രീരം പോലെ മനസ്സും പ്രധാനം. ശാരീരികമായ പ്രശ്‌നങ്ങള്‍ക്ക് പ്രഥമശുശ്രൂഷ കൊടുക്കാന്‍ നമുക്കെല്ലാവര്‍ക്കു മറിയാം. എന്നാല്‍, മാനസികാരോഗ്യ പ്രഥമശുശ്രൂഷയെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ധാരണയില്ല. കൂടെയുള്ളവരുടെ മാനസിക പ്രശ്‌നങ്ങളില്‍ കൈത്താങ്ങാകാന്‍ നമുക്ക് കഴിയണം. സഹതാപമല്ല, അനുതാപത്തോടെ അവരോട് പെറുമാറണം. മനസ്സു തുറന്നുവെച്ച് അവരെ തിരിച്ചറിയുകയും കേള്‍ക്കുകയും വേണം. ഉപദേശത്തിനും കുറ്റപ്പെടുത്തലിനും മുതിരരുത്.
                                                          ...........................
ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായിരുന്നു അയാള്‍. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക പ്രശ്‌നം രൂക്ഷമായപ്പോള്‍ കടുത്ത വിഷാദത്തിനകപ്പെട്ടു. തുടക്കത്തില്‍ത്തന്നെ ഭര്‍ത്താവിന്റെ പ്രശ്‌നത്തെ ഗൗരവമായി കണ്ട ഭാര്യ അദ്ദേഹത്തെ ക്ഷമയോടെ കേട്ടു. മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്തെത്തിച്ച് ചികിത്സ തേടി. ഇതിനിടെ കാറില്‍ത്തന്നെ ഉപ്പേരിക്കച്ചവടം തുടങ്ങി. മൂന്നു മാസത്തിനു ശേഷം അയാള്‍ പഴയ ജീവിതത്തിലേക്ക് തിരികെ വന്നു.
                                                         .............................
ഉയര്‍ന്ന ജീവിത സാഹചര്യത്തില്‍ വളര്‍ന്ന 14-കാരന്‍. അവന്റെ പെട്ടെന്നുള്ള ആത്മഹത്യയില്‍ തകര്‍ന്നുപോയ കുടുംബം. കാരണംപോലും കണ്ടെത്താന്‍ കഴിയാതെ മാതാപിതാക്കള്‍.
                                                         .............................
അറിഞ്ഞും അറിയാതെയും ഒട്ടേറെ കഥകള്‍. പല പ്രശ്‌നങ്ങളിലും കേട്ടാല്‍ മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. പ്രായോഗികമായി അതിനു പരിഹാരം കാണണം. അടുത്ത ഘട്ടത്തിലേക്കു പോകണം. എങ്കിലേ മാനസികാരോഗ്യ പ്രശ്‌നമുള്ളയാളെ സഹായിക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയൂ.

ചികിത്സ തേടേണ്ടതെപ്പോള്‍

 • രണ്ടാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന വിഷാദാവസ്ഥ.
 • ഒന്നിനോടും താത്പര്യമില്ലായ്മ.
 • ഉറക്കക്കുറവ്.
 • എന്തിന് ജീവിച്ചിരിക്കുന്നു എന്ന ചിന്തയും ശുഭാപ്തി വിശ്വാസമില്ലായ്മയും.
 • ഉത്സാഹമില്ലായ്മയും തളര്‍ച്ചയും.
 • അമിതവിശപ്പും വിശപ്പില്ലായ്മയും.

നല്ല മാനസികാരോഗ്യം എന്നാല്‍

 • പ്രതികൂലാവസ്ഥയിലും ശാന്തത കൈവിടാത്ത മനസ്സ്.
 • മറ്റുള്ളവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അവസ്ഥ
 • ഉള്‍ക്കരുത്ത്
 • പ്രശ്‌നപരിഹാരത്തിനുള്ള കഴിവ്
 • മറ്റുള്ളവരോടുള്ള അനുതാപം
 • സ്വന്തം കഴിവുകളില്‍ സന്തോഷിക്കാനുള്ള മനസ്സ്കുറവുകളെക്കുറിച്ചും മേന്മകളെക്കുറിച്ചുമുള്ള ധാരണ
 • എല്ലാത്തിനോടുമുള്ള പോസിറ്റീവ് മാനസികാവസ്ഥ
 • വീഴ്ചകളിലും ആത്മവിശ്വാസം കൈമോശം വരാത്ത അവസ്ഥ

മാനസികാരോഗ്യം: സ്വീകാര്യത കൂടി
കേരളത്തിലെ അഞ്ചു ജില്ലകളിലായി നടന്ന പഠനത്തില്‍ 12.46 ശതമാനം പേര്‍ക്കും മാനസികാരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് കണ്ടെത്തി. ഉത്കണ്ഠ, വിഷാദം തുടങ്ങി സാധാരണ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ ഒന്‍പത് ശതമാനവുമുണ്ട്. കേരളത്തില്‍ മാനസികാരോഗ്യ സംരക്ഷണത്തിന് സ്വീകാര്യത കൂടി. എന്നാല്‍ പ്രളയം, കോവിഡ് തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ കൂട്ടിയിട്ടുണ്ട്. മാനസികാരോഗ്യ പ്രഥമശുശ്രൂഷ കൂടണം. നമുക്ക് ചുറ്റുമുള്ള ആളുകളെ സഹായിക്കാന്‍ നമുക്ക് കഴിയണം.
- ഡോ. സി.ജെ. ജോണ്‍
മനഃശാസ്ത്ര വിദഗ്ദ്ധന്‍

Content Highlights:World Mental Health Day 2020, What is good mental health First Aid for Mental Health