നമുക്കിടയിലെ പത്തിലൊരാളുടെ മരണത്തിനിടയാക്കുന്ന മാരകവിഷമാണ്‌ പുകയില. ഉപയോഗിക്കുന്നവരിൽ പകുതിപ്പേരെയും കൊന്നൊടുക്കുന്ന പുകയില ഓരോ മിനിട്ടിലും ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്നു. സാക്ഷരതയിലും ശുചിത്വത്തിലും ആരോഗ്യരംഗത്തുമൊക്കെ മുൻപിലെന്ന്‌ അഭിമാനിക്കുന്ന നമ്മുടെ സ്ഥിതി ആശങ്കാജനകമെന്ന്‌ വ്യക്തം.

 ഇന്ന്‌ ഇന്ത്യയിൽ അർബുദ ചികിത്സയ്ക്കെത്തുന്നവരിൽ നാൽപ്പതു ശതമാനം പേരിലും ഈ രോഗമുണ്ടാകാൻ ഒരേയൊരു കാരണമേയുള്ളൂ.അത്‌ പുകയിലയാണ്‌. അർബുദം മൂലമുള്ള മരണങ്ങളിൽ, മുപ്പത്‌ ശതമാനവും പുകയിലയുടെ ഉപയോഗം മൂലമുള്ളതാണ്‌. പ്രധാനമായും നാവ്‌,  വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാൻക്രിയാസ്‌, കരൾ, വൃക്ക, മൂത്രനാളി,  മൂത്രസഞ്ചി എന്നിവിടങ്ങളിലാണ്‌ പുകവലിമൂലം അർബുദമുണ്ടാകാൻ സാധ്യത.

ഇന്ത്യൻ ജനതയുടെ മൂന്നിലൊരു ഭാഗം പുകയില ഉപയോഗിക്കുന്നുണ്ടെന്ന്‌ ഗ്ലോബൽ അഡൽട്ട്‌ ടുബാക്കോ സർവേ വ്യക്തമാക്കുന്നു. പുകവലിയിലൂടെ മരണപ്പെടുന്നവരിൽ പകുതിയും  മദ്ധ്യവയസ്കരാണ്‌. ചെറുപ്പക്കാരെ പുകയില കൊന്നൊടുക്കുന്നത്‌ കൂടുതലായും ഹൃദ്രോഗത്തിലൂടെയാണ്‌.

മുപ്പതിനും  അൻപതിനും ഇടയിൽ പ്രായമുള്ള പുകവലിക്കാരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ അഞ്ചിരട്ടിയാണ്‌. ഹൃദയ, ധമനീരോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ മികവുറ്റ മാർഗ്ഗം പുകയില ഉപയോഗിക്കാതിരിക്കുക എന്നതാണ്‌. പുകയിലയുടെ ഉപയോഗം രക്തക്കുഴലുകളിൽ വിള്ളലും വീർക്കലും കൈകാലുകളിലേക്ക്‌ രക്തയോട്ടം കുറയൽ (പെരിഫെറൽ വാസ്‌കുലാർ ഡിസീസ്‌), പക്ഷാഘാതം എന്നിവയ്ക്കും കാരണമാകും. 

പുകവലി പ്രത്യുത്‌പാദനശേഷി കുറയ്കുകയും പുരുഷന്മാരിൽ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യും. പുകവലിക്കാരായ സ്ത്രീകൾക്ക്‌ ജനിക്കുന്ന കുഞ്ഞുകൾക്ക്‌ തൂക്കക്കുറവുണ്ടാകും. കുഞ്ഞുങ്ങളിലെ അണ്ണാക്കിൽ വിടവ്‌ ഉണ്ടാകാനും അമ്മയുടെ പുകവലി കാരണമാകും.

