ണ്ടു ദശകങ്ങള്‍ക്കുമുമ്പുള്ള ഒരു ഉത്സവപ്പിറ്റേന്ന്. പുര നിറഞ്ഞ് ആളുകളുണ്ട്. പലയിടത്തുനിന്നും വന്നവരാണ്. എല്ലാവരും പേരിലും വാലിലും തുമ്പിലുമായി ബന്ധുക്കളാണെന്ന് അടയാളപ്പെടുത്തിയവരാണ്. അമ്പലത്തിലെ പന്തീരായിരം തേങ്ങയേറും കഴിഞ്ഞാണ് ഞാനും അവളും എന്നാല്‍ കിടന്നുകളയാം എന്ന മട്ടില്‍ വീട്ടിലേക്ക് തിരിച്ചത്. എന്റെയും അവളുടെയും വീടെന്ന അവകാശമൊന്നുമില്ല. എന്റെ പിതൃസഹോദരന്റെ വീട്, അവളുടെ പിതൃസഹോദരിയുടെയും. ഉത്സവത്തിനുകണ്ട ആനകളെക്കുറിച്ചോ, വള, മാല ബഹളങ്ങളെക്കുറിച്ചോ ഞങ്ങള്‍ക്കു പറയാനുണ്ടായിരുന്നില്ല. ഞങ്ങളങ്ങനെ പ്രത്യേകിച്ചും ഒന്നിനെക്കുറിച്ചും പറഞ്ഞിരുന്നില്ല. വീടിന്റെ കിഴക്കേമുറി അകത്തുനിന്നും കുറ്റിയിട്ട് കിടന്നോളാനാണ് നിര്‍ദ്ദേശം. ചെന്നപാടെ അങ്ങനെ തന്നെ ചെയ്തു. രണ്ടാള്‍ക്കുമാത്രം പ്രവേശനം എന്ന മട്ടില്‍ രണ്ടേരണ്ടു പലകകൂട്ടിയടുപ്പിച്ച ഒരു കട്ടില്‍. അതിനുമേലെ വിരിച്ച കരിമ്പടവും പുഴുങ്ങിത്തിരുമ്പാത്തതിനാല്‍ എണ്ണച്ചീക്ക് മണക്കുന്ന പുതപ്പുമാണ് ഞങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ഉറക്കം വരാത്ത പ്രശ്നമൊന്നുമില്ലാത്തതിനാല്‍ കിടന്നതേ ഓര്‍മയുണ്ടായിരുന്നുള്ളൂ. അവളുറങ്ങിയിരുന്നോ?, ഞാനുറങ്ങുന്നതുവരെ ഇല്ല. 

വെയില്‍മൂത്ത് ചെവിയിലേക്കടിക്കാന്‍ തുടങ്ങിയപ്പോള്‍ ചാടിയെണീറ്റ് അവളെ വിളിച്ചു. വൈകിയെണീക്കുന്നതിലും ഭേദം തീരെ ഉണരാത്തതാണ്. അടുക്കളയിലേക്ക് പയ്യെ കടന്നുചെല്ലുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തുകാണാം വൈകീയെണീറ്റതിന്റെ പ്രത്യാഘാതം. കുട്ടിയാണെന്ന പരിഗണനയേക്കാള്‍ പത്താംക്ലാസുകാരിയായി എന്ന ബഹുമതിയാണ് ചാര്‍ത്തിത്തരിക. പേടിയാണ്. കൂട്ടിന് അവളുള്ള സമാധാനത്തിലാണ്. വേഗം എണീറ്റോ എന്നും പറഞ്ഞ് അവളെ തോണ്ടിനോക്കി. ഫലം കാണാത്തതിനാല്‍ ഉരുട്ടിനോക്കി. അവളും കൂടി ഉണ്ടെങ്കില്‍ ഒരു സപ്പോര്‍ട്ടാണല്ലോ. എഴുന്നേല്‍ക്കാന്‍ യാതൊരുഭാവവുമില്ലാത്തകിടപ്പാണ്. ഞാനാണേല്‍ അവള്‍ കൂടി എഴുന്നേറ്റാലേ ഇനി മുന്നോട്ടുപോകാനാവൂ എന്ന അവസ്ഥയിലുമാണ്. കാലിനടില്‍ നുള്ളി ഉണര്‍ത്തിയപ്പോള്‍ വീങ്ങിവീര്‍ത്ത കണ്ണുകളോടെ അവള്‍ പറഞ്ഞു 'എന്നെയാരും ഒന്നും പറയൂല, ഞാന്‍ മനസ് നേരെയാവാന്‍ മരുന്ന് കുടിക്കുന്നോളാണ്. നീയ് വേഗം പണിയെല്ലാം നോക്കിക്കോ.' 

