ക്ടോബര്‍-10, ലോക മാനസികാരോഗ്യ ദിനമാണ്. മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുക. മാനസികാരോഗ്യ വിഷയങ്ങളില്‍ സര്‍ക്കാരുകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക, തടസങ്ങള്‍ കണ്ടെത്തി പരിഹരിക്കുക ഇവയാണ് പ്രധാന ലക്ഷ്യങ്ങള്‍. 

ഈ വര്‍ഷത്തെ തീം 'Mental Health for All: Greater Investment - Greater Access' എന്നതാണ്. മാനസികാരോഗ്യ മേഖലയില്‍ കൂടുതല്‍ പണം വിനിയോഗിക്കുന്നതിലൂടെ എല്ലാവര്‍ക്കും മാനസികാരോഗ്യം ഉറപ്പാക്കുക, എല്ലാവര്‍ക്കും സേവനങ്ങള്‍ പ്രാപ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

ഇനി ചില കണക്കുകള്‍ നമുക്കൊന്നു നോക്കാം.

 • മാനസികരോഗമുള്ള വ്യക്തികളില്‍ 80 ശതമാനം ആളുകളും രോഗം തുടങ്ങി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടാണ് ആരോഗ്യ സേവനങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തുന്നത്.
 • ഇന്ത്യയില്‍ ഒരു ലക്ഷം ആളുകള്‍ക്ക്  ആനുപാതികമായി ഉള്ള സൈക്ക്യാട്രിസ്റ്റുകളുടെ എണ്ണം 0.05 നും 1.2നും ഇടയിലാണ്. സൈക്കോളജിസ്റ്റുകള്‍ ഒരു ലക്ഷം ആളുകള്‍ക്ക് 0.6 ഉം. ഇതില്‍ ഏറ്റവും മികച്ച സ്ഥിതിയുള്ളത് കേരളത്തിലാണ്. മറ്റു പല സംസ്ഥാനങ്ങളിലും വളരെ പരിതാപകരമായ സ്ഥിതിയാണ് ഇന്നും. 
 • ആരോഗ്യമേഖലയിലെ ബജറ്റ് വിഹിതം പൊതുവെ ഇന്ത്യയില്‍ കുറവാണ്. അതില്‍ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് മാനസികാരോഗ്യ മേഖലയില്‍ ചെലവഴിക്കുന്നത്. പലപ്പോഴും ജീവനക്കാരുടെ ശമ്പളത്തിനായാണ് ഇതിലെ ഭൂരിഭാഗവും ഉപയോഗിക്കുക. 
 • നെതര്‍ലന്‍ഡ്‌സ് പോലെ മാനസികാരോഗ്യ സൂചികകള്‍ വളരെ മുന്‍പന്തിയിലുള്ള രാജ്യങ്ങളില്‍ ആകെ തുകയുടെ 20 ശതമാനം വരെ മാനസികാരോഗ്യ മേഖലയില്‍ ചെലവഴിക്കുന്നു. 
 • ഇന്ത്യയില്‍ മിക്ക സംസ്ഥാങ്ങള്‍ക്കും മാനസികാരോഗ്യ മേഖലയ്ക്ക് വേണ്ടി പ്രത്യേകം ഫണ്ടിങ് ഇല്ല, കേരളത്തിലും ഗുജറാത്തിലും മാത്രമാണിതുള്ളത്. 
 • ആശുപത്രി കിടക്കയുടെ എണ്ണത്തിലും, മാനസികരോഗ ചികിത്സ സൗകര്യങ്ങളുടെ എണ്ണത്തിലും നാം ഇന്നും പിന്നിലാണ്. 
 • 2015-2016 ല്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലുള്ള ഏകദേശം 35000 ആളുകളില്‍ നടത്തിയ ദേശീയ മാനസികാരോഗ്യ സര്‍വേയില്‍ (National Mental Health Survey-NMHS) നിന്നുള്ള ചില പ്രധാന കണ്ടെത്തലുകളാണ് മുകളില്‍ പറഞ്ഞത്. 

