ന്താണ് മനസ്സെന്നത് കുഴപ്പംപിടിച്ചൊരു പ്രശ്‌നംതന്നെ. നമ്മള്‍ പറയുന്നതുപോലും മനസ്സിനെ പലതുമാക്കിയാണ്. 'എനിക്കതിന് മനസ്സില്ല' എന്ന് പറയുന്നയാളിന് മനസ്സെന്നൊരു തലം ഇല്ലെന്നല്ല അര്‍ഥം. 'എന്റെ മനസ്സില്‍ തട്ടി'യെന്ന് ഒരാള്‍ സങ്കടപ്പെടുമ്പോള്‍ തനിക്കങ്ങനെയൊരു അവയവമുണ്ടെന്നുമല്ല വിവക്ഷിക്കുന്നത്. 'ഞാന്‍ മനസ്സറിഞ്ഞ് പറയുകയാണ്' എന്നൊരുവന്‍ ആണയിടുമ്പോള്‍ വലതുകൈ നെഞ്ചത്ത് വെക്കുന്നു. കാണിക്കുന്നത് ഹൃദയഭാഗം. മനസ്സ് ഹൃദയമല്ലതാനും. 'എനിക്ക് മനസ്സിലായി' എന്നൊരു കുട്ടി വെളിപ്പെടുത്തുമ്പോള്‍, തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തെക്കുറിച്ചാണ് വ്യക്തമാകുന്നത്.  എന്നാലോ, മനസ്സ് മസ്തിഷ്‌കവുമല്ല.  'അവന്റെ മനസ്സ് കടുകട്ടിയാ' എന്നാരോപിക്കുമ്പോള്‍ ഒരു ഖരവസ്തുവിനെക്കുറിച്ചല്ല പറയുന്നത്. 'മനസ്സിലുള്ളതൊക്കെ പറഞ്ഞോളൂ' എന്നാവശ്യപ്പെടുമ്പോള്‍ പലതും ഏതോ ഇരുട്ടറയില്‍ കാത്തുസൂക്ഷിക്കുന്നുവെന്നും കരുതേണ്ടതില്ല. 'നല്ല മനസ്സാണ് വേണ്ടത്' എന്നോ 'മനസ്സ് നന്നാവട്ടെ' എന്നോ ചൊല്ലുമ്പോള്‍ വികാരങ്ങളെ മാത്രം പ്രതിനിധാനംചെയ്യുന്ന പ്രസ്താവനയുമല്ല. 

മനസ്സ് എന്തല്ലായെന്ന്  പറയുന്നതെളുപ്പം. എന്നാലപ്പോഴൊന്നും മനസ്സെന്തെന്ന് പറയുന്നുമില്ല. മനസ്സ് ഒന്നല്ല പലതാണെന്ന ധാരണയുണ്ടാക്കുന്നുണ്ടുതാനും. അങ്ങനെ പല നേരങ്ങളിലും സന്ദര്‍ഭങ്ങളിലും പല കോലങ്ങളിലും പല ആശയങ്ങളായും മനസ്സ് പ്രത്യക്ഷപ്പെടുന്നു. അങ്ങനെവരുമ്പോള്‍ മനസ്സെന്തെന്നറിഞ്ഞുകൂടെന്ന അറിവാണ് നല്‍കപ്പെടുന്നത്. വാക്കും ആശയവും പലതായി മാറുമ്പോള്‍ മനസ്സ് അതിസങ്കീര്‍ണമായൊരു സമസ്യയായിത്തീരുകകൂടി ചെയ്യുന്നു. അപ്പോള്‍ അറിയിക്കുന്നതും അറിയുന്നതും മനസ്സൊരദൃശ്യ അവയവമെന്നതും മനസ്സ് നിഗൂഢതയുടെ കേന്ദ്രമെന്നതും അടിവരയിടുന്നു. വാക്കുപോലെ, പ്രയോഗംപോലെ സങ്കല്പനയെന്ന നിലയിലും മനസ്സ് ഒരു പിടികിട്ടാപ്പുള്ളി തന്നെ. 