ശരിയാണ്. അവള്‍ക്ക് മനസ്സിന് സുഖമില്ല. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും എഴുന്നേല്‍ക്കാം. പല്ലുതേക്കാതെ കാപ്പി കുടിക്കാം. മുറ്റമടിക്കണ്ട, എവിടെ വേണമെങ്കിലും ഇരിക്കാം,കിടക്കാം. ദോശ മറിച്ചിടണ്ട, അടുപ്പത്തെ കലത്തില്‍ വെള്ളമുണ്ടോ എന്നു നോക്കണ്ട. എപ്പോഴും തിന്നാം. അവള്‍ക്കുചുറ്റും ആളുകള്‍ മാറിമാറി തങ്ങളുടെ നിരീക്ഷണവലയങ്ങള്‍ തീര്‍ത്തിരുന്നു. കണ്‍മുമ്പില്‍ നിന്നും ഒരടി മാറിയാല്‍ അവളെ തിരക്കി ആളുകള്‍ നെട്ടോട്ടമോടും. അവള്‍ അടുത്തുതന്നെയുണ്ട് എന്നുറപ്പിക്കാനായി ആളുകള്‍ നിരന്തരം അവളെ പേരെടുത്ത് വിളിച്ചുകൊണ്ടേയിരിക്കും. പ്രിയപ്പെട്ടവളേ അന്നു നിന്നോട് തോന്നിയ അസൂയയെക്കുറിച്ചോര്‍ക്കുമ്പോള്‍...

എന്റെ പ്രിയപ്പെട്ടവള്‍ക്കുചുറ്റും മന്ത്രവാദങ്ങളുടെയും ജപിച്ചുകെട്ടലുകളുടെയും പുണ്യാഹങ്ങളുടെയും കലമ്പുലുകള്‍ വന്നുനിറയുന്നത് പലരും പറഞ്ഞറിഞ്ഞു. അതിനിടയില്‍ എല്ലാ വ്യാധികള്‍ക്കുമുള്ള മരുന്നെന്നപോലെ അവളെ വിവാഹം കഴിപ്പിച്ചു. തീമഞ്ഞ സാരിയുമുടുത്ത് നീണ്ടകണ്ണുകല്‍ കറുപ്പിച്ചെഴുതി വാരിക്കുടഞ്ഞതുപോലെയുള്ള മുടിയാകെ മുല്ലപ്പൂ ചൂടി വേണ്ടവണ്ണം ആഭരണങ്ങളണിഞ്ഞ് കല്യാണമാലയും പിടിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാനുള്ളാലെ പേടിച്ചിരുന്നു. അവളെന്നെയും കൂട്ടിപ്പിടിച്ച് ഫോട്ടോയ്ക്ക്മുന്നിലേക്ക് നിന്നപ്പോഴും എനിക്കാ പേടി മാറിയിരുന്നില്ല. അതിനിടയില്‍ പലതവണ അവളുടെ മനസ് തകിടം മറിഞ്ഞതായി അറിഞ്ഞു. തീര്‍ത്തും നിരുപദ്രവകാരിയായിരുന്ന അവളുടെ മുഖത്തുനോക്കി ഭര്‍ത്താവ് ഒരക്ഷരം പറഞ്ഞിട്ടില്ലായിരിക്കാം, പക്ഷേ അസുഖം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ച് ചതിച്ചുവെന്നപേരില്‍ അവളുടെ മാതാപിതാക്കള്‍ നിരന്തരം പ്രതിക്കൂട്ടിലകപ്പെട്ടു. ഷര്‍ട്ടില്‍ നീലം മുക്കാന്‍ പറയുമ്പോള്‍ വെളുത്ത ഷര്‍ട്ടിനെയാകെ ഒരു കുപ്പി ഉജാലയില്‍ കുളിപ്പിച്ച് അവള്‍ അഴയില്‍ കിടത്തി. കറിയില്‍ വറുത്തിടാന്‍ ഉള്ളിയരിയാന്‍ പറഞ്ഞപ്പോള്‍ ഒരുകൂട് ഉള്ളിയാകെ അവള്‍ അരിഞ്ഞുകൂട്ടി. കിടക്കയിലവള്‍ എക്കാലത്തെയുംപോലെ അതീവശാന്തയും സുന്ദരിയുമായി. ആ സൗന്ദര്യത്തെയും നിര്‍മമായ കണ്ണുകളെയും വാരിക്കുടഞ്ഞ മുടിയെയും ഉപേക്ഷിക്കാന്‍ കഴിയാതെ അയാള്‍ ക്ഷമയുടെ നെല്ലിപ്പടിയോളം അവളെ കാത്തു. എന്നിരിക്കിലും അവളുടെ ബന്ധുക്കളെയെല്ലാം അയാള്‍ ശത്രുക്കളായി പ്രഖ്യാപിച്ചു. ജീവിതം അറിഞ്ഞുകൊണ്ട് നശിപ്പിച്ചവര്‍. 