പൊതുവേ മറ്റ് ആരോഗ്യ മേഖലയില്‍ നമ്മള്‍ പുരോഗതി കുറച്ചെങ്കിലും കൈവരിക്കുന്നുണ്ടെങ്കിലും മാനസികാരോഗ്യ മേഖലയില്‍ എത്രമാത്രം പിന്നിലാണ് എന്നതിന്റെ തെളിവാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍. ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ വിഷയം അതുകൊണ്ട് തന്നെ നമ്മളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. 

നമുക്ക് ദേശീയ മാനസികാരോഗ്യ സര്‍വേയില്‍ നിന്നുള്ള മറ്റു  കണ്ടെത്തലുകള്‍ കുടി നോക്കാം.

18 വയസിനു മുകളിലുള്ള ഇന്ത്യക്കാരില്‍ 10.6 ശതമാനം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നമുണ്ട്. മാനസികാരോഗ്യ സേവനങ്ങള്‍ വേണ്ടിവരുന്ന ആളുകളുടെ എണ്ണം ഏകദേശം 15 കോടിയെങ്കിലും വരും. 

 • പൊതു മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ (വിഷാദം, ഉത്കണ്ഠ) വ്യാപ്തി 10 ശതമാനവും തീവ്ര മാനസിക രോഗങ്ങളുടേത് (psychosis, schizophrenia, bipolar) 1% വുമാണ്.
 • ഇരുപതില്‍ ഒരാള്‍ക്ക് വിഷാദ രോഗമുണ്ടാകാം. ഗ്രാമങ്ങളെ അപേക്ഷിച്ചു നഗരങ്ങളിലാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍.
 • 22.4 ശതമാനം ആളുകള്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശനങ്ങള്‍ നേരിടുന്നു. ഇതില്‍ 20 ശതമാനം പുകയില ഉപയോഗിക്കുന്നവരും, 4.6 ശതമാനം മദ്യം കൊണ്ടുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണ്.
 • ഏകദേശം ഒരു ശതമാനം ആളുകള്‍ കൂടിയ ആത്മഹത്യ സാധ്യത ഉള്ളവരാണ്.
 • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. 18 വയസിനു താഴെയുള്ള 7.3 ശതമാനം കുട്ടികള്‍ക്ക് പരിചരണം ആവശ്യമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ട മുന്‍ഗണന ലഭിക്കുന്നില്ല.
 • മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് 20-40 വയസിനു ഇടയിലാണ്. സമൂഹത്തിനായി വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന സമയമാണിത്. ജീവിതത്തിന്റെ എല്ലാ മേഖലയെയും രോഗം നേരിട്ട് ബാധിക്കുന്നുണ്ട് 
 • മാനസികരോഗങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ചികിത്സയിലെ അന്തരം, വൈകല്യങ്ങള്‍ ഇവയെ കുറിച്ചും പഠനത്തില്‍ കണ്ടെത്തലുകള്‍ ഉണ്ട് 

ചികിത്സയിലെ അന്തരം

രോഗമുള്ളവരില്‍ എത്ര ആളുകള്‍ക്ക് ചികിത്സ ലഭിക്കുന്നു എന്നതിന്റെ സൂചകമാണ് ട്രീറ്റ്‌മെന്റ് ഗ്യാപ്. ഉദാഹരണത്തിന് ട്രീറ്റ്‌മെന്റ് ഗ്യാപ് 50 ശതമാനം ആണെന്ന് പറഞ്ഞാല്‍ ആകെ രോഗികളില്‍ 50 ശതമാനം ആളുകള്‍ക്ക് വേണ്ട പരിചരണം ലഭിക്കുന്നില്ല എന്നാണര്‍ഥം.

