ബുദ്ധിമാന്ദ്യം (Intelectual Disability ID), മാനസിക രോഗങ്ങള്‍(Mental Illness), പഠനവൈകല്യം(Specific learning disability (SLD), ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍(ASD) എന്നിവയാല്‍ വൈകല്യം ബാധിക്കപ്പെട്ടവര്‍ക്കായി വിവിധയിനം ആനുകൂല്യങ്ങള്‍ ക്രേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും ലഭ്യമാണ്. ഇവ ലഭിക്കുന്നതിനായുള്ള മാനദന്ധങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്. വൈകല്യം ബാധിക്കപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ അവരുടെ പക്കല്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുമുള്ള വൈകല്യ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

എന്താണ് വൈകല്യ സര്‍ട്ടിഫിക്കറ്റ്?

ഒരു വ്യക്തിക്കുള്ള വൈകല്യത്തിന്റെ അളവ് തിട്ടപ്പെടുത്തി മതിയായ അധികാരികള്‍ നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് ആണ് വൈകല്യ സര്‍ട്ടിഫിക്കറ്റ്. വൈകല്യമുള്ള ഒരു വ്യക്തിയ്ക്ക് കണ്‍സഷന്‍, വൃത്യസ്ത സ്‌കീമുകളിലൂടെയുള്ള ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ നിയ്രന്തണങ്ങള്‍ക്ക് വിധേയമായി ലഭിക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ആരാണ് വൈകല്യ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായിട്ടുള്ളത്?

RPWD Act 2016 ല്‍ എടുത്തു പറയപ്പെട്ട വൈകല്യങ്ങള്‍ക്ക് കാരണമാവുംവിധം ഗൗരവകരമായ വിവിധ ശാരീരികമായതും മാനസികമായതുമായ വൈകല്യമുള്ളവര്‍ ഈ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാണ്. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക.

എന്താണ് UDID?

ഇത് ഒരു ഡിജിറ്റല്‍ ആയിട്ടുള്ള വൈകല്യ കാര്‍ഡ് ആണ്. ഇതിനു ഇന്ത്യയില്‍ എല്ലായിടത്തും സാധുത ഉണ്ട്. വൈകല്യം ഉള്ളവര്‍ക്ക് Www.swavlambaniard.gov.in  വെബ്‌സൈറ്റിലൂടെ UDID യ്ക്കായി അപേക്ഷിക്കാവുന്നതാണ്.

വൈകല്യം ബാധിക്കപ്പെട്ടവരുടെ ക്ഷേമം സംബന്ധിയായ നിയമങ്ങള്‍

1. The Right of Person with Disabilities (RPWD) Act 2016
2. National Trust Act for Welfare of person with autism, cerebral palsy, mental retar- dation and multiple disability act, 1999
3. Rehabilitation Council of India Act 1992
4. The Mental Health Care Act 2017 pertaining to mental illness alone 

മാനസിക വൈകല്യമുള്ളവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍

എല്ലാ ഗ്രാമപഞ്ചായത്ത്/ താലൂക്ക് പഞ്ചായത്ത്/കോര്‍പ്പറേഷന്‍/ മുനിസിപ്പല്‍/മെട്രോസിറ്റി കോര്‍പ്പറേഷനുകളും അവരുടെ ബഡ്ജറ്റിന്റെ ചുരുങ്ങിയത് അഞ്ച് ശതമാനമെങ്കിലും വൈകല്യമുള്ളവരുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ടതാണ്.

1. വൈകല്യ പെന്‍ഷന്‍

ബി.പി.എല്‍. കാര്‍ഡുള്ളവരായിട്ടുള്ള വൈകല്യമുള്ളവര്‍ അല്ലെങ്കില്‍ നിശ്ചിത പരിധിക്ക് താഴെ വാര്‍ഷിക വരുമാനമുള്ള വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. 40 ശതമാനത്തിനും 70 ശതമാനത്തിനും ഇടയില്‍ വൈകല്യമുള്ളവര്‍ക്ക് മാസം 600 രൂപയായിരിക്കും പെന്‍ഷന്‍. 75 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമു ള്ളവര്‍ക്ക് മാസം 1400 രൂപയായിരിക്കും പെന്‍ഷന്‍.

