റ്റവാക്കില്‍ ഒരിക്കലും നിര്‍വ്വചിക്കാന്‍ സാധിക്കാത്ത വാക്കാണ് മാനസിക ആരോഗ്യം. ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനമനുസരിച്ച്   'ആരോഗ്യം എന്നത് രോഗമോ, ബുദ്ധിമുട്ടുകളോ ഇല്ലാത്ത ശാരീരിക അവസ്ഥയല്ല മറിച്ച് മാനസികവും ശാരിരികവും സാമൂഹികവുമായി അനുഭവപ്പെടുന്ന പൂര്‍ണ്ണമായ സ്വാസ്ഥ്യമാണ് ആരോഗ്യം'. ഒന്നൂകൂടി വ്യക്തമായി പറഞ്ഞാല്‍ ഈ നിര്‍വ്വചനമനുസരിച്ച് മാനസിക ആരോഗ്യം എന്നത് മാനസികവൈകല്യങ്ങളുടെ അഭാവം മാത്രമല്ല എന്നര്‍ത്ഥം. 

ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം

ആതുര സേവന രംഗത്തെ ഇതര മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പരിഗണന അര്‍ഹിക്കേണ്ടതും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങുന്നതുമായ മേഖലയാണ് വ്യക്തിയുടെ മാനസികാരോഗ്യം. പൊതുവായ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ പലതരം മാനസികരോഗങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചിട്ടുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ ഈ മനോരോഗങ്ങള്‍ തിരിച്ചറിയാത്തത് കൊണ്ട് ഇവരുടെ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ വളരെ വലുതാണ്.

വിവാഹബന്ധം തകര്‍ന്നു പോയിട്ടുണ്ടാകും, നല്ല രീതിയില്‍ മുന്‍പിലേക്ക് പോയിരുന്ന വിദ്യാഭ്യാസം, മത്സര പരീക്ഷകള്‍ എന്നിവയില്‍ പിന്നോട്ടു പോയി, ചിലര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത്തരം നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഈ മനോരോഗങ്ങള്‍ മൂലമാണെന്ന് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.

കുറച്ചുകൂടി ഭീകരമായ മറ്റൊരു അവസ്ഥ കൂടി പങ്കുവെക്കട്ടെ. നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ആത്മഹത്യകളില്‍ 95 ശതമാനവും മാനസികരോഗങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. കുറച്ച് കൂടി വ്യക്തമായ മറ്റൊരു കണക്ക് കൂടിയുണ്ട് ലോകത്ത് ഓരോ 40 സെക്കന്റിലും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ മാനസികരോഗം മൂലം മരണപ്പെടുന്നു.

അതിഭീകരവും, അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുമായ സാഹചര്യമാണ് ഈ വിലയിരുത്തലുകള്‍ നമുക്ക് മുന്‍പിലേക്ക് തിരശ്ശീലമാറ്റിയെത്തുന്നത്. പക്ഷേ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ മറ്റ് അസുഖങ്ങള്‍ പരിഗണിക്കപ്പെടുന്നത്ര ഗൗരവത്തോടെ മാനസികരോഗം പരിഗണിക്കപ്പെടുന്നില്ല എന്നത് ഇപ്പോഴും യാഥാര്‍ത്ഥ്യമായി തന്നെ അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോകമാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തപ്പെടുന്നത്. ലോകമാകമാനം സംഘടിതമായ രീതിയില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മള്‍ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

മാനസികാരോഗ്യക്കുറവിന്റെ പ്രത്യാഘാതങ്ങള്‍

മുകളില്‍ പറഞ്ഞത് പോലെ വിവാഹ ബന്ധം വേര്‍പെടല്‍, വിദ്യാഭ്യാസപരമായ പ്രത്യാഘാതങ്ങള്‍, തൊഴില്‍ നഷ്ടം, മത്സരങ്ങളില്‍ പിന്നാക്കം പോവുക, ആത്മഹത്യ തുടങ്ങിയവയ്ക്ക് പുറമെ മറ്റ് ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ഈ അവസ്ഥ വ്യക്തികള്‍ക്കും സമൂഹത്തിനും സൃഷ്ടിക്കുന്നു. 