വിവാഹബോണസ്സെന്നപോലെ വൈകാതെ തന്നെ അവള്‍ ഗര്‍ഭിണിയുമായി. ഗര്‍ഭാവസ്ഥയില്‍ ആ മനസ്സ് ആരുടെയും പിടിയിലമരാതെ ആകാശത്തേക്കെടുത്തുചാടി. ഇന്നുമോര്‍ക്കുന്നുണ്ട് മെഡിക്കല്‍ കോളേജിലെ ആ കിടപ്പ്. വീര്‍ത്ത വയറിന് ആഞ്ഞൊരുകുത്താണ് തന്റെയരികിലേക്ക് ആരെങ്കിലും വന്നാല്‍. അമ്മയും അമ്മായിയും ഇളയമ്മമാരുമെല്ലാം പടിക്ക് പുറത്ത്. നഴ്സുമാരുടെ ശാസനകള്‍. പരാക്രമങ്ങളില്‍ മയങ്ങുമ്പോള്‍ മാത്രം അവളുടെ വസ്ത്രങ്ങള്‍ മാറ്റിയും ശരീരം തുടപ്പിച്ചും അവളെ വൃത്തിയുള്ളവളാക്കി. അവളെ പോയി കാണാന്‍ അമ്മയാണ് പറഞ്ഞത്. അനുവദിക്കപ്പെട്ട സമയത്ത് അകത്തുകടന്ന് അവളെ കണ്ടു. എന്റെ പ്രിയപ്പെട്ടവളുടെ കൂവളക്കണ്ണുകള്‍ നീരുവെച്ചിരുന്നു. എല്ലുന്തിയ കഴുത്തും നിറഞ്ഞമാറും കഴിഞ്ഞ വീര്‍ത്തിരിക്കുന്ന വയറ്. പടിഞ്ഞാറെ വയലിലെ നെറ്റിങ്ങാപൊട്ടിയുടെ വയറ്റില്‍ നിറയെ മുട്ടകളാണെന്ന് അവളായിരുന്നു പറഞ്ഞത്. എന്നെയവള്‍ നോക്കിയെങ്കിലും കണ്ടിരുന്നോ എന്നറിയില്ല. തിരിച്ചും നോക്കിനിന്നുവെന്നല്ലാതെ, സുഖമായിരിക്കേേുന്നാ എന്നു ചോദിക്കാന്‍ പറ്റില്ലല്ലോ. മനസ് നേരെയാവാന്‍ മരുന്നുകുടിക്കുന്നവളെ നോക്കി നേരെയല്ലാത്ത മനസ്സുമായി കുറച്ചുനേരം അവിടെ നിന്നു.

