''ആളുകള്‍  വന്നു വന്ന് എന്നെ ഇപ്പോള്‍ വിളിക്കുന്നത്  'ശ്വാസകോശം ഗോപന്‍' എന്നാണ് . അത്രയ്ക്കുണ്ട് പുകവലിയെ  കുറിച്ചുള്ള ആ  പരസ്യം കൊണ്ടുവന്ന പ്രശസ്തി. തീയറ്ററില്‍ പോയി സിനിമ കണ്ടവര്‍, ടി.വി യില്‍ കണ്ടവര്‍. ആരും  മറക്കില്ല. കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം. ഇപ്പോള്‍ മിമിക്രിയിലും ഒരു പാട് പേര്‍ അനുകരിക്കുന്നുണ്ട്' ചിരപരിചിതമായ ആ ശബ്ദത്തില്‍ ചിരിയോടെ ഗോപന്‍.

അനന്തപുരിയില്‍ നിന്ന് ദില്ലിയ്ക്ക്

തിരുവനന്തപുരത്തെ റോസ് കോട്ട്   എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം.സി.വി.രാമന്‍പിള്ളയുടെ  പൗത്രന്‍( മകളുടെ മകളുടെ മകന്‍). അടൂര്‍ഭാസിയും ഇ.വി.കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കള്‍. പക്ഷേ കലയും സാഹിത്യവുമായിരുന്നില്ല ഗോപന്റെ മുന്നില്‍ തെളിഞ്ഞത്. എം.എ. പഠിച്ചിറങ്ങിയപ്പോള്‍ ചരിത്രാധ്യാപകനാകാനായിരുന്നു  മോഹം. അന്ന് സര്‍ദാര്‍ കെ.എം.പണിക്കര്‍ കാശ്മീര്‍ സര്‍വ്വകലാശാല വൈസ് ചാര്‍സലറാണ്. അദ്ദേഹത്തെ പരിചയമുണ്ട്. അവിടെ ഒരു   ഒഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞുഅതു പ്രകാരം ദല്‍ഹിയിക്ക് തീവണ്ടി കയറി . പക്ഷേ, അപ്പോഴേയ്ക്കും അദ്ദേഹത്തിന് മൈസൂര്‍ സര്‍വ്വകലാശാലയിലേയ്ക്ക് മാറ്റമായി. നാട്ടിലേയ്ക്ക് ഉടന്‍ മടങ്ങാന്‍വയ്യ. തല്‍ക്കാലത്തേയ്ക്ക് ഡല്‍ഹിയില്‍  നിഖില്‍ ചക്രവര്‍ത്തിയുടെ മെയിന്‍സ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തില്‍ ഗോപന്‍ ജോലിയ്ക്ക് പോയിത്തുടങ്ങി.അപ്പോഴാണ് ഡല്‍ഹി ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സര്‍/ട്രാന്‍സലേറ്റര്‍ തസതികയിലേയ്ക്ക് ആളെ വിളിക്കുന്നത്.

Gopan 2
ഭാര്യ രാധ മകന്‍ പ്രമോദ്(നടുവില്‍) എന്നിവര്‍ക്കൊപ്പം ഗോപന്‍

 

പുകച്ചു തള്ളിയ വര്‍ഷങ്ങള്‍

പണ്ട്, ഗോപന്‍ നന്നായി പുക വലിച്ചിരുന്ന കാലമുണ്ടായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ 1958ല്‍ തുടങ്ങിയതാണ് ദുശ്ശീലം. ബീഡിയില്‍ തുടങ്ങി   സിഗറററ്. ഇടയ്ക്ക് ഒരു ഗമയ്ക്ക് പൈപ്പ്. പലതും നോക്കി. ഒടുവില്‍ 33 വര്‍ഷത്തെ ശീലം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് 1993 ല്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടക്കുമ്പോഴാണ്. ചെറിയ ദേഹാസ്വാസ്ഥ്യം വന്നപ്പോഴാണ് ആശുപത്രിയില്‍ പോയി പരിശോധിച്ചത്. ഹൃദയത്തില്‍ മൂന്ന്  ബ്ലോക്ക് കണ്ടെത്തി. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയായിരുന്നു. ആശുപത്രി വിട്ടതും പുകവലി നിര്‍ത്തി.

''സര്‍ജറിയ്ക്ക മുന്‍പ് വലിയ   പേടിയായിരുന്നു, ശസ്ത്രക്രിയ നടത്തിയാല്‍ ശബ്ദം പോകുമോയെന്ന്. അത് ഡോക്ടറോട് ചോദിച്ചു കൊണ്ടിരുന്നു. ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് അവര്‍ ധൈര്യം തന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ ആദ്യം നോക്കിയത് ശബ്ദമില്ലേ എന്നാണ്. അതു പോയാല്‍ എല്ലാം തീര്‍ന്നില്ലേ. നമ്മുടെ അന്നമല്ലേ..''

ശബ്ദം തന്നെ ജീവിതം

''പുകവലിയുടെയും പുകയില ഉപയോഗത്തിന്റെയും ദോഷവശങ്ങള്‍ പറയുന്ന 10 പരസ്യങ്ങള്‍, ഭയം ജനിപ്പിക്കുന്ന സ്വരത്തിലാണ് അതെല്ലാം പറഞ്ഞിരിക്കുന്നത്. കാണിക്കുന്ന ദൃശ്യങ്ങളും അങ്ങനെ തന്നെ.കണ്ടാല്‍ വെറുപ്പു തൊന്നിപ്പോകും.അങ്ങനെ തോന്നാനാണ് പരസ്യം.''

വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍

ആദ്യവാര്‍ത്ത വായന; എനിക്ക് അന്ന് 21 വയസാണ് പ്രായം..ഇതിലൊന്നും പരിചയമൊന്നുമില്ലല്ലോ. ആകെ  ചെയ്ത കാര്യം അഭിനയമാണ്.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവര്‍ത്തകാനായിരുന്നു. അന്ന് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. അടുത്ത സുഹൃത്തായിരുന്ന  കണിയാപുരം അടിമുടി കമ്മ്യൂണിസ്റ്റ്. അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പില്‍ നാടകം അവതരിപ്പിക്കാന്‍ പോകും. നാടകരചന കണിയാപുരമാണ്. പ്രസംഗവും ചെയ്യും. ഞങ്ങള്‍ അഭിനയം. ഒരിടത്ത് നാടകം അവതരിപ്പിച്ച് കഴിഞ്ഞാല്‍ മേക്കപ്പ് പോലും അഴിക്കാതെ അടുത്ത യോഗസ്ഥലത്തേയ്ക്ക്. ദിവസവും അനവധി നാടകങ്ങള്‍..''

 

ആകാശവാണിയും ന്യൂഡല്‍ഹിയും വലിയ രണ്ട് അനുഭവലോകങ്ങളായിരുന്നു. 

''ഡല്‍ഹി ആകാശവാണിയില്‍ അന്ന് 22 ഭാഷകളില്‍ പ്രക്ഷേപണമുണ്ട്. ശങ്കരനാരായണന്‍, എന്റെ അമ്മാവന്‍ റോസ് കോട്ട് കൃഷ്ണപിള്ള, ഓംചേരി. അവരൊക്കെയായിരുന്നു അന്ന് ആകാശവാണിയില്‍ അന്നുണ്ടായിരുന്നത്. ഗോപിനാഥന്‍ നായര്‍ എന്ന എന്റെ പേര് ഗോപനെന്നാക്കിയതും അവിടെ ചേര്‍ന്ന ശേഷമാണ്. വാര്‍ത്തവായനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍   ഒരുപാട് സംഭവങ്ങളുണ്ട്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മരിച്ച വാര്‍ത്ത,തിരഞ്ഞെടുപ്പ് ജയങ്ങളും,പരാജയങ്ങളും,ആര്യഭട്ടയുടെ വിക്ഷേപണം ഉള്‍പ്പടെ അനവധി ശാസ്ത്രനേട്ടങ്ങള്‍.തുടര്‍ച്ചയായി മുപ്പത്തൊമ്പതര  വര്‍ഷം  ആകാശവാണിയില്‍ തുടര്‍ച്ചയായി വാര്‍ത്ത വായിച്ചു.അത്  ഒരു റെക്കോഡാണ്.ഡല്‍ഹി ആകാശവാണി മലയാള വിഭാഗം മേധാവിയായിട്ടാണ് വിരമിച്ചത്.

Gopan
മധു, പി.ജെ കുര്യന്‍, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഗോപന്‍

കേന്ദ്ര സര്‍ക്കാരിന്റെമന്ത്രാലയങ്ങളുടെ പല പരസ്യങ്ങള്‍ക്കും ശബ്ദം നല്‍കുന്നത് ഗോപനാണ്.അത്തരം ചില റേഡിയോ അവതരണങ്ങളും ചെയ്യും.പതഞ്ജലിയുടെ പരസ്യങ്ങളുടെ പിന്നിലെ ശബ്ദവും മറ്റാരുമല്ല.ഡല്‍ഹിയിലെ മിക്ക മലയാളി കൂട്ടായ്മകള്‍ ഒരുക്കുന്ന പരിപാടികളുടെ അവതാരകനും ഗോപന്‍ തന്നെ. ശബ്ദം നല്‍കുന്ന ചില പരസ്യങ്ങള്‍ക്കും ലഘു ചിത്രീകരണങ്ങള്‍ക്കും മലയാളത്തില്‍ വിവര്‍ത്തനം എഴുതുന്നതു ഗോപനാണ്.     ദക്ഷിണ ഡല്‍ഹിയിലെ  കല്‍ക്കാജി എക്‌സ്‌ടെന്‍ഷനിലെ ഗോപന്റെ  ഫ്‌ലാറ്റി ലെ എഴുത്തും വായനയും ദിവസവും പുര്‍ച്ചെ രണ്ടര വരെ നീളും .പിന്നെയാണ് ഉറക്കം.അതാണ് ജീവിതരീതി.രാധയാണ് ഭാര്യ.ഏകമകന്‍ പ്രമോദ് ദല്‍ഹിയില്‍ ഐ ടി എഞ്ചിനീയറാണ്.

55 വര്‍ഷമായി ഡല്‍ഹിയിലെത്തിയിട്ട്. ജീവിതവും ഏറെ അനുഭവങ്ങളും  ഈ നഗരം നല്‍കി.റിട്ടയര്‍ ചെയ്ത് മിക്കവരും വെറുതെയിരിക്കുന്ന പ്രായത്തില്‍ തിരക്കോട് തിരക്കാണ് ഗോപന്. നിര്‍മാതാക്കള്‍ എന്നെ വിട്ടാല്‍ ഞാന്‍ ഡല്‍ഹി വിടും. നാട്ടിലേയ്ക്ക് ഒരു മടക്കം ഏതു പ്രവാസിയുടെയും സ്വപ്നമല്ലേ.'' ഗോപന്‍ ചിരിക്കുന്നു.പക്ഷേ,എല്ലാവര്‍ക്കും ഗോപനെ വേണം.ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. ഈ ശബ്ദവും..