കോവിഡ് കാലത്ത് മാനസികപിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് താങ്ങാവുകയാണ് സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍മാര്‍. വനിതാ-ശിശു വികസനവകുപ്പിനുകീഴില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍മാരാണ് ആശ്വാസവാക്കുകളുമായി സേവനരംഗത്തുള്ളത്.

സംസ്ഥാനത്ത് 950 കൗണ്‍സലര്‍മാരുണ്ട്. മാര്‍ച്ചിലാണ് ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ദിവസേന ഐ.സി.ഡി.എസ്. ഓഫീസിലെത്തി ജില്ലാ മാനസികാരോഗ്യപദ്ധതിയുമായി ചേര്‍ന്ന് ആളുകളെ വിളിച്ച് അന്വേഷിക്കും. മാനസികാരോഗ്യ പദ്ധതിയുടെ നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തന ഏകോപനം. തുടക്കത്തില്‍ ലോക്ഡൗണില്‍ ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്കും പ്രവാസികള്‍ക്കും മാനസിക പിന്തുണ നല്‍കി. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കോവിഡ് രോഗികള്‍ക്കും ടെലികൗണ്‍സലിങ് നല്‍കുന്നു. കൗണ്‍സലിങ് ആവശ്യമായ വ്യക്തികളെ മൂന്നുതവണ വിളിക്കും. കൂടുതല്‍ ശ്രദ്ധ ആവശ്യമെങ്കില്‍ പ്രത്യേകം കൗണ്‍സലിങ് നല്‍കും. ഐ.സി.ഡി.എസ്. തലത്തില്‍ അങ്കണവാടി വര്‍ക്കര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കുന്നുണ്ട്.

കോവിഡ് കാലത്തിനുമുമ്പ് സ്‌കൂള്‍കുട്ടികള്‍ക്കും അങ്കണവാടിപരിധിയിലെ കൗമാര ക്ലബ്ബ് അംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കിയിരുന്നു. കൗമാരക്കാര്‍ക്കും അമ്മമാര്‍ക്കും ബോധവത്കരണക്ലാസും നല്‍കി.

പ്രതികരണം പലവിധം

ക്വാറന്റീനിലോ ഐസൊലേഷനിലോ കഴിയുന്നവരെ ആരോഗ്യവകുപ്പും പോലീസും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിളിക്കാറുണ്ട്. ഇതിനിടയില്‍ കൗണ്‍സലര്‍ ആണെന്നുപറഞ്ഞ് വിളിക്കുമ്പോള്‍ 'സ്വസ്ഥത വേണം' എന്നു പറയുന്നവരുണ്ട്. എന്നാല്‍, അയല്‍വാസികള്‍, ബന്ധുക്കള്‍ എന്നിവരില്‍നിന്ന് കുറ്റപ്പെടുത്തലുണ്ടാകുമ്പോള്‍ നമ്മുടെ ഒരു ഫോണ്‍വിളിയില്‍ വലിയ ആശ്വാസം കണ്ടെത്തുന്നവരുമുണ്ട്. ചിലസമയങ്ങളില്‍ ആവശ്യമായ സാമൂഹിക ഇടപെടലും നടത്താറുണ്ട്.

-സുനിഷ റിനു,
കൗണ്‍സലര്‍, കോഴിക്കോട്

ഒപ്പംനില്‍ക്കുന്നതില്‍ സന്തോഷം

കോവിഡിനിടയില്‍ ഒരുപാടുപേര്‍ക്ക് ആശ്വാസംപകരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിളിക്കുന്നവരില്‍ ഏറെപ്പേരും പിന്നീട് മാനസികപിന്തുണ വേണ്ടിവരുന്ന സാഹചര്യത്തില്‍ വിളിക്കാറുണ്ട്.

-സെമീന എം.
വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് കൗണ്‍സലേഴ്സ്, കണ്ണൂര്‍

Content Highlights: World Mental Health Day 2020, Psychosocial Counsellor service during Covid19 Corona Virus outbreak