ലഹരിയുടെ ഉപയോഗം

മദ്യവും മയക്കുമരുന്നും പോലുള്ള ലഹരികള്‍ക്ക് അടിമപ്പെടുന്നവരില്‍ പ്രധാനപ്പെട്ട കാരണമാകുന്നത് മാനസികരോഗമാണ്. മാനസിക രോഗങ്ങള്‍ക്കു ചികിത്സ എടുക്കാതെ വരുമ്പോള്‍ ചിലര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുകയും അതിലൂടെ അവരുടെ മാനസിക പ്രയാസങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ അവരുടെ ശാരീരികാരോഗ്യം കുറയുന്നു. കണക്കുകള്‍ അനുസരിച്ചു 3 മില്യണിലധികം ആളുകള്‍ക്കു അവരുടെ ജീവന്‍ നഷ്ടപ്പെടുന്നു.

ഉത്പാദനശേഷി നഷ്ടപ്പെടല്‍

മാനസികമായി സമ്മര്‍ദ്ദമോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവിക്കുന്നര്‍ക്ക് ഉത്പാദന ശേഷി (productivity) നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഒരു ലക്ഷത്തില്‍ 2443 പേര്‍ക്ക് കൃത്യമായി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് പഠനങ്ങളുടെ സൂചനകള്‍. ഇവരുടെ നിഷ്‌ക്രിയത്വം അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും, ജോലി ചെയ്യുന്ന ഇടങ്ങളിലും ഒന്നുപോലെ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കാനിടയാക്കും. ജോലി നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കും അവസാനം എത്തിപ്പെടുകയും അതിന്റെ സ്വാഭാവികമായ പ്രത്യാഘാതം വളരെ വലുതായിരിക്കുകയും ചെയ്യും. 

ജീവന്‍ ഇല്ലാതാക്കല്‍

സ്വന്തം ജീവിതം ഇല്ലാതാക്കുന്നതിനെ കുറിച്ച് മാത്രമല്ല സമീപ നാളുകളില്‍ നമ്മുടെ നാട്ടിലെ ചില സംഭവങ്ങളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ് എത്തിച്ചേരപ്പെടുക. പ്രണയ നൈരാശ്യത്തിന്റെയും മറ്റും പേരില്‍ സമീപദിവസം നടന്ന കൊലപാതകങ്ങളുടെ കാരണം യഥാര്‍ഥത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന മാനസിക തകരാറുകളാണ്. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങള്‍ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി ചെലവഴിക്കുന്നതിന്റെ 10 ഇരട്ടിയോളം മാനസികാരോഗത്തിനായി ചെലവഴിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ മാനസികാരോഗ്യ മേഖല പൂര്‍ണ്ണമായും അവഗണിക്കപ്പെട്ട് കിടക്കുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ കൂടിയാണിത്. 

കോവിഡ് കാലത്തെ മാനസിക പ്രശ്നങ്ങള്‍

കോവിഡ് സൃഷ്ടിച്ച സാമൂഹികാന്തരീക്ഷത്തിലെ മാനസിക പ്രശ്നങ്ങള്‍ എത്ര പറഞ്ഞാലും തീരാത്തവയാണ്. പല തരത്തിലാണ് ഇത് പ്രകടമാകുന്നത്. 

ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന  ഒരു രോഗിയെ നമ്മള്‍ തെരുവില്‍ കണ്ടാല്‍ സഹായിക്കും പക്ഷേ തെരുവിലും മറ്റും അലഞ്ഞ് തിരിയുന്ന മാനസിക രോഗികളെ ആരും തിരിഞ്ഞ് നോക്കാത്ത സാഹചര്യം വന്നു.  കോവിഡുമായി ബന്ധപ്പെട്ട മറ്റ് മാനസിക ബുദ്ധിമുട്ടുകള്‍ ഇനി പറയുന്നു.