 • ഇന്ത്യയില്‍ മിക്ക മാനസിക രോഗങ്ങള്‍ക്കുമുള്ള ചികിത്സയിലെ അന്തരം 70 ശതമാനത്തില്‍ കൂടുതലാണ്. മദ്യപാന രോഗങ്ങള്‍ക്ക് ഇത് 86ഉം, വിഷാദത്തിന് 85 ശതമാനവുമാണ്.
 • ഗുരുതര മാനസികരോഗങ്ങളായ സ്‌കീസോഫ്രീനിയ, ബൈപോളാര്‍ രോഗങ്ങള്‍ക്ക് പോലും 70 ശതമാനം ആളുകള്‍ക്ക് വേണ്ട പരിചരണം ലഭിക്കുന്നില്ല. 

രോഗം മൂലമുള്ള പ്രത്യാഘാതങ്ങള്‍ 

 • മാനസിക രോഗമുള്ള വ്യക്തികളില്‍ നാലില്‍ മൂന്നു ആളുകള്‍ക്കും വ്യക്തി, സാമൂഹിക, കുടുംബ ജീവിതത്തില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.
 • പകുതിയിലധികം ആളുകള്‍ക്കും ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.
 • മാനസികരോഗമുള്ള വ്യക്തികളെ പരിചരിക്കുന്ന വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഏകദേശം 40 മുതല്‍ 80 വരെ ദിവസങ്ങളിലെ തൊഴില്‍, ഓരോ വര്‍ഷവും ഇയാളെ നോക്കാനായി മാത്രം നഷ്ടപ്പെടുന്നുണ്ട്.
 • ചികിത്സയുമായി ബന്ധപ്പെട്ട ചെലവിനായി 1000-1500 രൂപ വരെ മാസം കയ്യില്‍ നിന്നും ചെലവഴിക്കേണ്ടി വരുന്നു. ഇന്ത്യയിലെ സാധാരണ കുടുംബങ്ങളെ സംബന്ധിച്ച് ഇത് വളരെ വലിയ തുകയാണ്  
 • മാനസികരോഗത്തെ കുറിച്ചുള്ള വേര്‍തിരിവ് നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും നേരിടുന്നു എന്നാണ് പഠനം പറയുന്നത്. അതുകൊണ്ട് തന്നെ രോഗം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പലരും ശാസ്ത്രീയ ചികിത്സ തേടാന്‍ എത്തുന്നത്. 
 • സാമ്പത്തികമായും വിദ്യാഭ്യാസപരമായും ജോലിപരമായും പിന്നോക്കം നില്‍ക്കുന്ന വ്യക്തികളില്‍ മാനസികരോഗം മൂലമുള്ള വൈകല്യങ്ങള്‍ വളരെ കൂടുതലാണ് എന്ന് കണ്ടെത്തി. 

നിലവില്‍ ലഭ്യമായ മാനസികാരോഗ്യ സേവനങ്ങളുടെ വിലയിരുത്തലും ഈ പഠനത്തിലുണ്ട് .

 • പല സംസ്ഥാനങ്ങളിലും മാനസികാരോഗ്യ പരിപാടിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണവും മറ്റും മോശമായ അവസ്ഥയില്‍ ആയിരുന്നു. കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ വളരെ മുന്നിലെത്തി.
 • പല സംസ്ഥാനങ്ങളിലും മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാന്‍ ഉണ്ടായിരുന്നില്ല.
 • പല തീരുമാനങ്ങളും കൃത്യമായ വിവരശേഖരണത്തിന്റെയോ പഠനങ്ങളുടെയോ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. 
 • മാനസികാരോഗ്യ വിദഗ്ധരുടെ എണ്ണത്തിലും സ്ഥാപനങ്ങളുടെ എണ്ണത്തിലും വളരെ വലിയ കുറവുണ്ട്. 
 • ദേശീയ മാനസികാരോഗ്യ പരിപാടി നിലവില്‍ വന്നിട്ട് 35 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ മാത്രമാണ് എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമായി ഉള്ളത്. മൂന്നിലൊന്ന് സംസ്ഥാനങ്ങളില്‍ മാത്രമേ 50 ശതമാനം ജനങ്ങള്‍ക്കു എങ്കിലും ഈ സേവനം ലഭിക്കുന്നുള്ളൂ.
 • മാനസികാരോഗ്യത്തെ കുറിച്ചുള്ള പൊതുജന അവബോധം കൂട്ടാനുള്ള ശ്രമങ്ങളും പരിമിതമാണ്. 
 • പദ്ധതികള്‍ വിലയിരുത്താനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല.
 • മിക്ക സംസ്ഥാനങ്ങളിലും തുടര്‍ച്ചയായ മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
 • മറ്റു മേഖലകളുമായുള്ള സഹകരണം വളരെ പരിമിതമായിരുന്നു. 
 • മാനസികാരോഗ്യ മേഖലയില്‍ കാര്യമായ ക്ലിനിക്കല്‍ പഠനങ്ങള്‍ ഒന്നും തന്നെ നടന്നിരുന്നില്ല. 

