വിരമിക്കാനുള്ള അവസാന മണിക്കൂറിലും ശശിധരന്‍ ഡോക്ടര്‍ തിരക്കിലാണ്. ഫയലുകളില്‍ നിന്ന് കയ്യെടുക്കാതെ, തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കസേരയില്‍ ഇരുന്ന് താന്‍ ഇന്ന് വിരമിക്കാനുള്ളയാളാണെന്ന ലാഞ്ജനപോലും മുഖത്തില്ലാതെ തിരക്കോട് തിരക്ക്. ഈ തിരക്കും സംഗീതവും പൂന്തോട്ടവും രോഗികളും വിദ്യാര്‍ഥികളും എല്ലാം കൂടിയതാണ് വി.എ ശശിധരന്‍ എന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനകീയ ഡോക്ടറും പ്രിന്‍സിപ്പലും. പുകയില വിരുദ്ധ ദിനം കൂടിയായ ബുധനാഴ്ചയാണ് മുപ്പത്തിയൊന്ന് വര്‍ഷത്തെ അധ്യാപന ജോലിക്ക് ശേഷം മെഡിക്കല്‍ കോളേജിനോടും വിദ്യാര്‍ഥികളോടും രോഗികളോടും വിടപറഞ്ഞ് ശശിധരന്‍ ഡോക്ടര്‍ ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിക്കുന്നത്. 

പാരമ്പര്യ നാട്ടു വൈദ്യകുടുംബത്തില്‍ നിന്നും പുറത്ത് ചാടി 1976 മുതല്‍ അലോപ്പതി രംഗത്ത് കടന്ന് വന്നയാളാണ് ഈ ഡോക്ടര്‍. എത്തുന്നയിടത്തെല്ലാം ജനകീയതയുടെ മുഖം മാത്രമുള്ള അപൂര്‍വ്വ ഭിഷഗ്വരന്മാരില്‍ ഒരാള്‍.  ആശുപത്രികളെയും രോഗികളെയും സ്വന്തമെന്ന് കരുതി വര്‍ഷങ്ങളായി ജീവിതം മാറ്റിവെച്ചയാള്‍. ഏതൊരു വൈദ്യ വിദ്യാര്‍ഥിക്കും പാഠമാക്കാവുന്ന യഥാര്‍ഥ അധ്യാപകന്‍. ഒടുവില്‍ വിടപറയുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹം ബാക്കിയാക്കുന്നത് താന്‍ നട്ടുവളര്‍ത്തിയ പേരയ്കാ മരങ്ങളെയും സുന്ദര ചിരിയോടെ തനിക്ക് വിടനല്‍കാനെന്നോണം പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെടികളെയും മാത്രമാണ്. 

ഏറെ സ്വപ്നങ്ങളോടെ സ്വന്തം നാട്ടിലെ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലായി എത്തിയ ശശിധരന്‍ മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജുമായി ചേര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്നാണ് പടിയിറങ്ങുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാതൃഭൂമിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാനാവുമെന്ന് ഡോക്ടര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. അത് സാക്ഷാത്കരിക്കട്ടെ എന്ന പ്രാര്‍ഥനയാണ് അദ്ദേഹത്തിനുള്ളത്.

1976 ല്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആയിട്ടാണ് ശശിധരന്‍ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നത്. അന്നു മുതല്‍ മെഡിക്കല്‍ കോളേജുമായുള്ള ആത്മബന്ധത്തിന് തല്‍ക്കാലം വിടനല്‍കുന്നത് ജനകീയ പ്രിന്‍സിപ്പല്‍ എന്ന പേര് സമ്പാദിച്ച്. ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിരമിച്ചെങ്കിലും സംഗീതവുമായുള്ള തന്റെ ബന്ധത്തിനോട് ഒരിക്കലും വിടപറയില്ലെന്ന് ഡോക്ടര്‍ പറയുന്നു. ഡോക്ടര്‍മാരായ ഭാര്യയും മകനും അടങ്ങുന്ന വള്ളിക്കുന്നിലെ വീട്ടില്‍ തന്നെ കാണാനെത്തുന്നവരെയും കാത്ത് സംഗീതത്തെയും സ്‌നേഹിച്ച് ഇനിയും ശശിധരന്‍ ഡോക്ടറുണ്ടാവും.