ന്നാലോചിച്ചു നോക്കൂ നിങ്ങള്‍ അതിമനോഹരമായി ഒരുദ്യാനത്തിലാണ്, നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരോട് ഒപ്പം സന്തോഷത്തോടെ ഇരിക്കുമ്പോള്‍  പെട്ടെന്ന് നിങ്ങള്‍ ഒരു കുഴിയിലേക്ക് വീഴുന്നു, വെളിച്ചമില്ലാത്ത, ശബ്ദങ്ങളില്ലാത്ത, ഗന്ധങ്ങളില്ലാത്ത ഒരു പടുകുഴിയിലേക്ക്. സംവേദനങ്ങള്‍ എല്ലാം നഷ്ടപ്പെട്ടതായി നിങ്ങക്കനുഭവപ്പെടുന്നു. നിങ്ങള്‍ എവിടെയാണ്, എവിടെയായിരുന്നു, നിങ്ങള്‍ ആരാണ് എന്നു പോലും മറന്നിരിക്കുന്നു. നിങ്ങള്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നു, എങ്കിലും നിങ്ങള്‍ അകമേ മരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അറിയാവുന്നത് ഒന്നു മാത്രം - ഒരു മരവിപ്പ്. ഒന്നാലോചിച്ചു നോക്കൂ, നിങ്ങളെ കാണാതായിരിക്കുന്നു എന്നാരും അറിയാതെ അവിടെ ഒറ്റയക്ക്  കുറെയേറെ ദിവസങ്ങള്‍.

ദിവസങ്ങള്‍ക്കു ശേഷം നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ ആ കുഴിയുടെ  വക്കത്തെത്തുന്നു, കുഴിയില്‍ നിന്ന് പുറത്തു വരാനും ഉദ്യാനത്തിലെ  ഉല്ലാസം പങ്കുവെയ്ക്കാനും നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങള്‍ക്ക് ആ ശബ്ദം കേള്‍ക്കാം. ആളെ കാണുകയും ചെയ്യാം. പക്ഷേ അയാള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ സാരമായ ഒരു ദൂരമുണ്ടെന്ന് നിങ്ങളറിയുന്നു. ശരീരമൊന്നനങ്ങാന്‍ പോലും നിങ്ങള്‍ക്കാവുന്നില്ല. പിന്നീട് മറ്റൊരാള്‍ വന്ന് പറയുന്നു. ''നിങ്ങള്‍ അഭിനയിക്കുകയാണ്, നിങ്ങള്‍ മടിച്ചിയാണ്, നിങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്''.  നിങ്ങള്‍ക്ക് തോന്നുന്നു, നിങ്ങള്‍ താഴ്ന്നു പോകുന്നു, കുഴിയുടെ ആഴത്തിലേക്ക്, പക്ഷേ ആ പറഞ്ഞ ആള്‍ക്ക് നിങ്ങളുടെ പിടച്ചിലോ വേദനയോ അറിയാന്‍ പറ്റുന്നില്ല....

പ്രസവാനന്തര വിഷാദം എന്ന യാഥാര്‍ഥ്യം എന്നിലുണ്ടാക്കിയ അനുഭവം ഇതാണ്. രണ്ടാമത്തെ പ്രസവശേഷം ഉണ്ടായ ആ അനുഭവം എന്റെ ശേഷിച്ച ജീവിതത്തെ മാറ്റിമറിക്കാന്‍ കാരണമായി.

ആദ്യം ഞാന്‍ കരുതി അത് ഒരു സാധാരണമായ മാനസികമാറ്റമായിരിക്കുമെന്ന്. ദിവസങ്ങള്‍ കഴിയുന്തോറും ജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമായി. ചുറ്റും ആനന്ദമുഹൂര്‍ത്തങ്ങള്‍ ഏറെ ഉണ്ടായിരുന്നു. എന്നാല്‍ എനിക്കൊന്നും  അറിയാന്‍, അനുഭവിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.  എങ്ങനെ കരയണം, എങ്ങനെ ചിരിക്കണം എന്ന് എനിക്ക് അറിയാതെയായി. എന്റെ വികാരങ്ങള്‍ അറിയാന്‍, പറയാന്‍ എനിക്കാവാതെയായി. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍, പല്ലുതേയ്ക്കാന്‍ ഏറ്റവും വേണ്ടപ്പെട്ടവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍; എല്ലാം പ്രയാസമായി.

