മാനസിക പ്രശ്നങ്ങള്‍ക്ക് ആരും അതീതരല്ല. അതാര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം. കോവിഡ് കണ്ടുപിടിക്കപ്പെട്ട പോലെ പ്രത്യേകിച്ചങ്ങനെയൊരു വാക്സിനേഷനൊട്ടില്ലതാനും. എങ്കിലും ചില കാര്യങ്ങള്‍ ക്രമീകൃതമായി, സ്ഥിരമായി പാലിക്കുകയാണെങ്കില്‍ മാനസിക സമ്മര്‍ദങ്ങള്‍ വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.

1. സമയം പാലിക്കുക

സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുക. പിന്നേയ്ക്കു വയ്ക്കാതിരിക്കുക. മറ്റുള്ളവരുടെയും നമ്മുടെയും സമയത്തിനു വില നല്‍കുക. ഇതുവഴി കാര്യങ്ങള്‍ കുമിഞ്ഞുകൂടാതിരിക്കും. വാക്ക് തെറ്റിക്കാനിടവരില്ല. സ്വാഭിമാനം വര്‍ധിക്കും.

2. പറ്റില്ല എന്നു പറയുന്നത് ശീലമാക്കുക

ചവയ്ക്കാവുന്നതില്‍ കൂടുതല്‍ ഭക്ഷണം വായിലെടുക്കരുതെന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. എല്ലാ ഭാരവും കൂടി തലയിലെടുത്ത് ഒന്നിനും കൊള്ളാത്തവര്‍, ഒന്നും തീര്‍ക്കാത്തവര്‍ എന്ന ദുഃസ്ഥിതി വരുത്താതിരിക്കുക.

3. താരതമ്യങ്ങള്‍ ഒഴിവാക്കുക

മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നതു നമ്മുടെ തനത് വ്യക്തിത്വത്തെ വിലകുറച്ചു കാണലാണ്. അത് നമ്മുടെ ആത്മവിശ്വാസം തകര്‍ക്കും.

4. അനുതാപം ശീലിക്കുക

മറ്റുള്ളവരെ തന്നാല്‍ കഴിയുന്ന വിധം സഹായിക്കുക. എത്രയാണു തനിക്ക് കഴിയുന്നത് എന്ന അതിര്‍ത്തി നിര്‍ണയിക്കാന്‍ മറക്കരുത്.

5. ഉള്‍ക്കരുത്തുള്ളവരാകുക

പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ എത്രയും പെട്ടെന്ന് പഴയ സ്ഥിതിയിലേക്ക് ഒരു ഇലാസ്റ്റിക് കണക്കെ തിരിച്ചെത്താനായി ശ്രമിക്കുകയും പ്രശ്നങ്ങളില്‍നിന്ന് അവ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിച്ചെടുക്കുകയും വേണം.

6. മനോനിറവ് ജീവിത ശൈലിയുടെ ഭാഗമാക്കുക

ഇന്നലത്തെ എന്നത് കുറ്റബോധവും നാളെ എന്നത് ആധിയും സൃഷ്ടിച്ചേക്കാം. ഇന്ന് എന്നത് മനോ നിറവിലൂടെ പരിശീലിച്ചെടുക്കുക

7. അവനവനെ പരിരക്ഷിക്കുക, പരിലാളിക്കുക

ഒഴിഞ്ഞ കപ്പില്‍നിന്ന് പകരാനാകില്ല. സന്തോഷവും ഹരവും നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ട് അവനവനെ റീച്ചാര്‍ജ് ചെയ്യാന്‍ മറക്കരുത്.

തയ്യാറാക്കിയത്: 
ജി. സൈലേഷ്യ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
മിത്ര ക്ലിനിക്, കൊച്ചി

Content Highlights: World Mental Health Day 2021, 7 tips to reduce stress, Health, Mental Health