അവള്‍ പ്രസവിച്ചെന്നും കുഞ്ഞ് പെണ്ണാണെന്നും അറിഞ്ഞു. കുഞ്ഞിനെ തട്ടിയെടുക്കാന്‍ വരുന്ന ഗൂഢസംഘത്തിലെ ആളുകളാണ് മറ്റെല്ലാവരുമെന്ന ധാരണയില്‍ എന്റെ പ്രിയപ്പെട്ടവള്‍ ആരെയും അടുപ്പിച്ചില്ല. ഭര്‍ത്താവിനെയല്ലാതെ. ഏതു മാന്ത്രികമരുന്നായിരുന്നു ആ മനുഷ്യനില്‍ മാത്രം തളയ്ക്കപ്പെടുന്ന ഒന്നായി അവളെമാറ്റിയത്! എങ്കിലും ആ മനുഷ്യന്റെ മനസ്സും ചത്തുതുടങ്ങുകയായിരുന്നു. അധികം വൈകാതെ തന്നെ സ്വന്തം വീട്ടിലേക്കവള്‍ സ്ഥിരമായി പറിച്ചുനടപ്പെട്ടു; അല്ലെങ്കിലും മൂന്നുവിരലുകള്‍ കൊണ്ട് എണ്ണിയാല്‍ തീരുന്ന ദാമ്പത്യത്തില്‍ മുക്കാല്‍പങ്കും അവള്‍ സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. സങ്കീര്‍ണതകളില്ലാത്ത മോചനം അയാള്‍ നേടി. താന്‍ വിവാഹമോചിതയായി എന്നെന്റെ പ്രിയപ്പെട്ടവള്‍ അറിഞ്ഞിട്ടുണ്ടാകുമോ എന്നറിയില്ല. എങ്കിലും കുഞ്ഞിനെയും ഒക്കത്തെടുത്ത് അവള്‍ കൊഞ്ചിച്ചിരുന്നു; അച്ഛനെന്നാ വര്വാ? മോചിതനായപ്പോഴും കുഞ്ഞിനെ കാണാന്‍ അയാള്‍ ആദ്യമാദ്യം അവളുടെ വീടിന്റെ ഉമ്മറം വരെ വരികയും അവള്‍ സന്തോഷത്തോടെ ചായ കൊണ്ടുകൊടുക്കുകയും തിരക്കാണ് എന്നു പറഞ്ഞ് അയാള്‍ മോളെ കണ്ട് ഉമ്മ കൊടുത്ത് മടങ്ങുകയും ചെയ്തു. കുഞ്ഞ് പിച്ചവെച്ച് തുടങ്ങിയപ്പോള്‍ അയാളുടെ ബൈക്ക് വീടിന്റെ പടിതുടങ്ങുന്ന ഇടവഴിയില്‍ നിര്‍ത്തി കാത്തിരിപ്പായി. അയാളുടെ അകലം പാലിക്കലില്‍ എന്റെ പ്രിയപ്പെട്ടവളേ നീ വിങ്ങിയിരുന്നോ? അത്രമേല്‍ മൗനം നിറഞ്ഞ രൂപമായി നീ മാറിപ്പോയതിനാല്‍ അയാളുടെ വരവിനെ നീ മനസ്സിലിട്ടുടച്ചതല്ലായിരുന്നോ. എന്റെ പ്രിയപ്പെട്ടവളുടെ കുഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍, അവളുടെ കളിക്കൊഞ്ചലുകള്‍ അയാളെ തടയാന്‍ കഴിയാതെ വന്നുപ്പോള്‍ ഒന്നുരണ്ടുദിവസത്തേക്ക് കുഞ്ഞിനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. കൈനിറയെ സമ്മാനങ്ങളും ഉടുപ്പുകളും കൊലുസുകളുമായി അവളെ തിരികെ കൊണ്ടുവിട്ടു. ചിന്തകളുടെ മഹാസമുദ്രത്തില്‍ മൗനത്തിന്റെ ചുഴിയിലേക്ക് അവള്‍ കൂമ്പുകുത്തി വീഴുമ്പോഴും ആ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍, അത് ഇടവഴിയില്‍ നിര്‍ത്തിയെന്നറിയുമ്പോള്‍ വഴിവക്കുവരെ യാന്ത്രികമായവള്‍ നടന്നു. കൊഞ്ചിക്കുലുങ്ങി വരുന്ന കുഞ്ഞ് പതുക്കെ നടവഴികള്‍ കയറിവരുന്നത് അപ്പുറത്ത് നിന്ന് അയാളും ഇപ്പുറത്തുനിന്ന് എന്റെ പ്രിയപ്പെട്ടവളും നോക്കിനിന്നു. 