2. യാത്രാ ഇളവ്

വൈകല്യമുള്ളവര്‍ക്ക് 660 രൂപ കണ്‍സഷന്‍ നിരക്കില്‍ സര്‍ക്കാരിന്റെ നോണ്‍-എ.സി. ബസുകളില്‍ യാത്ര ചെയ്യുന്നതിനായി പാസ് ലഭിക്കുന്നതാണ്. ഇളവ് ലഭിക്കുന്നതിനായി വൈകല്യ സര്‍ട്ടിഫിക്കറ്റ്, ഐഡി പ്രൂഫ്, സമീപകാലത്തെടുത്ത മൂന്ന് ഫോട്ടോ എന്നിവ സമീപത്തെ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയില്‍ സമര്‍പ്പിക്കേണ്ടതാണ്. ബസ്പാസ് ഓരോ കലണ്ടര്‍ വര്‍ഷത്തിലും പുതുക്കേണ്ടതാണ്.

ബുദ്ധിമാന്ദ്യമുള്ള വ്യക്തിക്കും അനുഗമിക്കുന്ന ഒരു വ്യക്തിക്കും റെയില്‍വേ യാത്രക്കായി യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് പരമാവധി 75 ശതമാനം വരെ കണ്‍സഷന്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Www. irctchelp.in/railwayrules-handicapped സന്ദര്‍ശിക്കുക. വൈകല്യമുള്ളവര്‍ക്ക് (ഓണ്‍ലൈന്‍ ടിക്കറ്റ് ഉള്‍പ്പെടെ) കണ്‍സഷന്‍ ലഭിക്കുന്നതിനായി പ്രത്യേ 10 നമ്പരോടുകൂടിയ ഫോട്ടോ ഐഡി കാര്‍ഡ് ബന്ധപ്പെട്ട റെയില്‍വേ ഡിവിഷ ണല്‍ മാനേജര്‍ ഓഫീസില്‍നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Govt.of. India, Ministry of Railway Circular No. 2011/TG-1/10/eticketing for disabled/pt-1 dated 19.3.2012 റഫര്‍ ചെയ്യുക.

ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ - Niramaya Scheme (National Trust Act)

ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഒന്നിലേറെ വൈകല്യം എന്നിവയാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ സ്‌കീമിന് അര്‍ഹരാണ്. ഇതില്‍ ഔട്ട്‌പേഷഷ്യന്റ്  ചികിത്സ, ആരോഗ്യ ചെക്കപ്പ്, ശസ്ത്രകിയ, ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ്, യാത്ര എന്നിവ ഉള്‍പ്പെടെ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ ലഭിക്കുന്നു. ഏതു ആശുപ്രതിയില്‍ നിന്നും ചികിത്സ തേടാവുന്നതാണ്. പ്രീ-ഇന്‍ഷുറന്‍സ് മെഡിക്കല്‍ ടെസ്റ്റുകള്‍ ആവശ്യമില്ല. ബി.പി.എല്‍. ആയിട്ടുള്ളവര്‍ക്ക് ആദൃതവണ ചേരുന്നതിനുള്ള ഫീസ് വര്‍ഷത്തില്‍ 250 രൂപയാണ്. ശേഷം പുതുക്കുന്നതിനായി വര്‍ഷത്തില്‍ 50 രൂപ മതിയാകും. എ.പി.എല്‍. വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ആദ്യ തവണ ചേരുന്നതിന് 500 രൂപയും പുതുക്കുന്നതിനായുള്ള ഫീസ് 250 രൂപയും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.niramayascheme.com  സന്ദര്‍ശിക്കുക.

തൊഴില്‍ മേഖലയിലെ ഇളവുകള്‍ 

ID,ASD,SLD,MI, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവയാല്‍ വൈകല്യം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സഹായം നല്‍കപ്പെടുന്ന സ്ഥാപനങ്ങളിലും തൊഴില്‍ സംവരണം നല്‍കിയിട്ടുണ്ട്.

