ഴ്‌സ്, സിസ്റ്റര്‍, ബ്രദര്‍ ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നവര്‍. എനിക്കിവരെ ഉപമിക്കാന്‍ തോന്നുന്നത് മാലാഖയോടല്ല മറിച്ച് ഭൂമിയോടാണ്. ക്ഷമയുടെ നെല്ലിപ്പടി ഒന്നല്ല ഒരു പാട് തവണ കണ്ടിട്ടുള്ളവര്‍. സഹാനുഭൂതിയുടെ നിറകുടം തുളുമ്പുന്നവര്‍. ഇതൊന്നും അതിശയോക്തിയല്ല. ആശുപത്രിയില്‍ ഡോക്ടര്‍മാരായോ, വേറെ ജോലിക്കാരായോ, രോഗികളായോ പോകുന്ന എല്ലാവര്‍ക്കും അറിയാവുന്ന യഥാര്‍ഥ്യമാണ്. ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ നില്‍ക്കുന്നവര്‍ മാത്രമല്ല നഴ്‌സുമാര്‍ എന്ന് ഈ കോവിഡ് മഹാമാരിയുടെ സമയത്ത് മനസ്സിലാക്കാത്തവര്‍ വിരളം. 
 
എന്റെ അനുഭവങ്ങള്‍ രണ്ടു വിഭാഗത്തില്‍ പെട്ട നഴ്‌സുമാരുമായാണ്.ഒരു 14 വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം വര്‍ഷ ഡോക്ടര്‍ പഠനത്തിന്റെ സമയം മുതലാണ് എനിക്ക് ഇവരോട് അടുത്ത് ഇടപഴകാനുള്ള അവസരം ലഭിക്കുന്നത്. ബി.പി. എടുക്കാന്‍ ഒന്നാം വര്‍ഷം പഠിപ്പിക്കും. എന്നാല്‍ അതിന്റെ പ്രാക്ടിക്കല്‍ ആപ്ലിക്കേഷന്‍ നടക്കുന്നത് അടുത്ത വര്‍ഷം വാര്‍ഡില്‍ എത്തുമ്പോഴാണ്. അവിടെ നഴ്‌സില്‍ ഞാന്‍ കണ്ടത് ഒരു അധ്യാപികയെ ആണ്. ഹൗസ് സര്‍ജന്‍സി സമയം ഒരു വര്‍ഷക്കാലം ഇവര്‍ നമ്മുടെ സന്തത സഹചാരിയാകുന്നു. ദിവസവും നൂറുകണക്കിന് ഒ.പി. നോക്കുമ്പോഴും, നിറഞ്ഞു കവിഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ ജോലി ചെയ്യുമ്പോഴും, പലപ്പോഴും ദിനരാത്രങ്ങള്‍ നീണ്ട അത്യാഹിത വിഭാഗത്തിലെ ജോലിത്തിരക്കിലും 'ഡോക്ടര്‍ ജീ' എന്നുള്ള ഒരു വിളി കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു ആത്മവിശ്വാസവും എനര്‍ജിയും ഉണ്ട്. എന്തൊക്കെ സംഭവിച്ചാലും ഞങ്ങളുണ്ട് കൂടെ എന്നവര്‍ പറയാതെ പറയുന്ന ഒരു ആത്മവിശ്വാസം. അതാണ് എന്നെ പലപ്പോഴും ഏതു സാഹചര്യത്തിലും തളരാതെ നിര്‍ത്തിയിട്ടുള്ളത്. 
 
രോഗീ പരിപാലനത്തില്‍ മാത്രമല്ല അവരുടെ ശ്രദ്ധ നമ്മളെയും അവര്‍ പരിപാലിക്കാറുണ്ട്. ഇവിടെ കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായാലും അങ്ങ് കര്‍ണ്ണാടകത്തിലെ ജെ.ജെ.എം. മെഡിക്കല്‍ കോളേജിലായാലും ഇവരുടെ കരുതല്‍ അത് ഇഞ്ചക്ഷന്‍ വെക്കാന്‍ പഠിപ്പിക്കുന്നത് മുതല്‍ തിരക്കിനിടയില്‍ ഭക്ഷണം കഴിക്കാന്‍ മറന്നിരിക്കുമ്പോള്‍ സ്വന്തം ഭക്ഷണം ഷെയര്‍ ചെയ്യുന്നത് വരെ നീളുന്നു. എന്നാല്‍ ഇവര്‍ തളരുമ്പോള്‍ ഇത്രയും കരുതലുമായി കൈത്താങ്ങായി നമ്മള്‍ ഉണ്ടാവാറുണ്ടോ എന്നു എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും.
 