ഞാന്‍ കടന്നുപോകുന്ന അവസ്ഥ ആരും മനസ്സിലാക്കുന്നില്ല; അതായിരുന്നു ഏറ്റവും ദുഃഖകരമായ കാര്യം. എന്റെ അകത്തെ മരവിപ്പ് അതവര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവരെന്നോട് പറഞ്ഞത് ''നന്നായി ഭക്ഷണം കഴിക്കൂ, നന്നായി പ്രാര്‍ഥിക്കൂ, നന്നായി ചിരിക്കൂ, അധികം ആലോചിക്കേണ്ട, എല്ലാം നിന്റെ തോന്നല്‍ മാത്രമാണ്, സന്തോഷിക്കാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ടല്ലോ, അതു ശ്രദ്ധിക്കൂ, നിന്നേക്കാള്‍  വിഷമം അനുഭവിക്കുന്ന ഏറെ ആളുകള്‍ ഉണ്ട്, നീ സങ്കടപ്പെടുന്നതില്‍ ഒരു ന്യായവുമില്ല'' എന്നൊക്കെയാണ്. എങ്കിലും ഞാന്‍ ദുഃഖിക്കുന്നുണ്ടായിരുന്നില്ല. എന്റെ  അകം മരവിച്ചു ഘനീഭവിച്ചിരുന്നു. ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. രാത്രിയില്‍ ഇടമുറിയാതെ ഒന്നുറങ്ങാനായില്ല. ക്രമേണ ചിന്തകള്‍ തള്ളിക്കയറിത്തുടങ്ങി. ''പോയി മരിക്കൂ. നിനക്ക് ജീവിതത്തില്‍ ഒന്നും ചെയ്യാനില്ല, ജീവിക്കുന്നതിനേക്കാള്‍ എളുപ്പം മരിക്കുന്നതാണ്, നീ ഒരു മോശം അമ്മയാണ്, നീ മറ്റുള്ളവര്‍ക്കൊരു ഭാരമാണ്. നീ അവരുടെ സന്തോഷം നശിപ്പിക്കും''. എന്റെ ആയുസ്സ്, അര്‍ഹനായ മറ്റൊരു വ്യക്തിക്ക് കൊടുക്കാനായെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. ജീവിതവും മറ്റുള്ളവരുമായി ഇടപഴകാനുള്ള ശ്രമവും കൂടുതല്‍ വിഷമകരമായി.

Blessy Sumam
 ബ്ലെസി സുമം

കൂടുതല്‍ മാനസിക വിഷമങ്ങള്‍ കൈകകാര്യം ചെയ്യാന്‍ വയ്യാതായപ്പോള്‍ ഞാനെന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ചു. എന്റെ അവസ്ഥ വിവരിച്ചു. ''നന്നായി ഭക്ഷണം കഴിക്കൂ, ഉറങ്ങൂ, ആവശ്യമായപക്ഷം കാല്‍സ്യം ഗുളിക കഴിക്കുകയും  ആകാം'' അവര്‍ വളരെ ലളിതമായി പറഞ്ഞു. ഞാന്‍ പറഞ്ഞതു കേള്‍ക്കാന്‍ ആരുമില്ല എന്ന് എനിക്ക് തോന്നി. എന്റെ കാര്യത്തില്‍ വലിയ വേവലാതി ഉണ്ടായിരുന്നിട്ടും ഒരു സൈക്കോളജിസ്റ്റിനെ കാണാം എന്ന എന്റെ നിര്‍ദേശത്തിന് അനുകൂലമായ ഒരു പ്രതികരണമല്ല എന്റെ വീട്ടുകാരില്‍ നിന്നുണ്ടായത്. ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാം എന്ന് സൂചിപ്പിച്ചപ്പോഴും 'വേണ്ട' എന്നായിരുന്നു പ്രതികരണം. ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ തനിയെ ഒരു മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ പോയി. അവവരെന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ''വീട്ടില്‍ വല്ല പീഡനങ്ങള്‍ക്കും വിധേയമായിട്ടുണ്ടോ ? സ്ത്രീധന പ്രശ്നമുണ്ടോ? ഭര്‍ത്താവ് കുടിയനാണോ? പീഡിപ്പിക്കുന്നുണ്ടോ ? ഭര്‍തൃവീട്ടുകാര്‍ പ്രശ്നക്കാരാണോ? 'അല്ല' എന്ന് ഞാന്‍ ഉത്തരം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല. വീട്ടില്‍ പോയ്ക്കോളൂ, ആരോഗ്യകരമായ ഒരു ഗാര്‍ഹിക പശ്ചാത്തലം ഉള്ളവര്‍ക്ക് മാനസികാരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവില്ല. നിങ്ങള്‍ ഒരു ലോല മനസ്‌കയാണ്. അത്രയേ ഉള്ളൂ'' ഹൃദയത്തില്‍ കത്തുന്നപോലൊരു വേദന തോന്നി. ഞാന്‍ എങ്ങനെയോ പുറത്ത് വന്ന്  ഒരു ബഞ്ചിലിരുന്നു. എന്റെ വികാരങ്ങള്‍ ഒരു കടലാസ്സില്‍ എഴുതിത്തുടങ്ങി. കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്കു ശേഷമുള്ള ഈ കരച്ചില്‍ തന്നെ ഒരു ആശ്വാസമായി. അതുവരെ എനിക്ക് എന്റെ വികാരങ്ങളെ വാക്കുകളിലൂടെ പ്രകടിപ്പിക്കാനായിരുന്നില്ല. ഞാന്‍ എഴുതിയ കടലാസ് ഭര്‍ത്താവിനെ കാണിച്ചു. അദ്ദേഹമത് ഗൗരവമായെടുത്തു. എങ്ങനെ എന്നെ സഹായിക്കാം എന്ന് ആലോചിച്ചു.

അധികം വൈകാതെ അദ്ദേഹം എംഹാറ്റിലെ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. സൈക്കോതെറാപ്പി സെഷന്‍ ആദ്യം കുറച്ച് കഠിനമായി തോന്നി. ചെറിയ പെരുമാറ്റ മാറ്റങ്ങള്‍ ആവശ്യമാണെന്ന് പതുക്കെ എനിക്ക് മനസ്സിലായി. പടിപടിയായി എനിക്ക് എന്നിലേക്ക് വരേണ്ടിയിരിക്കുന്നു. ഞാന്‍ ചെറിയ തുടക്കത്തോടെ അതാരംഭിച്ചു. ആദ്യം ഡയറി എഴുതാന്‍ തുടങ്ങി. അടുത്ത സുഹൃത്തുക്കളോട് ചെറുതായി വീണ്ടും സംസാരിക്കാന്‍ തുടങ്ങി.  കുടുംബത്തോടൊപ്പം യാത്ര ചെയ്തു.  മുടിയൊന്നു  വെട്ടിയതുപോലും എന്നില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ശരിയായ ഉറക്കത്തിന് മരുന്നുകള്‍ ആവശ്യമായിരുന്നു, റിലാക്സേഷന്‍ ടെക്നിക് പരിശീലിക്കേണ്ടതുണ്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ തെറാപ്പി സെഷനുമുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. അവര്‍ എനിക്ക് പിന്തുണ തന്നു. മെല്ലെ തെറാപ്പിയുടെയും മരുന്നിന്റെയും സഹായത്തോടെയും കുടുംബത്തിന്റെ പിന്‍ബലത്തോടെയും ആ അവസ്ഥ അതിജീവിക്കാം എന്ന് എനിക്ക്  ബോദ്ധ്യമായി.