വൈകല്യമുള്ളവര്‍ക്ക് Ministry of Labour and Employment - National Career Service website www.ncs. gov.in ല്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വൈകല്യമുള്ളവര്‍ക്ക് DDW ഓഫീസിലെ പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇത്തരക്കാര്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ ജോലി ലഭിക്കാതെ വന്നാല്‍ അവര്‍ക്ക് പ്രതിമാസം 1000 രൂപ തൊഴിലില്ലായ്മ വേതനമായി ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. വൈകല്യമുള്ളവര്‍ക്ക് ഒന്നുകില്‍ വൈകല്യ പെന്‍ഷനോ അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനമോ ലഭിക്കും. രണ്ടും ഒരുമിച്ചു ലഭിക്കുന്നതല്ല.

ലഘുവായ ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കായി Vocational Rehabilitation Centre for Handicapped(VRCH) ന്റെ നേതൃത്വത്തില്‍ വൊക്കേഷണല്‍ ട്രെയിനിംഗ്, ജോലി നേടാനുള്ള സഹായം എന്നിവയും നല്‍കപ്പെടുന്നു.

സ്വര്‍ണ ജയന്തി ഗ്രാം സ്വറോസ്ഗാര്‍ യോജന, സ്വര്‍ണ ജയന്തി ഷനോരി റോസ്ഗാര്‍ യോജന, പ്രഥാം കൗശാല്‍ വികാസ് യോജന, പ്രൈം മിനിസ്റ്റര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം, മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്റ്റ് എന്നിവകളിലും വൈകല്യമുള്ളവര്‍ക്ക് സംവരണവും കണ്‍സഷനുകളുമുണ്ട്. 

സര്‍വ്വീസിനിടയില്‍ വൈകല്യം സംഭവിക്കപ്പെടുന്ന ജോലിക്കാരനെ ഒഴിവാക്കാനോ, അദ്ദേഹത്തിന്റെ റാങ്ക് താഴ്ത്തുവാനോ പാടുള്ളതല്ല. വൈകല്യത്തിന്റെ കാരണത്താല്‍ പ്രമോഷന്‍ തടയാനും പാടില്ല. സ്വകാരൃമേഖലയിലെ തൊഴിലുടമകള്‍ വൈകല്യം ഉള്ളവര്‍ക്ക് തൊഴില്‍ നല്‍കു ന്നത് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് എന്നിവയില്‍ തൊഴിലുടമയുടെ വിഹിതം ആദ്യ മൂന്നു വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അടയ്ക്കുന്നു. 

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

വ്യക്തമായ വൈകല്യങ്ങളുള്ള എല്ലാ കുട്ടികള്‍ക്കും 6 മുതല്‍ 18 വയസുവരെ സമീപത്തെ സ്‌കൂളിലോ, സ്‌പെഷ്യല്‍ സ്‌കൂളിലോ സൗജന്യമായി വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം ഉണ്ട്.

6 മുതല്‍ 14 വയസുവരെ പ്രായമുള്ള വൈകല്യമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നത് സര്‍വശിക്ഷ അഭിയാന്‍ (എസ്.എസ്.എ.) ഉറപ്പു വരുത്തുന്നു. മാത്രമല്ല ഒരു കുട്ടിയും വിദ്യഭ്യാസ സമ്പ്രദായത്തില്‍നിന്നും വിട്ടുപോകുന്നില്ല എന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നു.

രാ്ര്രഷീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍.എം.എസ്.എ.): 14 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ക്ക് അവരുടെ 9-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ സ്‌കൂളുകളിലും, എയ്ഡഡ് സ്‌കൂളുകളിലും നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. 

ID, ASD, SLD, MI, ഒന്നിലധികം വൈകല്യം എന്നിവ ഉള്‍പ്പെടെയുള്ള വൈകല്യ ബാധിതര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലും, എയ്ഡഡ് സ്‌കൂളുകളിലും 5 ശതമാനം സംവരണം ഉണ്ട്. പഠനവൈകല്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഇളവുകളുമുണ്ട്. ഇതു വിവിധ എഡ്യുക്കേഷന്‍ ബോര്‍ഡുകളില്‍ വൃതൃസ്തമാണ്. രണ്ടാം ഭാഷ ഒഴിവാക്കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ നേരമുള്ള പരീക്ഷകളില്‍ 15 മിനിറ്റ് സമയം അധികമായി നല്‍കുക, സ്‌ക്രൈബിനെ ഉപയോഗിക്കാനുള്ള അവസരം നല്‍കുക, ഗ്രേസ് മാര്‍ക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Department of Empowerment of Person with Disabilities, Govt. of India വൈകല്യങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മെട്രിക്, പോസ്റ്റ് മ്രെടിക്, അണ്ടര്‍ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍(എ.ഐ.സി.ഐ.ഇ.)  അംഗീകരിക്കപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ടെക്‌നിക്കല്‍ ഡിഗ്രി/ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്നതിനായി എ.ഐ.സി.ഐ.ഇയുടെ സാക്ഷ്യം സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്.