ഭയം, ദേഷ്യം, ദുഖം, വിഷാദം, ആകാംക്ഷ, നിരാശ, ശോധന, ഊര്‍ജ്ജസ്വലത മുതലായവയില്‍ മാറ്റങ്ങളുണ്ടാവുക, ശ്രദ്ധ നഷ്ടപ്പെടുകയും തീരുമാനങ്ങളെടുക്കാനാവാതെയും വരിക, നിദ്രാനഷ്ടം, ദുസ്വപ്നങ്ങള്‍, തലവേദന, ശരീരവേദന, ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍
പുകവലി, മദ്യം, ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ അമിത ഉപയോഗം. ജോലി നഷ്ടപ്പെടുമോ, കോവിഡ് വന്നാല്‍ മരണപ്പെടുമോ എന്ന ഭയം എന്നിവ കോവിഡ് കാലത്തെ മാനസിക പ്രശ്‌നങ്ങളാണ്. ഇതിനു പുറമെ കോവിഡ് കാലത്ത് മാനസിക ആരോഗ്യത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ ശാരീരിക ആരോഗ്യത്തിനു നല്‍ കിയതോടെ മാനസികരോഗ്യ മേഖല പിന്നോട്ടായി. എത്രയും പെട്ടെന്ന് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മാനസിക രോഗ വിദഗ്ദ്ധനെ സമീപിക്കുക തന്നെ വേണം. 

എന്താണ് പരിഹാരം?

എല്ലാ വിശകലനങ്ങള്‍ക്ക് ശേഷവും ഈ അവസ്ഥയ്ക്ക് പരിഹാരം ആവശ്യമാണ് എന്ന പൊതുവായ തീരുമാനത്തില്‍ നമുക്കെത്തിച്ചേരാനാകും. എന്നാല്‍ എന്താണ് ഉചിതമായ പരിഹാരം എന്ന ചോദ്യത്തിനും അതിനുള്ള ഉത്തരത്തിനു വലിയ പ്രസക്തിയുണ്ട്. മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരില്‍ വെറും 5 ശതമാനം മാത്രമാണ് മാനസികാരോഗ്യ വിദഗ്ധരുടെ അരികില്‍ ചികിത്സ തേടിയെത്തുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല രീതികളെയും സ്വീകരിക്കുകയാണ് പതിവ്. മന്ത്രവാദിയുടെ അരികിലെത്തിയ കുട്ടിയെ മന്ത്രവാദി തല്ലിക്കൊന്ന വാര്‍ത്ത് വായിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്ന് ഓര്‍മ്മിക്കുക.

ശാരീരിക ആരോഗ്യത്തെക്കാളും നമ്മള്‍ പരിഗണിക്കേണ്ടത് മനസികരോഗ്യമാണ്. മാനസികാരോഗ്യ നിലയിലെ തകരാറുകള്‍ എന്നത് ഒരാളുടെ വ്യക്തിപരമായ തെറ്റല്ല, മറിച്ച് തലച്ചോറിലെ ചില രാസപ്രവര്‍ത്തനങ്ങളില്‍ വരുന്ന അസന്തുലിതാവസ്ഥമൂലമാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിയെ ശ്രദ്ധിക്കുക, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, മറിച്ചു നമ്മുടെ അനുഭവങ്ങള്‍ അവരോടു പങ്കുവെക്കാതിരിക്കുക. പൂര്‍ണ ആരോഗ്യവാനായ ഒരു വ്യക്തിക്കു പോലും അയാളുടെ മാസികനില എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. ഈ അടുത്തിടെ ആത്മഹത്യ ചെയ്ത  പ്രശസ്ത ബോളിവുഡ് സിനിമാ താരാം ഇതിനു ഒരു ഉദാഹരണമാണ്. കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതിരിക്കുക. അതുകൊണ്ട് തന്നെ മാനസികാരോഗ്യത്തില്‍ തകരാര്‍ സംഭവിച്ച വ്യക്തിയെ ഉപദ്രവിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ മാനസികാരോഗ്യ വിദഗ്ധന്റെ അരികിലെത്തിക്കുകയാണ് ചെയ്യേണ്ടത്.