തുടര്‍ച്ചയായ ഡ്യൂട്ടി സമയങ്ങളില്‍ ഇവര്‍ പലപ്പോഴും നാം അറിയാതെ നമ്മുടെ കുടുംബം ആയി മാറുന്നു. ഇങ്ങനെ ആശുപത്രികളില്‍ ഒരുങ്ങുന്ന നഴ്‌സ് ജീവിതം കണ്ട് ശീലിച്ച എനിക്ക് ആദ്യ ജോലി ലഭിക്കുന്നത് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പി.പി. യൂണിറ്റില്‍ ആണ്. അവിടെ വെച്ചാണ് കമ്മ്യൂണിറ്റി മെഡിസിന്‍ സമയത്ത് കുറച്ച് സമയം മാത്രം കണ്ടറിഞ്ഞ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്ന വിഭാഗം നഴ്‌സുമാരുമായി അടുത്ത് ഇടപഴകുന്നത്. 8-10 നഴ്‌സുമാരടങുന്ന ഒരു ടീമിന്റ ചാര്‍ജ് ഈ ഇപ്പോള്‍ പഠിച്ചിറങ്ങിയ എന്റെ തലയില്‍. കമ്മ്യൂണിറ്റി മെഡിസിന്‍ പുസ്തകം പഠിച്ച അത്രയും സിംപിള്‍ അല്ല കമ്യൂണിറ്റിയിലേക്ക് ഇറങ്ങി പണിയെടുക്കുമ്പോള്‍ എന്നു മനസ്സിലാക്കി തന്നത് ഇവരാണ്. വാക്‌സിനേഷന്‍ സെഷനുകള്‍, വീടുകളില്‍ കയറിയുള്ള ബോധവല്‍ക്കരണം, പള്‍സ് പോളിയോ എന്നീ ജോലിഭാരം ലഘൂകരിച്ചത് മഞ്ചേരിയിലെയും പിന്നീട് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെയും എന്റ സഹപ്രവര്‍ത്തകരായിരുന്ന ജെ.പി.എച്ച്.എന്‍.(JPHN)/ ജെ.എച്ച്.ഐ. (JHI/HI)/ എല്‍.എച്ച്.ഐ.(LHI) മാരാണ്. ഇവരും നഴ്‌സുമാര്‍ തന്നെ. രാവിലെ മുതല്‍ മിക്ക ദിവസങ്ങളിലു ഫീല്‍ഡ് വര്‍ക്കും പിന്നെ വൈകുന്നേരം വരെയുള്ള മീറ്റിങ്ങ്, റെക്കോഡ് വര്‍ക്ക് എല്ലാത്തിലും ഒരുമിച്ചായതു കൊണ്ടാവാം ഇവിടെ എനിക്ക് ഒരു അധ്യാപികയായും, മേല്‍ പറഞ്ഞ പോലെ ഭക്ഷണം തരുന്ന രക്ഷകര്‍ത്താവായും, ഫീല്‍ഡ് വര്‍ക്കിനിടയില്‍ തളരുമ്പോള്‍, ഒരു കൈത്താങ്ങായും ഒന്നര വര്‍ഷം കൂടെ ഉണ്ടായിരുന്ന എന്റെ ഒരു സഹപ്രവര്‍ത്തക ആയിരുന്ന എന്റെ എല്‍.എച്ച്.ഐ. ഇപ്പോഴും ഒരു കുടുംബ സുഹൃത്തായി തുടരുന്നു.

Dr. Soumya

ഇതിവിടെ കേരളത്തില്‍ മാത്രമല്ല. ഇവിടെ നിന്ന് പി.ജി. പഠിക്കാന്‍ ചെന്ന് എത്തിയത് കന്നട എന്താണെന്ന് ഒരു ബോധവും ഇല്ലാത്ത കര്‍ണാടകത്തിലാണ്. അവിടെ ഡ്യൂട്ടിക്കിടയില്‍ എന്റെ നഴ്‌സുമാര്‍ ഭാഷാ പരിവര്‍ത്തകരായി. ഭാഷയറിയാത്ത എന്നെ അസുഖം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ രോഗിയുടെ കൂട്ടാളികളായി. താമസിക്കാനുള്ള സ്ഥലം ഭക്ഷണം കഴിക്കാനുള്ള കടകള്‍ ഇവയൊക്കെ പറഞ്ഞു തന്ന് എന്റെ വഴികാട്ടികളായി. രോഗികളുടെ കൂട്ടിരിപ്പുകാര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ എന്റ കാവല്‍ക്കാരായി, രക്ഷകരായി. ഇങ്ങനെ കഴിഞ്ഞ പതിനാലു വര്‍ഷമായി ദിനചര്യയുടെ ഭാഗമായി മാറി നഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ 'ദൈവത്തിന്റെ ദൂതര്‍'. അതെ. പ്രായഭേദമന്യേ, ജാതിമത ഭേദമെന്യേ ആശുപത്രിക്കിടക്കകളില്‍ എത്തുന്ന രോഗികളെ പരിചരിക്കുമ്പോഴും അവരുടെ കൂട്ടിരിപ്പുകാരുടെ സങ്കടവും സന്തോഷവും, പരാതികളും, പരാധീനതകളും ക്ഷമയോടെ കേള്‍ക്കുമ്പോഴും ഇതിന്റെ ഇടയില്‍ എന്നെ പോലുള്ള ഡോക്ടര്‍മാരെ എല്ലാ തരത്തിലും സഹായിക്കുമ്പോഴും ഇവരെ വിളിക്കാന്‍ തോന്നുന്നു ദൈവ ദൂതര്‍ എന്ന്. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടങ്ങി പിന്നീട് മഞ്ചേരി ജനറല്‍ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാശുപത്രി, ജെ.ജെ.എം. മെഡിക്കല്‍ കോളേജ്, എം. ഇ.എസ് മെഡിക്കല്‍ കോളേജ് ഇന്ന് മൗലാന ആശുപത്രി വരെ എത്തി നില്‍ക്കുന്ന എന്റെ ആതുര സേവന ജീവിതത്തില്‍ നിസ്സംശയം പറയാനാവും നഴ്‌സുമാര്‍ ദൈവദൂതരാണെന്ന്. ഭൂമിയോളം ക്ഷമയുള്ള ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍. എല്ലാ നഴ്‌സുമാര്‍ക്കും നഴ്‌സസ് ദിന ആശംസകള്‍. നന്ദി. ഒരു നിഴലായി കൂടെ നില്‍ക്കുന്നതിന്. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയേയും കീഴ്‌പെടുത്താം.

(പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: World Nurses Day 2021, A Doctor shares her work experience with Nurses, Health