വൈകല്യമുള്ള കുട്ടികള്‍ക്ക് എം.ഫില്‍, പി.എച്ച്.ഡി. തുടങ്ങി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷനില്‍  നിന്നും രാജീവ് ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. 

ബി.പി.എല്‍. ലിസ്റ്റില്‍ പെടുന്ന വൈകല്യബാധിതര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ സ്‌കോളര്‍ഷിപ്പ് നല്‍കപ്പെടുന്നു.

വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, ഹോസ്റ്റല്‍ സബ്‌സിഡി എന്നിവ തിരികെ കിട്ടുന്നതിനായി ഉയര്‍ന്ന വാര്‍ഷിക പരിധി അനുവദിക്കപ്പെട്ടിരിക്കുന്നു.

ആദായനികുതി ഇളവുകള്‍

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 U പ്രകാരം 40 ശതമാനത്തിനു കൂടുതല്‍ വൈകല്യം ഉള്ള വ്യക്തിക്ക് 75,000 രൂപയും, 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യ മുള്ള വ്യക്തിക്ക് 1,25,000 രൂപയും അവരുടെ ആദായനികുതി കണക്കാക്കപ്പെടുമ്പോള്‍ വാര്‍ഷിക വരുമാനത്തില്‍നിന്നും ഇളവ് ലഭിക്കുന്നതാണ്.

സെക്ഷന്‍ 80 DD പ്രകാരം വൈകല്യം ഉള്ളവരുടെ ചികിത്സ, പരിശീലനം, പുനരധിവാസം എന്നിവക്കായി 75,000 (വൈകല്യം 40 ശതമാനത്തില്‍ കൂടുതല്‍) രൂപയും 1,25,000 (വൈകല്യം 40 ശതമാനത്തില്‍ കൂടുതല്‍) രൂപയും പരിചരിക്കുന്ന ആളുടെ വാര്‍ഷിക വരുമാനത്തില്‍നിന്നും ഇളവായി ലഭിക്കുന്നതാണ്.

ആദായനികുതി നിയമം (1961) സെക്ഷന്‍ 80 DDA പ്രകാരം സ്ഥിരമായ ശാരീരിക വൈകല്യം, ബുദ്ധിമാന്ദ്യം എന്നിവ ഉള്ളവരെ പരിചരിക്കുന്നവര്‍ക്ക് എല്‍.ഐ.സി. അല്ലെങ്കില്‍ യു.ടി.ഐ. എന്നിവയുടെ നിയുക്ത സ്‌കീമുകളില്‍ പണം അടച്ചോ, നിക്ഷേപിച്ചോ വര്‍ഷത്തില്‍ 20,000 രൂപ വരെ വാര്‍ഷിക വരുമാനത്തില്‍നിന്നും ഇളവ് നേടാവുന്നതാണ്.

ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 64 പ്രകാരം വൈകല്യമുള്ള കുട്ടി ഉണ്ടാക്കിയ വരുമാനം (സ്ഥിര നിക്ഷേപം, തന്റെ പേരിലുള്ള സ്വത്തില്‍നിന്നുള്ള വരുമാനം) അവരുടെ രക്ഷിതാക്കളുടെ വരുമാനവുമായി ആദായനികുതി അടക്കുന്നതിനായി കൂട്ടി ചേര്‍ക്കുന്നില്ല. ആദായനികുതി അടക്കുന്ന സമയത്ത് കുട്ടിക്ക് സെക്ഷന്‍ 80 U ന് കീഴിലെ ഇളവുകള്‍ക്ക് വേണ്ടി അവകാശപ്പെടാവുന്നതാണ്.