പുകവലിക്കുന്നവരുമായുള്ള സാമീപ്യംമൂലം പുകവലിക്കാത്തവർ ഇതിന്റെ പുക ശ്വസിക്കാനിടവരുന്ന അവസ്ഥയാണ്‌ നിഷ്‌ക്രിയ  പുകവലി. കത്തുന്ന സിഗററ്റിന്റെയും ബീഡിയുടെയും അറ്റത്തുനിന്ന്‌ വമിക്കുന്ന പുകയിൽ, പുകവലിച്ചയാൾ ഉള്ളിലേക്കു വലിച്ചെടുക്കുന്നതിനേക്കാൾ മൂന്നുമുതൽ പത്തുമടങ്ങുവരെ കൂടുതൽ വിഷാംശം അടങ്ങിയിരിക്കുന്നു. നിഷ്‌ക്രിയ പുകവലി ശ്വാസകോശ കാൻസറിനുള്ള സാധ്യത മുപ്പത്‌ ശതമാനത്തോളം വർദ്ധിപ്പിക്കുന്നു. ഇത്‌ കുഞ്ഞുങ്ങളിൽ ആസ്മയുണ്ടാക്കാനും ഉള്ളത്‌ വർദ്ധിപ്പിക്കാനും കാരണമാകുന്നു. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും പുകവലിപോലെ അപകടകരമാണ്‌.

ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിട്ടുള്ള പുകയിലയിൽ അറുപത്തിയൊൻപതോളം കാൻസർ ജന്യഘടകങ്ങളുമുണ്ട്‌. നിക്കോട്ടിൻ, ടാർ ബെൻസോപൈറീൻ, കാർബൺ മോണോക്സൈഡ്‌, ബെൻസീൻ, ഹൈഡ്രജൻ സയനൈഡ്‌ എന്നിവ അവയിൽ ചിലതുമാത്രം. പാൻ മസാലയിലാകട്ടെ അവയുടെ കവറുകളിൽ എഴുതിയിരിക്കുന്ന വസ്തുക്കൾക്കുപുറമേ നിക്കൽ മുതലായ വിഷലോഹങ്ങൾ, കീടനാശിനി ഘടകങ്ങൾ, ചില്ലുപൊടി എന്നിവയും കണ്ടെത്തിയിട്ടുണ്ട്‌.

 
ഇന്ന്‌ ലോകത്ത്‌ 43 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ പുകയില കൃഷി നടക്കുന്നുണ്ട്‌. ഏകദേശം നാലു ശതമാനത്തോളം വനനശീകരണത്തിനിടയാക്കുന്ന പുകയിലക്കൃഷി വൻതോതിൽ കീടനാശിനികളും വളവും അനിവാര്യമായതുകൂടിയാണ്‌. മാലിന്യംകൊണ്ട്‌ പൊറുതി മുട്ടിയിരിക്കുന്ന ലോകത്തിന്‌ പുകയില ഉത്‌പാദനം അവശേഷിപ്പിക്കുന്നത്‌ ഏകദേശം 20 ലക്ഷം ടൺ ഖരമാലിന്യമാണ്‌. 
പുകയിലയുടെ ഉപയോഗം, അത്‌ ഏത്‌ രൂപത്തിലായാലും  തീർത്തും അപകടകരം തന്നെയാണ്‌. പുകവലിക്കുന്നയാളിൽ നിന്നും നിർഗമിക്കുന്ന പുക ശ്വസിക്കുന്നതുവഴി മാത്രം  ലോകത്ത്‌ വർഷം തോറും ആറുലക്ഷം പേർ മരിക്കുന്നു. 


പുകയിലയുണ്ടാകുന്ന ദുരിതത്തിന്റെയും അത്‌ കുടുംബത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിതിക്കുണ്ടാക്കുന്ന ഭീഷണിയേയും മുൻനിർത്തി ഇക്കൊല്ലത്തെ പുകയില വിരുദ്ധദിനാചരണത്തിന്‌ ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന സന്ദേശം- ‘പുകയില- വികസനത്തിന്‌ വെല്ലുവിളി’ എന്നതാണ്‌. ഈ സന്ദേശം നാം തിരിച്ചറിയുകയും  പുകയിലയുടെ ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കുകയും വേണം.

- ഡോ.പ്രശാന്ത്‌ സി.വി.
റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം