ത് കാര്യത്തിനാണോ മുതല്‍മുടക്കു ലഭിക്കുക ആ കാര്യം നടപ്പില്‍വരും: നയതന്ത്രവും ആസൂത്രണവുമായി ബന്ധപ്പെട്ട് കേള്‍ക്കാറുള്ള ഒരു ആശയമാണിത്. ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനാചരണത്തിന് തിരഞ്ഞടുത്തിട്ടുള്ള വിഷയവുമായും ഈ ആശയത്തിന് ബന്ധം വരുന്നു. മാനസികാരോഗ്യം എല്ലാവര്‍ക്കും: കൂടുതല്‍ നിക്ഷേപം കൂടുതല്‍ സേവനലഭ്യത എന്നതാണ് ഈ വര്‍ഷത്തെ അവബോധ വിഷയം. പൊതുജനാവബോധത്തേക്കാളുപരി ഭരണനിര്‍വഹണസാരഥ്യമുള്ളവരുടേയും സാമ്പത്തികാധികാര താക്കോല്‍സ്ഥാനങ്ങളിലുള്ളവരുടേയും അറിവിലേക്കായി വരേണ്ട വിഷയമാണ് ഇത്.

ഇപ്പോഴുള്ള സാഹചര്യം

വര്‍ഷാവര്‍ഷമുള്ള കേന്ദ്ര ബജറ്റിന്റെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുന്നത്. ഇത് അഞ്ച് ശതമാനമെങ്കിലുമാക്കണമെന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി ആവശ്യം ഉയരുന്നു. കോവിഡ് മഹാമാരിയെ നേരിടാന്‍ നമ്മുടെ രാജ്യത്തെ ആശുപത്രികള്‍ അത്രകൊണ്ട് സജ്ജമല്ലാത്ത അവസ്ഥ വരുന്നത് അരോഗ്യമേഖലയിലേക്കുള്ള സാമ്പത്തിക വിഹിതം കാലാകാലമായി കുറഞ്ഞിരുന്നത് കൊണ്ടും കൂടിയാണെന്നുള്ള വസ്തുത നമ്മുടെ മുന്നിലേക്ക് ഇന്ന് വരുന്നു. ആരോഗ്യ മേഖയ്ക്ക് കിട്ടുന്ന ഈ ഒരു ശതമാനത്തിന്റെ ഒരു ശതമാനമാണ് മാനസികാരോഗ്യ മേഖയിലെ ചെലവിലേക്കായി ലഭ്യമാവുന്നത്. ഇനിയോ, അങ്ങനെ കിട്ടുന്ന ഒരു ശതമനത്തിന്റെ സിംഹഭാഗവും ഏതാനും ചില മാനസികാരോഗ്യ ആശുപത്രികളിലേക്ക് പോകുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ഉതകുന്ന സാമൂഹികമാനസികാരോഗ്യ സേവനങ്ങള്‍ക്ക് തുലോം തുച്ഛം മുതല്‍മുടക്കേ ഉണ്ടാവുന്നുള്ളു. ഈ കുറവുകളെ കുറിച്ചുള്ള അവബോധം വരാനും പരിഹാര പ്രയത്നങ്ങള്‍ നടക്കുവാനും വേണ്ടിയാണ് ഈ വര്‍ഷത്തെ ഒക്ടോബര്‍ പത്ത്, ലോക മനസികാരോഗ്യദിനം നിലകൊള്ളുന്നത്.

എന്ത് കൊണ്ട് മാനസികാരോഗ്യ സേവനങ്ങളില്‍ കൂടുതല്‍ നിക്ഷേപിക്കണം?

സ്വാഭാവികമായ ഒരു ചോദ്യമാണിത്. ഒരിടത്ത് കൂടുതല്‍ ചിലവാക്കുമ്പോള്‍ മറ്റൊരിടത്ത് കുറയ്ക്കാതെ വയ്യല്ലോ. രണ്ട് കാര്യങ്ങളാണ് ഇതിന് ഉത്തരങ്ങളായി കാണേണ്ടത്

1. 2006 ലെ ആഗോള രോഗഭാര നിര്‍ണയപഠനം പ്രകാരം 2030 ഓടെ മനുഷ്യരാശിക്ക് ഏറ്റവും കൂടുതല്‍ ഭാരമാവാന്‍ പോകുന്ന രോഗങ്ങളില്‍ ഒന്നാണ് മാനസിക രോഗങ്ങള്‍. (മറ്റുള്ളവ എച്ച്.ഐ.വി./ എയ്ഡസ്, ഹൃദ്രോഗം എന്നിവയാണ്). അതുകൊണ്ട് മാനസിക രോഗാവസ്ഥകളെ ചെറുക്കുന്നതില്‍ ഇപ്പോള്‍ തന്നെ ശ്രമം നടത്തേണ്ടതുണ്ട്.

