രോഗ്യം എന്നതിന് ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍വചനത്തില്‍ ആവശ്യഘടകമാണ് മാനസിക ആരോഗ്യം. ഒരു വ്യക്തിയുടെ ആരോഗ്യം പൂര്‍ണമാവണമെങ്കില്‍ മാനസിക ആരോഗ്യം കൂടി കൈവരിക്കേണ്ടതാണ്. സമ്പൂര്‍ണ്ണ ആരോഗ്യം എന്നത് കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, അത് ശാരീരീകവും, മാനസികവും സാമൂഹികവുമായ ഒരു സ്ഥിതിയാണ്. 

ശരീരവും മനസ്സും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തെ ബാധിക്കുന്ന അവസ്ഥകള്‍,  രോഗങ്ങള്‍ എന്നിവ മനസിനെ ബാധിക്കും. നോക്കൂ ! മുഖത്ത് ഒരു മുഖക്കുരു വന്നാല്‍ തന്നെ ഒരു കൗമാര പ്രായത്തിലുള്ള വ്യക്തിക്ക് എന്ത് മനഃക്ലേശമാണ് ഉണ്ടാവുന്നത്? അതുപോലെ തന്നെയാണ് ഏതൊരു തരത്തിലുള്ള അസുഖവും. അത് മനസ്സിന് അസ്വസ്ഥത ഉണ്ടാക്കും. 

ഓരോ വ്യക്തിയിലും അതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം. ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകള്‍, കാര്യങ്ങളെ നോക്കിക്കാണുന്ന രീതി, മനോഭാവം, മുന്‍കാല അനുഭവങ്ങള്‍ എന്നിവ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണ്. ചില വ്യക്തികള്‍ ഏതു കാര്യത്തെയും നിസ്സാരമായി കാണുന്നവയാണ്. എന്ത് വന്നാലും തനിക്ക് ഒന്നുമില്ലെന്ന ഒരു ഭാവം. മറ്റു ചിലര്‍ ഏതു ദുര്‍ഘടാവസ്ഥയെയും ക്ഷമയോടും സമചിത്തത്തോടെയും നേരിടും. വേറെ ചിലര്‍ എത്ര നിസ്സാരമായ ഒരു പ്രശ്‌നമോ പ്രതിസന്ധിയോ വന്നാലും ചെറിയ രീതിയിലോ കടുത്ത ഉത്കണ്ഠയ്ക്ക് കാരണമാവും. ചിലര്‍ പ്രശനങ്ങള്‍ക്ക് മുന്‍പില്‍ അത് ആരോഗ്യപ്രശ്‌നമോ, മറ്റെന്തെങ്കിലുമോ ആവട്ടെ തകര്‍ന്നു പോകും. പൊരുത്തപ്പെടുവാനുള്ള കഴിവ് (Coping Strategy ) വ്യത്യസ്തമാണ്. കോവിഡ് നമുക്ക് നല്‍കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.

ലഘുവായതും കഠിനവുമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കോവിഡ് മൂലം ഉണ്ടാവുന്നു. അമിതമായ ആശങ്ക, ഉത്കണ്ഠ, ഭയം, വിഷാദം എന്നിവയാണ് പ്രധാനം. 

രോഗം തനിക്കും കുടുംബത്തിനും, പ്രിയപ്പെട്ടവര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും വരുമോ എന്ന ആശങ്ക അധികമായി ഉണ്ടാവുന്നു. എപ്പോഴും അതീവ ജാഗ്രതയോടെയിരിക്കും. വല്ലാത്ത പിരിമുറുക്കം ഉണ്ടാവും. സാധാരണ ടെന്‍ഷന്‍ എന്ന് എല്ലാവരും പറയുന്ന അവസ്ഥ അധികമായുണ്ടാവും. ഉറക്കം കുറയുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദനയും കഴപ്പും അനുഭവപ്പെടുക, വിശപ്പ് കുറയുക, ശ്രദ്ധ കുറയുക, സന്തോഷം അനുഭവപ്പെടാതിരിക്കുക, ഉത്സാഹം കുറയുക, ഉന്മേഷം കുറയുക, തീരുമാനങ്ങളെടുക്കാന്‍ പ്രയാസം നേരിടുക, മറവി, ശാരീരികവും മാനസികവുമായ മന്ദത ഉണ്ടാവുക, സങ്കടം, കരച്ചില്‍, വിഷാദ ഭാവം ഇങ്ങനെ വ്യത്യസ്തമായ ലക്ഷണങ്ങള്‍ പ്രകടമാകും.