അപ്പോള്‍ ചില ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്ക് വന്നു: ''നല്ല വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന്റെ ഭാഗമായിട്ടും എന്തുകൊണ്ട് എന്റെ കുടുംബത്തിന് വിഷാദ രോഗത്തിന്റെ ആദ്യ ഘട്ടങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ? എന്തുകൊണ്ട് ഗൈനക്കോളജിസ്റ്റിനും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും എന്നെഒരു വിധത്തിലും സഹായിക്കാനായില്ല? എന്റെ കുടുംബത്തിലെ ആരെങ്കിലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ആരുടെ സഹായം തേടണം? മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള  നിന്ദ കാരണം  എത്ര പേരാണ് നിശ്ശബ്ദമായി സഹിച്ചുകൊണ്ടിരിക്കുന്നത്? സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ മനോരോഗ പരിചരണം എങ്ങനെ നടക്കുന്നു? ഈ ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ വിടാതെ  പിടഞ്ഞുകൊണ്ടിരുന്നു.

മനോരോഗങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിച്ചും മാനസിക രോഗങ്ങള്‍ക്ക് പ്രൊഫഷണല്‍ സഹായം തേടുന്നതിലുള്ള അറപ്പ് ഒഴിവാക്കുന്നതില്‍ ആവുന്നത് ചെയ്യാനും ഞാനുറപ്പിച്ചു. ഞാനിപ്പോള്‍ സൈക്കോളജിയില്‍ ഉന്നത പഠനം നടത്തുന്നതിനൊടൊപ്പം എംഹാറ്റിലെ വോളന്റിയറുമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവിടുത്തെ  ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം എനിക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കി.  ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ മാനസികപ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഞാന്‍ അവരെ എംഹാറ്റിലേക്ക് അയക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം അവരില്‍ നിന്ന് സന്തോഷകരമായ പ്രതികരണങ്ങള്‍ കിട്ടുമ്പോള്‍ ജീവിതം അര്‍ഥവത്തായതായി തോന്നുന്നു.  കടന്നുപോയ കഷ്ടപ്പാടുള്ള ദിവസങ്ങള്‍ എന്നെ ഞാനാക്കി. എന്റെ രോഗവിമുക്തി ഒരു തിരിച്ചുവരവിന്റെ കഥയാണ്.

ഇതു വായിച്ചവരോട്: ''മനോരോഗങ്ങളും ശാരീരിക രോഗങ്ങള്‍പോലെ തന്നെയാണ്, അവയ്ക്ക് ശരിയായ ചികിത്സ ആവശ്യമാണ്. മാനസിക രോഗം ഒരു വ്യക്തിയുടെ ദൗര്‍ബ്ബല്യത്തിന്റെ ലക്ഷണമല്ല. ഏതൊരാള്‍ക്കും ഏതു പ്രായത്തിലും മാനസിക പ്രശ്നമുണ്ടാകാം. അതിനാല്‍ മാനസിക രോഗികളെ ശത്രുക്കളായി   കാണരുത്. പകരം അവരോട് സൗമ്യമായി പെരുമാറുക.
പ്രസവാനന്തര വിഷാദരോഗം സാധാരണമാണ്. അത്തരം അവസ്ഥയില്‍ നിന്ന് രോഗത്തിന്റെ പാരമ്യത്തിലെത്താതെ തടയുന്നതിന്, അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

ഒരാളും മാനസികരോഗം ഒറ്റയ്ക്ക് നേരിടേണ്ടി വരരുത്. നമ്മളേവരും നമ്മുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചു തുടങ്ങിയാല്‍ അതിനോടുള്ള നിന്ദ തകരും. മാനസിക പ്രശ്നങ്ങളുടെ തുടക്കത്തെക്കുറിച്ച ആളുകള്‍ അവബോധമുള്ളവരാകും. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതോടെ തന്നെ സഹായം തേടുന്നതില്‍ അവര്‍ പ്രാപ്തരാകും. ഏവര്‍ക്കും മാനസികാരോഗ്യമുള്ള ഒരു ലോകം  ഉണ്ടാകട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു.  എന്റെ അനുഭവം ഇതിന് ചെറിയ ഒരു പ്രേരണയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

Content Highlights: World Mental Health Day 2021 Postpartum depression