ഈ കണക്കുകള്‍ പറഞ്ഞത്, എല്ലാവര്‍ക്കും മാനസികാരോഗ്യം എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരണം എങ്കില്‍ നമ്മള്‍ ഇനിയും എത്ര ദൂരം സഞ്ചരിക്കണം എന്നതിന്റെ ഒരു ഏകദേശ രൂപം കിട്ടാനാണ്. 

ഇന്ത്യയിലെ മാനസികാരോഗ്യ രംഗത്തുള്ള മുതല്‍മുടക്ക് ഇപ്പോഴും വളരെ കുറവാണ്. 2018 ബജറ്റില്‍ ദേശീയ മാനസികാരോഗ്യ പദ്ധതിക്ക്  വകയിരുത്തിയത് വെറും 50 കോടി രൂപയാണ്. 2020 ബജറ്റില്‍  ആരോഗ്യ മേഖലയ്ക്കാകെ 69000 കോടി അനുവദിച്ചപ്പോള്‍ മാനസികാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഒന്നും ലഭിച്ചില്ല. ആകെ ആരോഗ്യ ബജറ്റിന്റെ  ഏകദേശം 0.05 ശതമാനം മാത്രമാണ് മാനസികാരോഗ്യ മേഖലയ്ക്ക് ഇന്നും ചെലവാക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇത് 5 മുതല്‍ 20 ശതമാനം വരെയാണ് എന്ന് ഓര്‍ക്കണം. 

പല സൂചികകളിലും കേരളം മുന്‍പന്തിയില്‍ ആണെങ്കിലും നമ്മള്‍ക്കും ഏറെ ദൂരം മുന്‍പോട്ടു പോകേണ്ടതുണ്ട്. മാനസികാരോഗ്യ സേവനങ്ങള്‍ ഇനിയും കൂട്ടേണ്ട ആവശ്യമുണ്ട്. എന്‍.എം.എച്ച്.എസ്. പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ നോക്കിയാല്‍ ജില്ലാ ആശുപത്രികളില്‍ 48 ശതമാനവും താലൂക്ക് ആശുപത്രികളില്‍ 16 ശതമാനവും മാത്രമേ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നുള്ളൂ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുള്ള മാനസികാരോഗ്യ സേവനങ്ങളുടെ കണക്ക് ഇതില്‍ ലഭ്യമല്ല. സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരില്‍ 15 ശതമാനത്തിന് മാത്രമേ മാനസികാരോഗ്യ സേവനങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുള്ളൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യ ബജറ്റ് കേരളത്തില്‍ കൂടുതലാണ്. ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്ന ആകെ തുകയുടെ 1.2 ശതമാനം കേരളം ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ വെറും 0.2 ശതമാനം മാത്രമാണ് ചെലവാക്കിയത്. ചികിത്സയിലെ അന്തരം കേരളത്തിലും 85ശതമാനത്തില്‍ കൂടുതലാണ്. 