എന്താണ് മനസ്സ്

എന്താണ് മനസ്സെന്ന് നിര്‍വചിക്കാന്‍ മനഃശാസ്ത്രമോ മാനവികശാസ്ത്രങ്ങളോ ഉദ്ഭവിക്കുന്നതിന് മുന്‍പുതന്നെ ശ്രമം നടന്നിട്ടുണ്ട്. മതങ്ങളാണ് മറ്റ് പലതിലുമെന്നപോലെ മനസ്സിനെക്കുറിച്ച് ചിന്തകള്‍ വിതറിയത്. മനസ്സിനെ പരലോകജീവിതത്തോടും ആത്മാവിനോടും മതങ്ങള്‍ ബന്ധിപ്പിച്ചിരുന്നു. ശരീരത്തെപ്പോലെ മനസ്സും ദൈവസൃഷ്ടിയെന്ന് പ്രാചീന മതങ്ങള്‍ അറിയിച്ചു. മനസ്സിനെ വിശ്വാസപരമായ തലങ്ങളില്‍നിന്ന് മെല്ലെ മോചിപ്പിക്കുന്നത് തത്വശാസ്ത്രമാണ്. മനസ്സും ആത്മാവും സന്തുലിതമാക്കപ്പെടുമ്പോള്‍ പ്രകൃതിയുടെ ആന്തരികചൈതന്യം പ്രകാശിപ്പിക്കപ്പെടുമെന്ന വിശ്വാസത്തെ യുക്തിചിന്തയുമായി അടുപ്പിക്കുകയായിരുന്നു തത്വശാസ്ത്രം. യുക്തിയാല്‍ മനസ്സിനെ ജീവിതത്തോടും പ്രാപഞ്ചികവ്യവസ്ഥയോടും ഇണക്കിച്ചേര്‍ത്തു പലരും. സൊറാസ്റ്റര്‍, ശ്രീബുദ്ധന്‍, പ്ലാറ്റോ, അരിസ്റ്റോട്ടില്‍, കണ്‍ഫ്യൂഷ്യസ് തുടങ്ങിയവരുടെ ചിന്തകളില്‍ മനസ്സിന് പുതിയ മാനങ്ങള്‍ കൈവന്നു. മനസ്സും ശരീരവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് തത്വശാസ്ത്രം അപഗ്രഥനം നടത്തുകയായിരുന്നു. ദ്വൈതവും  അദ്വൈതവും  മനസ്സിനെക്കുറിച്ചുള്ള വാദമുഖങ്ങള്‍ ഉയര്‍ത്തി. ദ്വൈതവാദം മനസ്സിനെയും ശരീരത്തെയും രണ്ടായി കണ്ടു. അദ്വൈതവാദം അതൊന്നായി നിരൂപിച്ചു. ആധുനിക തത്വചിന്തയും ന്യൂറോസയന്‍സും മനസ്സിനെ ശരീരത്തില്‍നിന്ന് വേര്‍പ്പെടുത്തുന്നില്ല. രണ്ടുംകൂടി ചേര്‍ന്ന ഒരു ഏകം; അതാണവര്‍ക്ക് മാനസം.

മനസ്സുപഠിച്ച  ഫ്രോയ്ഡ്

മനസ്സെന്ന മഹാസമുദ്രത്തില്‍ ശാസ്ത്രജ്ഞന്മാരും മുങ്ങിത്തപ്പിയിട്ടുണ്ട്. അതിലൊരാളാണ്  സിഗ്മണ്ട് ഫ്രോയ്ഡ്. വൈദ്യശാസ്ത്രം പഠിച്ച് ചികിത്സ നടത്തുമ്പോള്‍ അഭിമുഖീകരിച്ച സന്ദേഹങ്ങളില്‍ നിന്നാണ് ഫ്രോയ്ഡ് മനസ്സിന് അന്നേവരെയാരും നല്‍കാത്ത വ്യാഖ്യാനങ്ങള്‍ ചമച്ചത്. ഫ്രോയ്ഡ് മറ്റ് പലരേയുംപോലെ രോഗചികിത്സയ്ക്ക് ഹിപ്നോടൈസ് ചെയ്യുന്ന മാര്‍ഗം ആദ്യം ഉപയോഗിച്ചിരുന്നു. ചിലര്‍ക്ക് ഈ മാര്‍ഗം ഫലപ്രദമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. രോഗിയുടെ നെറ്റിയില്‍ വിരലുകളമര്‍ത്തി, മോഹനിദ്രയിലെ ആശയവിനിമയത്തില്‍ അദ്ദേഹം മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചാരം നടത്തി. പലരുടെയും രോഗഹേതു എന്തെന്ന് തിരിച്ചറിഞ്ഞു. മോഹനിദ്രയില്‍ വ്യക്തിയില്‍ നിന്നുവരുന്ന ഭാഷണങ്ങള്‍ ഫ്രോയ്ഡ് അപഗ്രഥനം നടത്തി. വേദനിക്കുന്ന ഓര്‍മകള്‍ രോഗിയെ അസ്വസ്ഥതപ്പെടുത്തുന്നതും രോഗിയില്‍ തീവ്രമായ ഭാവമാറ്റങ്ങള്‍ ഉണ്ടാകുന്നതും നിരീക്ഷിച്ചു. ഫ്രോയ്ഡ് ഹിപ്നോട്ടിസം ഉപേക്ഷിക്കുകയും 'പൗച്ചി'ല്‍ കിടക്കുന്ന രോഗിയുടെ തലവശം ചേര്‍ന്ന്, രോഗിക്ക് കാണാനാവാത്തവിധം ഇരുന്ന്, ആശയവിനിമയത്തിന് ശ്രമിച്ചു. ഫ്രോയ്ഡ് സജഷന്‍ നല്‍കി: ''പറയൂ.. മനസ്സില്‍ വരുന്ന കാര്യങ്ങളെന്താണെങ്കിലും പറയൂ..?'' ഉദ്ബോധനമോ പ്രബോധനമോ കുറ്റപ്പെടുത്തലോ നടത്താതെ ഫ്രോയ്ഡ് രോഗി പറയുന്നത് കേട്ടു. മനോവ്യാപാരങ്ങളെപ്പോലെ സ്വപ്നങ്ങളും രോഗികള്‍ വെളിപ്പെടുത്തി. ഓര്‍മകളെയും വിചാരങ്ങളെയും സ്വപ്നങ്ങളെയും ഫ്രോയ്ഡ് അപഗ്രഥനം നടത്തി.