ലോണുകള്‍

ആധാര സ്‌കീം (Adhara Scheme) വഴി ചെറിയ ബിസ്‌നസുകള്‍ തുടങ്ങുന്നതി നായി സാമ്പത്തിക സഹായം നല്‍കപ്പെടുന്നു. 35000 രൂപ പലിശ രഹിത ലോണും 15000 രൂപ വരുന്ന ഇളവുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗുണഭോക്താവിനു 18 വയസ്സോ അതില്‍ മുകളിലോ പ്രായം ഉണ്ടാവേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വരുമാന പരിധിയില്‍ പെട്ടിരിക്കുകയും വേണം. അപേക്ഷകള്‍ District Disabled Welfare Office (DDWO) / www.welfareofdisable.kar.nic ല്‍ ലഭ്യമാണ്. 

വിവാഹ അലവന്‍സ്

വൈകല്യം ബാധിക്കപ്പെട്ട വ്യക്തിയും വൈകല്യം ഇല്ലാത്ത വ്യക്തിയും തമ്മിലുള്ള വിവാഹത്തിനായി 50000 രൂപ സര്‍ക്കാര്‍ പ്രോത്സാഹനമായി നല്‍കുന്നു. ഇതിനായി ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടതാണ്.

പെന്‍ഷന്‍ കൈമാറ്റം ചെയ്യല്‍

ഭാരത സര്‍ക്കാര്‍ ജീവനക്കാര്‍ /പെന്‍ഷനര്‍ /ഫാമിലി പെന്‍ഷനര്‍ എന്നിവര്‍ക്ക് വിരമിക്കുന്നതിന് മുമ്പോ, വിരമിച്ചതിന് ശേഷമോ, മരണശേഷമോ കുടുംബത്തിലെ ആശ്രിതരായി കഴിയുന്ന വൈകല്യമുള്ളവര്‍ക്ക് പെന്‍ഷന്‍ കൈമാറ്റം ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി Central Pension Accounting Office, Ref. No. 1/27/2011-PW(E) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വൈകല്യം ബാധിക്കപ്പെട്ടവരെ പരിചിരിക്കുന്നവരെ സ്ഥലം മാറ്റങ്ങളില്‍നിന്നും ഒഴിവാക്കാനുള്ള ഉത്തരവ്

വൈകല്യമുള്ളവരെ പരിചരിക്കുന്ന ക്രേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ ഭരണപരമായ നിയന്ത്രങ്ങള്‍ക്കു വിധേയമായി പതിവു സ്ഥലമാറ്റങ്ങളില്‍നിന്നും ഒഴിവാക്കി കിട്ടാന്‍ സാധ്യതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  No. 42011/3/2014 EoH (Res) dated 6 June 2014 വായിക്കുക.

സൗജന്യ നിയമ സഹായ സേവനം 

വൈകല്യം ബാധിക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യ നിയമ സഹായം എല്ലാ ജില്ലാ കോടതികളിലും ലഭ്യമാണ്.

നാഷണല്‍ ട്രസ്റ്റ് ആക്റ്റിന് കീഴിലുള്ള സ്‌കീമുകള്‍

ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവ ബാധിക്കപ്പെട്ടവരുടെ രക്ഷിതാക്കള്‍ക്ക് നാഷണല്‍ ട്രസ്റ്റ് ആക്ട് (1999) ന് കീഴില്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാവുന്നതും അങ്ങിനെ പല ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.

ഇതിനു കീഴില്‍ വരുന്ന സ്‌കീമുകള്‍ ലഭ്യമാവുന്നതിനായി നിങ്ങളുടെ പ്രദേശങ്ങളിലുള്ള നാഷണല്‍ ട്രസ്റ്റ് ആക്റ്റുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവിധ സ്‌കീമുകള്‍ താഴെ കൊടുക്കുന്നു.

  • Vikasa
  • Disha (Early Intervention and School Readiness Scheme) 
  • Samarath (താല്‍ക്കാലിക പരിചരണം)
  • Gharaahda (പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വീട്) 
  • Niramaya (പരിചാരകര്‍ക്കുള്ള പരിശീലന പരിപാടി)
  • Gyan Prabha (വിദ്യാഭ്യാസ സഹായം)
  • Prerna (മാര്‍ക്കറ്റിങ്ങ് അസിസ്റ്റന്‍സ് സ്‌കീം)
  • Sambhar (വൈകല്യ ലഘൂകരണം ഉപകരണങ്ങള്‍) 
  • Badhte Kadam (അവബോധം) സമൂഹവുമായി ബന്ധപ്പെടുന്നവര്‍, മാറ്റം വരുന്നതിനായുള്ള പരിപാടികള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.thenationaltrust.gov.in സന്ദര്‍ശിക്കുക.

