തൃശ്ശൂര്‍: സാധാരണക്കാര്‍ക്ക് മനസ്സിന് വിഷമംതട്ടിയാല്‍ പറഞ്ഞുതീര്‍ക്കാം. മിണ്ടാനും കേള്‍ക്കാനും കഴിയാത്തവര്‍ക്ക് അതിനും വയ്യ. ഇതുപരിഹരിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലെ മനശ്ശാസ്ത്രവിദഗ്ദ്ധനും കൗണ്‍സിലറുമായ കെ.ജി. ജയേഷ്.

എഴുതിനല്‍കുന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളിലൂടെയാണ് ഇവരുടെ മാനസികസമ്മര്‍ദ്ദങ്ങളിലേക്ക് ചികിത്സകന്‍ എത്തുന്നത്. പ്രത്യേക ചോദ്യക്രമങ്ങള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഫോണിലൂടെയോ നേരിട്ടോ ഉള്ള ആശയവിനിമയം അസാധ്യമായ സാഹചര്യത്തിലാണ് പുതിയ രീതി പരീക്ഷിച്ചത്. ഇത്തരക്കാര്‍ക്ക് ടെലിമെഡിസിന്‍ രീതികളും ഉപയോഗിക്കാനാവില്ല.

പ്രശ്‌നങ്ങള്‍ കൂടുന്നു

രണ്ടു വര്‍ഷമായി കേള്‍വി- സംസാരശേഷി ഇല്ലാത്തവര്‍ കൂടുതല്‍ കൗണ്‍സലിങ്ങിനു വരുന്നുണ്ട്. മാനസിക പിരിമുറുക്കം, വിഷാദം, വൈകാരികമാറ്റങ്ങള്‍, ഒറ്റപ്പെടല്‍, ഏകാന്തത, അമിതദേഷ്യം, ജോലിനഷ്ടം, ദാമ്പത്യപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, രോഗം വരുമോ എന്നുള്ള അകാരണഭയം, ഉറക്കക്കുറവ് എന്നീ പ്രശ്‌നങ്ങളാണ് ഇവരെ അലട്ടുന്നത്. ലോക്ഡൗണ്‍ ഉണ്ടാക്കിയ പൊതുവായ പ്രശ്‌നങ്ങളെല്ലാം കൂടിയ തോതിലാണ് ഇവരെ ബാധിക്കുന്നത്. പ്രശ്‌നങ്ങള്‍ ആരോടുപറഞ്ഞ് പരിഹാരം കാണും എന്ന ആശങ്കയാണ് പലര്‍ക്കും. -ജയേഷ് പറയുന്നു.

ചാറ്റ്ഫ്രീ സംവിധാനം വേണം

സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തവര്‍ക്കായി ഒരു ചാറ്റ്ഫ്രീ സംവിധാനം വേണമെന്ന് കെ.ജി. ജയേഷ് പറയുന്നു. ആത്മഹത്യാ പ്രതിരോധത്തിനും മറ്റുമായി നിരവധി ടോള്‍ഫ്രീ നമ്പറുകള്‍ ഉണ്ടെങ്കിലും കേള്‍വി-സംസാരശേഷി ഇല്ലാത്തവര്‍ക്ക് ആശ്രയിക്കാവുന്ന പൊതുസംവിധാനം നിലവില്‍ കേരളത്തില്‍ ഇല്ല. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇല്ലാത്തത് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നുണ്ട്.

Content Highlights: World Mental Health Day 2021, Questionnaire to find out the mental stress of those who are deaf and dumb, Health