ഭയപ്പെടുത്തുകയോ ഉപേക്ഷിക്കാതിരിക്കുകയോ ചെയ്യുന്ന ഓര്‍മകളെ, വിചാരങ്ങളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാന്‍ രോഗിയെ പ്രേരിപ്പിച്ചു. രോഗിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാകുന്നതും രോഗശാന്തി കൈവരിക്കുന്നതും ഫ്രോയ്ഡ് മനസ്സിലാക്കി. രോഗം പൂര്‍ണമായും അപ്രത്യക്ഷമാകുന്നതു ഫ്രോയ്ഡ് നിരീക്ഷിച്ചു. വ്യക്തി അംഗീകരിക്കാത്തതും അടിച്ചമര്‍ത്തപ്പെടുന്നതുമായ വിചാരങ്ങളെയും ചോദനകളെയുംഅഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും ഫ്രോയ്ഡ് അവരെ പ്രാപ്തരാക്കുകയായിരുന്നു. ഈ ചികിത്സാരീതിയില്‍നിന്നാണ് അദ്ദേഹം നാമകരണംചെയ്ത മാനസികാപഗ്രഥനത്തില്‍  നിന്നാണ് മനസ്സിന്റെ അതുവരെ ആരും പറയാത്ത കാര്യങ്ങള്‍ ഫ്രോയ്ഡ് വെളിപ്പെടുത്തിയത്.

മനസ്സിലുണ്ട് നല്ലതും കെട്ടതും 

മനുഷ്യര്‍ വിവേകശാലികളെന്നും സാംസ്‌കാരിക സമ്പന്നരെന്നും വിലയിരുത്തപ്പെടുമ്പോഴും, മനസ്സിനുള്ളില്‍ അടിച്ചമര്‍ത്തപ്പെടുകയോ സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്യുന്ന കിരാതത്വത്തെ വെളിപ്പെടുത്തുന്ന ഭാവങ്ങളെ ഫ്രോയ്ഡ് നിരീക്ഷിച്ചു. മനസ്സിന്റെ ആന്തരികഭാവങ്ങളുടെ അന്വേഷണത്തില്‍ നിന്നാണ് ഫ്രോയ്ഡ് 'ദ ഈഗോ ആന്‍ഡ് ഇഡ്'എന്ന ഗ്രന്ഥത്തിന്റെ രചന നടത്തുന്നത്. ഫ്രോയ്ഡ് മനുഷ്യമനസ്സിന്റെ മൂന്ന് മണ്ഡലങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു. പ്രാകൃതവാസനകളും മൃഗീയാഭിലാഷങ്ങളും പ്രാഥമികവികാരങ്ങളും ഉള്‍ക്കൊള്ളുന്ന മനോമണ്ഡലമാണ് 'ഇഡ്'. മൃഗങ്ങളില്‍നിന്ന് വേര്‍പ്പെടുത്താനാവാത്തവിധം മനുഷ്യരില്‍ കുടികൊള്ളുന്ന ഇച്ഛയും ആര്‍ത്തിയുമാണത്. ഇഡില്‍ ചിന്തയുടെയോ സാമൂഹികതയുടെയോ ഘടകങ്ങളില്ല. വിശപ്പ്, ലൈംഗികത, അക്രമവാസന തുടങ്ങിയവ ഇഡിന്റെ സവിശേഷ ഭാവങ്ങളെ പ്രകടിപ്പിക്കുന്നു. പാരമ്പര്യഘടകങ്ങള്‍ ഇഡിന്റെ അടിത്തറയാണ്. ആനന്ദമാണ് ഇഡിന്റെ ലക്ഷ്യം.