രണ്ടാഴ്ചയോ അതിലേറെയോ എപ്രകാരമുള്ള ലക്ഷണങ്ങള്‍ നിലനിന്നാല്‍ അത് വിഷാദ രോഗത്തിന്റെ സൂചനയാകാം. ആത്മഹത്യാ ചിന്തയും ഉണ്ടാവാന്‍ ഇടയുണ്ട്. ജനിതക ഘടകങ്ങള്‍, ജീവിത സാഹചര്യങ്ങള്‍, മനോഭാവം, പ്രതിസന്ധികളെ നേരിടുന്ന ശൈലി ഇവയെല്ലാം മാനസിക ആരോഗ്യത്തെ സ്വാധീനിക്കും. വ്യക്തികള്‍ തമ്മിലുള്ള ആശയ വിനിമയം ഫലപ്രദമാവാതെ വരാം. സംസാരത്തിലും, വികാര പ്രകടനങ്ങളിലും സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാവാം. ദേഷ്യവും ക്ഷമയില്ലായ്മയും അനുഭവപ്പെടാം. വ്യക്തി ബന്ധങ്ങള്‍, ദാമ്പത്യബന്ധം ഇവ ശിഥിലമാവാതെ നോക്കണം. ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. പുരുഷന്മാരില്‍ ലഹരി പദാര്‍ഥങ്ങളുടെ ദുരുപയോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും, രോഗം വരാതെ ജാഗ്രതയോടെ ഇരിക്കുകയും വേണം. ഫോണ്‍ വഴി ആശയ വിനിമയം നടത്തുക, പ്രിയപ്പെട്ടവരോട് സംസാരിക്കുക, ആശങ്കകള്‍ പങ്കുവയ്ക്കുക, തുറന്നു സംസാരിക്കുക, പാട്ടു കേള്‍ക്കുക, പടം വരയ്ക്കുക, കൃഷിപ്പണികള്‍ ചെയ്യുക, പൂന്തോട്ടം നിര്‍മ്മിക്കുക, ചെടികള്‍ വെച്ച് പിടിപ്പിക്കുക, അടുക്കളത്തോട്ടം തയ്യാറാക്കുക, പച്ചക്കറി വിത്തുകള്‍ വാങ്ങി നടുകയും പരിപാലിക്കുകയും ചെയ്യുക, ടെലിവിഷനില്‍ വിനോദ പരിപാടികള്‍ കാണുക, സ്വന്തം ജീവിതാനുഭവങ്ങളിലെ നല്ല കാര്യങ്ങളും നിര്‍ണായക സംഭവങ്ങളും വഴിത്തിരിവുകളും, പ്രതിസന്ധികളും അവയുടെ അതിജീവനവും ഒക്കെ ഓര്‍ത്തെടുക്കാനും പറ്റുമെങ്കില്‍ പറയാനും എഴുതാനും ശ്രമിക്കുക. മക്കളുടെയോ മറ്റു സഹായികളുടെയോ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. 

കുട്ടികളെയും, സ്ത്രീകളെയും, മുതിര്‍ന്ന പൗരന്മാരെയും അവരുടെ മാനസികാരോഗ്യത്തെയും കോവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാനസിക പിരിമുറുക്കം വര്‍ധിക്കുന്നത് യഥാസമയം തിരിച്ചറിയുകയും മാനസികാരോഗ്യം വീണ്ടെടുക്കുകയും വേണം. അല്ലെങ്കില്‍ ജീവിതഗുണ നിലവാരത്തെ (quality of life) സാരമായി ബാധിക്കും. 