എന്റെ പ്രിയപ്പെട്ടവളുടെ കുഞ്ഞ് നല്ലൊരു വായാടിയായിരുന്നു. അച്ഛന്റെ വീട്ടില്‍ നിന്നും വരുമ്പോഴൊക്കെ അമ്മവീട്ടുകാര്‍ക്ക് അനവധിയനവധി വിശേഷങ്ങളുടെ പൊതി അവള്‍ അഴിച്ചു നിരത്തി. സുന്ദരി അമ്മയുടെ കല്യാണ ആല്‍ബം, അമ്മയുടെ പട്ടുസാരികള്‍ എല്ലാം അവളുടെ കുഞ്ഞുകണ്ണുകള്‍ ഒപ്പിയെടുത്തു. ഒരിക്കല്‍ ആ വലിയ കണ്ണുകള്‍ നിറയെ അതിശയമായിരുന്നു. അമ്മയേക്കാള്‍ മുടിയുള്ള ഒരു ചേച്ചി വന്നിരിക്കുന്നു അച്ഛന്റെ മുറിയില്‍. ഒരു സുന്ദരി ചേച്ചി. അമ്മയെന്നു വിളിച്ചാല്‍ മതിയെന്ന് അച്ഛമ്മ പറഞ്ഞതെങ്കിലും കുഞ്ഞിന് ചേച്ചിയെന്നാണ് വിളിക്കാന്‍ തോന്നിയത്. എന്റെ പ്രിയപ്പെട്ടവളേ, കാലങ്ങള്‍ക്കുശേഷം നമ്മള്‍ ഒരുമിച്ചു കണ്ട പന്തീരായിരം തേങ്ങയേറില്‍ അയ്യപ്പാ അയ്യപ്പാ എന്നെല്ലാവരും ഏറ്റുപാടുന്ന നേരത്തെങ്കിലും നിനക്കൊന്ന് ആര്‍ത്തുകരയാമായിരുന്നില്ലേ. കാര്യമെല്ലാമറിഞ്ഞിട്ടും വിശേഷങ്ങള്‍ ചോദിക്കുന്നവരെ ആളറിഞ്ഞുകൊണ്ട് ഇന്തക്കൊടിയാ എന്നുവിളിക്കുന്നവര്‍ എന്നൊരു ചൊല്ലുണ്ട്. അതുപോലൊരു ഇന്തക്കൊടിച്ചി ആളെയറിഞ്ഞിട്ടും അവളോട് ചോദിച്ചു; ഭര്‍ത്താവെന്താ ചെയ്യുന്നത്. കണ്ടക്ടറാണെന്ന് അവള്‍ ഭാവമേതുമില്ലാതെ പറഞ്ഞപ്പോള്‍ ഞാനും വിശ്വസിച്ചുപോയി; രാവിലെ അവള്‍ തല്ലിപ്പിടച്ച് ചായയും പലഹാരവുമുണ്ടാക്കി, പൊതിച്ചോറും കെട്ടി അയാളെ പറഞ്ഞയച്ചിട്ടാണ് ഉത്സവം കാണാന്‍ നീ വന്നതെന്ന്. ഏറെനേരം ഒരേയിരുപ്പ് ഇരുന്നതിനാല്‍ ഒന്നു പിടിക്ക് എന്നും പറഞ്ഞവള്‍ കൈ നീട്ടിയപ്പോള്‍ ഗുളികകുടിച്ച് ചീര്‍ത്തുചാടിയ വയറും നെഞ്ചും കഴുത്തും വേര്‍തിരിക്കാന്‍ സമ്മതിക്കാതെ ഇടയ്ക്കുകയറിയ മാംസവും അവളുടെ ഐശ്വര്യം കെടുത്തിയിരുന്നു. കിട്ടിയതെല്ലാം പങ്കുവെച്ചിരുന്ന പഴയകാല ഓര്‍മയില്‍ എനിക്കുമുമ്പിലുള്ള കട്ടന്‍ ചായയുടെ പകുതി ഞാന്‍ മറ്റൊരു ഗ്ലാസിലാക്കി അവള്‍ക്കുനേരെ നീട്ടിയപ്പോള്‍ അവളുടെ അമ്മ വന്ന് പറഞ്ഞു; കൊടുക്കല്ലേ മോളെ ഷുഗറാണ്. അവള്‍ അതുകേട്ടിരുന്നോ എന്നറിയില്ല. ഞാന്‍ നീട്ടിയതുമുഴുവന്‍ കുടിച്ചു. ഞാനവളുടെ കൈകളില്‍ തെരുപ്പിടിച്ച് കുറേനേരം അങ്ങനെ ഇരുന്നു. എന്റെ അതേ പ്രായമുള്ളവള്‍. സ്വന്തം മുറിയിലെ കട്ടിലില്‍ വെളിച്ചമില്ലാതെ ഇരിക്കാനിഷ്ടമുള്ളവള്‍. 