ഈഗോയും സൂപ്പര്‍ ഈഗോയും

ബാഹ്യലോകത്തിന്റെ സ്വാധീനത്തിന്റെ സൃഷ്ടികളാണ് ഈഗോയും സൂപ്പര്‍ ഈഗോയും. ഇഡും ലോകവും തമ്മിലുള്ള ഇടപെടലില്‍നിന്നാണ് ഈഗോയുടെ പിറവി. യുക്തിയാണ് ഈഗോയുടെ അടിത്തറ. ഇഡിന്റെ ആവശ്യങ്ങളെ ഈഗോ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നു. ആര്‍ത്തിയെയും ആസക്തിയെയും മാറ്റിവെക്കാന്‍ ഈഗോ പലപ്പോഴും പ്രേരിപ്പിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മനോമണ്ഡലമാണ് ഈഗോ. അനുഭൂതിയുടെ പ്രത്യാഘാതങ്ങളെ ഈഗോ ഓര്‍മിപ്പിക്കുന്നു. ഈഗോയും ആഹ്ലാദമേറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പരിസരസാഹചര്യങ്ങള്‍ക്ക് വിധേയമായി ആശകളുടെ സഫലീകരണത്തിനാണ് ഈഗോയുടെ ശ്രമം. പ്രശ്‌നങ്ങളോ പ്രത്യാഘാതങ്ങളോ ഇല്ലാതെ മനുഷ്യാഭിലാഷങ്ങളെ നിറവേറ്റാനാണ് ഈഗോയുടെ ശ്രമം. മനസ്സിലെ കുതിച്ചുപായുന്ന കുതിരയാണ് ഇഡ്. കുതിരയെ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്ന സവാരിക്കാരനാണ് ഈഗോ. എന്നാല്‍ ഈഗോ വ്യക്തിക്ക് ആത്മാഭിമാനവും ആത്മപ്രശംസയുമേകുന്ന മാനസികഭാവവുമാണ്. 

സൂപ്പര്‍ ഈഗോ മനസ്സിലെ മൂല്യബോധത്തിന്റെയും സദാചാരബോധത്തിന്റെയും മണ്ഡലമാണ്. മനസ്സിലെ അക്രമാസക്തിയെയും അതിലൈംഗികതയെയും കടിഞ്ഞാണിട്ട് മുറുക്കുന്നത് സൂപ്പര്‍ ഈഗോയാണ്. ഈഗോയുടെ യാഥാര്‍ഥ്യബോധത്തെയും യുക്തിവിചാരത്തെയും സാമൂഹികവും സദാചാരപരവുമാക്കുന്നത് മനസ്സിലെ സൂപ്പര്‍ ഈഗോയാണ്. മനസ്സിലെ ന്യായാധിപകേന്ദ്രമാണത്. ഈഗോ ദുര്‍ബലമാകുന്നിടം സൂപ്പര്‍ ഈഗോ മേലധികാരിയാകുന്നു. സമൂഹം വിലക്കുന്ന ഘടകങ്ങള്‍ക്ക് നിയന്ത്രണം നടത്തുന്നു. വിലക്കുകളെ ലംഘിക്കാനുള്ള ഇച്ഛയെ സൂപ്പര്‍ ഈഗോ എടുത്തുമാറ്റാന്‍ മുതിരുന്നു. മനസ്സിനുള്ളിലെ ഈ മേലധികാരി മനസ്സാക്ഷിയുടെ രൂപത്തില്‍ ഈഗോയെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാറുണ്ട്. മനസ്സിലെ ചില ആശകളെ സൂപ്പര്‍ ഈഗോ കുറ്റബോധമുണര്‍ത്തി നിയന്ത്രണവിധേയമാക്കുന്നു. സൂപ്പര്‍ ഈഗോ അനുമോദനവും അംഗീകാരവും പ്രോത്സാഹനവും നല്‍കി അനുവദനീയമായ കാര്യങ്ങളെ മനസ്സില്‍ ദൃഢീകരിക്കുന്നതിന് വഴിയൊരുക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്
എന്‍.പി.ഹാഫിസ് മുഹമ്മദ്


Content Highlights: World Mental Health Day 2020, What is Mind Know more about your mind, Health