രാഷ്ട്രീയ ബാല്‍ സ്വസ്ത് കാര്യകം (ആര്‍.ബി.എസ്‌.കെ. പരിശോധന)

ഈ പദ്ധതി വഴി 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ബാല്യകാല ന്യൂനതകള്‍, ബാല്യകാല അസുഖങ്ങള്‍, ജന്‍മവൈകല്യങ്ങള്‍, വളര്‍ച്ചയിലും വികാസത്തിലും കാലതാമസം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നു.
ആറു വയസ്സുവരെയുള്ള കുട്ടികളുടെ പരിശോധന അതത് പ്രദേശത്തെ അംഗന്‍വാടികളില്‍വെച്ചും 6 വയസു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള പരിശോധന വിദ്യാലയങ്ങളില്‍വെച്ചും, പരിശോധനകളില്‍ എന്തെങ്കിലും തരത്തിലുള്ള വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുകയാണെങ്കില്‍ ആര്‍.ബി.എസ്.കെ. പദ്ധതി വഴി കുട്ടിക്ക് സര്‍ക്കാര്‍ ആശുപ്രതിയില്‍ തുടര്‍ചികിത്സ തികച്ചും സൗജന്യമായി നല്‍കുന്നതാണ്. ആര്‍.ബി.എസ്.കെ. പരിശോധന പൂര്‍ത്തിയാക്കുന്നതിലൂടെ ബാല്യകാലരോഗങ്ങളില്‍ നിന്നും പോഷണക്കുറവില്‍ നിന്നും ജന്മവൈകല്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍നിന്നും വളര്‍ച്ചയിലും വികാസത്തിലുമുള്ള കാലതാമസങ്ങളില്‍നിന്നും നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാനാകും.

ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (ഡി.ഇ.ഐ.സി.)

കുട്ടികളില്‍ കണ്ടുവരുന്ന ജന്മവൈകല്യങ്ങളും വളര്‍ച്ചയിലും വികാസത്തിലും ഉള്ള കാലതാമസം മുലമുണ്ടാകുന്ന വൈകല്യങ്ങളും പരിഹരിക്കുന്നതിനായി ശിശുരോഗ വിദ ഗ്ധന്‍, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ സര്‍ജന്‍, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍, ഡെന്റല്‍ ഹൈജിനിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്‌ മുതലായ ഒരു വിദഗ്ധ സംഘം ഡി.ഇ.ഐ.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ബീച്ചിലുള്ള ഗവണ്‍മെന്റ് ജനറല്‍ ആശുപ്രതിയിലാണ് ഡി.ഇ.ഐ.സി. പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനസമയം രാവിലെ 9 മണിമുതല്‍ വൈകിട്ട 4 മണിവരെയാണ്. 

അനുയാത്ര (മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ സെന്റര്‍

ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ സേവനം വീട്ടുപടിക്കല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക സുരക്ഷാമിഷന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അനുയാത്ര. ഈ പദ്ധതിയില്‍ സൈക്കോളജിസ്റ്റ്, ഫിയോതെറാപ്പിസ്റ്റ്, സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍, സ്പീച്ച് തെറാപിസ്റ്റ്, ഡവലപ്പ്‌മെന്റല്‍ തെറാപിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകുന്നു.

കൗമാര ആരോഗ്യ പരിപാടി

പത്ത് മുതല്‍ പത്തൊമ്പത് വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഡോക്ടര്‍മാരുടെയും കൗണ്‍സിലറുടെയും സേവനം കോഴിക്കോട് ജില്ലയില്‍ ബീച്ചിലുള്ള ജനറല്‍ ആശുപ്രതിയിലും പേരാമ്പ്ര താലൂക്ക് ആശുപ്രതിയിലെ കൗമാര ആരോഗ്യ- സൗഹൃദ ക്ലിനിക്കിലും ലഭ്യമാണ്. 

(കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Content Highlights: World Mental Health Day 2021, benefits that the mentally ill get from the government, Health