മാനസികാരോഗ്യ വിദഗ്ധനെ സന്ദര്‍ശിക്കുന്നത് അപമാനമാണ് എന്ന പൊതുവായ ധാരണയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ അപമാനത്തിന്റെ വിഷയമില്ല എന്നും മറ്റേത് ശാരീരികമായ അവസ്ഥപോലെ തന്നെയുള്ള ഒന്നാണ് എന്നുമുള്ള ബോധം വളര്‍ത്തിയെടുക്കല്‍ വളരെ പ്രധാനപ്പെട്ടതാണ്. 

സ്വയം ചികിത്സയോ സമാന്തരമായ മറ്റ് ചികിത്സകളോ നിര്‍ദ്ദേശിക്കരുത്. 'എന്റെ പരിചയത്തിലുള്ള ഒരാള്‍ക്ക് ഈ അവസ്ഥ വന്നിട്ട് ഈ ചികിത്സയാണ് ചെയ്തത്' എന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ പലരും നല്‍കാറുണ്ട്. പലരിലും പല തരത്തിലുള്ള കാരണങ്ങളാണ് മാനസിക ആരോഗ്യനില മോശമാകുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഒരാള്‍ക്കുള്ള ചികിത്സയായിരിക്കല്ല മറ്റൊരാള്‍ക്കാവശ്യമെന്ന് ഓര്‍മ്മിക്കുക. ഇത്തരത്തില്‍ പലതരത്തിലുള്ള ഉപദേശങ്ങള്‍ അനുസരിച്ചുള്ള ചികിത്സകളും, സമാന്തര ചികിത്സകളുമൊക്കെ ചെയ്ത് ഫലമില്ലാതെ വരുമ്പോഴായിരിക്കും മാനസികാരോഗ്യ വിദഗ്ധന്റെ അരികില്‍ പലരും എത്തിച്ചേരുന്നത്. ചികിത്സ വൈകുന്നത് പലതരത്തിലുള്ള മറ്റ് സങ്കീര്‍ണ്ണതകള്‍ക്കും കാരണമാകുന്നതിനാല്‍ രോഗലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ അവരെ ശ്രദ്ധിക്കുക, മാനസികാരോഗ്യവിദഗ്ദ്ധനുമായി ബന്ധപ്പെടുത്തുക (Listen and Link) എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട പ്രധാന ധര്‍മ്മം.

പരമപ്രധാനമായി ഓര്‍മ്മിക്കേണ്ട കാര്യം മറ്റേതൊരു അസുഖവും പോലെയുള്ള സാധാരണ അസുഖം തന്നെയാണ് മാനസികാരോഗ്യ സംബന്ധമായത് എന്നു തിരിച്ചറിയുകയും, സാധാരണ ശാരീരിക അസുഖങ്ങള്‍ക്ക്  ചികിത്സിക്കുന്നത് പോലെ ചികിത്സിക്കാന്‍ സാധിക്കുന്നതാണ് ഈ അവസ്ഥ എന്ന് മനസ്സിലാക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ ചികിത്സ നേടുക തന്നെ ചെയ്യണമെന്നതുമാണ്.

ഈ ഒരു ദിനത്തില്‍ നിങ്ങള്‍ക്ക് നല്ലൊരു മനസികരോഗ്യം നേരുന്നു.....

(കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)

Content Highlights: World Mental Health Day 2021, Tips to boost your mental health, Mental health, Health