തേഞ്ഞിപ്പലം: ഉറങ്ങാന്‍ പേടിയാകുന്നു, പഠിക്കാന്‍ പറ്റുന്നില്ല, കൂട്ടുകാരെ കാണാത്തതിനാല്‍ മനസ്സ് അസ്വസ്ഥമാകുന്നു- കോവിഡ് അടച്ചിടലില്‍ ഇങ്ങനെ മാനസികബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ഏറെ. മഹാമാരിയുണ്ടാക്കിയ മാനസിക ആഘാതത്തിന് ആശ്വാസം പകരുകയാണ് ഈ ലോക മാനസികാരോഗ്യദിനത്തിലും കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്രവിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ ടെലി ഹെല്‍പ്പ്.

കഴിഞ്ഞ മാര്‍ച്ചിലാണ് കോവിഡ് തീര്‍ക്കുന്ന മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ സര്‍വകലാശാലയില്‍ പദ്ധതി ഒരുക്കിയത്. വിദ്യാര്‍ഥികളും മധ്യവയസ്‌കരുമാണ് സേവനം തേടുന്നവരില്‍ ഏറെയും. ആദ്യ സംഭാഷണത്തില്‍തന്നെ ശരിയായ മാനസികനിലയിലേക്കെത്തുന്നവരുണ്ട്. ചിലരുമായി പല ഇടവേളകളില്‍ മൂന്നോ നാലോ തവണ സംസാരം തുടരേണ്ടിവരുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. കൗണ്‍സിലിങ്ങിനിടെ ഗുരുതരമായ മാനസികപ്രശ്‌നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടവര്‍ക്ക് വിദഗ്ധചികിത്സാ നിര്‍ദേശവും ഇവര്‍ നല്‍കുന്നുണ്ട്.

സേവനം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ചോദിച്ചറിയുന്ന സ്‌ക്രീനിങ് സമിതിയും അവരുമായി സംവദിക്കാനുള്ള സംഘവുമടങ്ങുന്നതാണ് ടെലി ഹെല്‍പ്പ്. സാമൂഹികബന്ധങ്ങള്‍ കുറഞ്ഞതും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമെല്ലാം വലിയൊരു വിഭാഗത്തിന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി മനഃശാസ്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാലിക്കറ്റിലെ വിദ്യാര്‍ഥികളായ എം.ഡി. ലക്ഷ്മിപ്രിയ, കെ.ടി. ശ്രുതി എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

കാലടി, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകളിലെയും ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കാളികളായുണ്ട്. ലോക മാനസികാരോഗ്യദിനമായ ഒക്ടോബര്‍ 10-നും ഇവര്‍ കര്‍മനിരതരാണ്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ ഈ നമ്പറുകളില്‍ കൗണ്‍സിലിങ് സേവനം ലഭ്യമാകും. ഫോണ്‍: 8330039301, 8157020908.

Content Highlights: World Mental Health Day 2021, Tele helpline counselling by calicut university students, Health