കൊല്ലം: ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ഥികളുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ 29.6 ശതമാനം പേര്‍ വിവിധയിനം പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. പത്തുശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നവരാണ്. ആണ്‍കുട്ടികളാണ് പുകയിലയും മദ്യവും ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളിലാരും ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയില്ല. റീജണല്‍ കാന്‍സര്‍ സെന്റും നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്നാണ് പഠനം നടത്തിയത്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖലയിലെ 15 തിരഞ്ഞെടുത്ത ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലാണ് സര്‍വേ നടത്തിയത്. 2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു സര്‍വേ. ആകെ 5678 കുട്ടികളിലാണ് സര്‍വേ നടത്തിയത്. അതില്‍ 2567 ആണ്‍കുട്ടികളും 3111 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 2567 ആണ്‍കുട്ടികളില്‍ 760 പേര്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ 308 പേര്‍ ഒന്നിലധികം പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു (41 ശതമാനം). കൂടുതല്‍പേരും സിഗററ്റും പാന്‍മസാലയുമാണ് ഉപയോഗിക്കുന്നത്. ആണ്‍കുട്ടികളില്‍ 253 പേര്‍ മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.

1819പേര്‍ വീട്ടിലുള്ളവരോ അടുത്ത ബന്ധുക്കളോ പുകവലിക്കുന്നവരാണെന്ന് വ്യക്തമാക്കി. 1420 പേര്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ മദ്യപിക്കുന്നവരാണെന്ന് സമ്മതിച്ചു. 40 ശതമാനം പേര്‍ തമാശയായാണ് പുകവലി ആരംഭിച്ചതെങ്കില്‍ 18 ശതമാനം പേര്‍ക്ക് വീട്ടിലുള്ളവരോ സിനിമാതാരങ്ങളോ പ്രചോദനമായിട്ടുണ്ട്. 12 ശതമാനം പേര്‍ കാമ്പസില്‍ ഹീറോ ആകാനും. പുകയിലയും പുകയില ഉത്പന്നങ്ങളും സ്‌കൂള്‍ പരിസരത്ത് ലഭ്യമാണെന്ന് 2347 പേര്‍ പറഞ്ഞു. സ്‌കൂളില്‍ത്തന്നെ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെന്ന് 1064 പേര്‍ വെളിപ്പെടുത്തി.

ആര്‍.സി.സി.യിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും കൊച്ചിന്‍ കാന്‍സര്‍ സെന്ററിലെ സൂപ്രണ്ടുമായ ഡോ. പി.ജി.ബാഗഗോപാലിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ. ആര്‍.സി.സി.ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.ജയകൃഷ്ണന്‍, സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നെബു ജോര്‍ജ് എന്നിവര്‍ സര്‍വേയില്‍ പങ്കെടുത്തു.

ആര്‍.സി.സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ മാര്‍ഗനിര്‍ദേശം നല്‍കി. നാഷണല്‍ സര്‍വീസ് സ്‌കീം കമ്മിറ്റി അംഗം എം.മഹേഷ്ചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ സര്‍വേയ്ക്ക് നേതൃത്വം നല്‍കി.