2. മാനസിക രോഗാവസ്ഥകളെ ചെറുക്കുവാന്‍ വളരെ ഫലപ്രദമായതും ചെലവു കുറഞ്ഞതുമായ മാര്‍ഗങ്ങള്‍ ലഭ്യമാണ്. അത് എല്ലാവര്‍ക്കും എല്ലായിടത്തും എത്തിച്ച് നല്‍കേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതേയുള്ളു.

ഈ ദിനം ഇന്ന് മുന്നോട്ടുവയ്ക്കുന്ന ആവശ്യം

1. ആരോഗ്യ ബജറ്റിന്റെ അഞ്ച് ശതമാനമെങ്കിലും (ഇപ്പോഴുള്ളത് ഒരു ശതമാനം) മാനസികാരോഗ്യ മേഖലയ്ക്ക് മാറ്റിവയ്ക്കുക.

2. അങ്ങനെ ലഭിക്കുന്ന വിഹിതത്തിന്റെ നല്ല ഭാഗവും ഏതാനും മാനസികാശുപത്രികളിലേക്ക് പോകുന്ന അവസ്ഥ മാറ്റി അത് ജനങ്ങള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന, അവരുടെ ആവശ്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്ന, അവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രാപ്യമായ രീതിയിലുള്ള സാമൂഹികമാനസികാരോഗ്യ സേവനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുക.

ഭൂരിഭാഗം ജനങ്ങള്‍ക്കും ഇണങ്ങുന്ന മാനസികാരോഗ്യ സേവനങ്ങള്‍ എന്നാലെന്ത്?

പൊതുജന മാനസികാരോഗ്യ സേവനം എന്ന് പറയുമ്പോള്‍ മാനസികരോഗാവസ്ഥയെ മാത്രം സമീപിക്കുന്ന രീതിയല്ല: വ്യക്തികള്‍ക്കുണ്ടാവുന്ന ചെറുതും വലുതുമായ മാനസിക പിരിമുറുക്കങ്ങളെ സമാശ്വസിപ്പിക്കുന്നത് മുതല്‍ മനസ്സിനെ സുസ്ഥിതിയിലേക്കെത്തിക്കാനുള്ള ശ്രമത്തോടൊപ്പം സമൂഹത്തിന്റെ മൊത്തമായുള്ള മാനസികാരോഗ്യം എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ചിന്തിക്കുന്ന ഒരു ബൃഹത് പദ്ധതിയാണത്. അങ്ങനെ ഒരു വലിയ ക്യാന്‍വാസില്‍ കാര്യങ്ങളെ കാണുമ്പോള്‍ ഇത് ആരോഗ്യമേഖലയുടെ മാത്രം കര്‍ത്തവ്യമല്ലാതെ വരുന്നു.

Many yellow dice with emoji or emoticon faces - stock photo All emoticons were created by myself and
Representative Image | Photo: Gettyimages.in

മാനസികാരോഗ്യം സാമൂഹിക ഗുണത്തിനു വേണ്ടി എല്ലാ മേഖലയും പ്രവര്‍ത്തിക്കേണ്ടതായി ഭവിക്കുന്നു. അങ്ങനെ ഓരോ മേഖലയിലെ (ഉദാ: വിദ്യാഭ്യാസം, തൊഴില്‍, നിര്‍മ്മാണം) ബജറ്റ് വിഹിതത്തില്‍ നിന്നും മാനസികാരോഗ്യ പരിപോഷണത്തിലേക്കായി നിക്ഷേപം വകമാറ്റേണ്ട ആവശ്യകത ഉയരുന്നു.

അത്ര വിദഗ്ധരല്ലാത്ത മാനസികാരോഗ്യ പ്രവര്‍ത്തകര്‍

ജനങ്ങളുടെ മാനസിക ക്ലേശങ്ങളെ അല്ലെങ്കില്‍ ബുദ്ധിമുട്ടുകളെ അഭിസംബോധന ചെയ്യുക എന്ന് പറയുമ്പോള്‍ അത് എപ്പോഴും ഒരു മാനസികാരോഗ്യവിദഗ്ധന്റെ സേവനത്തിലൂടെയേ പറ്റുകയുള്ളു എന്ന് വരുന്നില്ല. വിദഗ്ധരല്ലാത്ത പ്രവര്‍ത്തകരെ ഉപയോഗിച്ച് ചെയ്യാവുന്ന സേവനങ്ങള്‍ ഉണ്ട്. ഇത്തരം സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യവും മുതല്‍മുടക്ക് കുറഞ്ഞവയും, വലിയ തോതില്‍ വിന്യസിക്കാന്‍ സാധ്യമാവുന്നവയുമാണ്. ഉദാഹരണമായി പറഞ്ഞാല്‍ കോവിഡ് കാലത്തെ കൗണ്‍സിലിങ്ങിനായി കേരള സര്‍ക്കാര്‍ എര്‍പ്പെടുത്തിയിട്ടുള്ള 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന പദ്ധതിയില്‍ വിദഗ്ധരുടെ പിന്തുണയോടെ ഈ പ്രോഗ്രാമിലെ കൗണ്‍സിലര്‍മാര്‍ ഭംഗിയായി സേവനം നല്‍കുന്നു. അത് ജനങ്ങള്‍ക്ക് സ്വീകര്യമായി വരുന്നു. 1327 ഓളം വരുന്ന പ്രവര്‍ത്തകര്‍ മുപ്പത്തിയഞ്ച് ലക്ഷം കൗണ്‍സിലിങ് കോളുകള്‍ ഇന്നലെ വരെ ഈ പ്രോഗ്രാമിന്റെ ഭാഗമായി ചെയ്തു കഴിഞ്ഞു!

