിലൂടെ മകന് കാണിച്ച് കൊടുത്തു. ബോഡി വിട്ടുകൊടുത്തു.

പക്ഷെ അപ്പോഴും അടുത്ത മുറിയിലുണ്ടാകുമെന്ന് പറയാന്‍ പറഞ്ഞ് പോയ നാട്ടിലുള്ള രണ്ട് മക്കളും ഒരു തവണപോലും അമ്മയെ കാണാന്‍ വന്നിരുന്നില്ല. ബോഡി പാക്ക് ചെയ്ത് കൈമാറുമ്പോഴും എന്റെ കണ്ണുകള്‍ അവരെ തിരഞ്ഞിരുന്നു.....

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഹെഡ് നഴ്‌സാണ് ലേഖിക)

Content Highlights: World Nurses Day 2021 A Nurse share a memory about her service