കൊച്ചി: ശരീരത്തിനു മാത്രമല്ല മനസ്സിനും വേണം വിശ്രമം. എന്നും എപ്പോഴും സമയമില്ലാതെ ഓടിക്കൊണ്ടിരുന്നാല്‍ ശരീരത്തിനൊപ്പം മനസ്സും തളരും. ജീവിതം സരസമായും സമാധാനപരമായും മുന്നോട്ടു കൊണ്ടുപോകാന്‍ മനസ്സിനും വിശ്രമം വേണം. വിഷാദം, ഉത്കണ്ഠ ഇതൊക്കെ എല്ലാ പ്രായക്കാരിലും കൂടി വരുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പഠനത്തെച്ചൊല്ലിയുള്ള ആശങ്കകള്‍, ജോലിയിലെ പിരിമുറുക്കം ഇതൊക്ക മനസ്സിന്റെ സന്തുലിതാവസ്ഥ ദുര്‍ബലപ്പെടുത്തും. കുറച്ചുസമയം ഇതൊക്കെ മാറ്റിവെച്ച് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് മനസ്സ് റീചാര്‍ജ് ചെയ്യാം. കാണാന്‍ പറ്റാത്ത ഒന്നാണ് എന്നതുകൊണ്ടുതന്നെ മനസ്സിനെ വകവയ്ക്കാതിരിക്കുകയാണ്‌ പലരും ചെയ്യുന്നതെന്ന് എറണാകുളം ലിസി ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സഞ്ജു ജോര്‍ജ് പറയുന്നു.

മനസ്സിനായി അല്പനേരം

ഒരു മാറ്റം, ഒരു യാത്ര, തിരക്കിനിടയില്‍ കണ്ടെത്തുന്ന ഒരു മണിക്കൂര്‍ സമയം ഇതെല്ലാം മനസ്സിനും ആരോഗ്യം പകരും. മാനസികാരോഗ്യത്തിനായി നിശ്ചിത സമയം മാറ്റിവെയ്ക്കണം. യോഗ, ധ്യാനം, പാട്ടുകേള്‍ക്കല്‍ എന്നിങ്ങനെ ഒരു വ്യക്തിയുടെ ജീവിത സാഹചര്യം അനുസരിച്ച് എന്താണോ താത്പര്യമുള്ളത് അതു ചെയ്യുകയാണ് വേണ്ടത്. വീട്ടില്‍ വെറുതെയിരിക്കലല്ല, മറിച്ച് ഫോണ്‍ മാറ്റിവെച്ച് പ്രിയപ്പെട്ടവരുമായുള്ള സംഭാഷണങ്ങളും തുറന്നുപറച്ചിലുകളുമെല്ലാം ഒരു വ്യക്തിയെ നിത്യജീവിതത്തിലെ പിരിമുറുക്കങ്ങളില്‍നിന്ന് പുറത്തു വരാന്‍ സഹായിക്കും. ജോലിയില്‍നിന്നും ഉത്തരവാദിത്വങ്ങളില്‍നിന്നും ഒരു ദിവസം ബ്രേക്ക് എടുത്ത് സ്വയം റീചാര്‍ജ് ചെയ്യാം.

ചികിത്സ തേടാന്‍ മടിക്കരുത്

മാനസികാരോഗ്യത്തില്‍ ഏറ്റവും പ്രധാനം സ്വന്തം മനസ്സിനെയും വികാരങ്ങളെയും മനസ്സിലാക്കുകയെന്നതാണ്. ഏറെ ബുദ്ധിമുട്ട് തോന്നുന്ന നിമിഷം മാനസികാരോഗ്യ വിദഗ്ദ്ധരുടെ ചികിത്സ തേടാന്‍ മടിക്കേണ്ടതില്ല. ശരീരത്തെ ബാധിക്കുന്ന ഏതൊരു അസുഖത്തിനും ചികിത്സ തേടുന്നതുപോലെ മാനസികാരോഗ്യ വിദഗ്ദ്ധന്റെയടുത്തും ചികിത്സ തേടാം. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം എന്നിവ ക്രമാതീതമായി തോന്നിയാല്‍ സഹായം തേടാന്‍ മടിക്കേണ്ടതില്ല.

കേരളം മാതൃക, എന്നാല്‍...

രാജ്യത്തെ ആരോഗ്യ സാക്ഷരതയ്ക്കും ആരോഗ്യ പരിപാലനത്തിനും കേരളം മാതൃകയാണ്. എന്നാല്‍ കേരളത്തില്‍ പോലും മറ്റ് രോഗചികിത്സകള്‍ക്ക് ലഭിക്കുന്ന പരിഗണന പലപ്പോഴും മാനസികാരോഗ്യ രംഗത്തിനു ലഭിക്കുന്നില്ല. 2017-ലെ മാനസികാരോഗ്യ സര്‍വേയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ജനസംഖ്യയുടെ 0.4 ശതമാനം പേര്‍ക്ക് ഗുരുതരമായ മാനസിക രോഗങ്ങളുണ്ട്. 11 ശതമാനത്തിന് സാധാരണ മാനസിക വൈകല്യങ്ങളും അഞ്ച് ശതമാനത്തിന് ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങളും ഉണ്ട്. മാനസിക വൈകല്യങ്ങള്‍ മൂലമുള്ള ആത്മഹത്യ 12.6 ശതമാനമാണ്. ഇത് ദേശീയ കണക്കിന്റെ ഏകദേശം ആറ് ശതമാനമാണ്.

മാനസികാരോഗ്യ പരിരക്ഷ ആവശ്യം

മാനസിക രോഗങ്ങളെക്കുറിച്ചുള്ള അശാസ്ത്രീയ അറിവാണ് ഇന്ന് പലര്‍ക്കുമുള്ളത്. മിക്ക മനോരോഗ, മനഃശാസ്ത്ര സേവനങ്ങളും നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഗ്രാമീണ മേഖലകളിലേക്ക് സേവനങ്ങള്‍ എത്തുന്നില്ല. നമ്മുടെ രാജ്യത്തെ മിക്ക ഇന്‍ഷുറന്‍സ് പദ്ധതികളിലും മാനസിക ആരോഗ്യം പരിരക്ഷിക്കപ്പെടുന്നില്ല. ഇത് വിവേചനത്തിന്റെ മറ്റൊരു ഉറവിടമാണ്
- ഡോ. ബിന്ദു മേനോന്‍,
ഹെഡ് ആന്‍ഡ് പ്രൊഫസര്‍, സൈക്യാട്രി വിഭാഗം, അമൃത ആശുപത്രി, കൊച്ചി

Content Highlights: World Mental Health Day 2021, Mental relaxation techniques, Health