ഇതേ ആവശ്യത്തിലേക്കായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാടിസ്ഥാനത്തില്‍ 'മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലര്‍' മാരെയും നിയോഗിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിനെ ആരോഗ്യ നയരേഖകളില്‍ 'പ്രവൃത്തി പങ്ക് വയ്ക്കുക' (task sharing) എന്നാണ് പറയുക. ഇന്ത്യ പോലുള്ള വിഭവങ്ങള്‍ കുറവുള്ള രാജ്യങ്ങളില്‍ ഇങ്ങനെ പ്രവൃത്തി പങ്കുവെച്ചുള്ള മാതൃകളില്‍ കൂടുതല്‍ നിക്ഷേപം വേണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കോവിഡ് കാലം കഴിഞ്ഞാലും ഈ കൗണ്‍സിലര്‍മാരെ നിലനിര്‍ത്തി അവര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നല്‍കി ആരോഗ്യ സര്‍വീസിന്റെ ഭാഗമാക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നത് നല്ല ഒരു നിക്ഷേപമായിരിക്കും.

മുന്നോട്ട് നിക്ഷേപം വേണ്ട കാര്യങ്ങള്‍

സേവന വിടവ് നികത്തല്‍ 

കേരളത്തെ സംബന്ധിച്ചിടത്തോളം സേവനം ലഭിക്കുന്നതിലുള്ള വിടവ് കുറഞ്ഞ് വരുന്നു. കഴിഞ്ഞ പത്തു വര്‍ഷകാലയളവില്‍ എല്ലാ ജില്ലകളിലും സര്‍ക്കാരിന്റെയും സ്വാശ്രയവുമായ മെഡിക്കല്‍ കോളേജുകള്‍ വരുകയും അവയോരോന്നിലും പത്ത് ബെഡുള്ള മാനസികാരോഗ്യ വിഭാഗവും വരുകയുമുണ്ടായി.

സര്‍ക്കാരിന്റെ ജില്ലാ ആശുപത്രികളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും ക്ലിനിക്കുകളിലൂടെയും കൗണ്‍സിലിങ് കേന്ദ്രങ്ങളിലൂടെയും മാനസികാരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമായി. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലും കോഴിക്കോട്ടെ  ഇംഹാന്‍സിലും ക്ലിനിക്കല്‍ സൈക്കോളജിയും സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കും നഴ്‌സിങ് കോഴ്‌സുകള്‍ തുടങ്ങി. ടീമായി പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് (DMHP) പ്രോഗ്രാം എല്ലാ ജില്ലയിലുമായി.

എക്സൈസ് വകുപ്പിന്റെ നിക്ഷേപശ്രമമായി എല്ലാ ജില്ലകളിലും 'വിമുക്തി' ലഹരി വിമോചന കേന്ദ്രങ്ങള്‍ വന്നു കഴിഞ്ഞു. സന്നദ്ധ സംഘടനകള്‍ നേതൃത്വം നല്‍കുന്ന പുനരധിവാസമേഖലയ്ക്ക് സാമൂഹിക നീതി വകുപ്പ് നല്ല പ്രോത്സാഹനം നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാനസികാശുപത്രികളില്‍ (മാനസികാരോഗ്യ കേന്ദ്രങ്ങള്‍- തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്) ചികിത്സ കഴിഞ്ഞിട്ടും അവിടെ തന്നെ താമസിച്ചിരുന്ന (വീടില്ലാത്തതുകാരണം) രോഗികളേയും തടങ്കല്‍ കാലാവധി കഴിഞ്ഞ രോഗികളായ തടങ്കല്‍പുള്ളികളേയും സര്‍ക്കാരും സന്നദ്ധസംഘടകളും ചേര്‍ന്ന് പാര്‍പ്പിടം നല്‍കി പുനരധിവസിപ്പിച്ചു. ആരോഗ്യകേരളം പദ്ധതി വിഹിതമുപയോഗിച്ച് സന്നദ്ധമേഖലയേയും പങ്കെടുപ്പിച്ചുകൊണ്ട് 'സ്നേഹകൂട്' എന്ന പുനരധിവാസ ഭവനങ്ങള്‍ തുടങ്ങി. മേല്‍പ്പറഞ്ഞ ചില ഉദാഹരണങ്ങള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ നിക്ഷേപം നല്‍കി കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ കഴിയും.