അവളുടെ കുഞ്ഞിനിപ്പോള്‍ സ്വന്തമായി അച്ഛന്റെ വീട്ടില്‍പോകാനറിയാം. അതുകൊണ്ട് ഇനിയൊരു ബൈക്കിന്റെ ശബ്ദവും ആ കാതുകളെ എഴുന്നേല്‍പ്പിക്കില്ല. പകല്‍ തന്ന വെളിച്ചത്തില്‍ അവളുടെ കൈയില്‍ പിടിച്ചുകൊണ്ട് പതുക്കെ ഞാന്‍ ചോദിച്ചു. നീ വരുമോ? കുറച്ചീസം എന്റെ കൂടെ നിക്കാം. ഇല്ല എന്ന ഒറ്റവാക്കില്‍ അവള്‍ മറുപടി തന്നപ്പോള്‍ ഞാനാ കൈ കൂടുതല്‍ മുറുക്കിപ്പിടിച്ചു, വിട്ടുപോവാതിരിക്കാനായി. മുറിക്കുപുറത്തിറങ്ങിയപ്പോള്‍ അമ്മ ചോദിച്ചു, നിന്നോട് കുറേ വര്‍ത്തമാനം പറഞ്ഞല്ലേ. ഇല്ല എന്ന ഒറ്റവാക്ക് അവളുടെ അമ്മയ്ക്ക് കുറേ വര്‍ത്തമാനമായി തോന്നിയതില്‍ എനിക്കു സമാധാനം തോന്നി.  

ഒറ്റമകള്‍ പരിഗണനയില്‍ വളര്‍ന്നതാണ് അവള്‍. ഇടത്തും വലത്തും തിരിയാന്‍ അനുവാദമില്ലായിരുന്നു. പിടിവിട്ടാല്‍ പറന്നുപോകുമോ എന്ന് ഭയന്ന് മുറുക്കിപ്പിടിക്കപ്പെട്ടവള്‍. അസ്വാഭാവികത കാണിച്ചപ്പോള്‍ മന്ത്രവാദത്തിലും ജപിച്ച ചരടിലും ബാധയൊഴിപ്പിക്കലിലും അടക്കം ചെയ്യപ്പെട്ട മനസ്സുമായി ജീവിച്ചവള്‍. പിടിവിടുമെന്ന് ബോധ്യമായപ്പോള്‍ ഒരു ഡോക്ടറില്‍ നിന്നും മറ്റൊരു ഡോക്ടര്‍ എന്ന മട്ടില്‍ മാറിമാറി ചികിത്സിക്കപ്പെട്ടവള്‍. ഒടുക്കം അങ്ങനെയൊരു ശ്വാസം ഇവിടെയുണ്ടെന്ന പോലെ കഴിയുന്നവള്‍. അവളുടെ ഉള്ളിലെ ആശയായി ഞാന്‍ കരുതുന്ന ആ മനുഷ്യനെ; അവളുടെ കുഞ്ഞിന്റെ അച്ഛനെ എനിക്കു നേരിട്ടുപരിചയമില്ല. വിവാഹദിനത്തില്‍ കണ്ടതല്ലാതെ. എങ്കിലും അവളുടെയുള്ളിലെ ആശ നിങ്ങള്‍ കെടുത്തരുതായിരുന്നു മനുഷ്യാ. നിങ്ങള്‍ നിയമപരമായി വിവാഹമോചിതനായതും മറ്റൊരു വിവാഹം കഴിച്ചതും എത്രയോ നല്ലതുതന്നെ. എന്നിരുന്നാലും അവളോട് ഒരു നീതി കാണിക്കാമായിരുന്നു. നിങ്ങള്‍ വിട്ടുപോയതൊന്നും അവള്‍ക്കറിയില്ല. ഗള്‍ഫില്‍ പോകുന്നുവെന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. അവളത് വിശ്വസിച്ചേനെ. ഫേസ്ബുക്കും സ്മാര്‍ട്ഫോണും വാട്സാപ്പുമൊന്നുമില്ലാത്ത എന്റെ പ്രിയപ്പെട്ടവളെ നിങ്ങളുടെ മകളുടെ ഫോണില്‍ വിളിച്ച് സുഖമാണോ എന്നു തിരക്കാമായിരുന്നു. അങ്ങപ്പുറത്ത് നിങ്ങളുണ്ടെന്ന ഊര്‍ജത്തില്‍ അവളുടെ മുഖം വിടര്‍ന്നേനെ. ആ മിടിപ്പ് തീരുവോളം കഴിയാനുള്ളത് നിങ്ങളുടെ ശബ്ദത്തില്‍ നിന്നും കിട്ടുമായിരുന്നു!

Content Highlights: World Mental Health Day 2021, Story of a mentally ill woman, Health, Mental Health