2017 ല്‍ ഇന്ത്യയില്‍ പുതിയ മാനസികാരോഗ്യ നിയമം (മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട്) നിലവില്‍ വരികയും 2018 മുതല്‍ അത് നടപ്പാക്കി തുടങ്ങുകയും ചെയ്തു. വളരെ പുരോഗമനപരമായ നിര്‍ദേശങ്ങളുള്ള, രോഗികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമമാണിത്. എന്നാല്‍ ഈ നിയമം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍, ഏകദേശം 90,000 കോടി രൂപ  ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അവിടെയാണ് നമ്മള്‍ വെറും നാമമാത്രമായ തുക ഇന്നും ചെലാവാക്കുന്നത്. നിയമം വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ നിലവില്‍ വരാന്‍ ഇനിയും വളരെനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
 
മാനസികാരോഗ്യ രംഗത്തെ ചികിത്സയിലെ അന്തരം പരിഹരിക്കാന്‍ 10 നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്.
1. മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ ലഭ്യമാക്കുക.
2. രോഗചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക.
3. ആശുപത്രികളിലെ നീണ്ട ചികിത്സ ഒഴിവാക്കി സമൂഹത്തില്‍ ആളുകളെ ചികിത്സിക്കുന്ന രീതി കൊണ്ടുവരിക.
4. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്ക്കരിക്കുക.
5. മാനസികാരോഗ്യരംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഗികള്‍, കുടുംബാംഗങ്ങള്‍, സമൂഹം ഇവരുടെ സഹകരണം ഉറപ്പാക്കുക.
6. ദേശീയ മാനസികാരോഗ്യ പദ്ധതി എല്ലാ രാജ്യങ്ങളിലും നടപ്പിലാക്കുക.
7. മാനസിക ആരോഗ്യ മേഖലയില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുക.
8. മറ്റ് സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര മേഖലകളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക. 
9. മാനസികാരോഗ്യ സേവനങ്ങള്‍ കൃത്യമായ കാലയളവില്‍ വിലയിരുത്താനും, മാറ്റങ്ങള്‍ വരുത്താനുമുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക.
10. മാനസികാരോഗ്യ രംഗത്തെ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

ഈ നിര്‍ദ്ദേശങ്ങള്‍ ഓരോന്നും നടപ്പിലാക്കുന്നത് വഴി മാനസികാരോഗ്യ രംഗത്ത് വളരെ കാതലായ മാറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഇതില്‍ ചിലതെങ്കിലും നമ്മള്‍ നടപ്പിലാക്കി തുടങ്ങി. പക്ഷേ തടസ്സമായി നില്‍ക്കുന്നത് മാനസികാരോഗ്യ രംഗത്ത് സര്‍ക്കാരുകള്‍ കാര്യമായ സാമ്പത്തിക സഹായം നല്‍കാത്തതാണ്. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളില്‍ വളരെ മോശമായ അവസ്ഥയാണുള്ളത്. 
ഇതുകൊണ്ടാണ് ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തില്‍ ഇങ്ങനെ ഒരു വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഇന്ന് ഒക്ടോബർ-10, ലോക മാനസികാരോഗ്യ ദിനമാണ്. മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഈ ദിനം ലോകമെമ്പാടും...

Posted by Info Clinic on Friday, October 9, 2020

ഈ മേഖലയില്‍ കൂടുതല്‍ പുരോഗമനം ഉണ്ടാകുന്നതിനുള്ള ചര്‍ച്ചകളും,  മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടാകുവാന്‍  ഇതുവഴി സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ മേഖലയില്‍ കൂടുതല്‍ പണം വിനിയോഗിക്കുന്നതിന് സര്‍ക്കാരുകള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കാം. 
അങ്ങനെ എല്ലാവര്‍ക്കും പ്രാപ്യമായ മാനസികാരോഗ്യ സേവനങ്ങള്‍  വളര്‍ത്തിയെടുക്കാനും, എല്ലാവര്‍ക്കും മാനസികാരോഗ്യം ഉറപ്പാക്കാനും നമുക്ക് സാധിക്കും.

Content Highlights: World Mental Health Day 2020, What is the theme and everything you needs to know, Health, Mental Health