ഗുണനിലവാര വിടവ് നികത്തല്‍

നിലവിലുള്ള സേവനങ്ങളിലെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ജില്ലാ-താലൂക്ക് തലങ്ങളില്‍ സേവന ടീം ഇല്ല. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ സൈക്യാട്രിക് നഴ്സുമാര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരെ അവിടെ നിയമിച്ചാല്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കും. അതിവൈദഗ്ധ്യം വേണ്ട കുട്ടികളുടെ ഗൈഡന്‍സ് ക്ലിനിക്കുകള്‍, ഫാമിലിതെറാപ്പി സേവനങ്ങള്‍ പേഴ്സണാലിറ്റി ക്ലിനിക്കുകള്‍ എന്നിവയിലേക്ക് നിക്ഷേപം വരേണ്ടതുണ്ട്.

രോഗനിവാരണ വിടവ് നികത്തല്‍

രോഗാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഹേതുവായ കാര്യങ്ങളെ അഭിസംബോധന ചെയ്യുന്ന സേവനങ്ങളാണ് രോഗനിവാരണ പ്രയത്നങ്ങളില്‍ വരിക. സ്‌കൂളുകളിലും കോളേജുകളിലും ജോലിയിടങ്ങളിലുമുണ്ടാകേണ്ട പ്രവര്‍ത്തനങ്ങളാണിതിന് ഉദാഹരണങ്ങള്‍. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങിയശേഷം തുടര്‍ ചികിത്സയില്‍ ശ്രദ്ധിക്കാതിരിക്കുന്നവരേയും അവരുടെ കുടുംബാംഗങ്ങളേയും ശ്രദ്ധിക്കുന്ന പദ്ധതികള്‍ വരാവുന്നതാണ്. വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ചിട്ടുള്ള 'സാമൂഹിക ചികിത്സാ കല്‍പന'(community treatment order) കേരളത്തിലും പരീക്ഷിക്കാവുന്നതാണ്. ഇത്തരം നൂതന ആശയങ്ങളിലേക്ക് നിക്ഷേപം വരേണ്ടതുണ്ട്. കേരളത്തില്‍ ഈ നിലയ്ക്കുള്ള ഉയര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയമായി.

Creative mind power - stock photo Creative mind power illustration
Representative Image | Photo: Gettyimages.in

മാനസികാരോഗ്യസേവന രംഗത്ത് കൂടുതല്‍ നിക്ഷേപം വേണമെന്ന ആവശ്യം മുന്നില്‍ വച്ച് നാം ഇന്ന് ഈ ദിനം ആചരിക്കുമ്പോള്‍, ശ്രദ്ധയില്‍ വരേണ്ട ഒരു പരാമര്‍ശമുണ്ട്. 

2010 ല്‍ പ്രസിദ്ധീകരിച്ച സി.എ.ജിയുടെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ മാനസികാരോഗ്യ സേവനമേഖലയെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെ: 2000 ല്‍ സംസ്ഥാനം രൂപീകരിച്ച മാനസികാരോഗ്യനയത്തിന്റെ ഉദ്ദേശങ്ങളെ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ഇതേവരെ ഒരു പ്ലാനും കൊണ്ടുവന്നിട്ടില്ല! നയരേഖയ്ക്ക് ജീവന്‍ വരണമെങ്കില്‍ അതിനനുസരണമായി പ്ലാനുണ്ടാവുകയും പ്ലാനിനനുസരിച്ച് ധനനിക്ഷേപമുണ്ടാവുകയും വേണം. ഇതുപോലെതന്നെ 2017 ന് നിലവില്‍ വന്ന മാനസികാരോഗ്യസേവന നിയമത്തിന്റെ നടത്തിപ്പിന് വേണ്ട ജില്ലാതലത്തിലുള്ള  പരിശോധനാ സമിതികള്‍ (review boards) നിലവില്‍ വന്നിട്ടില്ല. അടിയന്തിരമായി നിക്ഷേപം വേണ്ട മേഖലയാണിത്. ഈ ദിനം, നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം നിക്ഷേപങ്ങളുടെ ആവശ്യകതയെ പറ്റിയാണ്: കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ മാനസികാരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും!

(ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: World Mental Health Day 2020, what is theme Mental health is everywhere for everyone, Health