നേരത്തെ സൂചിപ്പിച്ച പ്രകാരമുള്ള ക്രിയാത്മക കാര്യങ്ങളില്‍ ഇടപെടുക, പ്രാര്‍ഥന, ഭജന്‍ ആലാപനം, യോഗ, മെഡിറ്റേഷന്‍ ഇവയൊക്കെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായകരമാണ്. ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരൊക്കെ കടുത്ത മാനസിക സമ്മര്‍ദത്തിലും പിരിമുറുക്കത്തിലും ആവുന്നത് യഥാസമയം തിരിച്ചറിയണം. കോവിഡ് മുന്നണിപ്പോരാളികള്‍ എന്ന നിലയില്‍ സ്വയംരക്ഷ നോക്കുക. പിരിമുറുക്കം ലഘൂകരിക്കുന്ന (stress reduction, stress management) മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം. ആരും തന്നെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്ക് അതീതരല്ല. എത്ര സൗരഭ്യം പരത്തുന്ന പൂവും വാടും. അപ്രകാരം തന്നെ നമ്മുടെ മനസ്സും. മനസ്സ് വാടുക എന്നാല്‍ മാനസികാരോഗ്യം കുറയുക എന്നതാണ്.

കോവിഡ് ബാധിതരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഗൗരവതരമാണ്. ബന്ധുക്കളില്‍ നിന്ന് അകന്ന് കഴിയേണ്ടി വരുന്നതുമൂലം ഒറ്റപ്പെടലും വിഷമവും മനഃപ്രയാസവും ഉണ്ടാവുന്നു. തന്നില്‍ നിന്നും മറ്റുള്ളവര്‍ക്ക് പകര്‍ന്നിരിക്കുമോ എന്നും, കോവിഡ് ബാധിച്ച തന്നെ മറ്റുള്ളവര്‍ എങ്ങനെ നോക്കിക്കാണും എന്നൊക്കെ ചിന്തിച്ചു മനസ്സ് വിഷാദാത്മകമാവും. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കണം. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അവരോട് ഫോണ്‍ വഴി സംസാരിക്കണം. നാം ഒപ്പമുണ്ട് എന്ന് ബോധ്യപ്പെടുത്തണം. രോഗം ബാധിച്ചവര്‍ ലാഘവമായി കാണാനും പാടില്ല. ചികിത്സാ ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഒറ്റപ്പെട്ട ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കോവിഡ് രോഗിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്ന തരത്തില്‍ വിവേചനം കാട്ടിയ ആളുകളും ഉണ്ട്. അപ്രകാരം ആവാതിരിക്കാന്‍ ശരിയായ ബോധവത്ക്കരണം ഉടന്‍ ഉണ്ടാവുകയും പൊതുസമൂഹത്തിന്റെ പിന്തുണയും കരുതലും ഉണ്ടാകുവാന്‍ സര്‍ക്കാര്‍ യഥാസമയം ഇടപെടുകയും ചെയ്യുകയുണ്ടായി.

കോവിഡ് രോഗാണു മൂലമുള്ള ശാരീരിക പ്രശ്‌നങ്ങളോടൊപ്പം ഉണ്ടാകുന്ന ചെറുതും വലുതുമായ മാനസികാവസ്ഥകളെയും മാനസിക പ്രശ്‌നങ്ങളെയും യഥാസമയം തിരിച്ചറിയുവാന്‍ നമുക്ക് കഴിയണം. തുറന്നു സംസാരിക്കണം. അത് കേള്‍ക്കാന്‍ സന്നദ്ധരായ ആളുകള്‍ ഉണ്ടാവണം. ദിശ (DISHA) ഹെല്‍പ് ലൈന്‍ 1056 എന്ന നമ്പറില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കുകയും കൗണ്‍സിലിങ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം. എല്ലാ ജില്ലകളിലെയും മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകള്‍ വഴിയും, തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും 'ആശ്വാസ്' ക്ലിനിക്കുകള്‍  വഴിയും, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താലൂക്ക് ആശുപത്രികള്‍, കോവിഡ് ആശുപത്രികള്‍ എന്നിവ വഴിയും മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും മാനസികമായ പ്രഥമ ശുശ്രൂഷയും ആവശ്യമെങ്കില്‍ ഔഷധ ചികിത്സയും നല്‍കി മാനസികാരോഗ്യം എല്ലാവര്‍ക്കും കൈവരിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്

(തിരുവനന്തപുരം പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ സൈക്യാട്രി വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍) 

Content Highlights: World Mental Health Day 2021, Covid 19 and mental disorders; there are ways to solve it, Health